ആറ്റിങ്ങല്‍: അക്ഷയ് ഈവര്‍ഷം മൂന്നാം ക്ലാസിലാണ്. അമ്മയുടെ ഒക്കത്തും ചക്രക്കസേരയിലുമിരുന്നാണ് അവന്‍ കഴിഞ്ഞ രണ്ടുവര്‍ഷവും സ്‌കൂളില്‍പോയത്. സ്‌കൂള്‍ തുറക്കുന്ന വ്യാഴാഴ്ച രാവിലെ പുത്തനുടുപ്പും പുസ്തകങ്ങളുമായി സ്‌കൂളിലേക്കു പോകണമെന്നാണവന്റെ മോഹം. പക്ഷേ, തീരാത്ത വേദനകളോടു പൊരുതി കിടക്കയിലാണവനിപ്പോള്‍. ബുധനാഴ്ചയും തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയില്‍ പോയിവന്നു.

ജനനംമുതല്‍ കൂടെയുള്ള രോഗങ്ങളോടുള്ള പോരാട്ടമാണ് ഈ കുഞ്ഞിന്റെ ജീവിതം. ആറ്റിങ്ങല്‍ കരിച്ചയില്‍ റീന നിവാസില്‍ സന്തോഷിന്റെയും റീനാസന്തോഷിന്റെയും ഇളയമകനാണ് ഏഴുവയസ്സുകാരന്‍ അക്ഷയ് എസ്.നായര്‍. അവനവഞ്ചേരി ഹൈസ്‌കൂളിലാണു പഠനം. സ്‌കൂളിനടുത്തുള്ള വാടകവീട്ടിലാണ് ഇപ്പോള്‍ ഈ കുടുംബം താമസിക്കുന്നത്. മെനിഞ്‌ജോമയോസില്‍, ഹൈഡ്രോസെഫാലസ് എന്നീ രോഗങ്ങളുടെ പിടിയിലാണ് അക്ഷയ്.

ജനിച്ചപ്പോള്‍ അക്ഷയിന്റെ അരക്കെട്ടില്‍ നട്ടെല്ലിനോട് ചേര്‍ന്ന് ഒരു മുഴയുണ്ടായിരുന്നു. അരയ്ക്കുതാഴേയ്ക്കുളള ഞരമ്പുകള്‍ ചേര്‍ന്നു രൂപപ്പെട്ടതായിരുന്നു ഇത്. ഞരമ്പുകളില്ലാതിരുന്നതിനാല്‍ അരയ്ക്കു താഴേക്കു ചലനമുണ്ടായിരുന്നില്ല. മൂന്നാംമാസം ശസ്ത്രക്രിയയിലൂടെ ഈ മുഴ നീക്കംചെയ്തു. അന്നുമുതല്‍ അരക്കെട്ടിനും അതിനുതാഴേയ്ക്കുമുളള ഭാഗത്തു നടക്കുന്നതൊന്നും അക്ഷയ് അറിയില്ല. മലമൂത്രവിസര്‍ജ്ജനം പോലും അവനറിയാതെയാണ് നടക്കുന്നത്.

ഇതിനൊപ്പം തലയ്ക്കുള്ളില്‍ ദ്രാവകം കെട്ടിനിന്നു തല വലുതാകുന്ന രോഗവുമുണ്ടായി. ഈ ദ്രാവകം ഒഴുക്കിക്കളയാനുളള വി.പി.ഷണ്ടിങ് എന്ന ചികിത്സ നടത്തി. തലയില്‍നിന്നു പ്രത്യേകകുഴല്‍ വഴി വാരിയെല്ലുകള്‍ക്കടിയിലൂടെ ദ്രാവകം മൂത്രസഞ്ചിയിലെത്തിച്ചു പുറത്ത് കളയുന്ന രീതിയാണിത്.

akshayനാലാംമാസമായിരുന്നു ഇതിനുള്ള ശസ്ത്രക്രിയ. ഈ കുഴലുമായാണ് അക്ഷയിന്റെ തുടര്‍ന്നിങ്ങോട്ടുള്ള ജീവിതം. കുഴലില്‍ ദ്രാവകം കെട്ടിനിന്നതിനെത്തുടര്‍ന്ന് 2016 ഡിസംബറില്‍ കുഴല്‍മാറ്റി പുതിയത് സ്ഥാപിച്ചു. അതിനുശേഷം അഞ്ചുതവണ കുഴലില്‍ തടസ്സമുണ്ടായി ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ വീണ്ടും അണുബാധയുണ്ടായി.

അക്ഷയ് ജനിച്ചതുമുതല്‍ അവനെ നെഞ്ചോട്‌ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഓട്ടമാണ് സന്തോഷിന്റെയും റീനയുടെയും ജീവിതം. വിദേശത്തെ ജോലിയുപേക്ഷിച്ച് നാട്ടിലെത്തിയ സന്തോഷ് പിന്നീട് അക്ഷയിനെയും കൊണ്ടുപോകാത്ത ഇടങ്ങളില്ല.

അവന്റെ കാലിലെ എല്ലുകള്‍ ശരിയാക്കുന്നതിനായി ഉഡുപ്പി കസ്തൂര്‍ബാ മെഡിക്കല്‍കോളേജില്‍ പലതവണ കൊണ്ടുപോയി. പട്ടാമ്പിയിലുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ കൊണ്ടുപോയി പരിശോധിപ്പിച്ചു. എസ്.എ.ടി.യിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം വെല്ലൂര്‍ മെഡിക്കല്‍കോളേജിലും കൊണ്ടുപോയി. സന്തോഷ് നാട്ടില്‍ പലജോലിക്കും ചേര്‍ന്നെങ്കിലും തുടരെത്തുടരെ മകനെയുംകൊണ്ട് ആശുപത്രികളിലേക്കുള്ള ഓട്ടവും മാസങ്ങള്‍ നീളുന്ന ആശുപത്രിവാസവും നിമിത്തം ജോലികള്‍ നഷ്ടമായി.

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ ഒന്നാംക്ലാസില്‍ ചേര്‍ത്തതുമുതല്‍ അധ്യാപകരും സഹപാഠികളും അക്ഷയിന്റെ സഹായത്തിനുണ്ട്. ക്ലാസ് ടീച്ചര്‍ ധന്യ, സ്‌കൂളിലെ എസ്.പി.സി.യുടെ ചുമതലയുള്ള അധ്യാപകന്‍ സാബു, പ്രഥമാധ്യാപികയായിരുന്ന ഗീതാപദ്മം എന്നിവര്‍ വലിയ പിന്തുണയാണ് അക്ഷയിനും കുടുംബത്തിനും നല്കിയത്. ചക്രക്കസേരയും ക്ലാസിലിരിക്കുന്നതിന് പ്രത്യേക കസേരയും എസ്.പി.സി.യുടെ നേതൃത്വത്തില്‍ അക്ഷയിന് സമ്മാനിച്ചു.

എസ്.എ.ടി.യിലെ ഡോക്ടര്‍മാരായ അശോക് കുമാര്‍, മുഹമ്മദ്കുഞ്ഞ് എന്നിവരുടെയും മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരായ രാജ്‌മോഹന്‍, രാജ് എസ്.ചന്ദ്രന്‍ എന്നിവരുടെ നിരീക്ഷണത്തിലും ചികിത്സകളിലുമാണിപ്പോള്‍ അക്ഷയ്.