ഭാരതം ഒരിക്കൽകൂടി ഗാന്ധിജിയെ സ്മരിക്കുന്ന ഈ അവസരത്തിൽ ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചില ഏടുകളുമാണ് ഇത്തവണ ക്വിസ് കോര്‍ണറില്‍.

ചോദ്യങ്ങള്‍

1. പ്രളയംകാരണം വിളകള്‍ക്കുണ്ടായ നാശത്തെത്തുടര്‍ന്ന് ഗുജറാത്തിലെ ഒരു ജില്ലയിലെ കര്‍ഷകര്‍ക്ക് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്നനികുതി അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. നികുതി ഒഴിവാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് കര്‍ഷകര്‍ ചേര്‍ന്ന് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനം അംഗീകരിച്ചില്ലെന്നുമാത്രമല്ല, കര്‍ഷകര്‍ നികുതി അടച്ചില്ലെങ്കില്‍ കൃഷിനിലങ്ങളും വസ്തുക്കളും കണ്ടുകെട്ടുമെന്നും കര്‍ഷകരെ അറസ്റ്റുചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഗാന്ധിജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നേതൃത്വത്തില്‍ കര്‍ഷകര്‍ സംഘടിച്ചുനടത്തിയ സത്യാഗ്രഹം എന്തുപേരിലാണ് അറിയപ്പെടുന്നത് ?

2. ഹിന്ദിക്ക് വലിയ പ്രചാരമില്ലാത്ത ദക്ഷിണേന്ത്യയിലെ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഹിന്ദിഭാഷ പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ 1918-ല്‍ ഗാന്ധിജി ആനി ബസന്റുമൊന്നിച്ച് ആരംഭിച്ചതാണ് ഈ സംഘടന. ആദ്യ അധ്യക്ഷനായ ഗാന്ധിജി മരണംവരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഏതാണീ സംഘടന?  

AO Hume3. ഔദ്യോഗിക രക്ഷാധികാരത്തോടുകൂടി സര്‍വീസില്‍നിന്ന് വിരമിച്ച ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഭാരതീയരുടെ 'മാനസികവും ധാര്‍മികവും സാമൂഹികവും രാഷ്ട്രീയവുമായ പുനര്‍ജന്മത്തിനായി ഒരു സമാജം സംഘടിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റി  കൊല്‍ക്കത്താ സര്‍വകലാശാലയിലെ ബിരുദധാരികള്‍ക്ക് അയച്ച ഒരു തുറന്ന കത്തില്‍ പറഞ്ഞിരുന്നു. പില്‍ക്കാലത്ത് വളര്‍ന്നു പടര്‍ന്നുപന്തലിച്ച ഒരു മഹാപ്രസ്ഥാനത്തിന്റെ അടിത്തറയായി ഭവിച്ചത് ഈ കത്താണ്. ആദ്യ യോഗം 1885 ഡിസംബര്‍ 28-ന് മുംബൈയിലെ ഗോകുല്‍ദാസ് തേജ്പാല്‍ കോളേജില്‍വെച്ചു നടന്നപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 72 പ്രതിനിധികള്‍ പങ്കെടുത്തു. സംഘടന ഏതാണ്? കത്തയച്ച ബ്രിട്ടീഷുകാരനാരാണ്? 1924-ല്‍ ഈ സംഘടനയുടെ അധ്യക്ഷനായത് ആരാണ് ?

4. തന്റെ പതിനഞ്ചാം വയസ്സില്‍ ഗാന്ധിജി നയിച്ച നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ  ഭാഗമായി മാറിയ ഈ ധീരദേശാഭിമാനിയുടെ സ്മാരകം (ഷഹീദ് സ്മാരകം) സ്ഥിതിചെയ്യുന്നത് മധ്യപ്രദേശിലെ ഓര്‍ച്ചയിലെ ഫൂല്‍ ബാഘിലാണ്. ഉറുദുഭാഷയില്‍ 'സ്വാതന്ത്ര്യം' എന്നര്‍ഥംവരുന്ന പേര് സ്വീകരിച്ചു. 2019 ജൂലായ് 23-ന്  ഇദ്ദേഹത്തിന്റെ 113-മത്  ജന്മദിനമായിരുന്നു. ആരാണിദ്ദേഹം ?

5. ലഖ്നൗവില്‍വെച്ചു നടന്ന 1916-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍പ്പോയി  രാജ്കുമാര്‍ ശുക്ല എന്ന വ്യക്തി ഗാന്ധിജിയെ കണ്ടതോടെയാണ് ഗാന്ധിജി ഈ വിഷയത്തെക്കുറിച്ച് അറിയുന്നത്. പ്രസ്തുത സംഭവത്തില്‍ ഗാന്ധിജി, രാജേന്ദ്രപ്രസാദ്, ജെ.ബി. കൃപലാനി എന്നിവര്‍ പങ്കെടുക്കുകയും അത് ഇന്ത്യയൊട്ടുക്കും അറിയപ്പെടുകയും ചെയ്തു. ഈ സംഭവത്തിനുശേഷമാണ് ജനങ്ങള്‍ ഗാന്ധിജിയെ 'ബാപ്പു' എന്ന് വിളിച്ചുതുടങ്ങിയത്. ഇന്ത്യയിലെ ആദ്യത്തെ സിവില്‍ നിയമലംഘനം എന്നറിയപ്പെടുന്ന ഈ സംഭവം തിരിച്ചറിയുക.

Tolstoy6. 'A Letter to a Hindu' എന്ന തലക്കെട്ടോടുകൂടി തരകാനാഥ് ദാസിന് ഇദ്ദേഹം അയച്ച കത്ത് വായിച്ച ഗാന്ധി അത് തന്റെ 'ഇന്ത്യന്‍ ഒപീനിയന്‍' എന്ന പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഇദ്ദേഹത്തോടു അനുമതി തേടി. പിന്നീട് ആ കത്ത് ഗുജറാത്തിഭാഷയിലേക്കും അദ്ദേഹം തര്‍ജമ ചെയ്യുകയുണ്ടായി. പിന്നീട് ഈ വ്യക്തിയുമായി ഗാന്ധിജി നടത്തിയ കത്തിടപാടുകളാണ് ഗാന്ധിജിക്ക് തിരുക്കുറല്‍ പരിചയപ്പെടുത്തിയത്. ആരാണീ വ്യക്തി?

Sarojini Nayidu7. ഗാന്ധിജിക്ക്, ചെവികളുടെ ആകൃതികാരണം ഈ  ഓമനപ്പേര് നല്‍കിയത് ബ്രിട്ടീഷ് പത്രങ്ങളാണ് എന്നാണ് ഒരു കഥ. വിമെന്‍സ് ഇന്ത്യന്‍ അസോസിയേഷന്‍ ആരംഭിക്കുന്നതിന് നിര്‍ണായക പങ്കുവഹിക്കുകയും ഈസ്റ്റ് ആഫ്രിക്കന്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്ത ഈ വനിതയാണ് പേരുനല്‍കിയതെന്നാണ് മറ്റൊരു കഥ. ഏത് ഓമനപ്പേര്? ആരാണീ വനിത?

8. ഈ വ്യക്തി തന്റെ അവസാനനാളുകളില്‍ ശരീരം തളര്‍ന്നുകിടന്നപ്പോള്‍ ഒരാള്‍ ഗാന്ധിജിക്ക് അയച്ച കത്തില്‍ ആ വ്യക്തിയുടെ ഒരു പ്രത്യേക കൃത്യമാണ് ശരീരം തളര്‍ന്നുപോകാന്‍ ഇടയായത് എന്ന് നിരീക്ഷിച്ചു. ഗാന്ധിജിയുടെ മറുപടി താന്‍ അങ്ങനെ കരുതുന്നില്ല എന്നും അങ്ങനെയാണെങ്കില്‍ തനിക്ക് വന്ന രോഗങ്ങള്‍ക്ക് തന്റെ ക്രൂരകൃത്യങ്ങളാണോ കാരണമെന്നും തിരിച്ചുചോദിച്ചു. തന്റെ പ്രഭാഷണങ്ങള്‍ക്ക് പ്രതിഫലമായി ലഭിച്ച തുക തന്റെ ക്രൂരകൃത്യത്തിനിരയായവരുടെ ബന്ധുക്കള്‍ക്ക് നല്‍കാന്‍ ഇദ്ദേഹം തീരുമാനിച്ചപ്പോള്‍ 1921-ല്‍ നവജീവനില്‍ ഗാന്ധിജി ഇതിനെക്കുറിച്ചെഴുതി. ആരാണീ വ്യക്തി ?

9. കിര്യറ്റ് ഗറ്റ് എന്ന നഗരം സ്ഥാപിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ നിര്‍മിച്ച ഗാന്ധി റൗണ്ട് എബൗട്ട് ഗാന്ധിജിയുടെ നൂറ്റിയന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈയിടെ നഗരത്തിലെ ഒരു പ്രധാന ജങ്ഷനിലേക്ക് മാറ്റിസ്ഥാപിച്ചത് ഏത് ഏഷ്യന്‍ രാജ്യമാണ്?

Steve Jobs10. 1999-ല്‍ ടൈം മാഗസിന്‍ ഇദ്ദേഹത്തോട് നൂറ്റാണ്ടിന്റെ വ്യക്തിയായി ആരെ നിര്‍ദേശിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ഇദ്ദേഹം ഗാന്ധിജിയുടെ പേരാണ് പറഞ്ഞത്. ഗാന്ധിജിയോടുള്ള ആദരസൂചകമായി വട്ടക്കണ്ണടകള്‍ ധരിച്ചിരുന്ന ഈ ലോകപ്രശസ്ത ബിസിനസുകാരന്‍ തന്റെ പ്രശസ്തമായ കമ്പനിയുടെ പ്രചാരണ പരിപാടികളിലും ഗാന്ധിജിയുടെ ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ചിരുന്നു. ആരാണീ വ്യക്തി? ഏത് സ്ഥാപനം ?

ഉത്തരങ്ങള്‍

1. ഖേഡ സത്യാഗ്രഹം

Kheda Satyagraha

അമുലിന്റെ ആസ്ഥാനമായ ആനന്ദ് സ്ഥിതി ചെയ്തിരുന്നത് ഖൈര എന്നുമറിയപ്പെട്ടിരുന്ന ഖേഡ ജില്ലയിലായിരുന്നു. ഗാന്ധിജിക്കും പട്ടേലിനും പുറമേ ഇന്ദുലാല്‍ യാഗ്‌നിക്, മഹാദേവ് ദേശായ്, നരഹരി പരീഖ്, രവിശങ്കര്‍ വ്യാസ്, ശങ്കര്‍ലാല്‍ ബാങ്കര്‍, മോഹന്‍ലാല്‍ പാണ്ഡ്യ തുടങ്ങിയവരായിരുന്നു സത്യാഗ്രഹത്തിന്റെ പ്രധാന നേതാക്കള്‍. സത്യാഗ്രഹത്തെത്തുടര്‍ന്ന് വരുംവര്‍ഷത്തെ  നികുതി ഒഴിവാക്കാനും നികുതി വര്‍ധനയുടെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികള്‍ തിരിച്ചുനല്‍കാനും  ബ്രിട്ടീഷുകാര്‍ സമ്മതിച്ചതിനാല്‍ വിജയകരമായി കണക്കാക്കുന്ന  സത്യാഗ്രഹമായിരുന്നു ഇത്.

2. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ

Hindi Prachar sabha

ഗാന്ധിജിയുടെ പുത്രനായ ദേവദാസ് ഗാന്ധിയായിരുന്നു ചെന്നൈ ആസ്ഥാനമായ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ ആദ്യ പ്രചാരകന്‍. 1936-ല്‍ ഈ സംഘടന ആരംഭിച്ച മാസികയാണ് ഹിന്ദി പ്രചാരക്. ഇതിന്റെ കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍   എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദി-മലയാളം ദ്വൈമാസികയാണ് കേരളഭാരതി. 

3. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, അലന്‍ ഒക്ടേവിയന്‍ ഹ്യൂം, ഗാന്ധിജി

ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എ.ഒ.ഹ്യും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. വൊമേഷ് ചന്ദ്രബാനര്‍ജി എന്ന ഡബ്ല്യു.സി.  ബാനര്‍ജിയായിരുന്നു ആദ്യ പ്രസിഡന്റ്. ആദ്യത്തെ വനിതാ പ്രസിഡന്റ് ആനി ബസന്റും. ആദ്യ മുസ്ലിം പ്രസിഡന്റ് ബദറുദ്ദീന്‍ ത്യാബ്ജിയും മലയാളിയായ ആദ്യ പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍ നായരുമായിരുന്നു. 1924-ലെ ബല്‍ഗാം സമ്മേളനത്തിലാണ് ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനംവഹിച്ചത്. 

4. ചന്ദ്രശേഖര്‍ ആസാദ്

ChandraSekhar Azadമധ്യപ്രദേശിലെ ഭാവ്രയില്‍ 1906 ജൂലായ് 23-നാണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹം രക്തസാക്ഷിത്വം വഹിച്ച പ്രയാഗ് രാജിലെ ആല്‍ഫ്രഡ് പാര്‍ക്ക് പിന്നീട് 'ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്ക്' എന്ന് നാമകരണം ചെയ്യപ്പെട്ടു.

5. ചമ്പാരന്‍ സത്യാഗ്രഹം

Chambaran Satyagraha

മഹാത്മാഗാന്ധി ഇന്ത്യയില്‍ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരന്‍ നീലംകര്‍ഷക സമരം. ജമീന്ദാര്‍ക്കും ബ്രിട്ടീഷ് സര്‍ക്കാരിനുംവേണ്ടി നീലം കൃഷിചെയ്യാന്‍ ഭൂമി മാറ്റിവെക്കണമെന്ന നിയമം തീന്‍ കഥിയാ വ്യവസ്ഥ എന്നാണ് അറിയപ്പെട്ടിരുന്നത്. നീലം കൃഷിചെയ്ത മണ്ണില്‍ മറ്റ് ഭക്ഷ്യവിളകള്‍ വളരുകയില്ലെന്നറിയാമായിരുന്നിട്ടും  ബ്രിട്ടീഷുകാരും ജന്മികളും പാവപ്പെട്ട കര്‍ഷകരെ നീലം കൃഷിചെയ്യാന്‍ നിര്‍ബന്ധിക്കുകയും കര്‍ഷകര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സത്യാഗ്രഹത്തിലേക്ക് നയിച്ച സംഭവങ്ങള്‍ അരങ്ങേറിയത്.

6. ലിയോ ടോള്‍സ്റ്റോയ്

തിരുക്കുറലിനെ 'ഹിന്ദുകുറല്‍' എന്നായിരുന്നു ടോള്‍സ്റ്റോയ് വിശേഷിപ്പിച്ചിരുന്നത്. ആ കാലഘട്ടങ്ങളില്‍ ജയിലിലായിരുന്ന അവസരങ്ങളില്‍ ഗാന്ധിജി തിരുക്കുറല്‍ വായിക്കുക ഒരു ശീലമാക്കിയിരുന്നു.  

7. മിക്കി മൗസ്, സരോജിനി നായിഡു

1905-ല്‍ പുറത്തിറങ്ങിയ 'The Golden Threshold' ആണ് ഇവരുടെ ആദ്യത്തെ കവിതാസമാഹാരം. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാപ്രസിഡന്റുമായിരുന്നു അവര്‍. ഗാന്ധിജി 'ഭാരത കോകില'മെന്ന്  വിളിച്ച സരോജിനി നായിഡു ഇന്ത്യയുടെ വാനമ്പാടി, ഏഷ്യയുടെ പൂങ്കുയില്‍ എന്നും അറിയപ്പെടുന്നു. 1931-ല്‍ മദന്‍മോഹന്‍ മാളവ്യയ്ക്കും ഗാന്ധിജിക്കുമൊപ്പം രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

8. റെജിനാള്‍ഡ് ഡയര്‍

Reginald Dyerറെജിനാള്‍ഡ് ഡയര്‍ തന്റെ പ്രസംഗങ്ങളില്‍നിന്ന് ലഭിച്ച തുക ജലിയന്‍വാലാ ബാഗില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ആ തുക ഇന്ത്യയിലെ ബ്രിട്ടീഷ് ഓഫീസര്‍മാരുടെ ചികിത്സാ ഫണ്ടിലേക്കാണ് നല്‍കിയത്. ബ്രിഗേഡിയര്‍ ജനറല്‍ ആയിരുന്ന റെജിനാള്‍ഡ് ഡയറിന്റെ  നേതൃത്വത്തിലാണ് ജലിയന്‍വാലാബാഗില്‍വെച്ച് നൂറുകണക്കിനാളുകളെ കൂട്ടക്കൊല നടത്തിയത്. ഇതിനു അനുമതി നല്‍കിയ വ്യക്തിയാണ് കൂട്ടക്കൊലയ്ക്ക് ഡയറിന് ഉത്തരവുനല്‍കിയ പഞ്ചാബിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന മൈക്കല്‍ ഒ ഡ്വയര്‍ രചിച്ച പുസ്തകമാണ് 'India as I knew it' 

9. ഇസ്രയേല്‍

Gandhi statue at Israel

ഇന്ത്യയുടെ രാഷ്ട്രപിതാവിന് ആദരസൂചകമായി ഇസ്രായേല്‍ നഗരത്തില്‍ റൗണ്ട് എബൗട്ട് ഉദ്ഘാടനം ചെയ്തു.  രണ്ടായിരത്തോളം ജൂതമതവിശ്വാസികള്‍ താമസിക്കുന്ന കിര്യറ്റ് ഗറ്റ് എന്ന നഗരമാണ് ഗാന്ധിക്ക് ആദരസൂചകം പണിതത്.

10. സ്റ്റീവ് ജോബ്‌സ്, ആപ്പിള്‍

ആപ്പിള്‍ കംപ്യൂട്ടറിന്റെ തിങ്ക് ഡിഫറന്റ് എന്ന പ്രചാരണ പരിപാടികളിലാണ് ഗാന്ധിജിയുടെ വാക്കുകളും ചിത്രങ്ങളും  ഉള്‍പ്പെടുത്തിയത്. 

തയ്യാറാക്കിയത് - സ്‌നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

Content Highlights: Special Quiz on 150th Birth Anniversary of Gandhi