ന്ത്യയെ നയിച്ച മുൻ പ്രധാനമന്ത്രിമാരെയാണ്‌ ഇത്തവണ ക്വിസ് കോര്‍ണറില്‍ പരിചയപ്പെടുത്തുന്നത്‌.

ചോദ്യങ്ങൾ
 

 1. സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാർഥികളെ സംഘടിപ്പിച്ചതിന് തന്റെ പതിനൊന്നാംവയസ്സിൽ അറസ്റ്റുചെയ്യപ്പെട്ട ഇദ്ദേഹം ആദ്യം കമ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് കോൺഗ്രസിലും അതിനുശേഷം ജനതാദളിലും അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ്. ഇദ്ദേഹത്തിന്റെ ആത്മകഥയാണ് ‘മാറ്റർ ഓഫ് ഡിസ്‌ക്രീഷൻ: ആൻ ഓട്ടോബയോഗ്രാഫി’. ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹമാര്?
   
 2. ഏറ്റവും ഉയർന്ന പ്രായത്തിൽ  ആദ്യമായി  അധികാരത്തിലേറിയ പ്രധാനമന്ത്രി എന്ന റെക്കോഡിനുടമയായിരുന്ന ഇദ്ദേഹം ബോംബെയുടെ ആഭ്യന്തരമന്ത്രിയും  മുഖ്യമന്ത്രിയുമായിരുന്നു. 1977-ൽ അസമിലെ ജോർഹട്ടിൽവെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം ഒരു നെൽപ്പാടത്തേക്ക് ഇടിച്ചിറങ്ങി പൈലറ്റുമാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടത് വാർത്തയായിരുന്നു. ഒരു പ്രത്യേക ചികിത്സാരീതിയുടെ പ്രചാരകനായും അറിയപ്പെട്ടിരുന്നു. ആരാണിദ്ദേഹം? ഏത് ചികിത്സാരീതി?
   
 3. ഒക്ടോബർ രണ്ട്‌ ജന്മദിനമായ ഇദ്ദേഹത്തിന്റെ പേരിലെ ശ്രീവാസ്തവ എന്ന അവസാനത്തെ ഭാഗം മാറി, കാശി വിദ്യാപീഠത്തിലെ പഠനത്തിനുശേഷം ലഭിച്ച ഡിഗ്രിയുടെ പേര് സ്വീകരിച്ചു.  മരണാനന്തരബഹുമതിയായി ഭാരതരത്നം ആദ്യമായി ലഭിച്ചത് ഇദ്ദേഹത്തിനാണ്. ഇദ്ദേഹത്തിന്റെ  വിവാഹത്തിന് സ്ത്രീധനമായി ലഭിച്ചത് ചർക്കയും കുറച്ച് ഖാദിവസ്ത്രങ്ങളുമായിരുന്നു. ആരാണിദ്ദേഹം?
   
 4. ഇദ്ദേഹം രാഷ്ട്രീയജീവിതം ആരംഭിച്ചത്  കമ്യൂണിസ്റ്റായാണ്. നിയമവിദ്യാർഥിയായിരുന്നപ്പോൾ സ്വന്തം പിതാവിന്റെകൂടെ പഠിക്കുകയും ഹോസ്റ്റലിൽ ഒരേമുറിയിൽ വസിക്കുകയുംചെയ്ത ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 25 ദേശീയ സദ്ഭരണദിനമായി ആചരിക്കുന്നു. ആരാണിദ്ദേഹം?
   
 5. ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന്‌ സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം, 1972 മുതൽ 1976 വരെ കേന്ദ്ര ധനകാര്യവകുപ്പിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 1982 മുതൽ മൂന്നുവർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായും ശേഷം ആസൂത്രണ കമ്മിഷൻ തലവനായും പ്രവർത്തിച്ച ഇദ്ദേഹം, 1991-ൽ യു.ജി.സി. ചെയർമാനായും നിയമിക്കപ്പെട്ടു. അസമിൽനിന്ന്‌ തുടർച്ചയായ അഞ്ചുതവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആര്?
   
 6. അഭിഭാഷകനായി ഔദ്യോഗികജീവിതം ആരംഭിച്ച ഇദ്ദേഹം 1919-ൽ ‘ഇൻഡിപ്പെൻഡന്റ്‌’ എന്ന പത്രം ആരംഭിക്കുകയും ഫൈസാബാദിലെ കർഷകമുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. നദി അല്ലെങ്കിൽ കനാൽ എന്ന് അർഥംവരുന്ന വാക്കിൽനിന്നാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ കുടുംബപ്പേര് ലഭിച്ചത്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം അടുത്തിടെ പ്രയാഗരാജ് എന്ന് പുനർനാമകരണം ചെയ്തിരുന്നു. 1907-ൽ ചാണക്യ എന്ന തൂലികാനാമത്തിൽ നെഹ്രുവിനെ സീസറിനോടുപമിച്ച്‌ നിശിതമായി വിമർശിച്ചുകൊണ്ട് ‘രാഷ്ട്രപതി’ എന്ന ലേഖനമെഴുതിയ ഇദ്ദേഹമാര് ?
   
 7. മൻ ഹർലാൽ പ്രാൺ ലാൽ താക്കർ എന്ന മുൻ സുപ്രീംകോടതി ജസ്റ്റിസായിരുന്നു ന്യൂഡൽഹിയിലെ സഫ്ദർജങ് റോഡിൽനടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട കമ്മിഷന്റെ തലവൻ. പ്രതികളിലൊരാൾ കൊലപ്പെട്ടതിനാൽ മറ്റുരണ്ടുപേരെയാണ് ശിക്ഷിച്ചത്. അവർക്കുള്ള വധശിക്ഷ നടപ്പാക്കിയത് 1989 ജനുവരി ആറിനാണ്. ഏതുസംഭവം?  
   
 8. ഒസ്മാനിയ കോളേജിൽ വന്ദേമാതരം പാടുന്നത് നിരോധിച്ച നിസാമിന്റെ  ഉത്തരവിനെതിരേ സമരംചെയ്താണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. സ്പാനിഷ് ഉൾപ്പെടെ ഒട്ടേറെ  ഭാഷകൾ സംസാരിക്കാൻ കഴിയുമായിരുന്ന  അദ്ദേഹത്തിന്റെ ഭരണകാലത്ത് കുറേ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ‘ദി ഇൻസൈഡർ’ ആണ് ഇദ്ദേഹത്തിന്റെ ആത്മകഥ. ‘ഇന്ത്യൻ സാമ്പത്തികമാറ്റത്തിന്റെ പിതാവ്’ എന്ന് പല  വിദഗ്ധർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. ആര്?
   
 9. സ്വാതന്ത്ര്യസമരത്തിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച ഇദ്ദേഹം കർഷകർക്കുവേണ്ടിയുള്ള ഒട്ടനവധി പദ്ധതി രൂപവത്കരിച്ചിട്ടുള്ള  പ്രധാനമന്ത്രിയാണ്. ലഖ്‌നൗ വിമാനത്താവളം, മീററ്റ്  സർവകലാശാല തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തിട്ടുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നായകരിൽ ഒരാളായിരുന്ന രാജാ നഹർസിങ്ങിന്റെ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഉപപ്രധാനമന്ത്രിയായിരുന്നു. ആര്?
   
 10. ജൂലിയറ്റ് റെയ്നോൾഡ് സംവിധാനം ചെയ്ത ‘ആർട്ട്‌ ഓഫ് ഇംപോസിബിൾ’, സുമ ജോസൺ സംവിധാനംചെയ്ത ‘One more day to leave’ ഇവരണ്ടും  ഈ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള സിനിമകളാണ്. 1987-ൽ ജൻമോർച്ച എന്ന പാർട്ടി ഇദ്ദേഹം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരത്തിന്റെ പേരാണ് ‘Ek Tukda Dharti, Ek Tukda Asman’. ഏകദേശം ഒരു വർഷത്തോളംമാത്രം ഇന്ത്യ ഭരിച്ച ഈ പ്രധാനമന്ത്രിയെ തിരിച്ചറിയുക.

ഉത്തരങ്ങൾ /കൂടുതലറിയാം
 

 1. ഇന്ദർകുമാർ ഗുജ്‌റാൾ (ഐ.കെ. ഗുജ്റാൾ)
  IK Gujralഐ.കെ. ഗുജ്‌റാൾ സഹോദരനായ സതീഷ് ഗുജ്‌റാളാണ് ന്യൂഡൽഹിയിലെ ബെൽജിയം എംബസി രൂപകല്പനചെയ്തത്. സതീഷ് ഗുജ്‌റാളിന്റെ ആത്മകഥയാണ് ‘ദി ബ്രഷ് വിത്ത്‌  ലൈഫ്’. ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യൻ വിദേശകാര്യനയത്തിൽ അറിയപ്പെടുന്ന സിദ്ധാന്തമാണ് ഐ.കെ. ഗുജ്‌റാളിന്റെ ‘ഗുജ്‌റാൾ സിദ്ധാന്തം’. ഉറുദുവിൽ പ്രാവീണ്യമുണ്ടായിരുന്ന ഇദ്ദേഹം സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡറുമായിരുന്നു
 2. മൊറാർജി ദേശായി, യൂറിൻ തെറാപ്പി
  Morarji Deshai1977-ൽ ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയാകുമ്പോൾ മൊറാർജി ദേശായിക്ക്‌ 81 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തുടങ്ങി വിവിധ റെക്കോഡ്‌ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യയുടെ പരമോന്നതബഹുമതിയായ ഭാരതരത്നയും പാകിസ്താന്റെ  പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും നേടിയ ഏക ഇന്ത്യക്കാരനും ഇദ്ദേഹമാണ്.
 3. ലാൽബഹാദുർ ശാസ്ത്രി
  Lalbahadur Shastriഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി. ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന  മുദ്രാവാക്യം പ്രചരിപ്പിച്ച ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് ജയ്‌ ജവാൻ എന്ന പേരിലും ജയ്‌ കിസാൻ എന്ന പേരിലും തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. അയൂബ് ഖാനോടൊപ്പം താഷ്കെൻറ് കരാർ ഒപ്പുവെച്ച ഇദ്ദേഹമാണ് ഇന്ത്യയ്ക്കുപുറത്തുവെച്ച് മരിച്ച ഏക  പ്രധാനമന്ത്രി. രാജ്യത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്കായി പരിശീലനം നൽകുന്ന  മസൂറിയിലെ  അക്കാദമിയുടെ പേര്  ലാൽബഹാദുർ ശാസ്ത്രി അക്കാദമി ഓഫ് നാഷണൽ ഓഫ് അഡ്മിനിസ്‌ട്രേഷൻ എന്നാണ്.
 4. അടൽ ബിഹാരി വാജ്പേയ്
  AB Vajpayeeഐക്യരാഷ്ട്രസഭയിൽ ഹിന്ദിയിൽ പ്രസംഗിച്ച ആദ്യവ്യക്തിയായ ഇദ്ദേഹം ഭരണത്തിൽ അഞ്ചുവർഷം പൂർത്തിയാക്കുന്ന കോൺഗ്രസുകാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയാണ്. 1980-ൽ രൂപവത്‌കരിക്കപ്പെട്ട ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യ പ്രസിഡന്റും വാജ്പേയിയായിരുന്നു. മൂന്നുതവണ പ്രധാനമന്ത്രിയായി.
 5. മൻമോഹൻസിങ്‌
  Manmohan Singh1991-ൽ അന്നത്തെ പ്രധാനമന്ത്രിയായ പി.വി. നരസിംഹറാവുവാണ് മൻമോഹൻ സിങ്ങിനെ ധനകാര്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഒരുതവണപോലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത അദ്ദേഹം, 2004 മേയ്‌ 22-നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. ജവാഹർലാൽ നെഹ്രുവിനുശേഷം, അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി വീണ്ടും പ്രധാനമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും ഇദ്ദേഹമാണ്.
 6. ജവാഹർലാൽ നെഹ്രു
  Jawaharlal Nehruകൊൽക്കത്തയിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന മോഡേൺ റിവ്യൂ എന്ന മാസികയിലാണ് നെഹ്രു മറ്റൊരു തൂലികാനാമത്തിൽ അദ്ദേഹത്തെത്തന്നെ വിമർശിച്ചുകൊണ്ട് ലേഖനമെഴുതിയത്. അഞ്ചുതവണയായി 17 വർഷം ഇന്ത്യയെ ഭരിച്ച പ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്രു. എട്ടുതവണ കോൺഗ്രസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം കാലാവധി പൂർത്തിയാക്കിയശേഷം വീണ്ടും പ്രധാനമന്ത്രിയായ ആദ്യവ്യക്തി, പാർലമെന്റിൽ അവിശ്വാസപ്രമേയം നേരിട്ട് അതിനെ  അതിജീവിച്ച ആദ്യപ്രധാനമന്ത്രി എന്നീ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. കനാലിന്‌ പറയുന്ന നെഹർ എന്ന വാക്കിൽനിന്നാണ് നെഹ്രു കുടുംബത്തിന്‌ ആ പേര് ലഭിച്ചത്. കൊച്ചിയുടെ ആദ്യത്തേതും അവസാനത്തേതുമായ  പ്രധാനമന്ത്രി ഇക്കണ്ട വാര്യരായിരുന്നു.  
 7. ഇന്ദിരാഗാന്ധി വധം
  Indira Gandhiപത്തുവർഷമായി സേവനമനുഷ്ഠിച്ച ബിയാന്ത് സിങ്‌ എന്ന അംഗരക്ഷകനും 22 വയസ്സുകാരനും ആറുമാസംമുമ്പുമാത്രം അംഗരക്ഷകനായ കെഹാർ സിങ്ങും ചേർന്നാണ് 1984-ൽ സഫ്ദർജങ് റോഡിലെ വസതിയിലെ ഉദ്യാനത്തിൽവെച്ച് ഇന്ദിരാഗാന്ധിയെ വെടിെവച്ചുകൊന്നത്. പീറ്റർ ഉസ്തിനോവ് എന്ന നടൻ ഐറിഷ് ടി.വി. ചാനലിനുവേണ്ടി നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാനിറങ്ങുകയായിരുന്നു ഇന്ദിരാ ഗാന്ധി.
 8. പി.വി. നരസിംഹറാവു
  PV Narasimharaoഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിന്റെ കാലത്താണ്, സാമ്പത്തികനയങ്ങളിൽ ഒട്ടേറെ  മാറ്റങ്ങളുണ്ടായത്. പതിനേഴിൽപ്പരം ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം, തെലുങ്കുഭാഷയിലേക്ക് ഒട്ടേറെ കൃതികൾ വിവർത്തനംചെയ്തിട്ടുണ്ട്.
 9. ചരൺസിങ്‌
  Charan Singhകർഷകരുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ പുസ്തകങ്ങൾ രചിച്ച ഇദ്ദേഹത്തിന്റെ ശവകുടീരത്തിന്റെ പേര് കിസാൻഘട്ട് എന്നാണ്. ഇന്ത്യയിൽ കിസാൻ ദിവസമായി ആചരിക്കുന്നത് ഇദ്ദേഹത്തിന്റെ പിറന്നാളായ ഡിസംബർ 23 ആണ്.
 10. വി.പി. സിങ്
  VP Singhവിശ്വനാഥ പ്രതാപ് സിങ്‌ എന്ന വി.പി. സിങ്‌ ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് 7 ലോക് കല്യാൺ മാർഗ്  പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായി മാറിയത്. നാഷണൽ ഫ്രണ്ട് എന്ന മുന്നണി രൂപവത്‌കരിച്ചതും വി.പി. സിങ്ങാണ്.

 

Content Highlights: The prime ministers who lead our nation