ബിരുദപഠനത്തിനു നല്‍കുന്ന ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലോ ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജുകളിലോ 2021'22ല്‍ ബിരുദതല കോഴ്‌സില്‍ ഒന്നാംവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍/സ്വാശ്രയ കോഴ്‌സുകളില്‍ പഠിക്കുന്നവരെ പരിഗണിക്കില്ല.

ബിരുദപഠനത്തിന് മൂന്നുവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ആദ്യവര്‍ഷം 12,000 രൂപയും രണ്ടാംവര്‍ഷം 18,000 രൂപയും മൂന്നാംവര്‍ഷം 24,000 രൂപയും. തുടര്‍ന്ന് പി.ജി. പഠനം നടത്തുമ്പോള്‍ രണ്ടുവര്‍ഷംകൂടി സ്‌കോളര്‍ഷിപ്പ് ലഭിക്കും. ആദ്യവര്‍ഷം 40,000 രൂപയും രണ്ടാംവര്‍ഷം 60,000 രൂപയും. ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഈ നിരക്കില്‍നിന്നും 25 ശതമാനംകൂടി അധികമായി ലഭിക്കും. സ്‌കോളര്‍ഷിപ്പ് പുതുക്കി ലഭിക്കുന്നതിന്, അക്കാദമിക് മികവ് തെളിയിക്കണം.

1000 സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. വിവിധ വിഭാഗങ്ങള്‍ക്ക് നിശ്ചിതശതമാനം സ്ലോട്ടുകള്‍ നീക്കിവെച്ചിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള സ്‌കോളര്‍ഷിപ്പ്/സ്‌റ്റൈപ്പെന്‍ഡ് ലഭിക്കുന്നവര്‍ക്ക് അര്‍ഹതയില്ല. ഏതെങ്കിലും ഫീസ് ആനുകൂല്യം, പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള ലംസം ഗ്രാന്റ്, കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഹിന്ദി സ്‌കോളര്‍ഷിപ്പ് എന്നിവയെ ഈ വ്യവസ്ഥയുടെ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ www.kshec.kerala.gov.in വഴി ജനുവരി 10 വരെ നല്‍കാം. അപേക്ഷയുടെ പ്രിന്റ്് ഔട്ടും രേഖകളും ജനുവരി 15നകം പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക് നല്‍കണം.

Content Highlights: Higher Education Council Scholarship for Undergraduate Studies