നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.), മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലകളിലെ പിഎച്ച്.ഡി. ഗവേഷണത്തിനു നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാർ ആണവോർജ വകുപ്പിനു കീഴിലാണ് എൻ.ബി.എച്ച്.എം.

പിഎച്ച്.ഡി.രജിസ്ട്രേഷൻ

ഡോക്ടറൽ സ്കോളർഷിപ്പ് ടെസ്റ്റ്, അഭിമുഖം ഉണ്ടാകും. രണ്ടിലും യോഗ്യത ലഭിക്കുന്നവർ 2020 ഓഗസ്റ്റിനകം അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ് എന്നിവയിലൊന്നിലെ പിഎച്ച്.ഡി. പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തിരിക്കണം

സ്കോളർഷിപ്പ് തുക

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തേക്ക് സ്കോളർഷിപ്പ് അനുവദിക്കും. അർഹത നോക്കി ഒരുവർഷംകൂടി നീട്ടി നൽകാം.

ആദ്യ രണ്ടുവർഷം മാസം 31,000 രൂപ നിരക്കിലും തുടർന്നുള്ള രണ്ട്/മൂന്ന് വർഷങ്ങളിൽ മാസം 35,000 രൂപ വച്ചും സ്കോളർഷിപ്പ് ലഭിക്കും. കണ്ടിജൻസി ഗ്രാന്റ് വർഷം 40,000 രൂപയാണ്. കേന്ദ്രവ്യവസ്ഥപ്രകാരമുള്ള വീട്ടുവാടകബത്തയും ലഭിക്കും. ചില സ്ഥാപനങ്ങൾ ഈ ടെസ്റ്റിലെ സ്കോർ പരിഗണിച്ച് അവരുടെ പിഎച്ച്.ഡി./ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. കോഴ്സുകളിലെ പ്രവേശനം നടത്തുന്നു. സ്ഥാപനങ്ങളുടെ പട്ടിക www.nbhm.dae.gov.in ൽ ലഭിക്കും.

അപേക്ഷ

സൂചിപ്പിച്ച വിഷയങ്ങളിൽ ഇതിനകം പിഎച്ച്.ഡി.ക്കു രജിസ്റ്റർ ചെയ്തവർ 2020 ഓഗസ്റ്റിനകം ഈ വിഷയങ്ങളിലെ പിഎച്ച്.ഡി.ക്കു രജിസ്റ്റർ ചെയ്യാനുദ്ദേശിക്കുന്നവർ എൻ.ബി.എച്ച്.എം. ടെസ്റ്റ് സ്കോർവച്ച് പിഎച്ച്.ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. കോഴ്സ് പ്രവേശനം നൽകുന്ന സ്ഥാപനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ എന്നിവർക്കൊക്കെ അപേക്ഷിക്കാം. https://nbhmscholarships.in/ വഴി ജനുവരി അഞ്ചുവരെ അപേക്ഷ നൽകാം.

പരീക്ഷ

പ്രവേശനപ്പരീക്ഷ ജനുവരി 25 നാണ്. പരീക്ഷാകേന്ദ്രങ്ങളെ അഞ്ചുമേഖലകളായി തിരിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ (മേഖല അഞ്ചിൽ). പരീക്ഷയ്ക് മാത്തമാറ്റിക്സിലെ മാസ്റ്റേഴ്സ്‌തല നിലവാരമുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടപ്പെടും), ഹ്രസ്വമായ ഉത്തരങ്ങൾ നൽകേണ്ട ചോദ്യങ്ങൾ എന്നിവ ഉണ്ടാകും. മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

Content Highlights: Scholarship for Mathematics Research at NBHM