മാറുന്ന കാലത്തിനനുസരിച്ച് തൊഴില്‍ രംഗത്ത് നൈപുണി നേടിയാല്‍ കോവിഡ് കാലത്തും അതിനുശേഷവും തൊഴിലിന് ക്ഷാമമുണ്ടാകില്ലെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്. മാതൃഭൂമി ഡോട്ട്‌കോമും നോര്‍ക്കാ റൂട്ട്സും നൂതന സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഐ.സി.ടി. അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

 

ഭാവിയില്‍ പുത്തന്‍ പ്രവണതയ്ക്കനുസരിച്ച് നൈപുണി സ്വന്തമാക്കുന്നവര്‍ക്കായിരിക്കും തൊഴില്‍ രംഗത്ത് ഡിമാന്‍ഡ് കൂടുതല്‍. ഏത് മേഖലയില്‍ നിന്നുള്ളവര്‍ക്കും ഐ.ടി. മേഖലയില്‍ ഇനി തൊഴിലവസരങ്ങളുണ്ടായിരിക്കും. എല്ലാ മേഖലയ്ക്കും ഉപയോഗിക്കാവുന്ന രീതിയിലേക്ക് ഐ.ടി. രംഗം മാറി വരികയാണ്. കോവിഡാനന്തരം തൊഴില്‍ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാകും. മുന്‍ കാലഘട്ടങ്ങളിലും മഹാമാരിക്കാലത്ത് സമാനമായ മാറ്റമാണ് കാണാന്‍ കഴിഞ്ഞത്. കോവിഡ് മഹാമാരി ഇല്ലെങ്കില്‍ പോലും സാങ്കേതികവിദ്യയിലെ മാറ്റം നമ്മുടെ മുന്നിലേക്ക് വരുന്ന സമയം വളരെ കുറവാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതില്‍ വൈദഗ്ധ്യമുള്ളവര്‍ക്കായിരിക്കും ഇനിയുള്ള കാലത്ത് മുന്നേറാന്‍ കഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാനും ഐ.ടി. മേഖലയില്‍ ജോലിനേടാനും സഹായിക്കുന്ന കോഴ്‌സുകളെക്കുറിച്ചാണ് വെബിനാറില്‍ ചര്‍ച്ച ചെയ്തത്.  രാജ്യത്തിനകത്തും വിദേശത്തും ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍  നോര്‍ക്ക റൂട്‌സും ഐ.സി.ടി. അക്കാദമിയും അവസരമൊരുക്കുന്നുണ്ട്.

 ഐ.സി.ടി. അക്കാദമി സി.ഇ.ഒ. സന്തോഷ് കുറുപ്പ്, നോളജ് ഓഫീസ് മേധാവി റിജി എന്‍. ദാസ്, ട്രെയിനിങ് വിഭാഗം മേധാവി ഡോ. എസ്. പ്രദീപ് എന്നിവരും വെബിനാറില്‍ സംസാരിച്ചു.

Content highlights: digital skills in demand job skills it jobs norka routes ict webinar