കേരള എന്‍ജിനിയറിങ് പ്രവേശന റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ അവരുടെ യോഗ്യതാപരീക്ഷ (പ്ലസ് ടു/തത്തുല്യം)യുടെ മാര്‍ക്ക് www.cee.kerala.gov.in വഴി സെപ്റ്റംബര്‍ 10-ന് വൈകീട്ട് അഞ്ചിന് മുന്‍പ് സമര്‍പ്പിക്കണം. രണ്ടാം വര്‍ഷത്തിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കാണ് നല്‍കേണ്ടത്.

കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവര്‍ക്ക് കംപ്യൂട്ടര്‍ സയന്‍സിന്റെയും കെമിസ്ട്രിയും കംപ്യൂട്ടര്‍ സയന്‍സും പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോടെക്നോളജിയുടെയും കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക്നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോളജിയുടെയും മാര്‍ക്ക് പരിഗണിക്കുന്നതാണ്.

KEAM-2020-Candidate Portal എന്ന ലിങ്കിലൂടെ അപേക്ഷാര്‍ഥികള്‍ അവരുടെ അപേക്ഷാനമ്പര്‍, പാസ് വേഡ് എന്നിവ നല്‍കി ഹോംപേജില്‍ പ്രവേശിച്ചശേഷം Mark submission for Engg. എന്ന മെനു ക്ലിക്ക് ചെയ്ത് മാര്‍ക്ക് നല്‍കണം. യോഗ്യതാ പരീക്ഷ പാസായ ബോര്‍ഡ്, വര്‍ഷം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ വിദ്യാര്‍ഥിയുടെ യോഗ്യതാപരീക്ഷയുടെ മാര്‍ക്കിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അതത് ബോര്‍ഡുകള്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഓഫീസില്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ അത് വെബ്പേജില്‍ ദൃശ്യമാകും. ഈ മാര്‍ക്കുകള്‍ മാര്‍ക്ക് ലിസ്റ്റുമായി താരതമ്യംചെയ്ത് ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കിയശേഷം Submit Mark Data എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക് സമര്‍പ്പിക്കണം. ഈ വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റ് അപ് ലോഡ് ചെയ്യേണ്ടതില്ല.

വെബ്സൈറ്റില്‍ കാണിച്ച മാര്‍ക്കുകള്‍ മാര്‍ക്ക് ലിസ്റ്റില്‍നിന്ന് വ്യത്യസ്തമാണെങ്കില്‍ Change ബട്ടണ്‍ ക്ലിക്ക് ചെയ്ത് ശരിയായ മാര്‍ക്ക് രേഖപ്പെടുത്തിയശേഷം Submit ക്ലിക്ക് ചെയ്യണം. വെബ്പേജില്‍ കാണിച്ചിരിക്കുന്ന മാര്‍ക്കില്‍ തിരുത്തലുകള്‍ വരുത്തിയവരും ബോര്‍ഡ് ഡേറ്റ ലഭ്യമല്ലാത്തതിനാല്‍ മാര്‍ക്ക് രേഖപ്പെടുത്തിയവരും പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുടെ മാര്‍ക്ക് ലിസ്റ്റ് വായിക്കാന്‍ കഴിയുന്ന രീതിയില്‍ പി.ഡി.എഫ്. ഫോര്‍മാറ്റില്‍ അപ് ലോഡ് ചെയ്യണം.

മാര്‍ക്കുകള്‍ വിജയകരമായി സമര്‍പ്പിച്ചശേഷം Mark Submission Confirmation Report പ്രിന്റൗട്ട് എടുത്ത് വിദ്യാര്‍ഥികള്‍ സൂക്ഷിക്കണം. സമര്‍പ്പിച്ച മാര്‍ക്ക് വിവരങ്ങള്‍ പ്രവേശനസമയത്ത് പരിശോധിക്കുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.

Content Highlights: Candidates need to submit mark lists for publishing kerala engineering rank list