'കുട്ടികള്‍ ഓരോ രാജ്യങ്ങളാണ്. ദേശങ്ങളാണ്. കാലങ്ങളാണ്,' എന്ന് റില്‍കേയുടെ (Rainer maria Rilke)ഒരു പരാമര്‍ശമുണ്ട. പക്ഷേ ഏതു ദേശത്തേയും, ഏത് കാലത്തേയും കുട്ടികളുടെ മനസ്സിന്റെ അടിത്തട്ടില്‍ ഒരു വിപ്ലവകാരിയുമുണ്ട്. മുതിര്‍ന്നവരുടെ ലോകത്തെ ആശങ്ക യോടെ കാണുന്ന,ഒരേ സമയം ചേര്‍ന്ന് നിന്നും വിഘടിച്ചു നിന്നും അവര്‍ നമ്മുടെ ലോകത്തു നിന്നും ഒളിപ്പിക്കുന്ന ഒരു പാട് സ്വപ്നങ്ങളു ഉന്മാദങ്ങളുമുണ്ട്.

ഉടലും ഉയിരും  നിറയെ കവിതയും പ്രണയവും ഉന്മാദവുമായി അലഞ്ഞു നടക്കുന്ന എന്റെ ഉള്ളില്‍ ഇപ്പോഴും ഒരു സ്‌കൂള്‍ കുട്ടിയുണ്ട്. കൗതുകങ്ങളോട് സൂത്രത്തില്‍ സ്വാര്‍ത്ഥയായും, പൂക്കളെ ആരും കാണാതെ ഉമ്മ വച്ചും, മണല്‍ത്തരികളില്‍ എന്റെ മാത്രം പേര് എഴുതി വച്ചും ഞാന്‍ ആ കുട്ടിയെ തൃപ്തിപ്പെടുത്തുന്നു. 

പറിച്ചു നടലുകളുടെ നാട്ടുമണങ്ങള്‍

നാലു സ്‌കൂളുകളുടെ തണുപ്പും ചൂടുമാണ് എന്റെ ഉള്ളില്‍ ഉള്ളത്. ഒരു ദിവസം മാത്രം ഇരുന്ന് ഞാന്‍ ഉപേക്ഷിച്ച നഴ്‌സറി സ്‌കൂള്‍ ഒരിക്കലും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടില്ല. അവിടെ എനിക്ക് ഒന്നും പഠിക്കാനുണ്ടായിരുന്നില്ല. അഛന്റെ ജോലി സംബന്ധമായ സ്ഥലം മാറ്റങ്ങള്‍ എന്റെ സ്‌കൂള്‍ ജീവിതത്തെ കഷ്ണം കഷ്ണമായി മുറിച്ചെടുത്തു. പറിച്ചു നടലുകളുടെ നാട്ടുമണങ്ങള്‍ കൊത്തിപ്പറിച്ചെടുത്ത ബാല്യ കൗമാരങ്ങള്‍. 

ഒരു സ്ഥലത്ത് വേരുറച്ചു തുടങ്ങുമ്പോഴേക്കും, സ്വപ്നങ്ങളെ പരിചരിച്ചു വരുന്ന മണ്ണില്‍ വെള്ളമൊഴിച്ച് വരുമ്പോഴേക്കും എത്തും അഛന്റെ സ്ഥലം മാറ്റം. വിരലുകള്‍ മണ്‍തണുപ്പിനെ അറിഞ്ഞു തുടങ്ങുന്നേ ഉണ്ടാവുകയുള്ളു. 

ഇലക്കരച്ചിലും കലമ്പലും കുട്ടിയിഷ്ടങ്ങളും വാക്കു കൊടുക്കലും തെറ്റിക്കലും ഒക്കെയായി ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ പഠിച്ച കാലം, കഥകളിലെക്കും കവിതകളിലേക്കും പാട്ടിലേക്കും നീന്തിപ്പോയ കാലമായിരുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ് വരെ പഠിച്ച എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍. 

നേരത്തെ വായിക്കാനും എഴുതാനും പഠിപ്പിച്ചിട്ടാണ് അമ്മ എന്നെ സ്‌കൂളില്‍ ചേര്‍ത്തിയത്. നാലു വയസായതും ഞാന്‍ സമ്പൂര്‍ണ്ണ സാക്ഷരതക്കാരിയായി ഒന്നാം ക്ലാസ്സിലെത്തി.

Roshni
രോഷ്‌നി സ്വപ്ന

ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നത് ഞാന്‍ വീട്ടില്‍ വച്ചു നേരത്തെ പഠിച്ചതാണല്ലൊ എന്ന് എനിക്ക് കുറച്ചു ബോറടിക്കാതിരുന്നില്ല. എങ്കിലും, അക്കാലം സുന്ദരമായിരുന്നു. ജാഡകളില്ലാത്ത ഒരു വിദ്യാലയം. കുട്ടികളെ അതീവ ശ്രദ്ധ യോടെയും സ്‌നേഹത്തോടെയും ചേര്‍ത്തു പിടിക്കുന്ന അധ്യാപകര്‍. 

അവിടെ എനിക്ക് അസീസ് എന്ന ഒരു കൊച്ചു കൂട്ടുകാരന്‍  ഉണ്ടായിരുന്നു. മെലിഞ്ഞ വിരലുകളും ഉണ്ടക്കണ്ണുകളുമായി ഒരു കുട്ടി. മരണത്തിന്റെ നിറങ്ങള്‍ ആദ്യം അറിഞ്ഞത് അവനിലൂടെ ആയിരുന്നു. 'തന്തക്കുപ്പായം'എന്ന്  പേരിട്ട് ഞങ്ങള്‍  വിളിച്ചിരുന്ന അവനില്‍ നിന്ന്. നീല  ശംഖു പുഷ്പങ്ങളില്‍ പരന്നു കിടക്കുന്ന മുള്‍ വേലികള്‍ ഞങ്ങളുടെ സ്‌കൂളിനെ പിന്‍പാതയില്‍ നിന്ന് മറച്ചിരുന്നു. നെല്ലി മരങ്ങളും വാകയും പുളിയിലകളും ഇടതൂര്‍ന്ന  സ്‌കൂള്‍ പിന്‍മുറ്റങ്ങളെയും വിശാലമായ മുള്‍മൈതാനങ്ങളെയും മറന്ന്  സ്വയം തീര്‍ത്ത ഒരു തുരുത്തില്‍  ഒറ്റക്ക് നടന്നു അവന്‍.

ഒരിക്കല്‍ സ്‌കൂളിന്റെ പിന്നിലെ വഴിയില്‍ കുറെ ആളുകള്‍ എന്തോ തലയില്‍ ഏറ്റി പോകുന്നത് പതിനൊന്നര മണിയിലെ  ഇടവേളയില്‍ ഭീതിയോടെ നോക്കി നിന്ന എന്നോട് അവന്‍ പറഞ്ഞു. 'അതാണ് മയ്യത്ത്. ജീവനില്ലാതായ മനിശന്‍.'

അവനെ പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി കണ്ടാണ് ഞാന്‍  നക്ഷത്രങ്ങള്‍ക്കും വിശക്കും എന്ന് അറിഞ്ഞത്,

കണക്കുകള്‍ കൂട്ടാന്‍ ചെളി പിടിച്ച കുഞ്ഞു വിരലുകള്‍ അവന്‍ കഷ്ടപ്പെട്ട് നിവര്‍ത്തി വായിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ അവന്‍ ആകാശത്ത് തിരഞ്ഞു. എത്ര ചീത്ത പറഞ്ഞാലും മോണ കാട്ടി  അവനു മാത്രം സാധ്യമായ നിഷ്‌കളങ്കതയോടെ ചിരിച്ചു. വിശക്കുമ്പോള്‍  എന്റെ അമ്മയെ വന്നു കണ്ടു.

ഞാന്‍ ഇപ്പോള്‍ ചരിത്രത്തെ പൂട്ടിയിട്ട് ഒരു മുറിക്കുള്ളില്‍ ഒറ്റക്കിരിക്കുകയാണ്. കൈ വിരലുകളില്‍ വിലങ്ങണിഞ്ഞ നിഴലുകള്‍ ചതുരംഗം കളിക്കുന്നത് ഞാന്‍ വെറുതെ നോക്കി നില്‍ക്കുന്നു. ജനലുകള്‍ തുറന്നിടുമ്പോള്‍  പാളികള്‍ക്ക് അപ്പുറം 'ഞാന്‍ അല്ലേ  അത്' എന്ന് ചോദിച്ച് ഒരു മെലിഞ്ഞ നക്ഷത്രം വന്നു നില്‍ക്കുന്നു. അവനെ കാണുമ്പോള്‍ ഞാന്‍ എന്റെ പഴയ മൂന്നാം ക്ലാസ്സുകാരനെ ആണ് ഓര്‍ക്കാറ്. വ്യഥകളില്‍ നിന്ന് കവിതയുടെയും  പ്രണയത്തിന്റെയും ചിത്രങ്ങള്‍ വരച്ചെടുക്കുമ്പോള്‍  അവന്‍ ചിലപ്പോള്‍ അത് എനിക്ക് കാട്ടിത്തരുന്നു. ഇപ്പോള്‍, പണ്ട് എന്റെ കൂട്ടുകാരന്‍  മൂന്നാം ക്ലാസ്സില്‍ വച്ച് കടല മണികള്‍ വിറ്റ് കിട്ടിയ പത്തു പൈസകള്‍ കാട്ടി തരുന്ന അതേ കൌതുകത്തില്‍. ഇരുവരുടെയും കണ്ണുകള്‍  തിളങ്ങുന്നു...

ചിലപ്പോള്‍ പക്ഷി ജന്മത്തില്‍ നിന്ന് മനുഷ്യനാവുന്നത് എത്ര എളുപ്പം എന്ന് പറഞ്ഞു തരുന്നു അവന്‍. 

എന്റെ നിറങ്ങളിലോ... ഒരു കാറ്റ്  മേഘത്തെ   സ്വപ്നം   കണ്ടു കൊണ്ട്  മഴയുടെ അസ്വാതന്ത്ര്യത്തെ മായ്ച്ചു കളയുന്നു. 

എത്രയോ  കാലങ്ങളായി  ഞാന്‍ ആകാശത്തിന്റെ  തടവില്‍  ആയിരുന്നു എന്ന് പറയും  പോലെ  ആ നക്ഷത്രം മേഘത്തെ  ഓരോ  കഷ്ണങ്ങളായി കുടിച്ചു തീര്‍ക്കുന്നു. കാലങ്ങള്‍ എന്തിനാണ് എന്നില്‍ അത്ഭുതത്തിന്റെ മുഖങ്ങള്‍ വീണ്ടും വീണ്ടും വരച്ചു ചേര്‍ക്കുന്നത്?

നാലാം ക്ലാസ് അവധിക്കുസ്ഥലം മാറി അകലങ്ങളിലേക്ക് പോന്നപ്പോള്‍ കണ്ണില്‍ വെളുത്ത മഞ്ഞു തുള്ളിയുമായി അവന്‍ നിന്നത് ഓര്‍മ്മയുണ്ട്.

ജീവിതം ചില്ല് കാറ്റ് കൊണ്ട് മുറിഞ്ഞു.

ഇന്ന് കടല്‍ തീരത്ത് മലര്‍ന്നു കിടക്കുമ്പോള്‍  കടലമണികള്‍  വാങ്ങി തരുന്ന  ഈ കൂട്ടുകാരന് എങ്ങനെ ആണ് അന്നത്തെ ആ മഞ്ഞു കണ്ണീരിന്റെ മുഖഛായ വന്നത്?

ഞാന്‍ ഇപ്പോള്‍ മരണത്തെ കുറിച്ച്  ഓര്‍ക്കാറേ ഇല്ല.

roshniഅച്ഛന്റെ ലൈബ്രറിയിലെ ഒട്ടകപ്പക്ഷി
                       
കൗമാര കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ എന്റെ ആത്മാവില്‍ ആഴത്തില്‍ അലയടിക്കുന്ന ഒരു നീലക്കടലിന്റെ ചിത്രം അലയടിക്കും. മിനുപ്പുള്ള പച്ചിലകള്‍ തീരത്തു വീണുകിടക്കുന്ന ഒരു കടല്‍. 

അഞ്ചാം ക്ലാസ്സ് മുതല്‍ ഒന്‍പതാം ക്ലാസ്സ് വരെ ഞാന്‍ പഠിച്ച പീരുമേട്ടി ലെ C.P.M ജി എച്ച്.എസ് സ്‌കൂളിലെ കാലം എന്നെ കുടഞ്ഞു കളഞ്ഞ കാലമായിരുന്നു. അക്കാത്ത് തേയിലച്ചെടികള്‍ മൂടിക്കിടക്കുന്ന കുന്നുകള്‍ക്കിടയി ലെ ബ്രിട്ടീഷ് ബംഗ്ലാവിലെ വലിയ കണ്ണാടി ചില്ലു ജനാലപ്പടികളില്‍ കയറിയിരുന്നാണു എന്റെ വായന. പുറത്ത് കോടമഞ്ഞിനെ തടയാന്‍  പാളികള്‍ ചേര്‍ത്തടച്ച ചില്ലുജനലുകളില്‍ ഞാന്‍ മൂക്കമര്‍ത്തിപ്പിടിക്കും. അന്നു വാക്കുകള്‍ എന്നാല്‍ കവിതയായൊത്തീര്‍ന്നിട്ടില്ല. മഞ്ഞിന്റെ കൊടും തണുപ്പ് പടരുമ്പോള്‍, എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുമായിരുന്നു. എങ്ങനെ, എന്ത്, എന്നൊന്നും അറിയൈല്ലെങ്കിലും ഞാന്‍ അപ്പോള്‍ എന്നൊട് തന്നെ ചോദിക്കുമായിരുന്നു, 'ഒരു പക്ഷേ ഞാന്‍ മരിക്കുകയാണെങ്കില്‍ ആരായിരിക്കും എന്റെ ആത്മഹത്യയുടെ ഉത്തരവാദി?'

അതിനുള്ള ഉത്തരം എനിക്ക് കിട്ടിയത് പുസ്തകങ്ങളില്‍ നിന്നായിരുന്നു. സി.പി എമ്മി ലെ കാലം ഞാന്‍ വായനയുടെ നരക ജാലകങ്ങളില്‍ ആയിരുന്നു. കോട മൂടിയാല്‍ നേരത്തെ സ്‌കൂള്‍ വിടും. വീട്ടിലെത്തി നേരെ അച്ഛന്റെ ലൈബ്രറിയിലെക്ക് ഒട്ടകപ്പക്ഷിയെപ്പോലെ കൂപ്പു കുത്തും. അങ്ങനെ ഒപ്പം കൂടീയവരാണ് മയകോവ്‌സ്‌കിയും ആശാനും ചുള്ളിക്കാടും ബോദ്ലയറും ഒക്റ്റോവിയോ പാസും നിക്കോളാസ് ഗിയനും ഇടപ്പള്ളിയും ചാള്‍സ് ഡിക്കന്‍സും തോമസ് ഹാര്‍ഡിയും മാര്‍കേസും  ഒക്കെ.

കവിതകള്‍ ഞാന്‍ പാഠപുസ്തകങ്ങളോടൊപ്പം സ്‌കൂളില്‍ കൊണ്ടു പോയി. നെരൂദയെന്നത് എന്റെ പിന്‍ജന്മത്തിലെ പേരാണെന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കുറച്ചു വര്‍ഷങ്ങള്‍ ഞാന്‍ ഈ ചിന്തയെ താലോലിച്ചു, അതിനിഗൂഡമായി ആനന്ദിച്ചു.

മഞ്ഞു മൂടിയ മലകള്‍ക്കിടയിലൂടെ സ്‌കൂളിലേക്കുള്ള പോക്കും, കാടുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന സ്‌കൂളില്‍ ഇരുന്നുള്ള വായനയും സ്വപ്നം കാണലുമാണ്, ഇന്ന് ഞാന്‍ എന്തെങ്കിലും എഴുതുന്നതില്‍ തെളിയുന്നത്. 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ മക്കളെ ചേര്‍ത്തതിനു അച്ഛന്റെ സുഹൃത്തുക്കള്‍ മുഴുവന്‍ അച്ഛനെ കുറ്റം പറഞ്ഞു. പക്ഷെ, ആ സ്‌കൂളുകളില്‍ നിന്ന് ലഭിച്ച മൂല്യങ്ങള്‍ മഹത്തായിരുന്നു. സ്വാതന്ത്ര്യത്തെയും സമത്വ ത്തെയും ജാതി മതചിന്തകള്‍ക്കതീതമായ സമഭാവനയേയും കുറിച്ച് അവിടത്തെ അധ്യാപകരാണു എനിക്ക് പറഞ്ഞു തന്നതും. 

സ്‌കൂളില്‍ പകുതിക്ക് താഴെ കുട്ടികള്‍ തൊട്ടടുത്ത ചായത്തോട്ടം തൊഴിലാളികളുടെ മക്കള്‍. വിശന്നും കരഞ്ഞും എത്തുന്ന ചിലര്‍. ഉച്ചക്ക് ഊണു കഴിക്കാന്‍ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ എന്നും കൂടെ കൂട്ടുകാരെയും കൂട്ടും. എന്റെ പേനകളും നോട്ടുപുസ്തകങ്ങളും ഉടുപ്പുകളും അവര്‍ക്ക് സമ്മാനിക്കും.

അതൊരു യാത്ര തന്നെ യായിരുന്നു. ജീവിതം ഇങ്ങനെയും ചില കുട്ടികളെ കരയിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായ യാത്ര.

മഞ്ഞിനും കട്ടി കൂടിയ തണുത്ത കാറ്റിനും മാത്രമേ എന്റെ രഹസ്യ യാത്രകള്‍ക്ക് സാക്ഷികളാകാന്‍ കഴിഞ്ഞുള്ളു. പച്ച നിറഞ്ഞ കുന്നുകളും തേയിലക്കാടുകലും പൈന്‍ മരങ്ങളും ചുവന്ന പേരക്കാമരങ്ങളും എനിക്ക് ചുറ്റും വെളിച്ചം വിതറി

പീരുമേട്ടില്‍ നിന്നും പുറപ്പെട്ട വാക്കുകള്‍

വിറക്കുന്ന വിരല്‍ത്തുമ്പുകള്‍ തെരുപ്പിടിച്ച് ഞാന്‍ പടിയിറങ്ങിപ്പോന്നത് പച്ചകള്‍കൊണ്ടുമൂടിയ പീരുമേട്ടിലെ കുന്നിന്‍ ചെരുവിലെ വെള്ളച്ചാട്ടത്തിനരികില്‍ നിന്നാണ്. പീരുമേട്ടിലെ ചിദംബരം മൊമ്മോറിയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സി.പി.എം.ജി.എസ് എന്ന ചുരുക്കപ്പേര്. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ വഴിക്കടവ് വഴി നാടുകാണിചുരത്തിലേക്ക് കയറിപ്പോകുന്ന താഴ്വാരത്തില്‍ എടക്കര എന്ന ചെറുപട്ടണത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലേക്ക് എത്തിയത്. മലകയറി എവിടെ നിന്നാണ് പുഴവരുന്നത് എന്നറിയാനായി ഞങ്ങള്‍ കുട്ടികള്‍ കൂട്ടത്തോടെ പുഴക്കരയിലൂടെ നടന്നുപോയിരുന്നു അന്നൊക്കെ. അങ്ങനെ പോയവരെല്ലാം കുന്നിന്റെ അങ്ങേയറ്റത്ത് മിണ്ടാതെ നോക്കി നില്‍പ്പുണ്ടായിരുന്നു. അവിടെ എത്തുമ്പോഴേക്കും പേരത്തൈയ്യോ കാപ്പിച്ചെടിക്കരികിപ്പോ നീര്‍മാരുതിന്‍ പൊടിപ്പോ ആയി മാറുന്നത് ഇങ്ങുദൂരെ നിന്ന് ഞാന്‍ കാണുമായിരുന്നു. അത്രയ്ക്ക് പ്രകൃതിയുമായി അടുപ്പമുണ്ടായിരുന്നു ആ ജീവിതം. ഒരു കാറ്റ് അതൊന്നും ആരോടും പറയരുത് എന്ന് ചൂണ്ടുവിരല്‍ ചുണ്ടില്‍ വെച്ച് വിലക്കി. പിന്നീട് ഒരു പേരക്കകഷ്ണമോ ഒരു ഗ്ലാസ് കാപ്പിയോ കിട്ടുമ്പോള്‍ അറിയാതെ കുന്നിന്റെ അങ്ങേച്ചെരുവിലേക്ക് നോക്കിയിരുന്നു. അന്ന് ഇറങ്ങിപ്പോയവര്‍ അതേ പ്രായത്തില്‍ അവിടെത്തന്നെ നില്‍ക്കുന്നതു കണ്ടു. പുഴയിലെ ഒഴുക്കിന് പ്രായമേറി. ഇലകളും മഞ്ഞയില്‍ നിന്നും കടുംപച്ചയിലേക്ക് കൂടുമാറിയിരുന്നു. പ്രേതങ്ങള്‍ ഇറങ്ങുന്ന പാതിരാവുപൂക്കുമ്പോഴേക്കും സുഗന്ധം പരത്താന്‍ കാട്ടുപച്ചകള്‍ തിരക്കിട്ട മൊട്ടുകള്‍ ഒരുക്കമായിരുന്നു.

ഇതിനിടയ്ക്ക് എപ്പോഴോ മണിയടിക്കും. ചെറിയ മൊട്ടുകള്‍ ഇഴഞ്ഞിഴഞ്ഞു ക്ലാസുകളിലേക്ക് മനസ്സില്ലാതെ കയറിപ്പോകും. രണ്ടു മലകള്‍ക്കിടയില്‍ ഞങ്ങളുടെ സ്‌കൂള്‍ തലയുയര്‍ത്തിനിന്ന് പില്‍ക്കാലത്ത് ഒരുപാട് കവിതകളില്‍ ഞങ്ങള്‍ വരാം  എന്നുറപ്പു പറഞ്ഞു. പല സുഗന്ധങ്ങളും കാറ്റും സംഗീതവും പതുക്കെ, പക്ഷികളെപ്പോലെ കൂട്ടിലേക്കു കയറിയിരുന്നു. കുന്നിനെ രണ്ടായി തട്ടിമുറിച്ചിരുന്നു. അഞ്ചു മുതല്‍ എട്ടുവരെ മുകളിലും ചിരിപ്പിലും പടികള്‍ ഇറങ്ങിയാല്‍ എത്തുന്ന താഴ്ന്ന ഇടത്ത് ഹൈസ്‌കൂള്‍ ക്ലാസ്സുകള്‍ മഞ്ഞിനെ ഉമ്മവെച്ചിരുന്നു.

പറിച്ചുനടുകളുടെ വേദനയിലും ആ മഞ്ഞുമ്മകള്‍ എന്നെ ചിരിപ്പിച്ചു. ഓര്‍മകള്‍ ഉണ്ടായിത്തുടങ്ങിയിട്ടില്ലായിരുന്നു. ഒറ്റയ്ക്കായിക്കൊണ്ടിരുന്ന തീവ്രമായ വിഷാദങ്ങള്‍ ആ മലയോരങ്ങളില്‍ എന്നെ കാത്തുനിന്നു. എന്തുചെയ്യണമെന്ന് അറിയാതെ ആ വിശാലതകളെ ഞാന്‍ കുടിച്ചുതീര്‍ത്തുകൊണ്ടിരുന്നു. പിന്നീട് കവിതയാവാന്‍ ആത്മാവിലേക്ക് ലോഹലായിനിപോലെ അവ ഉരുകിച്ചേരുന്നുണ്ടായിരുന്നു എന്ന് ഞാന്‍ അറിയാഞ്ഞിരുന്നില്ല. ഇന്ന് കവിതയില്‍ എന്റെ ജീവിതം മരണതുല്യമായ ആനന്ദം അനുഭവിക്കും വരെ ചുട്ടുപൊള്ളുന്ന വെയിലും കുടഞ്ഞു കളയുന്ന ആനന്ദവും തണുപ്പിച്ചു ചുരുട്ടുന്ന മഞ്ഞും, എന്റെ കൈയ്യില്‍ വെള്ളാരം കല്ലുകളായി പുനര്‍ജ്ജനിക്കണേയെന്നായിരുന്നു അന്നെന്റെ നിഗൂഢപ്രാര്‍ത്ഥനകള്‍. ദേശാന്തരങ്ങളിലൂടെയുള്ള പ്രവാസങ്ങളില്‍ ഞാന്‍ അത് പ്രതീക്ഷിക്കുമായിരുന്നു. അതിരുകളില്‍ എന്റെ സ്വപ്നം മഞ്ഞുതുള്ളിയായി മാറി. സ്‌കൂളില്‍ തമിഴ്സംസാരിക്കുന്ന കുറേ കുട്ടികള്‍ ഉണ്ടിയിരുന്നു. പരസ്പരം സംവദിക്കുന്ന കൊങ്ങിണിപ്പൂക്കളായി അവരെന്നെ സ്നേഹിച്ചു. തൊട്ടടുത്ത എസ്റ്റേറ്റിലെ ജീവനക്കാരുടെ മക്കള്‍ സ്‌കൂളില്‍ ധാരാളമായി പഠിച്ചിരുന്നു. അവരില്‍ ചിലര്‍ക്ക് എന്റെ അമ്മ സ്ഥിരമായി ഭക്ഷണവും സ്നേഹവും പകര്‍ന്നു.

ഇല്ലായ്മയുടെ ബാല്യരൂപങ്ങളും ദാരിദ്ര്യത്തിന്റെ പീഡിത കൗമാരങ്ങളും എന്റെ കണ്‍മുന്നിലൂടെ നടന്നുപോയി. എന്റെ വിലപിടിപ്പുള്ള പല വസ്തുക്കളും ഞാനവര്‍ക്കു നല്‍കി. പിന്നീട്, കാണാതായെന്ന് കള്ളം പറഞ്ഞു. അത്തരം നുണകളില്‍ എന്റെയമ്മയ്ക്ക് ഏറെ സന്തോഷമായിരുന്നു. ആരോടും പറഞ്ഞില്ല. മണല്‍ത്തിട്ടകള്‍ തുളഞ്ഞുവരുന്ന ഒറ്റക്കാലില്‍ നിന്ന് ചിലപ്പോള്‍ ഇരുതലമൂരിപ്പാമ്പുകള്‍ എന്റെ കാല്‍പ്പാദങ്ങളിലുമ്മ വെച്ച് കടന്നുപോയി. 

ഇംഗ്ലീഷ് മീഡിയം സ്‌കൂകള്‍ ധാരാളമുണ്ടായിട്ടും സര്‍ക്കാര്‍ സ്‌കൂളില്‍ എന്നെ ചേര്‍ത്തതില്‍ ആരൊക്കെയോ പരിഭവിച്ചു. ഡാഡിയുടെ ഉയര്‍ന്ന പദവിക്കത് കുറച്ചാലല്ലേയെന്ന് മന്ത്രിച്ചു. പക്ഷെ, നിര്‍ബന്ധിത പഠനകേന്ദ്രങ്ങള്‍ ജീവിത്തില്‍ നിന്ന് കുട്ടികളെ ആട്ടിയോടിക്കുമെന്ന് കാണുമ്പോള്‍ ഇന്നു തോന്നുന്നു ആ തീരുമാനമായിരുന്നു ശരിയെന്ന്.

സ്‌കൂളിലേക്ക് വെള്ളച്ചാട്ടത്തിന്റെ കരയിലൂടെ, മലയെ ഇടയില്‍ കീറിമുറിച്ച് റോഡിലൂടെ നടന്നുപോയി. വെളുത്ത പുക്കളും ഇളം റോഡ് കോങ്ങിണിപ്പൂക്കളും  മലകുയിലുകളും കോടമഞ്ഞും എന്റെ കൂടെ നടന്നു വന്നു. നട്ടുച്ചയ്ക്ക് മഞ്ഞ്, ഞങ്ങളെ തണുപ്പിച്ചു. കടലിനെ സ്വപ്നം കാണാനും കവിതയില്‍ കടല്‍ ഏറെ വരച്ചുചേര്‍ക്കാനും എനിക്കായതും മലമുകളിലെ സ്‌കൂള്‍ തന്ന ഓര്‍മകള്‍ തന്നെയാണ്.

ക്ലാസ്സ് സമയങ്ങളില്‍ അങ്ങേ മലയില്‍നിന്ന് കാട്ടാടുകളും, മയിലുകളും അജ്ഞാത സംഗീതം മുഴക്കി. ഇടയ്ക്ക് മുറുക്കന്മാര്‍ വന്ന് ഓരിയിട്ട് ഞങ്ങളെ പേടിപ്പിച്ചു. നിഗൂഢമായൊരു മന്ത്രവാദകഥയിലേതുപോലെ നേര്‍ത്ത് ഒഴുകിയിരുന്ന ഒരു അരുവി അന്ന് ഏഴാം ക്ലാസ്സിന്റെ പിന്നിലൂടെ പോകുന്ന ഒരുത്ത് മിണ്ടാതെ ഒഴുകിയിരുന്നു. ഞങ്ങള്‍ അഞ്ചാം ക്ലാസ്സുകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ആ വഴിയിലൂടെ ഞങ്ങള്‍ ഇടയ്ക്ക് അദൃശ്യരായി നടന്നുപോയി.

വിലക്കപ്പെട്ട പഴങ്ങള്‍ ആരൊക്കെയോ പറിച്ചുനടുന്നതുകണ്ട് പേടിച്ച് ഓടിപ്പോന്നു. ആ അരുവിയില്‍ നക്ഷത്രങ്ങളും ചുവപ്പു രത്നകല്ലുകളും ഉണ്ടാകും എന്ന് ആരോ പറഞ്ഞു. ഞാനൊരിക്കല്‍ അവിടെ ഒറ്റയ്ക്ക് പോയി. പറഞ്ഞതുമോലെ വെള്ളത്തില്‍, വെള്ളിവെളിച്ചത്തില്‍ ഒരു ഇളംചുവപ്പുരത്നക്കല്ല് മയങ്ങിക്കിടപ്പുണ്ടായിരുന്നു. ആരും കാണാതെ അത് എന്റെ സ്‌കൂള്‍ ബോക്സില്‍ കയറിയിരുന്നു.

ആസ്‌കൂളില്‍ നിന്ന് ഒരിക്കലും എവിടേക്കും പോകാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ആ കാലം അങ്ങനെയായിരുന്നു പീരുമേട്ടിലെ എന്റെ കുട്ടിക്കാലം. മഴക്കാലം വന്നാല്‍ അലമുറയിട്ടുകൊണ്ട് ആഴത്തിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിനരികെയുള്ള ബ്രട്ടീഷ് മാതൃകയിലുള്ള വീടും, സ്‌കൂളും തമ്മില്‍ ഒരു മലയുടെയും രണ്ടു വളവുകളുടെയും ദൂരം. ചായത്തോട്ടങ്ങള്‍ക്കിടയിലെ താമസം.

പ്രകൃതി എത്രത്തോളം നിശബ്ദമാണെന്ന് മറ്റാരെക്കാളും ഞാനറിഞ്ഞത് അവിടെവെച്ചാണ്. കണക്കുകള്‍ സൂക്ഷിക്കാതെ ജീവിതത്തിന്റെ തിയ്യതികളും അക്കങ്ങളും എഴുതിക്കൂട്ടി വക്കുന്നതില്‍ ഞാന്‍ ഇപ്പോള്‍ എല്ലാവരെക്കാളും പിന്നില്‍ ആയതിന്റെ ഒട്ടും സങ്കടം തോന്നാത്തത് അന്നത്തെ അനുഭവം കാരണമാകും. 

പത്താംക്ലാസുകാര്‍ അന്ന് എസ്.എഫ്.ഐ. എന്ന പേരു മറഞ്ഞ് ഉച്ചത്തില്‍ ഇളകിമറിഞ്ഞു. അത് എന്താണെന്ന് അന്നറിയില്ലായിരുന്നു. അവധാക്കാലങ്ങളില്‍കൂട്ടില്‍ നിന്ന് പുറത്തു കടക്കും പോലെ കോട്ടയം വഴി എറണാകുളം, തൃശ്ശൂര്‍, ഗുരുവായൂര്‍, കടന്നു കോഴിക്കോട് എത്തുന്ന യാത്രളില്‍ ഞാന്‍ ലോകത്തെ മറ്റൊരു കാഴ്ചയായി കണ്ടു. പീരുമേടു പൊതുവേ ശാന്താമായി.

'സമരം' എന്ന വാക്കും ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് സ്‌കൂളില്‍ വെച്ച്. പക്ഷെ അത് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടായിരുന്നില്ല. കണ്‍വെട്ടത്ത് പരന്നുകിടക്കുന്ന ചായത്തോട്ടത്തിലെ തൊഴിലാളികളുടേതായിരുന്നു.

പ്ലാക്കത്തടം, ഒരു താഴ്ന്ന പ്രദേശമായിരുന്നു. അവിടെ വര്‍ഷകാലങ്ങളില്‍ വെള്ളം കയറും. അവിടെനിന്നും വരുന്ന എന്റെ കൂട്ടുകാരികള്‍ വര്‍ഷകാലങ്ങളില്‍ എന്റെ വിട്ടില്‍ വന്നു താമസിക്കുമായിരുന്നു. ജീവിതദുരന്തങ്ങള്‍ അവരുടെ കണ്ണുകളെ വലിയ താമരഇതളുകള്‍ പോലെയാക്കിയിരുന്നു. അമ്മയുടെ കൈപിടിച്ചല്ലാതെ മുറ്റത്തേയ്ക്ക് പോലും ഇറങ്ങാന്‍ അറിയാത്ത എനിക്ക് അവരുടെ ജീവിത പാഠങ്ങള്‍ അത്ഭുതം സമ്മാനിച്ചു.

ഉപേക്ഷിച്ചുപോന്ന സ്‌കൂളിനെക്കുറിച്ച് പിന്നീട് ഞാന്‍ സങ്കടപ്പെട്ടിട്ടില്ല.

കാരണം മഞ്ഞുമേട്ടിലെ നിറങ്ങള്‍ എന്റെ മനസ്സില്‍പ്പകര്‍ത്തി വെച്ച ചിത്രങ്ങള്‍ക്ക് അത്രയ്ക്ക് ആഴമുണ്ടായിരുന്നു. രണ്ടു മലകള്‍ക്കിടയില്‍ വെള്ളച്ചാട്ടം പറയുന്ന കഥ കേട്ടുകൊണ്ടുള്ള സ്‌കൂള്‍ യാത്രകള്‍!

കുട്ടികളുടെ മനസ്സിനേക്കാള്‍ വളര്‍ച്ചയെത്തിയ ജീവനുകള്‍ ആ സ്‌കൂളിലുണ്ടായിരുന്നു. അഞ്ചുമുതല്‍ എട്ടാംക്ലാസുവരെ ഞാനിവിടെ പഠിച്ചു.

ആ സ്‌കൂളിന്റെ ഓര്‍മയാണ് പിന്നീട് സി.പി.എം.ജി.എച്ച് എസ്. പീരുമേട് എന്ന കവിതയായി വന്നത്.

തേക്കടയിലേക്ക് താനേ എത്തിച്ചേരും എന്ന ഉറപ്പില്ലാത്തതിനാല്‍ എടക്കരയില്‍ നിന്ന് നാലാം ക്ലാസ്സു പരീക്ഷയും കഴിഞ്ഞ് വണ്ടികയറുമ്പോള്‍ സങ്കടപ്പെട്ടില്ല. പിന്നില്‍ നോക്കി നില്‍ക്കുന്ന കൂട്ടുകാരില്‍ കുറച്ചുപേര്‍ വര്‍ഷങ്ങള്‍ക്കുശേഷം ഗൃഹലക്ഷ്മി കഥാപുരസ്‌കാരം കിട്ടിയപ്പോം ഞാന്‍ ജോലിചെയ്തിരുന്ന തൃശ്ശരൂരിലെ സെന്റ് അലോഷ്യസ് കോളേജിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് അവരുടെ പഴയ കൂട്ടുകാരിയുടെ ഓര്‍മ തിരിച്ചുപിടിച്ചു.

അവിടെനിന്നുപോന്നപ്പോള്‍ കൂടെകൂടിയ വയല്‍ക്കാറ്റ്, വയല്‍മണം, പ്രാവുകള്‍, ഓടിയെത്താനാവാത്ത എന്റെ വീടിന്റെ ഉള്‍മുറികള്‍, കാറ്റും മഴയും ൃരിക്കല്‍ ഒരുമിച്ചുവന്നപ്പോള്‍ പേടിച്ചുപോയ എന്റെ സ്‌കൂള്‍, എല്ലാം പീരുമേട് സി.പി.എം.ജി.എച്ച്.എസ് മാറ്റിയെഴുതി. പേരറിയാത്ത സങ്കടങ്ങള്‍ കൂടികൂടിയതുപോലെ എപ്പോഴും ഒരു മഞ്ഞുപാളി ഇന്നും കൂടെയുണ്ട്. അവിടെനിന്നു കൂടിയതാവും.

***   
എട്ടാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഇരിങ്ങാലക്കുടയിലെത്തി. ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് അപ്പോഴും പിന്നില്‍ നിന്ന് രണ്ടുപേര്‍ എന്നെ വിളിച്ചു കൊണ്ടേയിരുന്നു. എന്നിട്ടും എന്റെ ദേശം എന്ന് ഞാന്‍ ഇരിങ്ങാലക്കുടയെ ഉറപ്പിച്ചു വരച്ചു. 'ഠാണാവിലേക്കുള്ള വഴി' എന്ന എന്റെ കവിത ഈ സ്‌കൂളും പരിസരവും തന്ന അനുഭവമാണ്. പീരുമേട്ടിലെ കൂട്ടുകാരോട് എനിക്കുള്ള ഇഷ്ടക്കൂടുതലിന്റെ കാരണം ഞാന്‍ ഇപ്പോഴും അന്വേഷിക്കാന്‍ തുനിഞ്ഞിട്ടില്ല. അവിടെ നിന്ന് പോയപ്പോള്‍ അവര്‍ തന്ന സമ്മാനങ്ങള്‍ ഇപ്പോഴും എന്റെ കൈയ്യില്‍ ഉണ്ട്. എന്റെ യാത്ര തടയാന്‍ അന്ന് അവര്‍ ഒരുപാട് ശ്രമിച്ചു. ഒടുവില്‍ ഞങ്ങള്‍ പുറപ്പെട്ടപ്പോള്‍ മലയിടുക്കുകളിലേക്ക് മിണ്ടാതെ അപ്രത്യക്ഷരായി.

എനിക് വേഗം എന്റെ ബാല്യത്തിലേക്ക് തിരിച്ചു പോകണം... മറന്നുവച്ചതൊക്കെ തിരിച്ചു എടുത്തു കൊണ്ട് വരണം.