ത് ഒരു നിയോഗമാണ്. തിരുവനന്തപുരത്തുനിന്ന് വടക്കേ അറ്റത്ത് എത്തി വിദ്യാഭ്യാസ മുന്നേറ്റമുണ്ടാക്കാനുള്ള നിയോഗം. അഞ്ചു വര്‍ഷത്തെ ആത്മസമര്‍പ്പണം. കര്‍മപഥം കഴിഞ്ഞു. ഇനി പടിയിറക്കമാണ്.തിരിഞ്ഞുനോക്കുമ്പോള്‍ നിറഞ്ഞ മനസംതൃപ്തി. മുന്നോട്ടുനീങ്ങുമ്പോള്‍ നാടിന്റെ കൈയടി. വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ കേന്ദ്രസര്‍വകലാശാലയോട് വിടപറയുകയാണ്. 'ഉത്തരമലബാറുകാരെ മറക്കാനാകില്ല. കണ്ണൂരിന്റേയും കാസര്‍കോടിന്റെയും സ്‌നേഹവാത്സല്യങ്ങള്‍ക്ക് ഇത്രയധികം ആഴമുണ്ടെന്ന് തിരിച്ചറിഞ്ഞ കാലം കൂടിയാണ് കഴിഞ്ഞുപോയത്' -വിരമിക്കല്‍ തീയതിയിലേക്ക് വിരല്‍ചൂണ്ടി ഡോ. ഗോപകുമാര്‍ പറഞ്ഞു. ഓഗസ്റ്റ് ആറിനാണ് വൈസ് ചാന്‍സലര്‍ കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ പുതിയ വി.സി. ചുമതലയെടുക്കുന്നതുവരെ തുടരണമെന്നാണ് മേല്‍ നിര്‍ദേശം.

എത്തിയത് കേരളയില്‍നിന്ന്

കേരള സര്‍വകലാശാലയില്‍ ഐ.സി.എസ്.എസ്.ആര്‍. സീനിയര്‍ ഫെലോ ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍വകലാശാലയില്‍ വി.സി.യായി നിയമനം കിട്ടിയത്. അതിനുമുമ്പ് കേരള സര്‍വകലാശാലയില്‍ യു.ജി.സി. എമിററ്റ്സ് പ്രൊഫസര്‍, സാമൂഹികശാസ്ത്ര വിഭാഗം ഡീന്‍ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പില്‍ ലക്ചറര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, ഈ വിഭാഗത്തിന്റെ മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അമേരിക്കയിലെ ക്ലാര്‍മൗണ്ട്, കാനഡ കാല്‍ഗറി, ഓസ്?ട്രേലിയ ന്യൂ സൗത്ത് വെയില്‍സ് എന്നീ സര്‍വകലാശാലയില്‍ ഫുള്‍ ബ്രൈറ്റ് വിസിറ്റിങ് പ്രൊഫസറുമായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബി.എ, എം.എ, പി.എച്ച്ഡി. ബിരുദങ്ങള്‍ നേടി അക്കാദമിക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1975-ല്‍ ചിറ്റൂര്‍ ഗവ. കോളേജില്‍ അധ്യാപകനായാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. തിരുവനന്തപുരം ഗവ. വനിതാ കോളേജിലും അധ്യാപകനായിരുന്നു. മികച്ച പ്രഭാഷകന്‍, എഴുത്തുകാരന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. കേന്ദ്ര സര്‍വകലാശാലയിലെത്തുന്നതിനു മുമ്പുതന്നെ ഈ നാട്ടുകാര്‍ക്ക് സുപരിചിതനായിരുന്നു ഡോ. ഗോപകുമാര്‍. മിക്ക ടി.വി. ചാനല്‍ ചര്‍ച്ചകളിലും രാഷ്ട്രീയ നിരീക്ഷകനായി പ്രത്യക്ഷപ്പെടുന്ന കാലം. പുതിയ നിയോഗമേറ്റെടുത്ത് കേന്ദ്രസര്‍വകലാശായലെത്തുന്നത് 2014 ഓഗസ്റ്റ് ഏഴിന്. അന്ന് ബാലാരിഷ്ഠതയിലായിരുന്നു പെരിയ ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്‍വകലാശാല. പെരിയയിലും തൊട്ടടുത്ത പ്രദേശമായ കുണിയയിലും കാസര്‍കോട് നായന്മാര്‍മൂലയിലും കാഞ്ഞങ്ങാട് പടന്നക്കാട്ടുമൊക്കെയായി ചിതറിക്കിടക്കുന്ന ക്ലാസ്മുറികള്‍. പെരിയയില്‍ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കും ഒന്നോ രണ്ടോ അനുബന്ധ ചെറു കെട്ടിടങ്ങളും മാത്രം. 464 വിദ്യാര്‍ഥികള്‍. 41 അധ്യാപകര്‍. ഇന്ന് 2400 വിദ്യാര്‍ഥികള്‍. 126 അധ്യാപകര്‍. 27 പഠന വകുപ്പുകള്‍. മറ്റിടങ്ങളിലെ ക്ലാസുമുറികളെല്ലാം പെരിയ ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. കേന്ദ്രസര്‍വകലാശാല എന്ന പേരിനോളം പ്രൗഢിയുള്ള വിശാലമായ കാമ്പസ്. ഗംഗോത്രി, ബ്രഹ്മപുത്ര, സിന്ധു, കാവേരി, കൃഷ്ണ, ഗോദാവരി, നര്‍മദ, സബര്‍മതി, പമ്പ, നിള, കബനി, പെരിയാര്‍, നെയ്യാര്‍ എന്നീ നദികളുടെ പേരില്‍ മാനംമുട്ടെ തലപൊക്കുന്ന 13 കെട്ടിടങ്ങള്‍. ഇതില്‍ ഹോസ്റ്റലുകള്‍ ഒഴികെയുള്ള കെട്ടിടങ്ങളുടെ വിസ്താര കണക്ക് ആറരലക്ഷം ചതുരശ്രയടി. കെട്ടിട സമുച്ചയങ്ങളുടെ ഇടയില്‍ തലങ്ങും വിലങ്ങുമായി റോഡുകള്‍. അഞ്ചുവര്‍ഷത്തിനിടെ 369 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍. 100 കോടിയുടെ വികസനപദ്ധതി കൂടി തുടങ്ങിവച്ചാണ് ഡോ.ഗോപകുമാര്‍ സര്‍വകലാശാലയുടെ പടിയിറങ്ങുന്നത്.

കേന്ദ്രസര്‍വകലാശാലയിലെ സേവനം എത്രത്തോളം ആത്മസംതൃപ്തി നല്‍കുന്നു

നിറഞ്ഞ സംതൃപ്തിയാണ്. അഞ്ചു വര്‍ഷം കൊണ്ട് ഇത്രയധികം വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞല്ലോ. കേന്ദ്രസര്‍വകലാശാല മികവിന്റെ പാതയിലെത്തിയപ്പോള്‍ പെരിയ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് ഏറ്റവുമധികം സന്തോഷം നല്‍കുന്നു. രാജ്യത്തെ 49 കേന്ദ്ര സര്‍വകലാശാലയുടെ പട്ടികയില്‍ 16-ാം സ്ഥാനത്ത് കേരള കേന്ദ്രസര്‍വകലാശാലയെത്തി. 56 വര്‍ഷം മുമ്പ് തുടങ്ങിയ ഹൈദരാബാദി?െലയും 36 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പുതുച്ചേരിയി?െലയും കേന്ദ്രസര്‍വകലാശാലയ്ക്ക് തൊട്ടുപിന്നിലെത്തി സൗത്ത് ഇന്ത്യയില്‍ മൂന്നാമതാകാനും 10 വര്‍ഷംമാത്രം പഴക്കമുള്ള ഈ കേന്ദ്ര സര്‍വകലാശാലയ്ക്ക് കഴിഞ്ഞു. ഒന്നിലേറെത്തവണ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ചര്‍ച്ചകളില്‍ പദ്ധതിഫണ്ട് വിനിയോഗവും അധ്യാപക നിയമനവും വിദ്യാര്‍ഥികളുടെ വര്‍ധനയും എടുത്തുപറഞ്ഞ് കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയ്ക്ക് അഭിനന്ദനം കിട്ടിയതും മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു. 2009- ല്‍ ആരംഭിച്ച രാജ്യത്തെ 16 കേന്ദ്രസര്‍വകലാശാലയില്‍ ഈ സര്‍വകലാശാല രണ്ടാംസ്ഥാനത്ത് എത്തിയതും അടുത്തകാലത്താണ്

വേദനയുണ്ടാക്കിയ അനുഭവങ്ങള്‍

സന്തോഷമെന്നതുപോലെ പല കാര്യങ്ങളിലും ദുഃഖവുമുണ്ടാകുമല്ലോ. എന്നാല്‍ മനസ്സില്‍ തട്ടി വിങ്ങിയ വേദനയും ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ഥിനികളുടെ ഹോസ്റ്റല്‍ പണിയുന്ന സമയത്ത് സമീപത്തെ കോളനിയില്‍ താമസിക്കുന്നവര്‍ സമരരംഗത്തെത്തി. പുനരധിവാസം ഉള്‍?െപ്പടെയുള്ള ആവശ്യങ്ങളായിരുന്നു അവര്‍ ഉന്നയിച്ചത്. ഒരു ദിവസം സര്‍വകലാശാലയില്‍നിന്ന് ഒരു ഫോണ്‍ വരുന്നു. കോളനിവാസികളില്‍ ചിലര്‍ വിഷക്കുപ്പിയുമെടുത്ത് കെട്ടിടത്തിന്റെ മുകളില്‍ കയറിയെന്നും താഴെ മാധ്യമങ്ങള്‍ ക്യാമറയുമായി നില്‍ക്കുന്നുണ്ടെന്നുമായിരുന്നു ഫോണില്‍ കിട്ടിയ വിവരം. ആ സമയം ഞാന്‍ ബനാറസ് സര്‍വകലാശാലയില്‍ വി.സി.മാരുടെ കോണ്‍ഫറന്‍സിലായിരുന്നു. വലിയ മാനസികസമ്മര്‍ദമുണ്ടാക്കിയ നിമിഷങ്ങളായിരുന്നു പിന്നീട്. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പോലീസുദ്യോഗസ്ഥരും ഉള്‍?െപ്പടെ ഫോണില്‍ വിളിക്കുന്നു. ഇത്രയും ദൂരത്തിരുന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പകച്ചുപോയ നിമിഷങ്ങള്‍. എം.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥി ശൗചാലയത്തില്‍ തലയടിച്ചു മരിച്ച സംഭവവും ഈ കാമ്പസിലെ ഒരു അധ്യാപിക കാറിടിച്ചു മരിച്ചതും ഓര്‍മയില്‍ മായാത്ത വേദനകളില്‍ ചിലതാണ്.

കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ തീര്‍ത്തു

365 ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാലയ്ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ 310 ഏക്കര്‍ ഭൂമിയേ സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നുള്ളൂ. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈയിലുള്ള ഭൂമിയില്‍നിന്നാണ് ഇത്രയും നല്‍കിയത്. ഈ അതിരിനുള്ളിലാണ് കോളനിക്കാരുണ്ടായിരുന്നത്. അവരെ ഒഴിപ്പിക്കാതെ കാമ്പസിന്റെ അതിരുകെട്ടാന്‍ കഴിയുമായിരുന്നില്ല. അത് അങ്ങനെ കിടന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ നിര്‍ബന്ധമായും കോളനിക്കാര്‍ മാറിയേ മതിയാകു എന്ന അവസ്ഥയുണ്ടായി. അവര്‍ സമരം നടത്തുന്നതിന് മുമ്പു തന്നെ പുനരധിവാസ പദ്ധതി തയ്യാറാക്കിയിരുന്നു. നടപടിക്രമങ്ങള്‍ നീണ്ടുപോയെന്നുമാത്രം. തൊട്ടപ്പുറത്ത് രണ്ടേക്കറിലധികം സ്ഥലം വില കൊടുത്തു വാങ്ങി ഓരോ കുടുംബത്തിനും മനോഹരമായ വീടുകള്‍ നിര്‍മിച്ചു നല്‍കി.

ആരു വിളിച്ചാലും പരിപാടിയുടെ പ്രാധാന്യമൊന്നും നോക്കാതെ പങ്കെടുക്കാനെത്തുന്ന വി.സി. എന്നാണല്ലോ എല്ലാവരും പറയുന്നത്

തീര്‍ച്ചയായും ശരിയാണ്. ചെറിയ പരിപാടികള്‍ പോലും ഉദ്ഘാടനം ചെയ്യുന്ന വൈസ് ചാന്‍സലര്‍ എന്ന് പാതി പരിഹാസത്തോടെ പറയുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. അതൊന്നും ഞാന്‍ ഗൗനിക്കാറേയില്ല. കേന്ദ്ര സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ പദവി ഏതു തലത്തിലാണെന്ന ബോധ്യമില്ലാത്ത ആളൊന്നുമല്ല ഞാന്‍. വരേണ്യ അധികാരിയാകാനോ ഉദ്യോഗസ്ഥപ്രഭുവായി ഇരിക്കാനോ എന്നെ കിട്ടില്ല. അങ്ങനെ ഗമ കാട്ടാനുള്ളതാണ് ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും മേധാവി കസേര എന്ന് കരുതുന്നതാണ് തെറ്റ്. ഞാന്‍ വിദ്യാഭ്യാസത്തിലൂടെ നേടിയതില്‍ പ്രധാനമായ ഒന്ന് സമൂഹവുമായി നല്ലബന്ധം കാത്തുസൂക്ഷിച്ച് ജീവിക്കുക എന്നതാണ്. ജാതിയുടെയോ മതത്തിന്റേയോ ഏതെങ്കിലും രാഷ്ട്രീയനിറത്തിന്റേയോ മതില്‍ക്കെട്ടുകള്‍ കണ്‍മുമ്പിലോ മനസ്സിലോ കൊണ്ടുവരാതെയുള്ള ഇടപഴകല്‍. അതുതന്നെയാണ് ഏറ്റവും നല്ല വിദ്യാഭ്യാസം. നാട്ടിന്‍പുറത്തെ ഗ്രന്ഥശാലകള്‍ മുതല്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. തെയ്യാട്ടക്കാവുകളില്‍ ആളുകള്‍ക്കിടയില്‍ കാഴ്ചക്കാരനാകും. ഉറൂസ് നടക്കുന്ന പള്ളികളിലും തിരുനാള്‍ നടക്കുമ്പോള്‍ ദേവാലയങ്ങളിലും അതിഥിയായി വിളിച്ചിട്ടുണ്ട്. അതിയായ സന്തോഷത്തോടെ പങ്കെടുക്കാറുമുണ്ട്. ടി.വി.യില്‍ എന്നെ കാണാം. എനിക്ക് ജനങ്ങളെ കാണാനാകില്ലെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. ഈ അഞ്ചുവര്‍ഷക്കാലം ഞാന്‍ ജനങ്ങളെ കണ്ടു. അവരുടെ സ്‌നേഹം അറിഞ്ഞു. ഉത്തരമലബാറുകാരുടെ നിഷ്‌കളങ്കതയെ അറിഞ്ഞു.

ഉത്തര മലബാറുകാരെക്കുറിച്ച് എന്താണ് പറയാനുള്ളത്

ശക്തമായ പൊതുസമൂഹമാണ് ഇവിടെയുള്ളത്. രാഷ്ട്രീയക്കുടിപ്പക ഏറെയുള്ള നാടാണ് കണ്ണൂരും കാസര്‍കോടുമെന്നാണ് കേരളത്തിലെ മറ്റു ജില്ലക്കാര്‍ പറയുന്നത്. എന്നാല്‍ അതൊന്നും ശരിയല്ലെന്ന് ഈ അഞ്ചുവര്‍ഷത്തിനിടെ എനിക്ക് മനസ്സിലായി. രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഈ നാട്ടിലെ ആളുകള്‍ ഒന്നിക്കുന്നത് കാണുമ്പോള്‍ ഇത്തരമൊരു ഐക്യം മറ്റെവിടെയുണ്ടെന്ന് തോന്നിപ്പോകും.നിഷ്‌കളങ്കരാണ് ഇവിടത്തുകാര്‍. ഞാന്‍ വി.സി.യായി എത്തിയ ഘട്ടത്തില്‍ പെരിയയില്‍ ഒരു കൂട്ടായ്മയില്‍ പങ്കെടുത്തു. ആദ്യമുണ്ടായിരുന്ന ചോദ്യം കേന്ദ്ര സര്‍വകലാശാലയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമോ എന്നായിരുന്നു. കേന്ദ്രസര്‍വകലാശാല കാസര്‍കോടിന്റേതാണെന്നും ഇവിടത്തെ വിദ്യാഭ്യാസമുന്നേറ്റത്തിനായി എന്നെക്കൊണ്ട് കഴിയുംവിധം പ്രവര്‍ത്തിക്കുമെന്നും പറഞ്ഞപ്പോള്‍ ഉയര്‍ന്ന കൈയടിയില്‍ നിന്ന് എനിക്ക് ലഭിച്ച ഊര്‍ജം ചെറുതല്ല. നാഗരിക സംസ്‌കാരം കുറവാണ് ഇവിടെ. അതിനാലാണ് വികസനോന്മുഖമാകാത്തത്. നിഷ്‌കളങ്കത കൂടുതലായതിനാല്‍ രാഷ്ട്രീയ ആത്മാര്‍ഥതയും അധികമായി. കാസര്‍കോട് ജില്ലയില്‍ സ്‌കൂളുകള്‍ ശക്തമാണ്. അതേസമയം കോളേജുകള്‍ ദുര്‍ബലമാണെന്ന് പറയാതിരിക്കാനാകില്ല. ഉന്നത വിദ്യാഭ്യാസവും ഗവേഷണവും ഉണ്ടാകണം. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരണം. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലൊന്നായി കേന്ദ്ര സര്‍വകലാശാല മാറും. ഇത് കാസര്‍കോടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ പിന്തുണ നല്‍കും.

ഹോസ്റ്റല്‍ വിഷയവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ നീണ്ട സമരവും വിവാദങ്ങളുമുണ്ടായതിനെക്കുറിച്ച്

dr.gopakumar

അവരുടെ ആവശ്യങ്ങള്‍ക്കായി സമരം നടത്തിയതില്‍ എന്താണ് തെറ്റ്. പ?േക്ഷ, ചില കോണുകളില്‍ നിന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടായി. അത് മാധ്യമങ്ങള്‍ ഏറ്റെടുത്തു. സമരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയെ ഡല്‍ഹിയില്‍ച്ചെന്ന് കാണുകയും ചെയ്തു. രാത്രി എട്ടുമണിക്ക് മന്ത്രാലയത്തില്‍നിന്ന് ഫോണ്‍കോള്‍. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കാലത്ത് 10 മണിക്ക് ഓഫീസിലെത്തണം. കാഞ്ഞങ്ങാട്ടുനിന്ന് ഡല്‍ഹിയിലെത്തിയത് എങ്ങനെയെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ പിരിമുറുക്കം ഉണ്ടാകുന്നു. സമരംചെയ്ത വിദ്യാര്‍ഥികളെ നോക്കുകൊണ്ടു പോലും വേദനിപ്പിച്ചിട്ടില്ല. എന്നെ ?േഘ?രാവോ ചെയ്തപ്പോള്‍ പോലും ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുവരാന്‍ മാത്രം പാകത്തില്‍ സുതാര്യമായിരുന്നു വി.സി.യുടെ ഓഫീസ്.

എന്തൊക്കെ നിര്‍മാണങ്ങളാണ് കേന്ദ്രസര്‍വകലാശാലയില്‍ പൂര്‍ത്തിയാകാനുള്ളത്

പെരിയ ആസ്ഥാനത്ത് നൂറുകോടിയോളം രൂപയുടെ നിര്‍മാണം നടക്കുന്നു. വി.സി.യുടെ ഓഫീസ് ഉള്‍?െപ്പടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തേജസ്വിനി ഹില്‍ ഏരിയയിലേക്ക് മാറും. അത്യാധുനിക സൗകര്യത്തോടുള്ള സെന്‍ട്രല്‍ ലൈബ്രറി കെട്ടിടവും ഇവിടെ നിര്‍മിക്കും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍നിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും പടികള്‍ നിര്‍മിച്ചിട്ടുണ്ട്. കിഴക്കോട്ടിറങ്ങിയാല്‍ ദേശീയപാതയിലേക്കുള്ള കവാടം. പടിഞ്ഞാറോട്ട് ഇറങ്ങിയാല്‍ കോളേജ് കെട്ടിടസമുച്ചയം. സ്‌കൂള്‍ ഓഫ് എജുക്കേഷന്‍, യോഗാ പഠനകേന്ദ്രം എന്നീ കെട്ടിടങ്ങള്‍ ഡിസംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയും. അടുത്തവര്‍ഷം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനകര്‍മവും നിര്‍വഹിക്കാന്‍ കഴിയും. മൂന്നോ നാലോ ഹോസ്റ്റലുകള്‍കൂടി നിര്‍മിക്കുന്നു. അതിന്റെ പണിയും വൈകാതെ പൂര്‍ത്തിയാകും. മൂന്നാംകടവ് പുഴയില്‍നിന്ന് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. അവിടെ പുഴയോരത്ത് 20 സെന്റ് വാങ്ങി. അവിടെനിന്ന് ഏഴുകിലോമീറ്റര്‍ തെക്കോട്ടേക്ക് പൈപ്പിട്ട് കേന്ദ്രസര്‍വകലാശാലയിലെ തേജസ്വനി കുന്നിന്‍ മുകളിലെത്തിക്കും. പുഴയോരത്തും ഇവിടെയും 12.5 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്ക് നിര്‍മിച്ചു.

ഉപരാഷ്ട്രപതിയുടെ വരവും കേന്ദ്ര മെഡിക്കല്‍ കോളേജ് ചര്‍ച്ചയായതും എങ്ങനെ കാണുന്നു

നേര?േത്ത പറഞ്ഞില്ലേ ഈ നാടിന്റെ ഐക്യം. അതാണ് കേന്ദ്രസര്‍വകലാശാല മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലും കണ്ടത്. ഒറ്റക്കെട്ടായി നിലയുറപ്പിച്ച് മെഡിക്കല്‍ കോളേജ് വേണമെന്ന് ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര മെഡിക്കല്‍ കോളേജ് കാസര്‍കോട് വരേണ്ടതിന്റെ ആവശ്യമുന്നയിച്ചതും പിന്തുണയറിയിച്ചതും തുടര്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടാനുള്ള ഊര്‍ജം നല്‍കി. ഡല്‍ഹിയില്‍ പോയി നിവേദനം കൊടുത്തതും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെക്കണ്ട് ഈ ആവശ്യം പറയാന്‍ കഴിഞ്ഞതും അതിന്റെ ഭാഗമാണ്. മുന്‍ എം.പി. പി.കരുണാകരന്റെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറി?െന്റയും ഇവിടത്തെ രാഷ്ട്രീയ-സാമൂഹിക നേതാക്കളു?െടയും നേതൃത്വത്തില്‍ സംയുക്തസമിതി ഡല്‍ഹിയിലെത്തി ഉപരാഷ്ട്രപതിയുള്‍?െപ്പടെയുള്ളവരെ കണ്ട് ചര്‍ച്ച നടത്തിയതും വലിയ മുന്നേറ്റം തന്നെയാണ്. മെഡിക്കല്‍ കോളേജ് എന്ന ആവശ്യം കൈവിടരുത്. ഇവിടെ അതിനായി സ്ഥലം നീക്കിവച്ചിട്ടുണ്ട്.

കുടുംബം

തിരുവനന്തപുരം ഇടപ്പഴഞ്ഞി സ്വദേശിയാണ്. റിട്ട. സുബേദാര്‍ മേജര്‍ ടി.പി.ഗോപാലപിള്ളയാണ് അച്ഛന്‍. അമ്മ തങ്കമ്മ. ഭാര്യ എസ്.ജയശ്രീ. തിരുവനന്തപുരം സെയ്ന്റ് പോള്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു. വൈസ് ചാന്‍സലര്‍ തസ്തികയില്‍ 70 വയസ്സുവരെ തുടരാം. അതുകൊണ്ടുതന്നെ ഭാര്യ വിരമിച്ചശേഷവും എനിക്ക് സര്‍വീസില്‍ തുടരാനായി. എനിക്കിപ്പോള്‍ 68 വയസ്സായി. അഞ്ചുകൊല്ലം പൂര്‍ത്തിയായതിനാലാണ് പിരിയേണ്ടിവന്നത്. ഞങ്ങള്‍ രണ്ടുപേരും കാഞ്ഞങ്ങാട്ടാണ് അഞ്ചുകൊല്ലവും താമസിച്ചത്. അവളും ഈ നാടിന്റെസ്‌നേഹത്തിലലിഞ്ഞിരിക്കുകയാണ്.

ദുബായിയില്‍ ടെലികമ്യൂണിക്കേഷന്‍ സ്ഥാപന മാനേജറായി പ്രവര്‍ത്തിക്കുന്ന ഗോവിന്ദ് കുമാറും അമേരിക്കയില്‍ ഇന്‍ഫോസിസ് എന്‍ജിനിയറായ ഗായത്രി കുമാറുമാണ് മക്കള്‍.

content highlights; kasaragod central university vice chancellor  Prof.(Dr.) G Gopakumar