ന്ദ്രനെക്കുറിച്ച് കൂടുതല്‍ അറിയാനായി ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-2  വിജയക്കുതിപ്പുതുടങ്ങി. ഇന്ത്യയ്ക്ക് അഭിമാനത്തിന്റെ നിമിഷമാണിത്. ചന്ദ്രോപരിതലത്തില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയത് അമേരിക്കന്‍ സമയം 1969 ജൂലായ്  20-ന് അര്‍ധരാത്രി കഴിഞ്ഞാണ്. ഇന്ത്യന്‍ സമയം  അനുസരിച്ച്  ജൂലായ്  21-നാണിത്. ജൂലായ്  20-ന് പല രാജ്യങ്ങളും ദേശീയ ചാന്ദ്രദിനമായി ആചരിക്കുന്നതും ജൂലായ്  21 ലോക ചാന്ദ്രദിനമായി  ആചരിക്കുന്നതും അതുകൊണ്ടുതന്നെ. ചന്ദ്രനുമായി ബന്ധപ്പെട്ട് കുറെ രസകരമായ കഥകളുമുണ്ട്. ഇത്തരം കഥകളില്‍ ചിലതാണ് ഇത്തവണ ക്വിസ് കോര്‍ണറില്‍... 

ചോദ്യങ്ങള്‍

1. ഗ്രീക്ക് പുരാണങ്ങളില്‍ സിയൂസിന്റെയും ലെറ്റോയുടെയും പുത്രിയാണ് ഈ കഥാപാത്രം. നായാട്ട്, വന്യജീവികള്‍ തുടങ്ങിയവയുടെ ദേവതയായ ഇവര്‍ പെണ്‍കുട്ടികളുടെ സംരക്ഷകയും യുവതികള്‍ക്ക് രോഗങ്ങള്‍, രോഗശാന്തി എന്നിവ  പ്രദാനം ചെയ്യാന്‍ കഴിവുള്ളവളും ആയിരുന്നു. പ്രാചീനകാലത്തെ സപ്താദ്ഭുതങ്ങളിലൊന്ന് ഇവരുടെ പേരിലുള്ള ക്ഷേത്രമായിരുന്നു. ഈ കഥാപാത്രത്തിന്റെ പേര് ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഥാപാത്രമേത്?

2. ശാസ്ത്രസാങ്കേതികരംഗത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തികളിലൊരാളായ  ഇദ്ദേഹം തന്റെ  യഥാര്‍ഥ പേര് 1980-കളില്‍ മാറ്റി. പേരിന്റെകൂടെ പുതിയതായി ഒരു വാക്ക് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിന്റെ സഹോദരി, 'ബ്രദര്‍' എന്നതിനെ തെറ്റായി ഉച്ചരിച്ച  പേരാണ് അദ്ദേഹം സ്വന്തം പേരിന്റെ കൂടെ സ്വീകരിച്ചത്. ആരാണിദ്ദേഹം?

3. ''It's almost like a powder. Ground mass is very fine. I'm going to step off the LM now.'' ഈ വാക്കുകള്‍ നമുക്ക് അത്ര പരിചയമില്ലെങ്കിലും ഇതിനുശേഷം ഈ വ്യക്തി പറഞ്ഞ വാക്കുകള്‍ ലോകപ്രശസ്തമാണ്. ഏതുവ്യക്തി? എന്താണ് ഇതിനുശേഷം പറഞ്ഞ പ്രശസ്തമായ വാക്യം? 

4. ആദ്യമായി ചന്ദ്രോപരിതലം സ്പര്‍ശിച്ച മനുഷ്യനിര്‍മിതവസ്തു 1959-ല്‍ ചന്ദ്രോപരിതലത്തില്‍ വന്നിടിച്ച് തകരുകയാണുണ്ടായത്. ഇതേവര്‍ഷംതന്നെ മറ്റൊരു മനുഷ്യനിര്‍മിത ശൂന്യാകാശയാനം ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമല്ലാത്ത വശത്തിന്റെ ചിത്രം എടുക്കുന്നതില്‍ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ല്‍ ചന്ദ്രനിലിറങ്ങിയ മറ്റൊരു സ്‌പേസ് ക്രാഫ്റ്റിന് അവകാശപ്പെട്ടതാണ്. എന്ത് പേരിലാണ് ഇവയെല്ലാം അറിയപ്പെടുന്നത്?

5. അപ്പോളോ പരമ്പരയിലെ ആറു വിക്ഷേപണങ്ങളില്‍നിന്നായി ചന്ദ്രനില്‍ ഇറങ്ങിയ പന്ത്രണ്ട് പേരില്‍ ഏറ്റവും അവസാനമായി കാലുകുത്തിയ വ്യക്തിയാര്?

6. Jöns Jacob Berzelius 1817-ല്‍ കണ്ടെത്തിയ ഈ മൂലകത്തിന്റെ ആറ്റോമികസംഖ്യ 34 ആണ്. മുന്പ് കണ്ടെത്തിയ, ഭൂമിയുടെപേരില്‍ നാമകരണംചെയ്ത ടെലൂറിയം എന്ന മൂലകത്തോടുള്ള സാമ്യം കാരണമാണ് അദ്ദേഹം ഈ മൂലകത്തിന് പേരുനല്‍കിയത്. ഏതാണീ മൂലകം? 

7. പുരാണത്തില്‍ ഇങ്ങനെ ഒരു കഥയുണ്ട്: കുബേരന്‍ നല്‍കിയ വമ്പന്‍ സദ്യ വയറുനിറയെ കഴിച്ച് തന്റെ വാഹനമായ എലിയുടെ പുറത്തുകയറി വരുകയായിരുന്നു ഗണപതി. ആ സമയത്ത് ഒരു പാമ്പ് മുന്നില്‍വരുകയും എലി പേടിച്ചോടിപ്പോവുകയും ചെയ്തു. എലിയുടെ പുറത്തുനിന്നു വീഴുന്ന ഗണപതി കഴിച്ചതെല്ലാം അവിടെ ഛര്‍ദിച്ചു. ഇതുകണ്ട ചന്ദ്രന്‍ കളിയാക്കിച്ചിരിച്ചെന്നും അതില്‍ കുപിതനായ ഗണപതി തന്റെ കൊമ്പ് പൊട്ടിച്ച് ചന്ദ്രനെ എറിഞ്ഞെന്നുമാണ് കഥ. വിനായകചതുര്‍ഥി ദിനത്തില്‍ ഇതുമായി ബന്ധപ്പെട്ട വിശ്വാസമുണ്ട്. എന്താണത്?

8. International Astronomical Union ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ക്ക് (craters) പലപ്പോഴും വ്യക്തികളുടെ പേരുനല്‍കാറുണ്ട്. ആയിരക്കണക്കിന് വ്യക്തികളില്‍ ഭാരതവുമായി ബന്ധമുള്ള പേരുകളായ സീത, ആര്യഭട്ട, സി.വി. രാമന്‍, ഹോമി ജെ. ബാബ, വിക്രം സാരാഭായി, മേഘനാദ് സാഹ എന്നിവയുമുണ്ട്. ഈ ബഹുമതിക്ക് അര്‍ഹനായ ആദ്യ ബോളിവുഡ് താരം ആരാണ്?

9. Armalcolite, Tranquillityite, Pyroxferroite എന്നിവ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ ധാതുക്കളാണ്. ഇവയില്‍  ടൈറ്റാനിയം ധാരാളമായി അടങ്ങിയ Armalcolite അഗ്‌നിപര്‍വതങ്ങളിലും ചിലയിനം പാറകളിലുമൊക്കെ കണ്ടെത്തുകയുണ്ടായി. Armalcolite എന്ന പേരിന്റെ ഉദ്ഭവമെന്താണ് ?  

10. Things to Come (1936), Melody Time (1948), 2001: A Space Odyssey (1968), Superman II (1980), Superman IV: The Quest for Peace (1987), Star Trek: First Contact (1996), Starship Troopers (1997) തുടങ്ങി ഒട്ടേറെ സിനിമകളില്‍ ചന്ദ്രന്‍ ഒരു പ്രമേയമായിവരുന്നുണ്ട്. 1895-ലെ ഒരു നോവലിനെ അടിസ്ഥാനമാക്കി 2002-ല്‍ പുറത്തിറങ്ങിയ ഏത് സിനിമയിലാണ് കോളനിവത്കരിക്കാനുള്ള മനുഷ്യരുടെ ശ്രമഫലമായി അബദ്ധവശാല്‍ ചന്ദ്രന്‍ നശിപ്പിക്കപ്പെടുന്നത് പ്രമേയമായിട്ടുള്ളത്? 

Chandrayaan 2

ഉത്തരങ്ങള്‍

1. ആര്‍തെമിസ്
നാസയുടെ ഇതുവരെയുളള ചാന്ദ്രദൗത്യങ്ങള്‍ക്ക് പേര് അപ്പോളോ എന്നായിരുന്നു. ഇനി നടക്കാനിരിക്കുന്ന ദൗത്യത്തിന് ആര്‍തെമിസ് എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഗ്രീക്ക് പുരാണത്തിലെ അപ്പോളോ ദേവന്റെ സഹോദരിയാണ് Artemis. പുതിയ ദൗത്യത്തില്‍ ഒരു സ്ത്രീകൂടി ഉണ്ടാവുമെന്നതിനാലാണ് പേരുമാറ്റം.

2. എഡ്വിന്‍ ആല്‍ഡ്രിന്‍
ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയായ എഡ്വിന്‍ ആല്‍ഡ്രിന്റെ സഹോദരി, ബ്രദര്‍ എന്നത് തെറ്റായി ഉച്ചരിച്ചത് ബസ്സര്‍ എന്നായിരുന്നു. അതില്‍നിന്നാണ് ബസ്സ് എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അമ്മയുടെ പേര്  മരിയന്‍ മൂണ്‍ എന്നായിരുന്നു. നീല്‍ ആംസ്ട്രോങ്ങിനുശേഷം  ചന്ദ്രനിലിറങ്ങിയ ആല്‍ഡ്രിന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ''മനോഹരം... മനോഹരം... ഗംഭീരമായ ശൂന്യത''. ആംസ്ട്രോങ്ങിനെയും ആല്‍ഡ്രിനെയും കൂടാതെ അപ്പോളോ 11 ദൗത്യത്തില്‍ ഉണ്ടായിരുന്ന മൂന്നാമത്തെ ആളാണ് മൈക്കല്‍ കോളിന്‍സ്. വാഹനം നിയന്ത്രിക്കേണ്ടിയിരുന്നതിനാല്‍ അദ്ദേഹം ചന്ദ്രനില്‍ ഇറങ്ങിയില്ല. 

3. നീല്‍ ആംസ്‌ട്രോങ്: That's one small step for man; one giant leap for mankind
 ''ഇത് മനുഷ്യന്റെ ഒരു ചെറിയ കാല്‍വെപ്പ്, മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും'' എന്ന ആംസ്‌ട്രോങ്ങിന്റെ വാക്കുകള്‍  ലോകമെങ്ങും പ്രശസ്തമായി. ഈഗിള്‍ എന്ന ചാന്ദ്രപേടകത്തില്‍ യാത്രതിരിച്ച ആംസ്‌ട്രോങ്, ആള്‍ഡ്രിന്‍, കോളിന്‍സ്  എന്നിവര്‍ ചന്ദ്രനില്‍  പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് ഇറങ്ങിയത് (ആംസ്‌ട്രോങ്, ആള്‍ഡ്രിന്‍). തിരിച്ച് പസിഫിക് സമുദ്രത്തില്‍ ഇറങ്ങിയ അവരെ ഹോര്‍ണറ്റ് എന്ന കപ്പലില്‍ എത്തിച്ചെങ്കിലും  18 ദിവസത്തേക്ക്  ബാഹ്യലോകവുമായി അടുത്തുപെരുമാറാന്‍  അനുവാദം നല്‍കിയില്ല. അജ്ഞാതമായ ഏതെങ്കിലും രോഗാണുക്കള്‍ അവരുടെ വസ്ത്രങ്ങളിലോ ശരീരത്തിലോ ഇല്ല എന്ന് ഉറപ്പുവരുത്താന്‍വേണ്ടിയായിരുന്നു ഇത്. 

4. ലൂണ 
ശൂന്യാകാശത്തെ ഏതെങ്കിലുമൊരു വസ്തുവില്‍ ആദ്യം   സ്പര്‍ശിച്ച മനുഷ്യനിര്‍മിത ഉപകരണമാണ് ലൂണ 2. ചിത്രങ്ങളെടുത്തത് ലൂണ 3 ആണെങ്കില്‍ 1966-ല്‍ ചന്ദ്രനിലിറങ്ങിയത് ലൂണ 9 ആയിരുന്നു.

 5. യൂജിന്‍ സര്‍ണാന്‍ 
 അപ്പോളോ 17 എന്ന വാഹനത്തില്‍ യാത്രതിരിച്ച ഇദ്ദേഹം  1972 ഡിസംബറിലാണ് ചന്ദ്രനിലിറങ്ങിയത്. Eugene Andrew Cernan എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമം. 

 6. സെലീനിയം 
 ചന്ദ്രനെ സൂചിപ്പിക്കുന്ന ഗ്രീക്ക് ദേവതയാണ് സെലീന്‍. Selene, Artemis, Hecate എന്നീ മൂന്നുപേരെയും ചന്ദ്രന്റെ പ്രതിരൂപങ്ങളായി ഗ്രീക്കുകാര്‍ വിശേഷിപ്പിക്കാറുണ്ടെങ്കിലും സലീനെ ചന്ദ്രനായി തന്നെ കരുതപ്പെടുന്നു.  ചന്ദ്രനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് സെലീനോളജി. സെലീന്‍ എന്ന പേരിന് സമാനമായ റോമന്‍ പേരാണ് ലൂന. ഇരുപത്തൊന്നാമത്തെ അമിനോ ആസിഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംയുക്തമാണ് സെലീണോ സിസ്റ്റീന്‍. 

 7. വിനായകചതുര്‍ഥി ദിനത്തില്‍ ചന്ദ്രനെ ദര്‍ശിക്കാന്‍ പാടില്ല എന്ന വിശ്വാസം
 ഗണപതി അന്ന് കൊമ്പുകൊണ്ട് എറിഞ്ഞതാണ് നമ്മള്‍ ഭൂമിയില്‍നിന്നു നോക്കിയാല്‍ കാണുന്ന കലയും ഗര്‍ത്തങ്ങളും ഉണ്ടാവാന്‍ കാരണം എന്നാണ് ഐതിഹ്യം. ഇസ്ലാമില്‍ ചന്ദ്രനെ ദൈവത്തിന്റെ ഒരു ചിഹ്നമായി കണക്കാക്കുന്നു. റംസാന്‍ മാസത്തിന്റെ ആരംഭം, അവസാനം എന്നിവ നിര്‍ണയിക്കുന്നതില്‍ ചന്ദ്രന്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഒട്ടേറെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ പതാകകളിലും മറ്റു ചിഹ്നങ്ങളിലും അര്‍ധചന്ദ്രന്റെ രൂപം കാണാം.  

 8. ഷാരൂഖ് ഖാന്‍  
 ന്യൂയോര്‍ക്കിലെ International Lunar Geographic Society ആണ് ഷാരൂഖ് ഖാന്റെ 44-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഈ പ്രഖ്യാപനം നടത്തിയത്. പിന്നീട് International Astronomical Union 2009-ല്‍ ഇത് ഔദ്യോഗികമായി അംഗീകരിച്ചു.

 9. 1969-ലെ ചാന്ദ്രദൗത്യത്തിലെ അംഗങ്ങളുടെ പേരുകളില്‍ നിന്നും  
 Neil Armstrong-ലെ Arm, Buzz Aldrin-ലെ Al, Michael Collins-ലെ Col എന്നിവ മൂന്നും ചേര്‍ത്താണ് ഈ പേര് നല്‍കിയത്.

 10. The Time Machine  
 H.G. Wells-ന്റെ നോവലിനെ ആസ്പദമാക്കി അദ്ദേഹത്തിന്റെ ചെറുമകന്‍ Simon Wells സംവിധാനംചെയ്ത ഈ സിനിമ ഓസ്‌കറിനു നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇന്ത്യന്‍ സിനിമകളിലും സാഹിത്യകൃതികളിലും സംഗീതങ്ങളിലുമെല്ലാം ചന്ദ്രന്റെ സ്വാധീനം പലരീതിയിലും കാണാം.

(തയ്യാറാക്കിയത് - സ്‌നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

Content Highlights: Quiz on Moon Expedition and Related Stories