തിരുവനന്തപുരം: കേരളത്തിലെ യുവതലമുറയുടെ തൊഴിലില്ലായ്മ്മയ്ക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ സകോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരമൊരുക്കി നോര്‍ക്ക റൂട്ട്‌സ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരളയുമായി സഹകരിച്ചാണ് നോര്‍ക്ക റൂട്ട്‌സ് നൂതന കോഴ്‌സുകള്‍ യുവതലമുറയ്ക്ക് പഠിക്കാന്‍ അവസരമൊരുക്കുന്നത്. വിദേശ രാജ്യങ്ങളിലും കേരളത്തിന് പുറത്തും തൊഴില്‍ തേടുന്ന യുവതീയുവാക്കള്‍ക്ക് മികച്ച കരിയര്‍ കണ്ടെത്താന്‍ സഹായിക്കുന്ന ആറ് കോഴ്‌സുകളാണ് നോര്‍ക്ക റൂട്ട്‌സിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ ഇപ്പോള്‍ അവസരമൊരുങ്ങുന്നത്. ഇന്‍ഡസ്ട്രിയില്‍ ഏറെ ഡിമാന്‍ഡുള്ള റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

  കോഴ്‌സുകള്‍ എല്ലാം ഓണ്‍ലൈനായതിനാല്‍ വീട്ടിലിരുന്ന് തന്നെ തൊഴില്‍സാധ്യതയുള്ള കോഴ്‌സുകള്‍ പഠിച്ചുകൊണ്ട് മികച്ച കരിയര്‍ നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകുമെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ താത്പര്യമുള്ള വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കും പങ്കെടുക്കാനുള്ള  സൗകര്യാര്‍ത്ഥം സായാഹ്ന ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോകുന്നവര്‍ക്ക് വേണ്ടി റെക്കോഡഡ് വിഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ക്ലാസില്‍ കോവിഡ് പ്രതിസന്ധിക്കിടയില്‍ പഠനച്ചെലവിന് പണമില്ലെന്ന കാരണത്താല്‍ പുതുതലമുറ കോഴ്‌സുകളുടെ നേട്ടം മലയാളികള്‍ക്ക് നഷ്ടപ്പെടാതിരിക്കാനാണ് നോര്‍ക്ക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രമുഖ കമ്പനിയായ ടിസിഎസ് അയോണില്‍ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പും ലഭിക്കുമെന്നതും ഐസിറ്റി അക്കാദമി ഓഫ്  കേരളയുമായി സഹകരിച്ച്  നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന കോഴ്‌സിന്റെ പ്രത്യേകതയാണ്. കൂടാത, ലിങ്ക്ഡ് ഇന്‍ ലേണിങ്ങിലെ 14000 ഓളം കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷി ആര്‍ജ്ജിക്കാന്‍ കഴിയും.

 പ്ലേസ്‌മെന്റ് അസിസ്റ്റന്റ്, ഐഇഎല്‍റ്റിഎസ് അടിസ്ഥാന പരിശീലനം,  ക്രോസ് കള്‍ച്ചര്‍ പരിശീലനം തുടങ്ങിയവയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി ലഭിക്കും.നികുതി കൂടാതെ, 19700 രൂപയാണ് ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളുടെ ഫീ. അപേക്ഷകര്‍ 45 വയസിന് താഴെയുള്ളവരായിരിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 വരെ സമര്‍പ്പിക്കാം. 

Content Highlights: Norca Routes offers scholarship-based innovative courses with scholarships