ബിരുദതലത്തില്‍ ശാസ്ത്രവിഷയമെടുത്ത് പരമാവധി അഞ്ചുവര്‍ഷംവരെ 80,000 രൂപ വാര്‍ഷികസ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം. 60,000 രൂപ പണമായും 20,000 രൂപ സമ്മര്‍ ടൈം അറ്റാച്ച്‌മെന്റ് ഫീയായും (സമ്മര്‍ ടൈം റിസര്‍ച്ച് പ്രോജക്ടിലേക്ക്) അനുവദിക്കും.
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റേതാണ് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (ഷീ).
പഠനം റെഗുലര്‍ ത്രിവത്സര ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്‌സ്), നാലുവര്‍ഷ ബി.എസ്., അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം. എസ്‌സി./എം.എസ്. പ്രോഗ്രാമുകളിലൊന്നില്‍ ആദ്യവര്‍ഷത്തില്‍ ഇന്ത്യയിലെ അംഗീകൃത കോളേജില്‍/സര്‍വകലാശാലയില്‍/സ്ഥാപനത്തില്‍ ആയിരിക്കണം.
2019-20ല്‍ സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡില്‍ നിന്ന് പ്ലസ്ടു ജയിച്ച 17-22 പ്രായപരിധിയില്‍ ഉള്ള വിദ്യാര്‍ഥിയായിരിക്കണം. 2020-ലെ പ്ലസ്ടു പരീക്ഷയില്‍ തന്റെ ബോര്‍ഡില്‍ മുന്നിലെത്തിയ ഒരു ശതമാനം വിദ്യാര്‍ഥികളില്‍ ഉള്‍പ്പെട്ടവരാവണം.
2020-ലെ ജെ.ഇ.ഇ. മെയിന്‍/അഡ്വാന്‍സ്ഡ്, നീറ്റ് എന്നിവയിലൊന്നില്‍ കോമണ്‍ മെറിറ്റ് പട്ടികയില്‍ 10,000നുള്ളില്‍ റാങ്ക് നേടിയവര്‍, കെ.വി.പി.വൈ. ഫെലോകള്‍, എന്‍.ടി.എസ്.ഇ. സ്‌കോളര്‍മാര്‍, ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് മെഡലിസ്റ്റുകള്‍, ജഗദീശ് ബോസ് നാഷണല്‍ സയന്‍സ് ടാലന്റ് സര്‍ച്ച് സ്‌കോളര്‍മാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
ചില ദേശീയതല പ്രവേശനപരീക്ഷകള്‍ വഴി, സൂചിപ്പിച്ച കോഴ്‌സില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ്, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം.
പഠന വിഷയങ്ങള്‍
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, ആസ്‌ട്രോഫിസിക്‌സ്, ആസ്‌ട്രോണമി, ഇലക്‌ട്രോണിക്‌സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രോപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്‌സ്, ജിയോകെമിസ്ട്രി, അറ്റ്‌മോസ്ഫറിക് സയന്‍സസ്, ഓഷ്യാനിക് സയന്‍സസ്.
അപേക്ഷ ഓണ്‍ലൈനായി http://online-inspire.gov.in/എന്ന വെബ്‌സൈറ്റുവഴി ഡിസംബര്‍ 31നകം നല്‍കണം. ആകെ 10,000 സ്‌കോളര്‍ഷിപ്പ് അനുവദിക്കും. സ്‌കോളര്‍ഷിപ്പ് തുടര്‍വര്‍ഷങ്ങളില്‍ ലഭിക്കാന്‍ വാര്‍ഷിക പരീക്ഷയില്‍ അക്കാദമിക് മികവ് തെളിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
Content Highlights: Science graduation with 80,000 rupees scholarship apply till december 31