ലോകമെമ്പാടുമുള്ള മിടുക്കരായ വിദ്യാർഥികളെ കാത്ത് അനേകം സ്കോളർഷിപ്പുകളുണ്ട്. ഇതിനായുള്ള മത്സരങ്ങളിൽ പലതും അതിനൂതനമായ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കപ്പെടുന്ന വേദിയാകാറുമുണ്ട്. ചെറുപ്പത്തിൽത്തന്നെ പ്രതിഭ തിരിച്ചറിയാൻ ഇവ  സഹായിക്കുന്നു.

അമേരിക്കൻ വിദ്യാർഥികൾക്കിടയിൽ അഭിമാനപ്പോരാട്ടത്തിന്‌ കാരണമാകുന്ന അത്തരമൊരു സ്കോളർഷിപ്പാണ് സീമെൻസ് ഗണിത, ശാസ്ത്ര, സാങ്കേതിക മത്സരം. ഈ വേദിയിൽ അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർഥികൾ തങ്ങൾ വികസിപ്പിച്ചെടുത്ത വൈദ്യശാസ്ത്രസംബന്ധമായ പ്രോജക്ടുകളാണ് അവതരിപ്പിക്കേണ്ടത്.

ഇത്തവണത്തെ സീമെൻസ് സ്കോളർഷിപ്പാകട്ടെ ഇന്ത്യൻ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. 17-ാമത് സ്കോളർഷിപ്പ് മത്സരത്തിലെ ഒരു ലക്ഷം ഡോളർ വരുന്ന ഗ്രാന്റ് പ്രൈസ് ലഭിച്ചത് സരൂപ ഇരട്ടകൾ (identical twins) ഉൾപ്പെടെ മൂന്ന്‌ ഇന്ത്യൻവംശജരായ വിദ്യാർഥികൾക്കാണ്. ടെക്സാസിലെ പലാനോയിൽനിന്നുവരുന്ന ആദ്യ ബീസം, ഷ്രിയ ബീസം എന്നീ ഇരട്ടകൾക്ക് ടീമിനത്തിലും വിനീത് എടുപ്പുങ്കണ്ടിക്ക് വ്യക്തിഗത ഇനത്തിലുമാണ് സമ്മാനം.

സ്കീസോഫ്രീനിയ എന്ന മാനസികാവസ്ഥ നേരത്തേതന്നെ നിർണയിക്കാനുള്ള നൂതനവിദ്യ കണ്ടുപിടിച്ചാണ് ആദ്യയും ഷ്രിയയും അംഗീകാരം നേടിയത്. വിനീതിന്റെ കണ്ടുപിടിത്തമാകട്ടെ വൈദ്യശാസ്ത്ര ഉപകരണങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ബയോഡീഗ്രേഡബിൾ ബാറ്ററിയാണ്. ഇവരുടെ കണ്ടുപിടിത്തങ്ങൾ ആഗോളതലത്തിൽത്തന്നെ ലക്ഷങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ കഴിവുള്ളവയാണെന്നാണ് സീമെൻസ് ഫൗണ്ടേഷൻ മേധാവി ഡേവിഡ് എറ്റ്‌സ്വൈലർ പറഞ്ഞത്.

2146 വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽനിന്നാണ് ഇവരുടെ നേട്ടമെന്നത് അഭിനന്ദനീയമാണ്. അമേരിക്കൻ പൗരന്മാരോ സ്ഥിരം താമസക്കാരോ ആയ വിദ്യാർഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനവസരം.