ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി(ഐ.ഐ.എസ്സി.)ല്‍ രണ്ടുവര്‍ഷം ഗവേഷണം നടത്താനുള്ള അവസരം. മികവു തെളിയിച്ചാല്‍ ഒരു വര്‍ഷത്തേക്കുകൂടി എക്സ്റ്റന്‍ഷന്‍. ഉയര്‍ന്നനിലവാരമുള്ള ഗവേഷണ നേട്ടങ്ങളുള്ളവരെയാണ് ഐ.ഐ.എസ്‌സി. രാമന്‍ പോസ്റ്റ് ഡോക് പ്രോഗ്രാമിലേക്ക് സ്വാഗതംചെയ്യുന്നത്. മൊത്തം 50 പേര്‍ക്ക് അവസരം ലഭിക്കാം. 

വിഷയങ്ങള്‍

ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സസ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ്, മെക്കാനിക്കല്‍ സയന്‍സസ് എന്നീ വകുപ്പുകള്‍, ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച്, മറ്റ് ഇന്റര്‍ ഡിസിപ്ലിനറി സെന്ററുകള്‍ എന്നിവയിലാണ് അവസരങ്ങള്‍.  ഗവേഷണമേഖലയുടെ വിശദാംശങ്ങള്‍  www.iisc.ac.in, ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. 

യോഗ്യത

ഇന്ത്യക്കാര്‍, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.), പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ.) എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പിഎച്ച്.ഡി. വേണം. അതിനുമുമ്പു നേടിയിട്ടുള്ള ബിരുദങ്ങള്‍ ഫസ്റ്റ് ക്ലാസ്/തത്തുല്യ ഗ്രേഡോടെ ആയിരിക്കണം. മൊത്തം പഠനകാലയളവിലും മികവ് തെളിയിച്ചിരിക്കണം. അപേക്ഷിക്കുന്ന വേളയില്‍ പ്രായം 32 വയസ്സില്‍ താഴെയായിരിക്കുന്നതാണ് അഭികാമ്യം.

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാം. താത്പര്യമുള്ള ഗവേഷണവകുപ്പുമായി ബന്ധപ്പെട്ട് അപേക്ഷാര്‍ഥിയെ സ്വീകരിക്കാന്‍ തയ്യാറായ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റിയുടെ അനുമതിപത്രം/ഇ-മെയില്‍ ആദ്യം വാങ്ങേണ്ടതുണ്ട്.

അപേക്ഷ

അപേക്ഷ www.iisc.ac.in/post-docs/ വഴി നല്‍കാം. അതിന്റെ ഭാഗമായി, പ്രസിദ്ധീകരണങ്ങളുടെ പട്ടിക സഹിതമുള്ള കരിക്കുലം വിറ്റേ, പ്രധാനപ്പെട്ട (കുറഞ്ഞത് രണ്ട്-പരമാവധി അഞ്ച്) പ്രസിദ്ധീകരണങ്ങളുടെ പി.ഡി.എഫ്. ഫയലുകള്‍, 500 വാക്കില്‍ കവിയാത്ത നിര്‍ദിഷ്ട ഗവേഷണ പദ്ധതിയെപ്പറ്റിയുള്ള കുറിപ്പ്, ഫാക്കല്‍റ്റി അംഗത്തിന്റെ അനുമതിക്കത്ത്/ഇ-മെയില്‍, അപേക്ഷാര്‍ഥി നല്‍കാനാഗ്രഹിക്കുന്ന പ്രസക്തമായ മറ്റേതെങ്കിലും രേഖ എന്നിവ ഉള്‍പ്പെടുത്തണം.പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലാക്കി registrar@iisc.ac.in ലേക്ക് അയക്കണം. പകര്‍പ്പ്, ഗവേഷണ വകുപ്പ് അധ്യക്ഷനും ബന്ധപ്പെട്ട ഫാക്കല്‍റ്റിക്കും അയയ്ക്കണം. വിവരങ്ങള്‍ക്ക്: www.iisc.ac.in/post-docs/

Content Highlights: Post Doctoral Fellowship at Indian Institute of Science