''ആയിരക്കണക്കിന് ജീവിതങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ പരിവര്‍ത്തനം നല്‍കാന്‍ നല്ലൊരു സിവില്‍ സര്‍വന്റിന് സാധിക്കും. സാമൂഹികവും സാംസ്‌കാരികവുമായ ഉയര്‍ച്ചയ്ക്കുവേണ്ടി പ്രയത്‌നിക്കാന്‍ ജനങ്ങളെ പ്രചോദിതരാക്കാനും കഴിയും'' -മാതൃഭൂമി ഒരുക്കുന്ന ആസ്പയര്‍ എജ്യുക്കേഷന്‍ ഡിജിറ്റല്‍ എക്‌സ്പോയില്‍ മുഹമ്മദ് ഹനീഷ് ഐ.എ.എസ്. പറയുന്നു. എന്താണ് സിവില്‍ സര്‍വീസ്, അതിന്റെ ചരിത്രം, പ്രസക്തി, പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടത് എങ്ങനെ എന്നിങ്ങനെ വിവരങ്ങള്‍ രണ്ട് വീഡിയോകളിലൂടെ അദ്ദേഹം വിശദമാക്കുന്നു.

സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തില്‍ എന്ന വിഷയത്തില്‍ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസും വിശദീകരിക്കുന്നു. ഭാഷ മെച്ചപ്പെടുത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍, ഐച്ഛിക വിഷയം മലയാളത്തില്‍ പഠിക്കുമ്പോള്‍ ഓര്‍ക്കേണ്ട വസ്തുതകള്‍ തുടങ്ങി മലയാളത്തില്‍ പരീക്ഷയെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അദ്ദേഹം വിശദീകരിക്കുന്നത്. മാതൃഭൂമി എക്‌സ്പോ എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ വീഡിയോകള്‍ കാണാം. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ് സ്റ്റോറില്‍നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം. 

വിവിധ കരിയറുകളെയും കോഴ്സുകളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കുന്ന 15 വീഡിയോ ടോക്കുകള്‍ ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ ലഭ്യമാണ്.

പ്ലസ്ടുവിനുശേഷം കരിയര്‍ എന്നതില്‍ പ്രൊഫ. പി.ആര്‍. വെങ്കിട്ടരാമനും ഡിഗ്രിക്കുശേഷം കരിയര്‍ എന്നതില്‍ ഡോ. തോമസ് ജോര്‍ജും വിദേശപഠന സാധ്യതകളെക്കുറിച്ച് ടി.പി. സേതുമാധവനും കൊമേഴ്സ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, ബാങ്കിങ് എന്നിവയുടെ സാധ്യതകളെക്കുറിച്ച് ജി. ശ്രീകുമാറും സംസാരിക്കുന്നു.

എം.ബി.എ. എന്‍ട്രന്‍സ് പരീക്ഷകളും തൊഴില്‍സാധ്യതകളും എന്നതില്‍ തോമസ് ജോര്‍ജ്, മെഡിക്കല്‍/പാരാമെഡിക്കല്‍/എന്‍ജിനിയറിങ് പ്രവേശനപരീക്ഷകളെ എങ്ങനെ സമീപിക്കാം എന്നതില്‍ ഡോ. രാജൂകൃഷ്ണനും സംസാരിക്കുന്നു. 28 വരെ നീളുന്ന എക്‌സ്പോയില്‍ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളും കണ്‍സല്‍ട്ടന്‍സികളും പങ്കെടുക്കുന്നുണ്ട്.

Content Highlights: Civil Service Preparation Guidance, Mathrubhumi Aspire Digital Education Expo