ന്‍ജിനിയറിങ് സയന്‍സ് പഠനത്തിനായി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കേണ്ടത് മികച്ച അധ്യാപകരുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് കേരള സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സ്ഥാപക സി.ഇ.ഒയും കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി വിദഗ്ദ സമിതിയംഗവുമായ സിജോ കുരുവിള ജോര്‍ജ്. കോളേജിന്റെ റാങ്കിങ്ങിനും പ്ലേസ്‌മെന്റിനുമെല്ലാം അപ്പുറം അധ്യാപകരെ നോക്കിയുള്ള കോളേജ് തിരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂച്ചറിസ്റ്റിക് ബി.ടെക് പ്രോഗ്രാമുകള്‍; റോബോട്ടിക്‌സ്, ഐ.ഒ.ടി, എ.ഐ എന്നിവ കേന്ദ്രീകരിച്ച പാഠ്യപദ്ധതിയെന്ന വിഷയത്തില്‍ മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് വെബിനാറിലാണ് അദ്ദേഹം സംസാരിച്ചത്. 

കഴിഞ്ഞ വര്‍ഷങ്ങളിലായി സ്റ്റാര്‍ട്ടപ്പ് രംഗത്ത് വന്‍ കുതിപ്പുകള്‍ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് രംഗത്ത് വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഇന്ന് ധാരാളം ഇന്‍ക്യുബേറ്ററുകളുണ്ട്. അതിന് പുറമേ പ്രൊഡക്റ്റ് ഹണ്ട് പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ എല്ലാവര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരങ്ങളും ഇപ്പോഴുണ്ട്. കൂടാതെ ഇന്റേണ്‍ഷിപ്പുകളും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സാധ്യകളുണ്ട്. നിലവില്‍ ഈ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ഈ മേഖലയില്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ മികച്ച അവസരങ്ങളാകും വിദ്യാര്‍ഥികളെ തേടിയെത്തുക. 

സാങ്കേതികവിദ്യ ഏറെ വളര്‍ന്ന സാഹചര്യത്തില്‍ നമ്മള്‍ ജീവിക്കുന്നതിനാല്‍ത്തന്നെ സൈബര്‍ സുരക്ഷയും അതീവ പ്രധാന്യമുള്ള മേഖലയാണിപ്പോള്‍. പണ്ട് കംപ്യൂട്ടറുകളും ഓഫീസ് ഉപകരണങ്ങളും മാത്രമാണ് ഹാക്കിങ്ങിന് വിധേയമായിരുന്നുള്ളൂ. എന്നാലിന്ന് മൊബൈല്‍ ഫോണുകള്‍ പോലും ഇതിന് ഇരയാകുന്നു. അത്തരം സാഹചര്യങ്ങളിലേക്ക് എത്തിക്കല്‍ ഹാക്കിങ് പോലെയുള്ള കോഴ്‌സുകള്‍ സാധ്യതയൊരുക്കുന്നുണ്ട്. രാജ്യസുരക്ഷയോളം തന്നെ സൈബര്‍ സുരക്ഷയും ഇന്ന് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: IOT, Robotics and AI, Mathrubhumi Ask expert webinar