പ്രശസ്തരായ ചില വനിതാ ശാസ്ത്രപ്രതിഭകളെയും അവരുടെ ചില ജീവിതകഥകളും പരിചയപ്പെടാം ഇത്തവണ ക്വിസ് കോര്‍ണറിലൂടെ....

ചോദ്യങ്ങള്‍

1. യുദ്ധമുഖത്ത് അമ്മയുടെ സഹായിയായി പ്രവര്‍ത്തിച്ച ഈ വനിത തന്റെ ഗവേഷണമേഖലയായി തിരഞ്ഞെടുത്തത് അണുവികിരണങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു. പരിക്കുപറ്റിയ സൈനികരുടെ ശരീരത്തിനുള്ളില്‍ തറഞ്ഞുകിടക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഏറെ സഹായകരമായി റേഡിയോ ആക്ടിവിറ്റിയില്‍ നിരവധി കണ്ടെത്തലുകള്‍ നടത്തിയ ഈ വനിത ആര്?

2. വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയെ 'പ്രിന്‍സസ് ഓഫ് പാരലലോഗ്രാം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് കത്തുകളെഴുതിയ പ്രശസ്ത കവിയുടെ മകളായിരുന്നു ഈ വനിത.  ലോകത്തിലെ ആദ്യത്തേത്  എന്നറിയപ്പെടുന്ന ഒരു വിശേഷണത്തിനുടമയായ ഈ വനിതയാര് ?

3. 1920-ല്‍ ലണ്ടനിലെ ഒരു ധനിക ജൂതകുടുംബത്തില്‍ ജനിച്ച ഇവര്‍ കല്‍ക്കരിയില്‍ നടത്തിയ ഗവേഷണങ്ങള്‍ പിന്നീട് വിമാനനിര്‍മാണ മേഖലയില്‍ ഏറെ സഹായകരമായി. എന്നാല്‍, ഇവരെ പ്രശസ്തയാക്കിയത് മറ്റൊരു കണ്ടുപിടിത്തത്തില്‍ ഇവര്‍ വഹിച്ച നിര്‍ണായകമായ പങ്കാണ്. എന്ത് കണ്ടുപിടിത്തം? ആരാണീ വനിത?

4. ലണ്ടനിലെ John Innes Horticultural Institute വികസിപ്പിച്ചെടുത്ത ഒരിനം മഗ്നോളിയ (ചെമ്പകം) പൂവിന് അവര്‍ ഒരു മലയാളിയുടെ പേരാണ് നല്‍കിയത്.  ഈ വനിതയുടെ പേരിലാണ് ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയം ടാക്‌സോണമി എന്ന ശാസ്ത്രശാഖയില്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡും നാമകരണം ചെയ്തത്. ആരാണിവര്‍? 

5. ഹാവാര്‍ഡ് സര്‍വകലാശാലയുടെ മാര്‍ക്ക് 1 കംപ്യൂട്ടറിനുവേണ്ടി ഇവര്‍ വികസിപ്പിച്ചെടുത്ത കംപൈലര്‍ ആണ് ഒരു പ്രോഗ്രാമിങ്ങിനുവേണ്ടി നിര്‍മിച്ച ആദ്യത്തേത്. ഇവരുടെ ഗവേഷണങ്ങളാണ് COBOL എന്ന പ്രോഗ്രാമിങ് ഭാഷയ്ക്കുപിന്നില്‍. അതിനാല്‍ ഇവര്‍ക്ക് ഗ്രാന്‍ഡ്മാ COBOL എന്ന അപരനാമവുമുണ്ട്. ഈ ശാസ്ത്രജ്ഞയാര്? 

Irene Joliot Curie6. അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ്  ഡെവലപ്പറും വിറ്റികള്‍ച്ചറിസ്റ്റു(മുന്തിരികൃഷി ചെയ്യുന്ന ആള്‍)മായ മേരി ആന്‍ഡേഴ്‌സനാണ് ചിത്രത്തില്‍. 1903-ല്‍ ഇവര്‍ നടത്തിയ ഒരു കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചിരുന്നു. എന്തിന്റെ പേറ്റന്റാണ് ഇവര്‍ക്ക് ലഭിച്ചത് ? 

7. 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേരാണ് പങ്കിട്ടത്. പാപിലോമ വൈറസുകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ച ജര്‍മ്മന്‍ വൈറോളജിസ്റ്റായ Harald zur Hausen ആയിരുന്നു അതില്‍ ഒരാള്‍. ഫ്രഞ്ച് വൈറോളജിസ്റ്റായ ലുക് മൊണ്ടെഗ്‌നിയര്‍, ഫ്രാനോയ്‌സ് ബര്‍ സിനോസി എന്നിവര്‍ അവാര്‍ഡ് പങ്കിട്ടത് ഒരു പ്രത്യേക രോഗത്തിന്  കാരണമായ വൈറസുകളെ കണ്ടെത്തിയതിനാലാണ്. ഏത് രോഗം? ഏത് വൈറസുകള്‍?  

8. Anesthesiology,Teratology തുടങ്ങിയ ശാഖകളില്‍ വിദഗ്ധയായിരുന്ന ഡോ. വിര്‍ജീനിയ അപ്ഗാര്‍ എന്ന വനിത വികസിപ്പിച്ചെടുത്ത അപ്ഗര്‍ സ്‌കോര്‍ ചാര്‍ട്ട് ആണ് ചിത്രത്തില്‍ കാണുന്നത്. Appearance, Pulse, Grimace, Activity, Respiration എന്നിവയുടെ ചുരുക്കപ്പേരായും വിശേഷിപ്പിക്കുന്ന APGAR ടെസ്റ്റ് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്? 

9. 1930 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയിലെ വളരെ പ്രശസ്തയായ നടിയായിരുന്നു ഓസ്ട്രിയയില്‍ ജനിച്ച ഈ വനിത. യുദ്ധബോണ്ടുകള്‍ വിറ്റഴിക്കുന്നതിന്റെ പ്രചാരണത്തിന് ചുക്കാന്‍പിടിക്കുക വഴി അവര്‍ നിരവധി അംഗീകാരങ്ങളും കരസ്ഥമാക്കിയിരുന്നു. എന്നാല്‍, അവരുടെ ശാസ്ത്രലോകത്തിലെ താത്പര്യങ്ങള്‍ 1942-ല്‍ ഒരു Frequency-hopping system നിര്‍മിക്കുന്നതിനും അതിന്റെ പേറ്റന്റ് കരസ്ഥമാക്കുന്നതിനും കാരണമായി. ട്രാഫിക് സിഗ്‌നലുമായി ബന്ധപ്പെട്ടും പഠനങ്ങള്‍ നടത്തി പ്രസിദ്ധീകരിച്ച ഈ പ്രശസ്ത ചലച്ചിത്രതാരം ആര്?  

10. ആറ്റോമികസംഖ്യ 96 ആയ മൂലകമാണ് ക്യൂറിയം (Cm). ഇത് മേരി ക്യൂറിയുടെയും അവരുടെ ഭര്‍ത്താവ് പിയറി ക്യൂറിയുടെയും ബഹുമാനാര്‍ഥമാണ് നാമകരണം ചെയ്തത്. ആറ്റോമികസംഖ്യ 109 ആയ മൂലകമായ മേയ്റ്റ്‌നെറിയമാണ് (Mt) ഏതെങ്കിലും ഒരു വനിതാ ശാസ്ത്രജ്ഞയുടെ പേരില്‍ മാത്രമായി നാമകരണംചെയ്ത ആദ്യമൂലകം. ബര്‍ലിനിലെ ഹമ്പോള്‍ (Humboldt) സര്‍വകലാശാലയില്‍ കാണുന്ന ഈ പ്രതിമ ഇവരുടേതാണ്. ആരാണീ ശാസ്ത്രജ്ഞ?

ഉത്തരങ്ങള്‍
 
1. ഐറീന്‍ ജൂലിയറ്റ് ക്യൂറി 
2.  അഡ ലൌലെസ്
3.  ഡി.എന്‍.എ.യുടെ രൂപഘടന, 
റോസലിന്‍ ഫ്രാങ്ക്‌ളിന്‍ 
4.  ഇ.കെ. ജാനകി അമ്മാള്‍ 
5.  ഗ്രേസ് മുറെ ഹോപ്പര്‍
6.  വാഹനങ്ങളിലെ വിന്‍ഡ് ഷീല്‍ഡ് വൈപ്പര്‍
7.  എയ്ഡ്‌സ് രോഗം,  എച്ച്.ഐ.വി. വൈറസ്
8.  നവജാതശിശുവിന്റെ ആരോഗ്യം 
9.  ഹെഡി ലാമര്‍  
10.  ലിസെ മയ്റ്റ്‌നര്‍

കൂടുതലറിയാം

1. ഭര്‍ത്താവായിരുന്ന ഫ്രെഡറിക് ജൂലിയറ്റുമൊത്ത് 1935-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടു, ഐറീന്‍. നൊബേല്‍ ജേതാക്കളായ മേരി ക്യൂറിയുടെയും പിയറി ക്യൂറിയുടെയും മകളാണ്. രണ്ടാം ലോകയുദ്ധത്തിനിടെ നിരവധി യാതനകള്‍ ഏറ്റുവങ്ങേണ്ടിവന്ന വനിത. യുദ്ധത്തിനുശേഷം മാതാപിതാക്കള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച, പാരീസിലെ  റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനവും ഗവേഷണവും പുനരാരംഭിച്ച ഇവര്‍ റേഡിയോ വികിരണങ്ങളുടെ അതിപ്രസരംമൂലം പിടിപെട്ട ലുക്കീമിയ ബാധിച്ചാണ് മരണമടഞ്ഞത്.

2. അകാലത്തില്‍ അന്തരിച്ച പ്രശസ്ത കവി ലോഡ് ബൈറന്റെ പുത്രിയായിരുന്നു ഇവര്‍. കംപ്യൂട്ടറിന്റെ പിതാവ് എന്നുവിളിക്കപ്പെടുന്ന ചാള്‍സ് ബാബെജിന്റെ  ശിഷ്യയായിരുന്നു. ഇവരോടുള്ള ആദരസൂചകമായാണ് 1970-കളില്‍ അമേരിക്കന്‍ പ്രതിരോധവകുപ്പ് വികസിപ്പിച്ചെടുത്ത അതിവേഗ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷയ്ക്ക് അഡ എന്ന് പേരുനല്‍കിയത്.    

Virginia Apgar
വിര്‍ജീനിയ അപ്ഗാര്‍

3. തന്റെ സഹപ്രവര്‍ത്തകരില്‍നിന്നും പലതവണ അവഗണന നേരിടേണ്ടിവന്നെങ്കിലും തളരാതെ തന്റെ ഗവേഷണങ്ങളുമായി മുന്നോട്ടുപോയ വനിതയായിരുന്നു റോസ് ലിന്‍ഡ്. ഡി.എന്‍.എ.യുടെ ഗവേഷണത്തില്‍ ഇവര്‍ക്കുകൂടെ അര്‍ഹതപ്പെട്ടതായിരുന്നു നൊബേല്‍ സമ്മാനം എന്ന് നിരവധിപേര്‍ അഭിപ്രായപ്പെടുന്നു. 2004-ല്‍ അമേരിക്കയിലെ പ്രശസ്തമായ Chicago Medical School അതിന്റെ പേര് മാറ്റി Rosalind Franklin University of Medicine and Science എന്നാക്കിമാറ്റി ഇവരെ ആദരിച്ചു.

4. സബ് ജഡ്ജ് ആയിരുന്ന ദിവാന്‍ ബഹാദൂര്‍ ഇടവലത്ത് കക്കാട് കൃഷ്ണന്റെയും ദേവിയുടെയും മകളായി 1897-ല്‍ തലശ്ശേരിയിലാണ് ജാനകി അമ്മാള്‍ ജനിച്ചത്. കരിമ്പിന്റെ വിവിധ ഇനങ്ങളില്‍ ധാരാളം ഗവേഷണങ്ങള്‍ നടത്തിയ ജാനകി അമ്മാള്‍ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ പ്രത്യേക ക്ഷണപ്രകാരം ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പുനര്‍നിര്‍മാണത്തിനായാണ് ലണ്ടനില്‍നിന്നും ഇന്ത്യയിലേക്ക് തിരിച്ചുവന്നത്. 

EK Janaki Ammal
ഇ.കെ. ജാനകി അമ്മാള്‍ 

5. വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ട ആദ്യത്തെ ഡിജിറ്റല്‍ കംപ്യൂട്ടര്‍ എന്നറിയപ്പെടുന്ന UNIVAC (UNIVersal Automatic Computer)-ന്റെ പിന്നിലുള്ള സംഘത്തിലെ അംഗമായിരുന്നു ഗ്രേസ് ഹോപ്പര്‍. Distinguished Fellow of the British Computer Society (DFBCS) ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ അമേരിക്കന്‍ വനിതയും ആദ്യവനിതയും ഇവരാണ്. കംപ്യൂട്ടര്‍ രംഗത്ത് ഇവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2016-ല്‍ അമേരിക്ക ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി Presidential Medal of Freedom നല്‍കി ആദരിച്ചു.

6. 1902-ല്‍ ന്യൂയോര്‍ക്കിലെ ഒരു യാത്രയ്ക്കിടയില്‍  ഡ്രൈവര്‍മാര്‍ വാഹനങ്ങളിലെ മുന്‍വശത്തെ ചില്ലില്‍നിന്ന് മഞ്ഞും വെള്ളവും നീക്കാന്‍ കഷ്ടപ്പെടുന്നതു കണ്ടപ്പോഴാണ് മേരി ആന്‍ഡേഴ്‌സന് വൈപ്പര്‍ എന്ന ആശയം ലഭിച്ചത്. എന്നാല്‍, ഇതേസമയംതന്നെ മറ്റുചില ശാസ്ത്രജ്ഞര്‍ക്കും വൈപ്പറിന്റെ വേറെ ചില മോഡലുകള്‍ക്ക് പേറ്റന്റ് ലഭിക്കുകയുണ്ടായി.

7. ഹ്യൂമണ്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്നാണ് എച്ച്.ഐ.വി.യുടെ പൂര്‍ണരൂപം. 1983-ലാണ് ഇവര്‍ HIV എന്ന പുതിയ വൈറസിനെ കണ്ടെത്തിയത്. ഈ കണ്ടുപിടിത്തമാണ് AIDS എന്ന രോഗത്തിന്റെ പ്രതിരോധത്തിലും ചികിത്സയിലും നാഴികക്കല്ലായിമാറിയത്.  

8. 1952-ലാണ് വിര്‍ജീനിയ അപ്ഗാര്‍ ഈ ടെസ്റ്റ് രൂപകല്പനചെയ്തത്.  ആദ്യത്തെ 24 മണിക്കൂറിനുള്ളിലെ നവജാതശിശുക്കളുടെ മരണനിരക്കിലെ വര്‍ധനയാണ് അവരെ ഈ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.   

9. രണ്ടാം ലോകയുദ്ധസമയത്ത് ടോര്‍പെഡോകളിലെ ഉപയോഗത്തിനായാണ് ഇവര്‍ Frequency-hopping system എന്ന ആശയം രൂപകല്പനചെയ്തത്. 

Lise Meitner
ലിസെ മയ്റ്റ്‌നര്‍

10. European Physical Society ആണവശാസ്ത്രത്തിലെ സംഭാവനകള്‍ക്കായി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്‌കാരം ഇവരുടെ പേരിലാണ് (Lise Meitner Prize). 

തയ്യാറാക്കിയത് - സ്‌നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

Content Highlights: World Famous Woman Scientists, Lise Meitner, EK Janaki Ammal, Irène Joliot Curie, Grace Hopper