ചോദ്യങ്ങള്‍

1. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരംകൂടിയ അവയവം എന്ന് വിശേഷിപ്പിക്കാവുന്ന ഇതിന്റെ മൂന്നുഭാഗങ്ങളാണ് എപിഡെര്‍മിസ്, ഡെര്‍മിസ്, ഹൈപോ ഡെര്‍മിസ് എന്നിവ. എപിഡെര്‍മിസില്‍ സ്ഥിതിചെയ്യുന്ന മെലാനോസൈറ്റ് (Melanocyte) എന്ന കോശങ്ങളാണ് ഇതിന്റെ നിറം നിശ്ചയിക്കുന്നത്. ഏതാണീ അവയവം?

2. പ്രശസ്ത ശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍വിന്‍ ആണ് ചെവിയുടെ പുറത്തുകാണപ്പെടുന്ന ഈ  ഭാഗത്തെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. അതിനാല്‍ ചെവിയുടെ ഈ ഭാഗം അദ്ദേഹത്തിന്റെ പേരിലാണ് നാമകരണം ചെയ്തത്. എന്താണിതിന്റെ പേര്?   

3. ഗ്രീക്ക് പുരാണങ്ങളിലെ ശക്തനായ കഥാപാത്രമാണ് ഇലിയഡിലെ നായകനായ അക്കിലസ്. ഇദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്തിട്ടുള്ള ശരീരഭാഗമാണ് അക്കിലസ് ടെണ്ടന്‍ (Achilles Tendon). ഇത് എവിടെയാണ് കാണപ്പെടുന്നത്?   

4. ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനം അറിയപ്പെടുന്നത്  ട്രിക്കോളജി (Tricology) എന്നാണ്. ഇതുമായി ബന്ധപ്പെട്ട് 1950-കളില്‍ ജെയിംസ് ഹാമില്‍ട്ടന്‍ വികസിപ്പിച്ചെടുത്ത ഒരു രീതി 1970-കളില്‍ ഒറ്റര്‍ നോര്‍വുഡ് പരിഷ്‌കരിക്കുകയുണ്ടായി. അലോപെഷ്യ എന്ന പേരിലും അറിയപ്പെടുന്ന ഇത് എന്താണ്?

5. മനുഷ്യരില്‍ ശ്വാസനാളത്തിലെ മുഴച്ചുനില്‍ക്കുന്ന  ഭാഗത്തിന് (Laryngeal prominence) ഈ പേര് ലഭിച്ചത്   ബൈബിളിലെ  ഒരു കഥാപാത്രത്തില്‍ നിന്നാണ് എന്നൊരു വിശ്വാസമുണ്ട്. ഏതാണീ ഭാഗം?

6. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഡെന്നിസ് ഡാര്‍വാല്‍ എന്ന യുവതി, 1967 ഡിസംബര്‍ രണ്ടിന്  അമ്മയോടൊത്ത് സാള്‍ട്ട്‌റിവര്‍ എന്ന പ്രദേശത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മദ്യപിച്ച് വാഹനമോടിച്ച ഒരു വ്യക്തിയുടെ കാര്‍ ഇടിച്ചുവീഴ്ത്തി. ഗ്രൂറ്റ് ഷൂര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇവരുടെ  മസ്തിഷ്‌ക മരണം സംഭവിച്ചു. എന്നാല്‍, ഇത് വൈദ്യശാസ്ത്രചരിത്രത്തിലെത്തന്നെ ഒരു നാഴികക്കല്ല് എന്നുവിശേഷിപ്പിക്കാവുന്ന ഒരു സംഭവത്തിന്  കാരണമായി. ലോകത്ത് ആദ്യമായി ഈ അവയവം വിജയകരമായി മാറ്റിവെച്ച ശസ്ത്രക്രിയ നടന്നത് ഗ്രൂറ്റ് ഷൂര്‍ ആശുപത്രിയിലാണ്. ഏത് അവയവം?

7. ഗ്രീക്ക് ഭാഷയില്‍ ചര്‍മപാളി, വീക്കം എന്നീ രണ്ടു വാക്കുകളില്‍നിന്നാണ് മെനിഞൈ്ജറ്റിസ് (Meningitis) എന്ന അസുഖത്തിന് ആ പേര് ലഭിച്ചത്. മെനിഞ്ജസ് എന്ന പാളികള്‍ക്ക് വരുന്ന വീക്കമാണിത്. ശരീരത്തില്‍ എവിടെ കാണപ്പെടുന്ന പാളികളാണ് മെനിഞ്ജസ്? 

8. ചിത്രത്തില്‍ കാണുന്ന ജര്‍മന്‍ ഡോക്ടറായ പോള്‍ ലാങ്കര്‍ഹാന്‍സ് ആണ് 1869-ല്‍ ഈ അവയവത്തിലെ കോശങ്ങളെക്കുറിച്ച് പഠനം നടത്തി, ഇവയുടെ പ്രവര്‍ത്തനങ്ങളെയും ചുമതലകളെയും വിശദീകരിച്ചത്. ഇവയില്‍ കാണപ്പെടുന്ന ആല്‍ഫ കോശങ്ങള്‍, ബീറ്റ കോശങ്ങള്‍ എന്നിവ യഥാക്രമം ഗ്ലൂക്കഗോണ്‍, ഇന്‍സുലിന്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് ഇദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട ഐലറ്റ്‌സ് ഓഫ് ലാങ്കര്‍ഹാന്‍സ് (Islets of Langerhans) സ്ഥിതിചെയ്യുന്നത്?

9. വല എന്നര്‍ഥം വരുന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് കണ്ണുകളിലെ ഈഭാഗത്തിന് അതിന്റെ പേര് ലഭിച്ചത്. ദണ്ഡിന്റെ ആകൃതിയിലുള്ള റോഡ് കോശങ്ങളും കോണിന്റെ ആകൃതിയിലുള്ള കോണ്‍ കോശങ്ങളും കാണപ്പെടുന്ന ഈ അവയവം ഏത്? 

10. മനുഷ്യശരീരത്തിലെ ഏറ്റവും നീളംകൂടിയ പേശിയായ സാര്‍ട്ടോറിയസിന് (Sartorius) ആ പേര് ലഭിച്ചത് ഒരു പ്രത്യേകമേഖലയില്‍ ജോലിചെയ്യുന്നവരില്‍നിന്നാണ്?  ഏതാണീ തൊഴില്‍മേഖല?

ഉത്തരങ്ങള്‍

1. ത്വക്ക്  2. ഡാര്‍വിന്‍സ് റ്റുബര്‍ക്കിള്‍  3. കാലിന്റെ  ഉപ്പൂറ്റിയില്‍  4. മുടി  5. ആദംസ് ആപ്പിള്‍  6. ഹൃദയം  7. തലച്ചോര്‍, സുഷുമ്‌ന എന്നിവിടങ്ങളില്‍  8. പാന്‍ക്രിയാസ്  9. റെറ്റിന 10. തയ്യല്‍

കൂടുതലറിയാം

01. മനുഷ്യശരീരത്തിലെ ഏറ്റവുംവലിയ അവയവവും ത്വക്കാണ്. ഡെര്‍മറ്റോളജി എന്നാല്‍ ത്വക്കിനെക്കുറിച്ചുള്ള  ശാസ്ത്രീയപഠനമാണ്. ത്വക്കിലെ ഡെര്‍മിസ് എന്ന ഭാഗത്തിന്റെ പേരില്‍നിന്നാണ് ഈ പേര് ലഭിച്ചത് . മെലാനോസൈറ്റ് കോശങ്ങളിലുള്ള മെലാനിന്‍ എന്ന വര്‍ണമാണ് ത്വക്കിനും അതിനാല്‍ ശരീരത്തിനും നിറം നല്‍കുന്നത്. മെലാനിന്‍ തീരെ കുറവോ മെലാനിന്‍ ഇല്ലാതിരിക്കുകയോ ആണെങ്കില്‍വരുന്ന അവസ്ഥയാണ്  ആല്‍ബിനിസം.

02. മനുഷ്യശരീരത്തിലെ ഏറ്റവുംചെറിയ അസ്ഥികളായ ഒസ്സിക്കിള്‍സ് (Ossicles) സ്ഥിതിചെയ്യുന്നത് ചെവിയിലാണ്. കുതിരസവാരിക്കാരന്‍ കാല്‍ചവിട്ടുന്ന പടിയാണ് സ്റ്റിറപ്പ് (Stirrup). ഇതിന്റെ ആകൃതിയിലുള്ള  അസ്ഥിയായ സ്റ്റേപിസ്  (Stapes) ആണ് ഏറ്റവുംചെറിയ അസ്ഥി. ശരീരത്തിലെ ഏറ്റവുംവലിയ അസ്ഥി ഫീമര്‍ (Femur) അഥവാ തുടയെല്ല് ആണ്. ചെവിയെക്കുറിച്ചുപഠിക്കുന്ന ശാസ്ത്രശാഖയാണ് ഓട്ടോളജി (Otology).

03. യവനനായകനായ അക്കിലസ്  ശിശുവായിരുന്നപ്പോള്‍ ദിവ്യശക്തി ലഭിക്കാനായി മാതാവ് ഇദ്ദേഹത്തെ തെറ്റിസ് നദിയില്‍ മുക്കി എന്നും കാലിന്റെ ഉപ്പൂറ്റിയില്‍ പിടിച്ചുമുക്കിയതിനാല്‍ അവിടെ മാത്രം ജല സ്പര്‍ശമേറ്റില്ല എന്നും അതിനാല്‍ ആ ഭാഗം മാത്രം ദുര്‍ബലമായി എന്നുമാണ് വിശ്വാസം. ട്രോജന്‍ യുദ്ധത്തിന്റെ അവസാനം കാലിന്റെ ഉപ്പൂറ്റിയില്‍ തറച്ച അസ്ത്രമേറ്റാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. 

04. നരച്ച മുടിയെ വിളിക്കുന്ന ശാസ്ത്രീയ നാമമാണ് കാനിറ്റീസ് (Canities). അറ്റംപിളര്‍ന്ന മുടിയുടെ പേര്  ട്രിക്കോപ്റ്റിലോസിസ് (tricoptilosis). സ്വന്തം മുടി പിഴുതെടുക്കുന്ന അവസ്ഥയാണ് ട്രിക്കോറ്റില്ലോമാനിയ (Trichotillomania). മനുഷ്യരില്‍ കഷണ്ടിയുടെ അളവ് അറിയുന്നതിനായി വികസിപ്പിച്ചെടുത്തതാണ് ഹാമില്‍ട്ടന്‍ -നോര്‍വുഡ് (Hamilton-Norwood) സ്‌കെയില്‍. 

05. ആദമിന്റെ കഥയിലെ വിലക്കപ്പെട്ട കനി ആപ്പിള്‍ അല്ലായിരുന്നു എന്നും അതിന്റെ പേര് പരാമര്‍ശിക്കുന്നില്ല എന്നും പറയപ്പെടുന്നുണ്ട്. ലാറ്റിന്‍ ഭാഷയില്‍നിന്നും  ഹീബ്രുവിലെത്തിയപ്പോള്‍ പരിഭാഷയില്‍  വന്ന തെറ്റാണ് ഇങ്ങനെ ഒരു പേര് ലഭിക്കാന്‍ കാരണം എന്ന് പല ഭാഷാ ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നുണ്ട്. ചെവി, മൂക്ക്, തൊണ്ട എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഓട്ടോ ലാറിങ്കോളജി (Otolaryngology). ഇത്  E.N.T. എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.

06. ആദ്യമായി വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ക്രിസ്ത്യന്‍ ബര്‍നാഡായിരുന്നു. ലൂയിസ്  വാഷ്‌കാന്‍സ്‌കി എന്ന രോഗിയിലാണ് ഇദ്ദേഹം ഡെന്നിസ് ഡാര്‍വാലിന്റെ ഹൃദയം വെച്ചുപിടിപ്പിച്ചത്. കേരളത്തില്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കെ.എന്‍.ഒ.എസ്. (Kerala Network for Organ Sharing) ഇത് മൃതസഞ്ജീവനി എന്ന പേരിലാണ് അറിയപ്പെടുന്നത്. 

07. മെനിഞ്ജസ് പാളികള്‍ മൂന്നെണ്ണമാണുള്ളത്. ഡ്യൂറ മാറ്റര്‍ (dura mater), അരക്‌നോയിഡ് മാറ്റര്‍ (arachnoid mater), പിയ മാറ്റര്‍ (pia mater)  എന്നിവയാണ് അവയുടെ പേരുകള്‍. തലച്ചോറിനെ സംരക്ഷിക്കുന്ന സെറിബ്രോ സ്‌പൈനല്‍ ദ്രാവകം (cerebro - spinal fluid) സ്ഥിതി ചെയ്യുന്നത് മെനിഞ്ജസ് പാളികള്‍ക്കിടയിലാണ്.

08. പ്രമേഹനിയന്ത്രണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍.  ദ്വീപിന്റെ ആകൃതിയിലുള്ള കോശങ്ങള്‍ ആയതിനാലാണ് ഐലറ്റ്‌സ് എന്ന പേര് ലഭിച്ചത്. ഇന്ത്യയില്‍ ശിശുദിനമായി  ആചരിക്കുന്ന നവംബര്‍ 14 അന്തര്‍ദേശീയ പ്രമേഹ ദിനമാണ്. നീലനിറത്തിലുള്ള വലയമാണ് പ്രമേഹത്തിന്റെ ചിഹ്നമായി ലോകമെങ്ങും സ്വീകരിച്ചിരിക്കുന്നത്. ഇന്‍സുലിന്‍ കോശങ്ങളില്‍ ഗവേഷണം നടത്തിയ ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനമായതിനാലാണ് നവംബര്‍ 14 പ്രമേഹദിനമായി ആചരിക്കുന്നത്.

09. കണ്ണിന്റെ ഉള്ളില്‍ പിറകിലായാണ് റെറ്റിന സ്ഥിതി ചെയ്യുന്നത്. കണ്ണുകളുടെ ഉള്‍വശം പരിശോധിക്കാനുള്ള ഉപകരണമാണ് ഓഫ്താല്‍മോസ്‌കോപ്പ്. ഇതിന്റെ ആദ്യ രൂപം കണ്ടുപിടിച്ചത് കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാള്‍സ് ബാബേജാണ്. റോഡ് കോശങ്ങള്‍ ഇരുട്ടിലും കോണ്‍കോശങ്ങള്‍ വെളിച്ചത്തും കാഴ്ചനല്‍കുന്നു.

10. തയ്യല്‍ക്കാര്‍ തയ്ക്കുമ്പോള്‍ അവരുടെ കാലുകള്‍ വെക്കുന്ന ആകൃതിയില്‍നിന്നാണ് പേര് ലഭിച്ചതെന്നും  തയ്യല്‍ക്കാരുടെ റിബ്ബണിന്റെ ആകൃതിയില്‍നിന്നാണ് പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. സാര്‍റ്റോറിയസ് അറിയപ്പെടുന്നത് തയ്യല്‍ക്കാരുടെ പേശി (Tailors Muscle) എന്ന അപരനാമത്തിലാണ്. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി ആണ് ഗ്ലൂട്ടിയസ് മാക്‌സിമസ്. 

 

തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

 

Content Highlights: Quiz Corner, Story of organs and cells, Otolaryngology, Tailors Muscle, cerebro - spinal fluid, Hamilton-Norwood