കേരളത്തിലെ 2020-ലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം തേടുന്നവര്‍ അര്‍ഹത മനസ്സിലാക്കി അപേക്ഷിക്കണം. വിദ്യാഭ്യാസം, പ്രായം എന്നിവയ്‌ക്കൊപ്പം, പൗരത്വം, നേറ്റിവിറ്റി തുടങ്ങിയവയുടെ യോഗ്യതാ വ്യവസ്ഥകളും അപേക്ഷാര്‍ഥി തൃപ്തിപ്പെടുത്തണം.
അപേക്ഷകര്‍ ഇന്ത്യക്കാരനാകണം. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.) പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ.) വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, ഒരു സംവരണ ആനുകൂല്യങ്ങളും ഇവര്‍ക്കുകിട്ടില്ല. അപേക്ഷകരെ കേരളീയര്‍, കേരളീയേതരര്‍ ഒന്ന്, രണ്ട് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലൊന്നില്‍ പരിഗണിക്കും.
കേരളീയന്‍
കേരളത്തില്‍ ജനിച്ചവരെ കേരളീയര്‍ വിഭാഗത്തില്‍ പരിഗണിക്കും. അപേക്ഷാര്‍ഥി കേരളത്തില്‍ ജനിച്ചയാളല്ലെങ്കിലും അച്ഛനോ, അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കില്‍ അപേക്ഷാര്‍ഥിയെ കേരളീയനായി പരിഗണിക്കും. കേരളീയര്‍ വിഭാഗക്കാര്‍ക്കുമാത്രമേ, സാമുദായിക/വിശേഷാല്‍/ഭിന്നശേഷി സംവരണങ്ങള്‍, ഏതെങ്കിലും ഫീസിളവ് എന്നിവ കിട്ടുകയുള്ളൂ.
കേരള കേഡറിലേക്ക് അലോട്ടുചെയ്യപ്പെട്ട കേരളീയരല്ലാത്ത അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ മക്കളെയും കേരളീയരായി കണക്കാക്കുമെങ്കിലും സാമുദായിക/വിശേഷാല്‍/ഭിന്നശേഷി സംവരണങ്ങള്‍, ഏതെങ്കിലും ഫീസിളവ് എന്നിവയ്ക്ക് അവര്‍ക്ക് അര്‍ഹതയില്ല.
വിദ്യാര്‍ഥി കേരളീയനാണെന്നു തെളിയിക്കാന്‍ ഒട്ടേറെ രേഖകള്‍ അംഗീകരിച്ചിട്ടുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് നല്‍കിയാല്‍ മതി:
(1) കേരളത്തിലെ ജനനസ്ഥലം തെളിയിക്കുന്നതിനായി അത് വ്യക്തമാക്കിയിരിക്കുന്ന എസ്.എസ്.എല്‍.സി./ജനന സര്‍ട്ടിഫിക്കറ്റ്/പാസ്‌പോര്‍ട്ട് എന്നിവയിലൊന്നിന്റെ പകര്‍പ്പ് നല്‍കാം.
(2) അച്ഛന്റെ/അമ്മയുടെ കേരളത്തിലെ ജനനസ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ കേരളീയന്‍ ആനുകൂല്യം തേടുന്നവര്‍, അച്ഛന്റെ/അമ്മയുടെ കേരളത്തിലെ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടുള്ള എസ്.എസ്.എല്‍.സി./ജനന സര്‍ട്ടിഫിക്കറ്റ്/പാസ്‌പോര്‍ട്ട് എന്നിവയിലൊന്നിന്റെ പകര്‍പ്പും അതോടൊപ്പം അപേക്ഷാര്‍ഥിയും അച്ഛനും/അമ്മയും (ആരുടെ രേഖയാണോ നല്‍കുന്നത് ആ വ്യക്തിയുമായി) തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഔദ്യോഗിക, അനുബന്ധ രേഖയും നല്‍കണം. വിദ്യാര്‍ഥിയുടെ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു കഴിഞ്ഞെങ്കില്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയില്‍ ചിലതിലൊക്കെ ബന്ധം രേഖപ്പെടുത്തിയേക്കാം. ഇവയിലൊന്നു കൊടുക്കുക.
(3) അപേക്ഷാര്‍ഥി/അച്ഛന്‍/അമ്മ കേരളത്തിലാണ് ജനിച്ചതെന്നു വ്യക്തമാക്കുന്ന കേരളത്തിലെ വില്ലേജ് ഓഫീസര്‍/തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് നിശ്ചിത ഫോര്‍മാറ്റില്‍ വാങ്ങിനല്‍കിയാലും കേരളീയന്‍ ആനുകൂല്യത്തിന് പരിഗണിക്കും.
(4) അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ മക്കള്‍, ഉദ്യോഗസ്ഥന്റെ മേലധികാരിയില്‍നിന്നും വാങ്ങുന്ന സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്.
കേരളീയേതരന്‍
അപേക്ഷാര്‍ഥി/അച്ഛന്‍/അമ്മ എന്നിവരാരും കേരളത്തില്‍ ജനിച്ചവരല്ലെങ്കില്‍ അപേക്ഷാര്‍ഥി കേരളീയേതരന്‍ വിഭാഗത്തില്‍പ്പെടും. ഇതില്‍ ഒന്ന്, രണ്ട് എന്നീ വിഭാഗങ്ങള്‍ ഉണ്ട്.
കേരളീയനല്ലാത്ത എട്ടുമുതല്‍ 12 വരെ ക്ലാസുകളില്‍ കേരളത്തില്‍ പഠിച്ചിരിക്കുകയോ, കഴിഞ്ഞ 12 വര്‍ഷത്തെ തന്റെ പഠനകാലയളവില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം കേരളത്തില്‍ താമസിക്കുകയോ ചെയ്തിട്ടുള്ള ഒരാളെ കേരളീയേതരന്‍ ഒന്നാം വിഭാഗത്തില്‍ പരിഗണിക്കും.
അപേക്ഷാര്‍ഥി, യോഗ്യതാ കോഴ്‌സിന് കേരളത്തില്‍ പഠിക്കുകയും കേരളീയനല്ലാത്ത രക്ഷാകര്‍ത്താവ്, കേരളത്തില്‍ ജോലിചെയ്യുന്ന സായുധസേന/കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ ആവുകയോ, കേരള സര്‍ക്കാരിനുവേണ്ടി രണ്ടുവര്‍ഷം ജോലിചെയ്ത/രണ്ടു വര്‍ഷമായി ജോലിചെയ്തുവരുന്ന ജീവനക്കാരന്‍ ആയിരിക്കുകയോ ചെയ്താലും അപേക്ഷാര്‍ഥിയെ കേരളീയേതരന്‍ ഒന്നാം വിഭാഗത്തില്‍ പരിഗണിക്കും.
ഓരോരുത്തരും ഹാജരാക്കേണ്ട രേഖ പ്രോസ്പക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷയ്‌ക്കൊപ്പം അത് അപ് ലോഡ് ചെയ്യണം. കേരളീയേതരന്‍ ഒന്നാം വിഭാഗക്കാരെ എല്ലാ കോഴ്‌സുകളിലും സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്കേ പരിഗണിക്കുകയുള്ളൂ. എന്തെങ്കിലും ഫീസിളവ് കിട്ടില്ല.
കേരളീയന്‍, കേരളീയേതരന്‍ ഒന്നാം വിഭാഗം എന്നിവയില്‍പെടാത്തവരെ കേരളീയേതരന്‍ രണ്ടാം വിഭാഗമായി കണക്കാക്കും. ഇവര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ ഗവണ്‍മെന്റ്/മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് അര്‍ഹതയുണ്ടാകും. എന്നാല്‍, അര്‍ഹരായ കേരളീയര്‍/കേരളീയേതരര്‍ ഒന്നാം വിഭാഗക്കാരുടെ അഭാവത്തില്‍മാത്രമേ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ ഗവണ്‍മെന്റ് സീറ്റിലേക്ക് അവരെ പരിഗണിക്കുകയുള്ളൂ.
സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/സിദ്ധ കോളേജിലെ ഗവണ്‍മെന്റ്/മാനേജ്‌മെന്റ് സീറ്റിലേക്കും ഇവരെ പരിഗണിക്കും. എന്നാല്‍, സിദ്ധ കോളേജില്‍ കേരളീയന്‍, കേരളീയേതരന്‍ ഒന്നാം വിഭാഗക്കാരില്ലെങ്കിലേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ.
കേരളീയേതരന്‍ രണ്ടാം വിഭാഗക്കാര്‍ക്ക് സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളേജിലെ മാനേജ്‌മെന്റ് വിഭാഗത്തിലെ പരമാവധി 10 ശതമാനം സീറ്റിലേക്ക് പരിഗണനയുണ്ടാകും. ഈ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ കോളേജുകളില്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ, എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിന് അര്‍ഹതയില്ല.
സ്വാശ്രയ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റിലെ അലോട്ട്‌മെന്റിന് അപേക്ഷകരുടെ ജനനസ്ഥലം പരിഗണിക്കില്ല.
സാമുദായിക/വിശേഷാല്‍/ഭിന്നശേഷി സംവരണങ്ങള്‍, ഏതെങ്കിലും ഫീസിളവ് എന്നിവയ്ക്ക് കേരളീയേതരന്‍ രണ്ടാം വിഭാഗക്കാര്‍ക്ക് അര്‍ഹത ഉണ്ടാകില്ല. നേറ്റിവിറ്റി തെളിയിക്കുന്ന പ്രോസ്പക്ടസ് പ്രകാരമുള്ള രേഖ അപേക്ഷയ്‌ക്കൊപ്പം അപ് ലോഡ് ചെയ്യണം.
യോഗ്യതാപരീക്ഷയിലെ മാര്‍ക്കിളവ്
മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് എസ്.ഇ. ബി.സി., എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് നിശ്ചിത വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്ക് വേണം. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 45 ശതമാനം. എന്‍ജിനിയറിങ് പ്രവേശനത്തിന് എസ്.ഇ.ബി.സി., എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് മിനിമം യോഗ്യതയില്‍ അഞ്ചുശതമാനം ഇളവുണ്ട്. ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്., അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, ആര്‍ക്കിടെക്ചര്‍: എസ്.ഇ.ബി.സി., ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് അഞ്ചു ശതമാനം ഇളവ്, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ യോഗ്യതാപരീക്ഷ ജയിക്കണം.
Content Highlights: Answers to KEAM Nativity And Documents Related Doubts