പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുമായി സ്‌കോളര്‍ഷിപ്പ് പദ്ധതിയൊരുക്കി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). ഏതെങ്കിലും സാങ്കേതിക വിഷയങ്ങളില്‍ ബിരുദത്തിനോ ഡിപ്ലോമയ്‌ക്കോ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. 

പെണ്‍കുട്ടികള്‍ക്കായി പ്രഗതി സ്‌കോളര്‍ഷിപ്പ്

ടെക്‌നിക്കല്‍ ബിരുദ/ഡിപ്ലോമ പഠനം നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പാണിത്. നിലവില്‍ ഒന്നാം വര്‍ഷത്തിലോ സെമസ്റ്ററിലോ (ലാറ്ററല്‍ എന്‍ട്രിയാണെങ്കില്‍ രണ്ടാം വര്‍ഷം) പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് അപേക്ഷിക്കാനാകുക. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ കവിയരുത്. 5,000-ലധികം പെണ്‍കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കോഴ്‌സ് കഴിയുന്നത് വരെ 50,000 രൂപ സ്‌കോളര്‍ഷിപ്പായി ലഭിക്കും. 

ഭിന്നശേഷിക്കാര്‍ക്കായി സക്ഷം സ്‌കോളര്‍ഷിപ്പ്

ടെക്‌നിക്കല്‍ ബിരുദ/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാം വര്‍ഷത്തിലോ രണ്ടാം വര്‍ഷത്തിലോ പഠിക്കുന്ന, 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ കവിയരുത്.   

നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ scholarships.gov.in രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ വിവരങ്ങളും രേഖകളും സമര്‍പ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. നവംബര്‍ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.  

Content Highlights: AICTE Scholarship 2020 for girls and differently abled how to apply