തൃപ്പൂണിത്തുറ: ഒരു മിനുട്ട് വ്യത്യാസത്തില്‍, ഒറ്റ പ്രസവത്തില്‍ ജനിച്ചതാണ് ഇവര്‍ മൂന്നു പേരും... മൂവര്‍ക്കും അഞ്ചു വയസ്സ്... നിത്യ കെ. നായര്‍, നന്ദിക കെ. നായര്‍, നിരഞ്ജന കെ. നായര്‍ എന്നീ സഹോദരങ്ങള്‍ ഒരുമിച്ച് സ്‌കൂളിലേക്ക്.

പുത്തന്‍ യൂണിഫോമൊക്കെയിട്ട്, ബാ ഗൊക്കെ തൂക്കി സ്‌കൂളിലേക്ക് പോകാനുള്ള ആഹ്ലാദത്തിലാണ് ഈ കുരുന്നുകള്‍. ഇവരെ ഒരുക്കി, ഒരുമിച്ച് സ്‌കൂളില്‍ കൊണ്ടുവിടാനായി സന്തോഷത്തോടെ ഇവരുടെ രക്ഷിതാക്കളും.

പൂണിത്തുറ കാച്ചാനപ്പള്ളി ശ്രീവത്സന്റേയു (കണ്ണന്‍) രാധികയുടേയും മക്കളാണ് നിത്യയും നന്ദികയും നിരഞ്ജനയും. തൃപ്പൂണിത്തുറ എന്‍.എസ്.എസ്. സ്‌കൂളില്‍ എല്‍.കെ.ജി. ക്ലാസിലേക്ക് ഇവര്‍ എത്തുന്നത് കാത്തിരിക്കുകയാണ് സ്‌കൂളധികൃതരും.

വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിനു ശേഷമാണ് ശ്രീവത്സന്‍-രാധിക ദമ്പതിമാര്‍ക്ക് മൂന്നു മക്കളെ ഒരുമിച്ചു കിട്ടിയത്. ഓട്ടോ-കാര്‍ ഡ്രൈവറാണ് ശ്രീവത്സന്‍.

മക്കള്‍ അങ്കണവാടിയില്‍ പൊയ്‌ക്കൊണ്ടിരുന്നതിനാല്‍ സ്‌കൂളിലേക്കു പോകാന്‍ അവര്‍ക്ക് സന്തോഷമാണെന്ന് ശ്രീവത്സന്‍ പറയുന്നു. മൂവര്‍ക്കും പുതിയ യൂണിഫോമും ബാഗും കുടയും പുസ്തകങ്ങളുമൊക്കെ വാങ്ങിക്കഴിഞ്ഞു. പുതിയ യൂണിഫോമിട്ട്, ബാഗൊക്കെ തൂക്കി വീട്ടില്‍ 'റിഹേഴ്‌സലാണ്' ഈ കുരുന്നുകള്‍.