scholarshipപ്ലസ്ടു പഠനം പൂര്‍ത്തിയാക്കി പ്രകൃതിശാസ്ത്രത്തിലോ അടിസ്ഥാന ശാസ്ത്രത്തിലോ ബാച്ചിലര്‍, ഓണേഴ്‌സ്, ഇന്റഗ്രേറ്റഡ്  പ്രോഗ്രാമുകളില്‍ ആദ്യവര്‍ഷം പഠിക്കുന്നവര്‍ക്ക് ശാസ്ത്രസാങ്കേതിക വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എഡ്യൂക്കേഷന് (SHE) അപേക്ഷിക്കാം. 

അപേക്ഷാര്‍ത്ഥി 2016 ല്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം ത്രിവത്സര ബാച്ചിലര്‍ ഓഫ് സയന്‍സ്, ബാച്ചിലര്‍ ഓഫ് സയന്‍സ് (ഓണേഴ്‌സ്), ചതുര്‍വര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് പഞ്ചവല്‍സര ബാച്ചിലര്‍ ഓഫ് സയന്‍സ് പ്രോഗ്രാമുകളിലൊന്നില്‍ അംഗീകൃത സ്ഥാപനത്തില്‍ പഠിക്കുകയായിരിക്കണം.

പഠനവിഷയം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, ആസ്‌ട്രോഫിസിക്‌സ്, ആസ്‌ട്രോണമി, ഇലക്ട്രോണിക്‌സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്‌സ്, ജിയോകെമിസ്ട്രി, അറ്റ്‌മോസ്ഫറിക് സയന്‍സസ്, ഓഷ്യാനിക് സയന്‍സസ് എന്നിവയിലൊന്നായിരിക്കണം. 

അപേക്ഷാര്‍ത്ഥി, പ്ലസ്ടുതല മാര്‍ക്ക്, ചില അഖിലേന്ത്യാ പ്രവേശനപരീക്ഷകളിലെ റാങ്ക്, മറ്റ് ചില ഫെലോഷിപ്പുകള്‍ എന്നിവ സംബന്ധിച്ച വ്യവസ്ഥകളിലേതെങ്കിലും ഒന്നു കൂടി തൃപ്തിപ്പെടുത്തേണ്ടതുണ്ട്. 12-ാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍, തന്റെ ബോര്‍ഡില്‍ മുന്നിലെത്തിയ ഒരു ശതമാനം പേര്‍ക്ക് മാര്‍ക്ക് വ്യവസ്ഥ അനുസരിച്ച് അര്‍ഹതയുണ്ട്. ഇതിന്റെ കട്ട് ഓഫ്, വകുപ്പ് പ്രഖ്യാപിക്കും. 

2015ലെ കട്ട് ഓഫ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ച് കേരളത്തിലെ ബോര്‍ഡ് പരീക്ഷ പാസായവരുടെ കട്ട് ഓഫ് 96.7 ശതമാനമാണ്. CBSE ക്ക് ഇത് 95 ശതമാനവും. ICSE യ്ക്ക് 96.2 ശതമാനവുമാണ്. 2016ലെ കട്ട് ഓഫ് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ അര്‍ഹത നിര്‍ണയിക്കുന്നത്. 

JEE (മെയിന്‍), JEE (അഡ്വാന്‍സ്ഡ്), AIPMT/NEET തുടങ്ങിയ അഖിലേന്ത്യാതല പരീക്ഷകളില്‍ കോമണ്‍ മെറിറ്റ് പട്ടികയില്‍ ആദ്യത്തെ 10,000 റാങ്കിനുള്ളില്‍ വാങ്ങിയവര്‍ക്കും, JEE യുടെ അടിസ്ഥാനത്തില്‍ IITകളിലും IISER ലും സയന്‍സ് കോഴ്‌സുകളില്‍ പ്രവേശനം നേടിയവര്‍ക്കും SHE യ്ക്ക് അപേക്ഷിക്കാം. KVPY ഫെലോകള്‍, NTSE സ്‌കോളര്‍മാര്‍, ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് മെഡലിസ്റ്റുകള്‍, JBNSTS സ്‌കോളര്‍മാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. 

പ്രതിവര്‍ഷം 10,000 സ്‌കോളര്‍ഷിപ്പുകള്‍ പദ്ധതി പ്രകാരം അനുവദിക്കും. മൂല്യം, പ്രതിവര്‍ഷം 80,000 രൂപയാണ്. ഇതില്‍ 60,000 രൂപ പണമായും 20,000 രൂപ ഒരു സമ്മര്‍ടൈം അറ്റാച്ച്‌മെന്റായും അനുവദിക്കും. ഓരോ വര്‍ഷത്തേയും പരീക്ഷയിലെ മികവ് പരിഗണിച്ചായിരിക്കും സ്‌കോളര്‍ഷിപ്പ് പുതുക്കി നല്‍കുക. 

അപേക്ഷ www.onlineinspire.gov.in എന്ന വെബ്‌സൈറ്റ് വഴി 2017 ജനവരി 15ാം തീയതി വൈകീട്ട് 5 മണിക്കകം ഓണ്‍ലൈനായി നല്‍കാം. അപേക്ഷാ സമര്‍പ്പണത്തിന് മുന്‍പായി വെബ്‌സൈറ്റ് വഴി അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് പ്രത്യേകം ഫയലുകളാക്കി വയ്ക്കണം.

ഫയലുകള്‍ ഏതൊക്കെയാണെന്നും ഏത് തരത്തിലുള്ളതായിരിക്കണമെന്നും അതിന്റെ പരമാവധി വലിപ്പം എത്രയാകാമെന്നും വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷാ സമര്‍പ്പണത്തിന്റെ ഭാഗമായി, അപേക്ഷാര്‍ത്ഥി ആദ്യം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു ലഭിക്കുന്ന ലിങ്ക് വഴി അക്കൗണ്ട് സജീവമാക്കി അപേക്ഷാ സമര്‍പ്പണവുമായി മുന്നോട്ട് പോകാം. അപേക്ഷയുടെ ഒരു പ്രിന്റൗട്ട് എടുത്തു വയ്ക്കാം. ഇത് എവിടേയ്ക്കും അയയ്‌ക്കേണ്ടതില്ല. 

അപേക്ഷയുടെ നില, ഇമെയില്‍ വഴി, അപേക്ഷാര്‍ത്ഥിയെ അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.onlineaspire.gov.in കാണേണ്ടതാണ്.