കേരളത്തിലെ 2020ലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന അപേക്ഷ https://cee.kerala.gov.in വഴിയാണ് നല്‍കേണ്ടത്. അപേക്ഷിക്കാവുന്ന കോഴ്‌സുകളെ നാലു സ്ട്രീമുകളിലായി തിരിച്ചിട്ടുണ്ട്. എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ്, ഫാര്‍മസി.
സ്ട്രീം തീരുമാനിക്കണം
ഒരു സ്ട്രീമില്‍ അപേക്ഷിച്ചാലും ഒന്നില്‍ കൂടുതല്‍ സ്ട്രീമുകളില്‍ (പരമാവധി നാല്) അപേക്ഷിച്ചാലും ഒരൊറ്റ അപേക്ഷയേ നല്‍കാവൂ. തന്നെ ഏതൊക്കെ സ്ട്രീമില്‍ പരിഗണിക്കണമെന്നാണ് ഇപ്പോള്‍ തീരുമാനിക്കേണ്ടതും അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതും. എന്‍ജിനിയറിങ്ങില്‍, ബ്രാഞ്ചുകളോ, മെഡിക്കല്‍ ആന്‍ഡ് അലൈഡില്‍ കോഴ്‌സുകളോ ഇപ്പോള്‍ രേഖപ്പെടുത്തേണ്ടതില്ല.
തയ്യാറെടുപ്പ്
അപേക്ഷ നല്‍കുംമുമ്പ് വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ മനസ്സിലാക്കുക. മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി. എന്നിവ വേണം. അപേക്ഷാര്‍ഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവ jpeg/jpg ഫോര്‍മാറ്റില്‍ നിശ്ചിത അളവില്‍ തയ്യാറാക്കി വെക്കണം. അപ്‌ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, പി.ഡി.എഫ്. ഫോര്‍മാറ്റില്‍ ആക്കിയ ഫയലുകളായി വെക്കണം.
അപേക്ഷ അഞ്ച് ഘട്ടമായി
അഞ്ചുഘട്ടമായി അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കണം.
• ഒന്ന്: രജിസ്‌ട്രേഷന്‍ ആണ്. പേര്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, പാസ്‌വേഡ് (മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, പാസ്‌വേഡ് എന്നിവ കണ്‍ഫേം ചെയ്യണം), അക്‌സസ് കോഡ് എന്നിവ നല്‍കി നിര്‍ദേശിച്ചിട്ടുള്ള രീതിയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അപ്പോള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ കുറിച്ചുവെക്കുക.
• രണ്ട്: അപേക്ഷയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണം. ഈ ഘട്ടത്തിലാണ് താത്പര്യമുള്ള സ്ട്രീമുകള്‍ (എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ്/ഫാര്‍മസി), പരീക്ഷാകേന്ദ്രം (കേരളത്തില്‍ 15 കേന്ദ്രങ്ങള്‍, മുംബൈ, ന്യൂഡല്‍ഹി, ദുബായ്) തുടങ്ങിയവ തിരഞ്ഞെടുക്കേണ്ടത്. വ്യക്തിഗത, വിദ്യാഭ്യാസ, വിവരങ്ങള്‍ നല്‍കണം. സംവരണ ആനുകൂല്യങ്ങള്‍ക്കുള്ള അവകാശവാദം ഉന്നയിക്കണം. വിവരങ്ങള്‍ നല്‍കി സേവ് ചെയ്ത് പ്രീ വ്യൂ നടത്തി ശരിയെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ഡിക്ലറേഷന്‍ അംഗീകരിച്ച് സേവ് ആന്‍ഡ് ഫൈനലൈസ് ക്ലിക്ക് ചെയ്ത് രണ്ടാംഘട്ടം പൂര്‍ത്തിയാക്കാം. ഇതിനുശേഷം വിവരങ്ങള്‍ മാറ്റാന്‍ കഴിയില്ല.
• മൂന്ന്: അപേക്ഷാ ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍, ഇചലാന്‍ വഴി അടയ്ക്കാം.
• നാല്: ഇമേജ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടത്.
• അഞ്ച്: കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റ് ഔട്ട് എടുക്കണം. അപേക്ഷാ പ്രിന്റ് ഔട്ട് എവിടേക്കും അയക്കേണ്ടതില്ല. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കാം.
ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ഘട്ടം സൂചിപ്പിക്കുന്ന ടാബ് പച്ചനിറത്തിലാകും. വിശദമായ മാര്‍ഗനിര്‍ദേശം സൈറ്റിലുണ്ട്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വിവരങ്ങള്‍ നല്‍കുമ്പോഴും രേഖകള്‍ അപ്‌ലോഡ് ചെയ്യുമ്പോഴും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇവയെല്ലാം ശ്രദ്ധിച്ചാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും അതിലുപരി ആശങ്കകളും ഒഴിവാക്കി പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും.
•അപേക്ഷയില്‍ വിദ്യാര്‍ഥിയുടെ പേര് നല്‍കുമ്പോള്‍ ഇനിഷ്യല്‍ വെച്ച് തുടങ്ങരുത്. അത് അവസാനം നല്‍കുക. പേരിനും ഇനിഷ്യലിനും ഇടയ്ക്ക് കുത്ത് ഇടരുത്. ഒരു സ്‌പേസ് നല്‍കിയാല്‍ മതി.
•അവകാശവാദങ്ങള്‍ക്കുള്ള രേഖകള്‍ നല്‍കുമ്പോള്‍ അതില്‍ അപേക്ഷാര്‍ഥിയുടെ പേര്, മറ്റ് ആവശ്യമായ രേഖപ്പെടുത്തലുകള്‍ തുടങ്ങിയവ വരുത്തിയിട്ടുണ്ടെന്നും രേഖനല്‍കുന്ന ഉദ്യോഗസ്ഥന്റെ പൂര്‍ണ ഒപ്പ്, സ്ഥാനപ്പേര്, ഔദ്യോഗിക സീല്‍ എന്നിവ പതിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.
•ബാധകമായ രേഖകള്‍ നല്‍കിയില്ലെങ്കില്‍ ഉന്നയിച്ച അവകാശവാദം നിരാകരിക്കും.
•കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിച്ചുവെക്കണം. നല്‍കിയ വിവരങ്ങള്‍ എന്തെന്ന് അറിയാന്‍ ഭാവിയില്‍ ആവശ്യം വരാം.
•അപേക്ഷയില്‍ പിശകുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പിശകുകള്‍ എന്തെങ്കിലും പരിശോധനാവേളയില്‍ കണ്ടെത്തിയാല്‍ അത് സംബന്ധിക്കുന്ന വിവരം അപേക്ഷാര്‍ഥിയുടെ ഹോം പേജില്‍ രേഖപ്പെടുത്തും. പിശകു ചൂണ്ടിക്കാട്ടി മെമ്മോ തപാലില്‍ അയക്കില്ല. ഇടയ്ക്കിടെ ഹോം പേജ് സന്ദര്‍ശിക്കുക. തെറ്റുണ്ടെങ്കില്‍ സമയബന്ധിതമായി തിരുത്തുക.
•പ്രവേശന പരീക്ഷാ കമ്മിഷണര്‍ പരീക്ഷ നടത്തുന്ന എന്‍ജിനിയറിങ്/ഫാര്‍മസി സ്ട്രീമുകള്‍, പരീക്ഷ നടത്താത്ത മെഡിക്കല്‍ ആന്‍ഡ് അലൈഡ്/ ആര്‍ക്കിടെക്ചര്‍ സ്ട്രീമുകള്‍ ഇവയില്‍ പ്രവേശനം താത്പര്യമുള്ളതിനെല്ലാം ഇപ്പോള്‍ അപേക്ഷിക്കണം. പിന്നീട് അപേക്ഷിക്കാന്‍ കഴിയില്ല.
•മെഡിക്കല്‍ ആന്‍ഡ് അലൈഡ് അപേക്ഷകര്‍ നീറ്റ് യു.ജി. 2020ന് അപേക്ഷിച്ചിരിക്കണം, മേയ് മൂന്നിന് നടത്തുന്ന പരീക്ഷയില്‍ യോഗ്യത നേടുകയും വേണം.
•ആര്‍ക്കിടെക്ചര്‍ അപേക്ഷകര്‍ നാറ്റ 2020ന് അപേക്ഷിക്കണം, യോഗ്യത നേടണം. ആദ്യ പരീക്ഷയ്ക്ക് അപേക്ഷ നല്‍കാന്‍, മാര്‍ച്ച് 16 വരെ സൗകര്യമുണ്ട്. ഏപ്രില്‍ 19ന് നടത്തുന്ന ആദ്യ പരീക്ഷതന്നെ അഭിമുഖീകരിക്കണം. ഫലം മേയ് എട്ടിന് വരും. എന്നാല്‍മാത്രമേ കീം 2020 പോസ്‌പെക്ടസ് പ്രകാരം, ജൂണ്‍ ഒന്നിനകം, നാറ്റ സ്‌കോര്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ക്കു നല്‍കാനാകൂ (നാറ്റ രണ്ടാം പരീക്ഷ, മേയ് 31നാണ്. ഫലം ജൂണ്‍ 14നേ വരൂ)
•രേഖകള്‍ നിശ്ചിത സമയപരിധിക്കകം അപ്‌ലോഡ് ചെയ്യണം. പിന്നീട് അവ നേരിട്ടു പ്രവേശനപരീക്ഷാ കമ്മിഷണര്‍ സ്വീകരിക്കില്ല.
•വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസിളവ്/സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് പരിഗണിക്കപ്പെടാന്‍ താത്പര്യമുള്ളവര്‍ (എസ്.സി./എസ്.ടി./ഒ.ഇ.സി. ഒഴികെ) വരുമാന സര്‍ട്ടിഫിക്കറ്റ് സമയപരിധിക്കകം അപ്‌ലോഡ്‌ചെയ്യണം.
അവസാന തീയതികള്‍
ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 25ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. നേറ്റിവിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫെബ്രുവരി 25നകം നിര്‍ബന്ധമായും എല്ലാ അപേക്ഷകരും അപ്‌ലോഡ് ചെയ്യണം. പിന്നീട് ഇവ അപ്‌ലോഡ് ചെയ്യാന്‍ കഴിയില്ല. ഇവ രണ്ടും അപ്‌ലോഡ് ചെയ്തശേഷം പ്രിന്റ് ഔട്ട് എടുക്കാം.
വിവിധ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നെങ്കില്‍മാത്രം, ബാധകമായ മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ഫെബ്രുവരി 29ന് വൈകീട്ട് അഞ്ചിനകം അപ്‌ലോഡ് ചെയ്യണം.കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റ് ഔട്ട് എടുത്ത ശേഷവും മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാം.
Content Highlights: Application Process of KEAM 2020