പാലപ്പിള്ളി: എച്ചിപ്പാറ ഗവ. ട്രൈബല്‍സ്‌കൂളിന് എട്ടാം ക്ലാസ് അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. യു.പി. വിഭാഗത്തിലേക്ക് എട്ടാംതരംകൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം പരിഗണനയിലിരിക്കെയാണ് കോടതി നിര്‍ദേശം. സ്‌കൂള്‍ അധ്യാപക- രക്ഷാകര്‍തൃസമിതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. ആശയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

അങ്കണവാടി മുതല്‍ ഏഴാം ക്ലാസ് വരെ 150 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് 2014 ലാണ് യു.പി. വിഭാഗം ആരംഭിച്ചത്. കുട്ടികളുടെ കത്ത് ഹര്‍ജിയായി പരിഗണിച്ച് കോടതിയാണ് അന്ന് യു.പി. അനുവദിച്ചത്.

ചിമ്മിനിയിലെ തോട്ടം - വനമേഖലയിലെ ആദിവാസി കോളനികള്‍ക്കും തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്കും എച്ചിപ്പാറ സ്‌കൂള്‍ മാത്രമാണ് ആശ്രയം. തുടര്‍പഠനത്തിന് കന്നാറ്റുപാടത്തോ വേലൂപ്പാടത്തോ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്രചെയ്യണം. മേഖലയില്‍ ബസ്സൗകര്യവും കുറവാണ്.

സംസ്ഥാന സര്‍ക്കാര്‍ എല്‍.പി., യു.പി. പുനഃക്രമീകരണത്തിന് ആലോചിക്കുന്നുവെന്നത് എച്ചിപ്പാറക്കാര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. മന്ത്രിയുടെ പിന്തുണയും പഞ്ചായത്ത് ഫണ്ടും നാട്ടുകാരുടെ പ്രതീക്ഷയേറ്റി. സ്‌കൂള്‍ വികസനത്തിന് വരന്തരപ്പിള്ളി പഞ്ചായത്ത് ആറുലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.

ഈ അധ്യയനവര്‍ഷത്തിനുമുന്‍പ് സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാതിരുന്നതോടെ പി.ടി.എ. കോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ് സെക്രട്ടറി, വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, പട്ടികവര്‍ഗ വികസനവകുപ്പ്, തൃശ്ശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, എ.ഇ.ഒ., വരന്തരപ്പിള്ളി പഞ്ചായത്ത് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. ഇതേ അധ്യയനവര്‍ഷത്തില്‍ത്തന്നെ എച്ചിപ്പാറയില്‍ എട്ടാം ക്ലാസ് ആരംഭിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്നാണ് കോടതിയുത്തരവില്‍ പറയുന്നത്.