കൊല്ലം: പരീക്ഷ അടുക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദവും ഭയവും അകറ്റാന്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ്.

തോല്‍ക്കുമോ, വിചാരിച്ച മാര്‍ക്ക് കിട്ടാതെവരുമോ തുടങ്ങിയ ആശങ്കകള്‍ അകറ്റാനും മനസ്സ് ശാന്തമാക്കാനും ആത്മവിശ്വാസം പകരാനും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍സ് കൗണ്‍സിലിങ് സെല്ലാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

* ഇനിയുള്ള സമയം പ്രയോജനപ്പെടുത്തി ചിട്ടയായി പഠിക്കുമെന്ന് ദൃഢനിശ്ചയമെടുക്കുക. അതുവഴി കൂടുതല്‍ മാര്‍ക്ക് നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുക.

* തോല്‍ക്കുമെന്നോ മാര്‍ക്ക് കുറയുമെന്നോ ഭയക്കാതെ ശുഭാപ്തിവിശ്വാസികളാവുക.

* കൂട്ടുകാരുമായി പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ച് ചര്‍ച്ച വേണ്ട. മറ്റുള്ളവര്‍ കൂടുതല്‍ തവണ ആവര്‍ത്തനം നടത്തിയെന്നറിയുമ്പോള്‍ താന്‍ പിന്നിലാണെന്ന് തോന്നാം.

* ഈശ്വരവിശ്വാസിയാണെങ്കില്‍ നല്ലതുപോലെ പ്രാര്‍ഥിക്കുക. അത് സമ്മര്‍ദം ഒഴിവാക്കാനും മനസ്സിന് ഊര്‍ജം നല്‍കാനും സഹായിക്കും.

* ഉറക്കം ഒഴിവാക്കിയുള്ള പഠനം വേണ്ട. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കാന്‍ ഉറക്കം അത്യാവശ്യമാണ്.

* പഠനത്തിന് ചെറിയ ഇടവേളകള്‍ നല്‍കുക.

* വെള്ളം ധാരാളം കുടിക്കുക. മനസ്സും ശരീരവും തണുപ്പിക്കാനും കൂടുതല്‍ ചിന്തിക്കാനും ഇത് സഹായിക്കും.

* ഫാസ്റ്റ് ഫുഡ് വേണ്ട. പച്ചക്കറികളും പഴങ്ങളും അടങ്ങിയ ആഹാരം ശീലിക്കുക.

* പുതിയ പാഠങ്ങള്‍ പഠിക്കുന്നതിനുപകരം പഴയ പാഠങ്ങള്‍ ആവര്‍ത്തിക്കുക.

* കൃത്യമായി ഭക്ഷണം കഴിക്കുക. പരീക്ഷാദിവസം പ്രാതല്‍ ഒഴിവാക്കരുത്.

* പരീക്ഷയെ ജീവന്‍മരണ പോരാട്ടമായി കാണരുത്. വിജയം അനിവാര്യമാണെങ്കിലും പരാജയം ജീവിതത്തിന്റെ അവസാനമാണെന്ന് കരുതരുത്.

* പരീക്ഷയെ ശാന്തമായി നേരിടുക. പരീക്ഷയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍ തലേന്ന് രാത്രിതന്നെ തയ്യാറാക്കിവയ്ക്കുക. പരീക്ഷയ്ക്ക് 20 മിനിറ്റ് മുന്‍പായി സ്‌കൂളില്‍ എത്തുക.