വിദേശത്ത് ഗവേഷണം നടത്തുന്ന മികവുതെളിയിച്ച ഇന്ത്യക്കാരായ ഗവേഷകര്‍ക്ക് രാജ്യത്തേക്ക് തിരികെവരാനും ഗവേഷണം തുടരാനും അവസരം. കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിനുകീഴിലെ ബയോടെക്‌നോളജി വകുപ്പാണ് വിദേശ ഗവേഷണ സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയം നേടിയവരെ ക്ഷണിക്കുന്നത്.

മേഖലകള്‍

ലൈഫ് സയന്‍സസ്, ബയോടെക്‌നോളജി, ബയോ എന്‍ജിനിയറിങ്, ഹെല്‍ത്ത് കെയര്‍, അഗ്രിക്കള്‍ചര്‍, വെറ്ററിനറി സയന്‍സ്, അനുബന്ധമേഖലകളില്‍ ഗവേഷണം നടത്തുന്നവര്‍ക്കാണ് ഭാരതത്തിലെ സര്‍വകലാശാലകളില്‍/ സ്ഥാപനങ്ങളില്‍ ഗവേഷണം തുടരാന്‍, ആകര്‍ഷകമായ രാമലിംഗസ്വാമി റീഎന്‍ട്രി ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യോഗ്യത

ലൈഫ് സയന്‍സസ്/അഗ്രിക്കള്‍ചര്‍, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് എന്നിവയില്‍ പിഎച്ച്.ഡി./എം.ഡി./തത്തുല്യ ബിരുദം അല്ലെങ്കില്‍ എം.ടെക്. എന്‍ജിനിയറിങ്/ ടെക്‌നോളജി/മെഡിസിന്‍ യോഗ്യത വേണം. രാജ്യത്തെ ഏതൊരു ശാസ്ത്ര ഗവേഷണസ്ഥാപനമോ, സര്‍വകലാശാലയോ, ബന്ധപ്പെട്ട വ്യവസായസ്ഥാപനമോ, പ്രവര്‍ത്തനത്തിനായി ഗവേഷകന് തിരഞ്ഞെടുക്കാം. സ്ഥാപനം വഴിയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്.

പരമാവധി അഞ്ചുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാം. പ്രതിമാസവേതനം ഒരു ലക്ഷം രൂപ. താമസസൗകര്യം സ്ഥാപനം ലഭ്യമാക്കുന്നില്ലെങ്കില്‍ വീട്ടുവാടക ബത്തയായി പ്രതിമാസം 18,500 രൂപ. പ്രതിവര്‍ഷ ഗവേഷണ/കണ്ടിന്‍ജന്‍സി ഗ്രാന്റായി 10 ലക്ഷം രൂപ. സ്ഥാപനത്തിന് പ്രതിവര്‍ഷം 50,000 രൂപ.

അധ്യാപന/ഗവേഷണ പ്രവര്‍ത്തനങ്ങള്‍

തിരഞ്ഞെടുക്കപ്പെടുന്നവരെ, അസിസ്റ്റന്റ് പ്രൊഫസര്‍/സയന്റിസ്റ്റ് ഡി തലത്തില്‍ പരിഗണിക്കും. അധ്യാപന/ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഡോക്ടറല്‍/എം.എസ് . വിദ്യാര്‍ഥികളെ ഗൈഡ് ചെയ്യാനും ഇവര്‍ക്കാകും.

വിശദമായ വിജ്ഞാപനം dbtindia.gov.inല്‍ 'ലേറ്റസ്റ്റ് അനൗണ്‍സ്‌മെന്റ്‌സ്' ലിങ്കില്‍ ഉണ്ട്. ഇതുവഴി ജനുവരി 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ഫെബ്രുവരി 10 വരെ സ്വീകരിക്കും.

Content Highlights: Ramalingaswamy Re-entry Fellowship