ഠനത്തിനായി എന്‍ജിനിയറിങ് ബ്രാഞ്ച് തിരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കേണ്ടത് അഭിരുചിക്കാകണമെന്ന് കണ്ണൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിലെ മുന്‍ പ്രൊഫസര്‍ ഡോ.കെ.എ. നവാസ്. മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് വെബിനാറില്‍ 'എന്‍ജിനിയറിങ്ങിലെ പുതിയ ബ്രാഞ്ചുകളെക്കുറിച്ച് അറിയാം തിരഞ്ഞെടുക്കാം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിരവധി എന്‍ജിനിയറിങ് ബ്രാഞ്ചുകളാണ് ഇന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത്. എന്നാല്‍ ഇവ തിരഞ്ഞെടുക്കുമ്പോള്‍ മാനദണ്ഡമാകേണ്ടത് വിദ്യാര്‍ഥിയുടെ അഭിരുചിയും താല്‍പ്പര്യവുമാകണം. വീട്ടിലെ നിര്‍ബന്ധമോ, സുഹൃത്തുക്കള്‍ക്കൊപ്പം പഠിക്കാനുള്ള ആഗ്രഹമോ ബ്രാഞ്ച് തിരഞ്ഞെടുപ്പിന് മാനദണ്ഡമായാല്‍ ഭാവിയില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം- അദ്ദേഹം പറഞ്ഞു. 

"മികച്ച കോഴ്‌സ് അടിസ്ഥാനപ്പെടുത്തി വേണം പ്രവേശനത്തിനായി അപേക്ഷിക്കാന്‍. നല്ല കോഴ്‌സ് ലഭിച്ചാല്‍ പിന്നെ സ്ഥാപനം മികച്ചതാണോ എന്ന് ഉറപ്പുവരുത്തണം. അവിടുത്തെ അധ്യാപകരുടെ യോഗ്യതകള്‍ പരിശോധിക്കണം. ഇതിനായി ആ സ്ഥാപനത്തിന്റേയോ സര്‍വകലാശാലയുടേയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. എത്രത്തോളം ടെക്‌നിക്കല്‍ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്/ എത്ര ഗവേഷണം നടന്നിട്ടുണ്ട്, ഇന്‍ഡസ്ട്രിയുമായി ആ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ബന്ധം എന്നിവയും പരിശോധിക്കാം. വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള എത്ര അധ്യാപകര്‍ ഉണ്ടെന്നും ശ്രദ്ധിക്കണം. ഇഷ്ടമുള്ള കോഴ്‌സ് ഏത് സ്ഥാപനത്തില്‍ ലഭിച്ചാലും പഠിക്കണം. 

റോബോട്ടിക്‌സ്, മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി നിരവധി പുതിയ ബ്രാഞ്ചുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇവയ്ക്ക് ഇന്ന് ഏറെ ആവശ്യക്കാരുമുണ്ട്. കോര്‍ കോഴ്‌സ് പഠിച്ച ശേഷം മറ്റ് കോഴ്‌സുകള്‍ പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടാകും. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എന്നീ പരമ്പരാഗത ബ്രാഞ്ചുകള്‍ പഠിച്ച ശേഷം സ്വന്തം അഭിരുചിക്കിണങ്ങിയ സ്‌പെഷ്യലൈസേഷനുകളിലേക്ക് ചേക്കെറിയാല്‍ പുത്തന്‍ സാധ്യതകള്‍ തുറന്നുകിട്ടും. എന്‍ജിനിയറിങ് പഠിച്ചിറങ്ങി ഉടന്‍ ഗേറ്റ് പരീക്ഷയെഴുതി മാര്‍ക്ക് സ്‌കോര്‍ ചെയാതാല്‍ നവരത്‌ന, മഹാരത്‌ന സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങളും ലഭിക്കും. 

ഓട്ടോമേഷന്‍, റോബോട്ടിക്‌സ്, ഫോറന്‍സിക് ആന്‍ഡ് സെബര്‍ സെക്യൂരിറ്റി എന്നിവയ്ക്ക് ഇപ്പോള്‍ ഏറെ സാധ്യതകളുണ്ട്. പരമ്പരാഗത കോഴ്‌സുകള്‍ പഠിച്ച ശേഷം ഈ മേഖലകളില്‍ നൈപുണി വര്‍ധിപ്പിക്കാനുള്ള അപ്‌സ്‌കില്ലിങ് കോഴ്‌സുകള്‍ നിരവധി സ്ഥാപനങ്ങള്‍ നടപ്പാക്കി വരുന്നുണ്ട്. മദ്രാസ് ഐ.ഐ.ടി ഡാറ്റാ സയന്‍സ് കോഴ്‌സ്, അസാപിന്റെ സ്‌കില്‍ കോഴ്‌സുകള്‍ എന്നിവ അതിന് ഉദാഹരണമാണ്. ഓരോ മേഖലയിലേയും തൊഴില്‍ സാധ്യതകളെക്കുറിച്ച് അത് പഠിച്ചിറങ്ങിയവരുമായും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായും അന്വേഷണം നടത്താം. പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് അപ്പുറം കോഴ്‌സ് കഴിയുന്നതിന് മുന്‍പ് സ്വന്തം അഭിരുചി മനസിലാക്കി തൊഴില്‍ മേഖല തിരഞ്ഞെടുക്കാനും സാധിക്കണം. "

Content Highlights: What are the things to be taken care while choosing engineering branch, Mahrubhmi webinar