സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് നൽകുന്ന സ്കോളർഷിപ്പിന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ മെഡിസിൻ, എൻജിനിയറിങ്, ഏതെങ്കിലും വിഷയത്തിലെ ബിരുദം/ ഇന്റഗ്രേറ്റഡ് പ്രോഗ്രാം/വൊക്കേഷണൽ പ്രോഗ്രാം, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ പഠിക്കുന്നവർക്കായി ഓരോ എൽ.ഐ.സി. ഡിവിഷനിലും 20 വീതം (10 എണ്ണം പെൺകുട്ടികൾക്ക്) സ്കോളർഷിപ്പ് നൽകും.
2019-20 ൽ പന്ത്രണ്ടാംക്ലാസ് പരീക്ഷ 60 ശതമാനം മാർക്കുവാങ്ങി ജയിച്ച് 2020-21-ൽ സൂചിപ്പിച്ച പ്രോഗ്രാമുകളിലൊന്നിൽ പഠിക്കുന്നവരാവണം. 2019-20-ൽ പത്താംക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ ജയിച്ച് 2020-21-ൽ ഇന്റർമീഡിയറ്റ്/പ്ലസ്ടു പ്രോഗ്രാമിൽ പഠിക്കുന്നവർക്കായി ഓരോ എൽ.ഐ.സി. ഡിവിഷനിലും 10 വീതം സ്പെഷ്യൽ ഗേൾ ചൈൽഡ് സ്കോളർഷിപ്പും നൽകും.
പ്രതിവർഷ കുടുംബവരുമാനം രണ്ടുലക്ഷം രൂപ കവിയാത്ത രക്ഷിതാക്കളുടെ മക്കളെയാണ് പരിഗണിക്കുക. ഒരു കുടുംബത്തിലെ ഒരാൾക്കേ ലഭിക്കൂ. വർഷം 20,000 രൂപയുടെ റഗുലർ സ്കോളർഷിപ്പ് കോഴ്സ് കാലയളവിലേക്ക് നൽകും. വർഷം 10,000 രൂപ ലഭിക്കുന്ന ഗേൾ ചൈൽഡ് സ്കോളർഷിപ്പ് രണ്ടുവർഷം ലഭിക്കും. തുക മൂന്ന് ഗഡുക്കളായി അനുവദിക്കും.
അപേക്ഷ www.licindia.in ലെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ ലിങ്ക് വഴി ഡിസംബർ 31 വരെ നൽകാം. യോഗ്യതാ പരീക്ഷാ മാർക്ക്, വാർഷിക കുടുംബവരുമാനം തുടങ്ങിയവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.
ഒരേമാർക്ക് വന്നാൽ കുറഞ്ഞ വരുമാനമുള്ളവർക്ക് പരിഗണന കിട്ടും. സ്കോളർഷിപ്പ് പുതുക്കി ലഭിക്കാൻ തലേവർഷത്തെ വാർഷിക പരീക്ഷയിൽ നിശ്ചിത മാർക്ക് നേടണം.
Content Highlights: LIC scholarship for economically weaker sections, apply now