സ്വന്തം അഭിരുചിയും ഭാവി പദ്ധതികളും മുന്നില്‍ക്കണ്ട് വേണം ശാസ്ത്ര പഠനത്തിനായുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനെന്ന് മാതൃഭൂമി ദിനപത്രം, തൊഴില്‍ വാര്‍ത്ത കരിയര്‍ കോളമിസ്റ്റും കേരള പ്രവേശനപരീക്ഷ മുന്‍ ജോയിന്റ് കമ്മീഷണുമായ ഡോ.എസ്. രാജൂകൃഷ്ണന്‍. മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് വെബിനാറിലെ 'ശാസ്ത്ര പഠനം ഇന്ത്യയില്‍'എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള-കേന്ദ്ര സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ ഏതെല്ലാമാണെന്നും അവയുടെ പ്രവേശന മാനദണ്ഡങ്ങളും അദ്ദേഹം വെബിനാറില്‍ വിശദീകരിച്ചു. മൂന്ന് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍, നാലുവര്‍ഷ ഓണേഴ്‌സ് പ്രോഗ്രാമുകള്‍, അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ (ഡ്യുവല്‍ ഡിഗ്രി), ആറുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എന്നിവയാണ് പ്ലസ്ടു പഠനം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കേരളത്തിലെ കോഴ്‌സുകള്‍. ഇതിന് പുറമേ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് ശാസ്ത്ര മേഖലയില്‍ തുടര്‍ പഠനത്തിനുള്ള സാധ്യതകള്‍ എന്തെല്ലാമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

വിദ്യാര്‍ഥികള്‍ക്ക് അവരവര്‍ ചേരാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരിക്കണം. ഇതിനായി അതാത് സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. മികച്ച പഠനത്തിനായി ഏത് തരം സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍വകലാശാലകള്‍, കേരള സര്‍വകലാശാലകള്‍, ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രധാനമായും വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ള സാധ്യതകള്‍. 

ഒരു സ്ഥാപനത്തിന്റെ റാങ്കിങ് നിര്‍ണയിക്കപ്പെടേണ്ടത് അവിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച തൊഴിലവസരങ്ങളെ വിലയിരുത്തിയാകണം. പഠിച്ചിറങ്ങിയ ഭൂരിഭാഗം പേരും മികച്ച തൊഴിലുകള്‍ കരസ്ഥമാക്കിയെങ്കില്‍ അതൊരു മെച്ചപ്പെട്ട സ്ഥാപനമാണെന്ന് പറയാം. എന്‍.ഐ.ആര്‍.എഫ് റാങ്കിങ് അടിസ്ഥാനമാക്കിയും വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാം. 

ഐസര്‍, ഐ.ഐ.എസ്.ടി പോലെയുള്ള ദേശീയ സ്ഥാപനങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയാല്‍, അവിടെ നിന്ന് ലഭിക്കുന്ന ബന്ധങ്ങള്‍ ഭാവിയില്‍ വിദേശത്ത് ഗവേഷണത്തിനുള്ള അവസരം തുറക്കും. പ്ലസ്ടുവിന് പിന്നാലെ വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി നന്നായി തയ്യാറെടുത്തിരിക്കണം. നാട്ടില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം തുടര്‍ പഠനത്തിനായി മറ്റ് രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതാകും ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുയോജ്യം. നൈപുണി വര്‍ധിപ്പിക്കാനായി ഓണ്‍ലൈനിലടക്കം ലഭ്യമായിട്ടുള്ള ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: How to choose science courses, Mathrubhumi webinar