കേരളത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ്/അംഗീകൃത സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ഥികള്‍ക്ക്, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകര്‍ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി, ജയിന്‍ സമുദായങ്ങളിലൊന്നില്‍നിന്നായിരിക്കണം. 

മുന്‍ വര്‍ഷത്തെ വാര്‍ഷിക ക്ലാസ് പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകര്‍ക്ക്, ഈ വ്യവസ്ഥ ബാധകമല്ല. ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കു മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാന്‍ പാടില്ല. ഈ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 

കുറഞ്ഞത് 40 ശതമാനം അംഗപരിമിതിയുള്ള 9, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് ഈ കാറ്റഗറിയില്‍ അപേക്ഷിക്കാനര്‍ഹത. ഇവിടെയും കുടുംബത്തിലെ രണ്ടുപേര്‍ക്കും മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. എന്നാല്‍ വാര്‍ഷിക കുടുംബ വരുമാനം രണ്ടുലക്ഷം രൂപവരെയുള്ള ഈ വിഭാഗത്തില്‍പ്പെട്ടവര്‍ അപേക്ഷിക്കാന്‍ അര്‍ഹരാണ്. ഭിന്നശേഷിക്കാര്‍ക്ക് ഒരു ക്ലാസില്‍ പഠിക്കുന്നതിന് ഒരിക്കല്‍ മാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയുള്ളൂ. ഒരേ ക്ലാസില്‍ രണ്ടാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല. 

ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ഈ വിഭാഗക്കാര്‍ക്ക് മറ്റ് സ്‌കോളര്‍ഷിപ്പ് സ്വീകരിക്കാന്‍ അര്‍ഹതയുണ്ടാകില്ല. ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സൗകര്യം, www.scholarships.gov.in  എന്ന വെബ്സൈറ്റ് വഴി മാത്രമേ ലഭിക്കുകയുള്ളൂ. ഒരു വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക്, അത് പുതുക്കുവാനും ഈ സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 

ആദ്യമായി അപേക്ഷിക്കുന്നവര്‍, 'Fresh'  എന്ന ലിങ്കുവഴിയും പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണത്തിന്റെ ഭാഗമായി, അപേക്ഷിക്കുന്നയാളിന്റെ പേരില്‍ മാത്രമുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പര്‍, ശാഖയുടെ കള്‍ട കോഡ്, ആധാര്‍ നമ്പര്‍ (ഈ ആധാര്‍, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം), ജനനത്തീയതി, വാര്‍ഷിക കുടുംബവരുമാനം, മുമ്പത്തെ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്, സ്‌കൂള്‍ ഫീസ്, നിരക്ക് തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടിവരും. മാര്‍ക്ക് /ഗ്രേഡ് ചോദിക്കുന്നിടത്ത് മാര്‍ക്കാണ് നല്‍കേണ്ടത്. 

അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഒരു രേഖയും സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതില്ല. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച അറിയിപ്പുകള്‍ മൊബൈലിലേക്കായിരിക്കും അധികൃതര്‍ അയ യ്ക്കുക. ഒന്ന് മുതല്‍ 10 വരെ ക്ലാസിലേക്കുള്ള പുതിയ അപേക്ഷകള്‍ ഓഗസ്റ്റ് 31-നുള്ളില്‍ നല്‍കണം. പുതുക്കാനുള്ള അപേക്ഷകള്‍ ജൂലായ് 31-നകം നല്‍കിയിരിക്കണം. ഭിന്നശേഷിക്കാര്‍ക്കുള്ള പുതിയ/പുതുക്കല്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ നല്‍കാം. ഓണ്‍ലൈന്‍, അപേക്ഷാസമര്‍പ്പണവേളയില്‍ ലഭിക്കുന്ന സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ ഐഡി, കുറിച്ചുവെക്കണം.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതരുടെ സഹായത്താല്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അതിനുവേണ്ട നിര്‍ദേശങ്ങള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍വഴി അപേക്ഷിക്കാനുദ്ദേശിക്കുന്നവര്‍ സ്‌കൂളില്‍നിന്നും ലഭിക്കുന്ന മാതൃകാ അപേക്ഷ വാങ്ങി അത് ആദ്യം പൂരിപ്പിക്കണം. 

ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി, സ്‌കൂള്‍ അധികാരികളുടെ സഹായത്തോടെ ഇവര്‍ക്ക് ഓണ്‍ലൈനായി, ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥി പൂരിപ്പിച്ചുനല്‍കിയ മാതൃകാഫോമില്‍ രക്ഷാകര്‍ത്താവിന്റെ ഒപ്പുവാങ്ങി, അതും, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും സ്‌കൂളില്‍ സൂക്ഷിക്കേണ്ടതാണ്. വിദ്യാര്‍ഥികളെ 

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് സഹായിക്കുവാനും സ്‌കൂളിലെ ഐ.ടി. കോര്‍ഡിനേറ്ററുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ www.scholarship.itschool.gov.in ല്‍ ലഭ്യമാണ്.