ന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി ഹൂസ്റ്റണിലെ മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാര്‍ഥികളുടെ പഠന നിലവാരം, സാമ്പത്തിക ശേഷി എന്നിവ പരിശോധിച്ചായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക. മലയാളികളായ വിദ്യാര്‍ഥികളെ മാത്രമേ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുകയുള്ളൂ.

എട്ട് മുതല്‍ പത്ത് പേര്‍ക്കുവരെ ഇത്തവണ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകാന്‍ അവസരമുണ്ട്. തിരഞ്ഞെടുക്കുന്നപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 600 ഡോളര്‍ (ഏകദേശം 43000 രൂപ) സ്‌കോളര്‍ഷിപ്പായി ലഭിക്കും.

യോഗ്യത

അപേക്ഷാര്‍ഥി 2019-ല്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ എന്‍ജിനീയറിങ് (നാല് വര്‍ഷത്തെ കോഴ്‌സ്) അല്ലെങ്കില്‍ ആര്‍ക്കിടെക്ചര്‍ (അഞ്ച് വര്‍ഷത്തെ കോഴ്‌സ്) കോഴ്‌സിന് ചേര്‍ന്നിരിക്കണം. എന്‍ജിനീയറിങ്, ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍, നേവല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ ചെയ്യുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക. 

എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷയായ കീം (KEAM), ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ ദേശീയ അഭിരുചി പരീക്ഷയായ നാറ്റയും (NATA) എഴുതിയിരിക്കണം. കീമില്‍ ആദ്യ 5000 റാങ്കില്‍ ഉള്‍പ്പെട്ടവവര്‍ക്കും നാറ്റയില്‍ 110ലേറെ സ്‌കോര്‍ നേടിയവര്‍ക്കും അപേക്ഷിക്കാം.

പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ കുറഞ്ഞത് 85 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1,50,000 രൂപയില്‍ താഴെയായിരിക്കണം. പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവും പരിഗണിക്കും.

അപേക്ഷ

മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ www.meahouston.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ചുമനസിലാക്കിയ ശേഷം അപേക്ഷിക്കുക. വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച ശേഷം വിശദമായ അപേക്ഷ ഇ-മെയില്‍ ചെയ്യുകയും വേണം.  

അപേക്ഷയുടെ മാതൃക ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും സ്ഥാപന മേലധികാരിയുടെ ശുപാര്‍ശയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമുള്‍പ്പെടെ സ്‌കാന്‍ ചെയ്ത് meahouston.2019scholarship@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ശുപാര്‍ശക്കത്തിന്റെ മാതൃകയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് meahouston.org/scholarship/applyforscholarship സന്ദര്‍ശിക്കുക.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബര്‍ 15.

Content Highlights: Apply Now for Malayalee Engineers’ Association Scholarship