പ്ലസ്ടുവിന് ശേഷം എന്‍ജിനിയറിങ് സയന്‍സ് മേഖലകളിലെ ഉന്നത പഠനത്തെക്കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചും അറിയാനുള്ള മാതൃഭൂമി 'ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021' വെബിനാറിന്റെ ആദ്യ സെഷന്‍ സംഘടിപ്പിച്ചു. 'ഉയര്‍ന്ന വേതനമുള്ള തൊഴില്‍ നേടാന്‍ ഭാവി എന്‍ജിനിയര്‍മാര്‍ അറിഞ്ഞിരിക്കേണ്ട നൈപുണികള്‍'  എന്ന വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ അംബാസഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടി.പി. ശ്രീനിവാസന്‍ സംസാരിച്ചു. 

പഠനത്തിന് പിന്നാലെ തൊഴില്‍ നേടാനുള്ള ധാരളം സാധ്യതകള്‍ ഇന്ന് എന്‍ജിനിയറിങ്, സയന്‍സ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുണ്ടെന്നും സര്‍ട്ടിഫിക്കറ്റുകള്‍ക്കപ്പുറം നൈപുണികള്‍ക്കാണ് പ്രാധാന്യമെന്നും ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. "വിദേശരാജ്യങ്ങളില്‍ ഒരു മുതല്‍മുടക്കുമില്ലാതെ ഗവേഷണം നടത്താനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലുണ്ട്. നന്നായി പഠിച്ച് അത്തരം കോളേജുകളില്‍ പ്രവേശം നേടാനായാല്‍ വന്‍സാധ്യതകള്‍ തുറന്ന് കിട്ടും. 

അധ്യാപകര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കാത്തത് നമുക്ക് മുന്നിലെ വെല്ലുവിളിയാണ്. മൂക് കോഴ്‌സുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അത് പരിഹരിക്കാനാകും. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് പ്രവേശനം നേടാനെളുപ്പം ഇന്ത്യയില്‍ത്തന്നെയാണ്. എന്നാല്‍, പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ മികച്ച തൊഴിലവസരങ്ങള്‍ അവിടെയാകും ലഭിക്കുക. ഇന്ത്യന്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാനും ധാരാളം രാജ്യങ്ങള്‍ തയ്യാറാണ്. അമേരിക്ക, ജര്‍മനി, തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാം. 

വിദ്യാഭ്യാസരംഗം മാത്രമല്ല ലോകത്തെ സമസ്ത മേഖലകളും ഇന്ന് ഓണ്‍ലൈനായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ ഓണ്‍ലൈന്‍ പഠനം ഒരിക്കലും അയോഗ്യതയല്ല, മറിച്ച് സാധ്യതയാണ്."- അദ്ദേഹം പറഞ്ഞു.

Content Highlights: Online education is not a disqualification, Mathrubhumi Webinar