കേരള സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ ബിരുദപഠനത്തിനു നല്‍കുന്ന ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍, എയ്ഡഡ് ബിരുദതല കോഴ്‌സില്‍ ഒന്നാം വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
സമാനമായ പ്രോഗ്രാമുകളില്‍ ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.ടി., എസ്.സി., ഭിന്നശേഷി, ബി.പി.എല്‍., ഒ.ബി.സി., പൊതുവിഭാഗം എന്നിവര്‍ക്ക് പഠിച്ച സ്ട്രീം അനുസരിച്ച് നിശ്ചിതശതമാനം മാര്‍ക്ക് പ്ലസ് ടു തലത്തില്‍ ലഭിച്ചിരിക്കണം.
മൂന്നുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് തുടക്കത്തില്‍ അനുവദിക്കുക. ഈ കാലയളവില്‍ പ്രതിവര്‍ഷം 12,000 രൂപ, 18,000 രൂപ, 24,000 രൂപ വീതം ലഭിക്കും.
ബിരുദപഠനത്തിനുശേഷം ബിരുദാനന്തരബിരുദത്തിനു തുടര്‍ന്നു പഠിക്കുന്നപക്ഷം പ്രതിവര്‍ഷം 40,000 രൂപ, 60,000 രൂപ ക്രമത്തില്‍ രണ്ടുവര്‍ഷത്തേക്കുകൂടി സ്‌കോളര്‍ഷിപ്പ് ലഭിക്കും. സ്‌കോളര്‍ഷിപ്പ് പുതുക്കല്‍, അക്കാദമിക് മികവിനു വിധേയമാണ്.
അപേക്ഷ www.kshec.kerala.gov.in വഴി ജനുവരി 31 വരെ നല്‍കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിശ്ചിതരേഖകള്‍ സഹിതം പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക് ഫെബ്രുവരി എട്ടിനകം നല്‍കണം. സ്ഥാപനതല പരിശോധനയും അംഗീകരിക്കാവുന്നവയ്ക്കുള്ള അംഗീകാരവും ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കണം.
Content Highlights: Higher education council scholarship for graduates apply till January 31