സ്വന്തം തൊഴില്‍-പഠന മേഖലകള്‍ തിരഞ്ഞെടുക്കേണ്ടത് ഓരോ രാജ്യത്തിനും അനുസരിച്ച് വേണമെന്ന് യു.കെ ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ദീപക് പദ്മനാഭന്‍. മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് വെബിനാറില്‍ 'വിദേശത്തെ തൊഴില്‍ സാധ്യതകള്‍: ഭാവി എന്‍ജിനിയര്‍മാര്‍ക്ക് എങ്ങനെ മികച്ച കരിയര്‍ ആസൂത്രണം ചെയ്യാം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ രാജ്യത്തും നിങ്ങള്‍ അന്വേഷിക്കുന്ന തൊഴില്‍ മേഖലയുടെ വലിപ്പം മനസ്സിലാക്കി വേണം തിരഞ്ഞെടുപ്പ് നടത്താന്‍. ഓരോ രാജ്യങ്ങളും വ്യത്യസ്ത മേഖലകളിലാകും പേരെടുത്തിട്ടുണ്ടാകുക. അതനുസരിച്ച് വേണം തിരഞ്ഞെടുപ്പ്. 

'വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങല്‍ പ്രയോജനപ്പെടുത്തുന്നത് പലപ്പോഴും വിദ്യാര്‍ഥികളുടെ റെസ്യുമെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായിക്കും. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നതിലുപരി അവിടുത്തെ വ്യത്യസ്തമായ സാഹചര്യങ്ങളുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കാനായി എന്നതാകും പലപ്പോഴും ഗുണകരമാകുക. സ്വന്തം കംഫര്‍ട്ട് സോണുകളില്‍ നിന്ന് മാറി നിന്ന് പുതിയ അവസരങ്ങളെ അറിയാന്‍ സാധിക്കും. പുതിയ ഭാഷ, സംസ്‌കാരം എന്നിവ പഠിക്കാനുള്ള അവസരം കൂടിയാണ് അതുവഴി ലഭിക്കുക. 

നാട്ടില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഉന്നത പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് വരുന്നതാകും പലപ്പോഴും നല്ലത്. സ്‌കൂള്‍ പഠനത്തിന് ശേഷം വളരെ ചെറിയ പ്രായത്തിലെടുക്കുന്ന പല തീരുമാനങ്ങളും ചിലപ്പോള്‍ ശരിയാകണമെന്നില്ല. കൂടാതെ വിദേശ രാജ്യങ്ങളിലെ ബി.ടെക്കിനായുള്ള കോളേജുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നാല്‍ ഗവേഷണ പ്രവേശനം കുറച്ചുകൂടി എളുപ്പമാണ്. നാട്ടിലെ ബിടെക്ക് ചെയ്യുന്ന വിദ്യാര്‍ഥികള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം. ബി.ടെക്കിന് ശേഷം നൈപുണി വികസിപ്പിക്കാനായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എടുക്കാം. കൂടാതെ സെമിനാറുകല്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചാല്‍ അതും ഉപയോഗപ്പെടുത്താം. അവസാന വര്‍ഷ പ്രോജക്ടുകള്‍ ഭാവിയില്‍ ഉപരിപഠനം നടത്താന്‍ ഉദ്ദേശിക്കുന്ന വിഷയം തിരഞ്ഞെടുത്താന്‍ വിദ്യാര്‍ഥികള്‍ ഭാവില്‍ പ്രയോജനം ചെയ്യും.

ലിങ്ഡ് ഇന്‍ വഴിയും വ്യക്തി ബന്ധങ്ങള്‍ വഴിയുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നേടാം. കോള്‍ ഫോര്‍വേഡിങ് നമ്പറൊക്കെ കരുതി വെച്ചാല്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താം. ലോകോത്തരമായ വിഷയങ്ങള്‍ ഗവേഷണത്തിനായി തിരഞ്ഞെടുക്കുകയും അവ സംബന്ധിച്ച പഠനങ്ങള്‍ മികച്ച ജേണലുകളില്‍ അച്ചടിക്കുകയും ചെയ്യ്താല്‍ പലപ്പോഴും ഗവേഷണം വിദ്യാര്‍ഥികള്‍ക്ക് എളുപ്പമാകും. ആഴത്തില്‍പ്പഠിക്കാനുള്ള ക്ഷമയുണ്ടായാല്‍ ഗവേഷണം എളുപ്പമാകും. ഗൈഡുകളുമായും സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായും സംസാരിച്ചാല്‍ ഓരോ മേഖലകളെക്കുറിച്ചും അറിയാം. ഇന്റേണ്‍ഷിപ്പുകള്‍ വഴിയും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ അറിയാം. വിദേശ രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കായി തുറക്കുന്ന ചില വിസാ റൂട്ടുകള്‍ ഉണ്ട്. അവ വഴിയും ജോലികളെക്കുറിച്ച് മനസ്സിലാക്കാം.

എ.ഐ, മെഷീന്‍ ലേണിങ് എന്നിവ ഇപ്പോള്‍ വലിയ വളര്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. കംപ്യൂട്ടര്‍ സയന്‍സ് പോലെയുള്ള കോര്‍ വിഷയങ്ങള്‍ പഠിച്ച ശേഷം എ.ഐ, മെഷീന്‍ ലേണിങ് പോലെയുള്ള കോഴ്‌സുകള്‍ പഠിക്കുന്നതാകും ഉചിതം. ഭാവിയില്‍ താല്‍പ്പര്യമുള്ള മേഖലകള്‍ തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും. സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളാണ് പഠിക്കുന്നതെങ്കില്‍ ചിലപ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ടുള്ള ഇതര മേഖലകളിലേക്ക് മാറാന്‍ കഴിഞ്ഞെന്ന് വരില്ല. യുവല്‍ നോവ ഹരാരി പറയുന്നത് പോലെ ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും തൊഴില്‍ മേഖല മാറിക്കൊണ്ടിരിക്കും അപ്പോള്‍ ട്രെന്‍ഡിനനുസരിച്ച് പഠിച്ച കോഴ്‌സുകള്‍ ചിലപ്പോള്‍ ഔട്ട്‌ഡേറ്റഡ് ആയേക്കാം. 

പണ്ട് ഐ.ഐ.ടികളില്‍ മാത്രമായിരുന്നു മികച്ച അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കേരളത്തിലെ മിക്ക സ്ഥാപനങ്ങളിലും ഇവയുണ്ട്. ഓണ്‍ലൈന്‍ കോഴുകള്‍ക്ക് ഇന്ന് നമ്മുടെ രാജ്യത്ത് വലിയ പ്രാധാന്യമുണ്ട്.  കംപ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ്, എ.ഐ എന്നീ മേഖലകളില്‍ ഇത് ചെയ്യുന്നത് അത്ര പ്രയാസമുള്ളതല്ല. എന്നാല്‍ മറ്റ് മേഖലകളില്‍ ഇത് അത്രകണ്ട് എളുപ്പമായെന്ന് വരില്ല.'-അദ്ദേഹം വ്യക്തമാക്കി. 

Content Highlights: Job opportunities in foreign countries, Mathrubhumi Webinar