കേരളത്തിലെ വിവിധ പ്രൊഫഷണല്‍ കോളേജുകളിലെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കേണ്ട സമയമാണിപ്പോള്‍. അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഏതെല്ലാമാണെന്ന് അറിയാമെങ്കിലും ഇവയുടെ സൈസ് അറിയാതെ കുഴങ്ങുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്. ഇതുസംബന്ധിച്ച വിവരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെങ്കിലും പലര്‍ക്കും കണ്ടെത്താനാകാത്തതും ബുദ്ധിമുട്ടാകുന്നു. അക്കാര്യങ്ങളാണ് ചുവടെ പറയുന്നത്.
വിദ്യാര്‍ഥിയുടെ ഫോട്ടോ
* ഇളം നിറമുള്ള പശ്ചാത്തലത്തോടുകൂടിയുള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. പശ്ചാത്തലം വെള്ളയാണെങ്കില്‍ കൂടുതല്‍ നല്ലത്. മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യരുത്.
* വിദ്യാര്‍ഥിയുടെ മുഖം വ്യക്തമാകുന്ന തരത്തില്‍ തോള്‍ഭാഗം മുതലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. തൊപ്പിയോ സണ്‍ഗ്ലാസോ ധരിച്ച ഫോട്ടോ സ്വീകാര്യമല്ല.
* jpg/ jpeg ഫോര്‍മാറ്റിലായിരിക്കണം ഫോട്ടോ.
* 150 pixel വീതി 200 pixel ഉയരം എന്നിവയാണ് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയ്ക്ക് ആവശ്യമായ അളവുകള്‍.
* 15 kb മുതല്‍ 100 kb വരെയാണ് ഫോട്ടോയ്ക്ക് അനുവദിച്ചിട്ടുള്ള ഇമേജ് സൈസ്.
* ഫോട്ടോയില്‍ മുഖം വ്യക്തമല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും.
വിദ്യാര്‍ഥിയുടെ ഒപ്പ്
* വെള്ളക്കടലാസില്‍ കറുപ്പ്/ നീല മഷിയില്‍ വ്യക്തമായി ഇട്ട ഒപ്പാണ് സ്‌കാന്‍ ചെയ്‌തെടുക്കേണ്ടത്.
* jpg/ jpeg ഫോര്‍മാറ്റിലായിരിക്കണം ഇമേജ്.
* 150 pixel വീതിയും 100 pixel ഉയരവുമുള്ളതായിരിക്കണം ചിത്രം.
* 10 kb മുതല്‍ 100 kb വരെയാണ് അനുവദിച്ചിട്ടുള്ള ഇമേജ് സൈസ്.
ഇവ രണ്ടും അപ്‌ലോഡ് ചെയ്ത് വ്യക്തമാണെന്ന് ഉറപ്പാക്കിയ ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാം.
സര്‍ട്ടിഫിക്കറ്റുകള്‍
അപേക്ഷയില്‍ വിദ്യാര്‍ഥി അവകാശപ്പെട്ടിട്ടുള്ള യോഗ്യതകളും സംവരണവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കാനായാണ് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുന്നത്.
* അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കളര്‍ കോപ്പിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.
* 10 kb മുതല്‍ 500 kb വരെ സൈസുള്ള PDF ഫയലുകളായാണ് സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യേണ്ടത്.
* വായിക്കാന്‍ പറ്റുന്ന തരത്തില്‍ വ്യക്തതയുണ്ടായിരിക്കണം.
* വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഒരേ സര്‍ട്ടിഫിക്കറ്റുതന്നെ അപ്‌ലോഡ് ചെയ്യാം. ഉദാ: ജനനത്തീയതിയും ജനന സ്ഥലവുമുള്ളതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനും നേറ്റിവിറ്റി തെളിയിക്കാനുമായി ഉപയോഗിക്കാം.
* പ്രവേശന നടപടിയുടെ ഭാഗമായി ഏതെങ്കിലും ഘട്ടത്തില്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധനയ്ക്കായി ഹാജരാക്കണം.
* ജനനത്തീയതി തെളിയിക്കാനും നേറ്റിവിറ്റി തെളിയിക്കാനുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പംതന്നെ സമര്‍പ്പിക്കണം. മറ്റുള്ളവ അപേക്ഷയോടൊപ്പമോ അല്ലെങ്കില്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച പ്രകാരമോ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും https://cee.kerala.gov.in/keamonline2020/public എന്ന ലിങ്കില്‍ അപേക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇതില്‍ How to Upload? ലിങ്കില്‍ മേല്‍പ്പറഞ്ഞ വിവരങ്ങള്‍ വിശദമായി നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0471-2525300 (രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുവരെ)
Content Highlights: How to Upload Images and Certificates in KEAM 2020 Application