സയന്‍സ്, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, ഫാര്‍മസി, വെറ്ററിനറി മേഖലകളില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്കും കോളേജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കും ദേശീയ സയന്‍സ് അക്കാദമികള്‍ സംയുക്തമായി നടത്തുന്ന സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം.

ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് (ബംഗളൂരു), ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ന്യൂഡല്‍ഹി), ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ (പ്രയാഗ് രാജ്) എന്നിവ ചേര്‍ന്നാണ് പ്രോഗ്രാം ഒരുക്കുന്നത്.

ഈ അക്കാദമികളിലെ ശാസ്ത്രജ്ഞരുമൊത്ത് രണ്ടുമാസം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്റേണ്‍ഷിപ്പിലൂടെ ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്, നിര്‍ദേശിക്കപ്പെടുന്ന ഗൈഡുമൊത്ത് കലണ്ടര്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും (വേനല്‍ക്കാലത്ത് അഭികാമ്യം) രണ്ടുമാസം പ്രവര്‍ത്തിക്കാം. പ്രതിമാസ ഫെലോഷിപ്പ്, യാത്രാചെലവ് എന്നിവ ഇവര്‍ക്ക് അനുവദിക്കും.

വിവിധ കോഴ്‌സുകളില്‍ നിശ്ചിത വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

കോഴ്‌സ്, ഇവയിലൊന്നാകാം: ബി.എസ്., ബി. എസ്‌സി., ബി.വി.എസ്‌സി., ബി.ഫാം., ബി.ഇ., ബി.ടെക്., ബി.സി.എ., ബി.ആര്‍ക്., എം.എസ്., എം.എസ്‌സി., എം.വി.എസ്‌സി., എം.ഫാം., എം.ഇ., എം.ടെക്., എം.സി.എ., എം.ആര്‍ക്., ഇന്റഗ്രേറ്റഡ് എം. എസ്./എം.എസ്‌സി./എം.ടെക്., എം.ബി.ബി.എസ്., ഫാം.ഡി., ഡ്യുവല്‍ ഡിഗ്രി ബി.ടെക്. + എം.ടെക്., ബി. എസ്. + എം.എസ്., ബി.ഇ. + എം.എസ്‌സി., ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി., എം.എസ്‌സി. ടെക്.

വര്‍ഷം ഏതെന്ന്, www.ias.ac.in, www.insaindia.res.in, nasi.org.in എന്നിവയില്‍ ലഭിക്കുന്ന വിജ്ഞാപനത്തിലുണ്ട്. 10ാം ക്ലാസ് മുതല്‍ നിലവിലെ കോഴ്‌സില്‍ പൂര്‍ത്തിയാക്കിയ വര്‍ഷത്തെ പരീക്ഷവരെ കോര്‍ വിഷയങ്ങളില്‍, 65 ശതമാനം മാര്‍ക്കുവേണം.

അധ്യാപക വിഭാഗത്തില്‍ കോളേജ്/സര്‍വകലാശാലാ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്കാദമികളുടെ വെബ്‌സൈറ്റുകളില്‍ ഏതെങ്കിലും ഒന്നു വഴി നവംബര്‍ 30 വരെ നല്‍കാം.

അപേക്ഷ നല്‍കേണ്ട രീതി, അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍ തുടങ്ങിയവ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 2022 ഫെബ്രുവരിമാര്‍ച്ച് മാസത്തില്‍ വിവരം അറിയിക്കും.

Content Highlights: Summer Research Fellowship at National Academy of Sciences