ചോദ്യങ്ങള്‍

 1. 1929-ൽ ബാംഗ്ലൂരിൽ ജനിച്ച ഇവർ, 1980-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്നത്തെ തെലങ്കാനയുടെ ഭാഗമായ മേദക്കിൽ ഇന്ദിരാഗാന്ധിയുടെ എതിരാളിയായി ഒരു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു. ആസ്ട്രോളജിക്കൽ കൺസൽട്ടന്റ് എന്ന നിലയിലും കുറച്ചു കാലം ജോലിചെയ്തിരുന്ന ഇവരുടെ കണക്കിലെ പ്രാഗല്‌ഭ്യം കൊണ്ട് ജർമനിയിൽെവച്ച് ഇവർക്ക് ഒരു മെഴ്സിഡസ് ബെൻസ് സമ്മാനമായി ലഭിക്കുകയുണ്ടായി. ഇലക്‌ഷനിൽ പരാജയപ്പെട്ടുവെങ്കിലും ഈ വ്യക്തി ഗണിത ലോകത്തിനു ഒഴിച്ചുകൂടാൻ പറ്റാത്ത ഒരാളാണ്. ആരാണിവർ?
 2. പ്രശസ്ത ഗണിത ശാസ്ത്രജ്ഞന്റെ പ്രധാനപ്പെട്ട കൃതിയിലെ അധ്യായങ്ങളാണ് ബീജഗണിതം, ഗോളധ്യായം, ഗ്രഹഗണിതം എന്നിവ. ഇതിലെ ആദ്യത്തെ അധ്യായം അക്ബറിന്റെ കാലത്ത്‌ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു പെൺകുട്ടിയെ ഗണിതം പഠിപ്പിക്കുന്ന രീതിയിലാണ് ഈ പാഠഭാഗം അവതരിപ്പിച്ചിട്ടുള്ളത്. ഈ പാഠഭാഗത്തിന്റെ പേരെന്ത്?
 3. ടെട്രാക്ടൈസ് ആണ് ഈ മതത്തിന്റെ വിശുദ്ധ ചിഹ്നം. 10 ബിന്ദുക്കളെ നാലു വരികളിലായി ക്രമീകരിച്ച ഒരു ത്രികോണമാണ് ടെട്രാക്ടൈസ്. 10 ഈ മതത്തിലെ വിശുദ്ധസംഖ്യയാണ്. 7 ജ്ഞാനത്തിനെയും 8 നീതിയെയും സൂചിപ്പിക്കുന്നു. വിചിത്രമായ ഈ മതത്തിന്റെ പേരെന്ത്?
 4. ജൂലിയസ് സീസർ ഈ ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തത്തിൽ നിന്ന്‌ പ്രചോദനമുൾക്കൊ ണ്ടാണ് അധിവർഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജൂലിയൻ കലണ്ടർ നിർമിച്ചത്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ് അളന്ന ഈ ശാസ്ത്രജ്ഞൻ ഒരു വർഷത്തിൽ 365 1/4 ദിവസങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാ നാലാമത്തെ വർഷവും 366 ദിവസങ്ങളുള്ള അധിവർഷമാണെന്നും  കണ്ടെത്തിയത് ജൂലിയസ് സീസർ ജീവിച്ചതിനും രണ്ടു നൂറ്റാണ്ട് മുൻപാണ്. ഏതാണീ ശാസ്ത്രജ്ഞൻ?
 5. പ്രാചീന ഭാരതത്തിൽ നിലനിന്നിരുന്ന ഈ കാലഗണനാ രീതി നിർമിച്ചിട്ടുള്ളത് ആര്യഭടന്റെ ആര്യഭടീയത്തെ ആസ്പദമാക്കിയാണ്. ഒരു നിശ്ചിത സമയത്തെ സൂര്യചന്ദ്രന്മാരുടെ സ്ഥാനമാണ് ഇതിന്റെ അടിസ്ഥാനം. കേരളത്തിലെ കൊല്ലവർഷവും ഈ രീതിയെ ആസ്പദമാക്കിയുള്ളതാണ്. ഈ കാലഗണനാരീതിയുടെ പേരെന്ത്?
 6. ജീവശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഒട്ടേറെ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനായിരുന്നു ജി.എച്ച്. ഹാർഡി. അസുഖബാധിതനായിരുന്ന തന്റെ ശിഷ്യനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയ ഹാർഡിയുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽനിന്നാണ് പിൽക്കാലത്തു ടാക്സിക്യാബ് സംഖ്യകൾ എന്ന ഒരു വിഭാഗം ഉണ്ടായത്. ഈ കണ്ടുപിടിത്തം ഹാർഡിയുടെയും ശിഷ്യന്റെയും പേരിൽ ആണ് അറിയപ്പെടുന്നത്? ആരായിരുന്നു ആ ശിഷ്യൻ?
 7. ഗണിതശാസ്ത്രത്തിൽ ജ്യാമിതിയും ബീജഗണിതവുമായിരുന്നു ഈ ശാസ്ത്രജ്ഞന്റെ ഇഷ്ടമേഖലകൾ. 1650-ൽ സ്റ്റോക്ക്ഹോമിലാണ് ഇദ്ദേഹം മരിച്ചത്. 16 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്തു പാരീസിലേക്കു കൊണ്ടുപോയി. ഫ്രഞ്ച്  വിപ്ലവത്തിന്റെ കാലത്ത്‌ അവ ഒരു ഈജിപ്ഷ്യൻ ശവക്കല്ലറയ്ക്കുള്ളിലായിരുന്നു. പതിറ്റാണ്ടുകൾക്കുശേഷം സംസ്കാരച്ചടങ്ങുകൾ നടത്താൻ നോക്കിയപ്പോൾ അവയിൽ തലയോട്ടിയും മറ്റ്‌ എല്ലുകളും നഷ്ടപ്പെട്ടിരുന്നു. പാരീസിലെ തന്നെ ഒരു മ്യൂസിയത്തിലാണ് ഇപ്പോൾ ഈ തലയോട്ടിയുള്ളത്. ആരാണ് ഈ ശാസ്ത്രജ്ഞൻ?
 8. കലനം അഥവ കാൽക്കുലസിൽ ഈ ശാസ്ത്രജ്ഞൻ വളരെയേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. 1643-ൽ ഇദ്ദേഹം ജനിക്കുമ്പോൾ ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നിട്ടില്ലായിരുന്നു. ക്രിസ്തുമസിന് ജനിച്ചു, പുതുവർഷ ദിനത്തിൽ ജ്ഞാനസ്നാനം ചെയ്തു എന്നാണ് രേഖകളിൽ പറയുന്നത്. ഗ്രിഗോറിയൻ കലണ്ടർ വന്നതോടെ 11 ദിവസത്തിന്റെ വ്യത്യാസം വരുകയും ഇദ്ദേഹത്തിന്റെ ജന്മദിനം ജനുവരി 4 ആവുകയും ചെയ്തു. ഈ പ്രശസ്ത ശാസ്ത്രജ്ഞൻ ആര്?
 9. അംബറിലെ ജയ്‌  രണ്ടാമന്റെ സദസ്യനായിരുന്ന പണ്ഡിറ്റ് ജഗന്നാഥ സാമ്രാട്ട് എഴുതിയ ഗണിതഗ്രന്ഥമാണ് രേഖാഗണിതം. നാസിർ അൽ ദിൻ അൽ തുസിയുടെ അറബി പരിഭാഷയുടെ സംസ്കൃത പരിഭാഷയാണ് രേഖാഗണിതം. ഇതിന്റെ മൂലകൃതി, ബൈബിളിനു ശേഷം ഏറ്റവുമധികം പരിഭാഷപ്പെടുത്തിയത് എന്ന വിശേഷണമുള്ള ഒരു കൃതിയാണ്. ഏതു വിഖ്യാത ഗണിതഗ്രന്ഥമാണ് ഇത്?
 10. എന്‍റെ വൃത്തങ്ങളെ ശല്യപ്പെടുത്തരുത് എന്നതായിരുന്നുവത്രെ ഈ പ്രശസ്ത ശാസ്ത്രജ്ഞന്റെ അവസാനവാക്കുകൾ. സിറാക്യൂസ്‌ ഉപരോധത്തിനിടയിൽ ഒരു റോമൻ സൈനികനാൽ വധിക്കപ്പെട്ട ഈ വ്യക്തി ഇറാത്തോെസ്തനിസിന്റെയും കോനോനിന്റെയും ശിഷ്യനായിരുന്നു. ഏതാണീ ശാസ്ത്രജ്ഞൻ?

ഉത്തരങ്ങൾ

1. ശകുന്തളാദേവി 
2. ലീലാവതി
3. പൈതഗോറിയനിസം
4. ഇറാത്തോസ്തെനിസ് 
5. പഞ്ചാംഗം 
6. ശ്രീനിവാസ രാമാനുജൻ 
7. റെനേ ദെക്കാർത്തെ 
8. ഐസക് ന്യൂട്ടൻ
9. യൂക്ലിഡിന്റെ എലമെന്റ്‌സ്
10. ആർക്കിമിഡീസ്

കൂടുതലറിയാം

 1. മനുഷ്യ കംപ്യൂട്ടർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശകുന്തളാ ദേവി ഒരു ജൗതിഷി കൂടിയായിരുന്നു. സംഖ്യകളെക്കുറിച്ചുള്ള പുസ്തകങ്ങൾക്ക് പുറമേ അസ്ട്രോളജി ഫോർ യു എന്ന ഒരു പുസ്തകവും ശകുന്തളാ ദേവി എഴുതിയിട്ടുണ്ട്.
 2. ലീലാവതി ഭാസ്കരാചാര്യന്റെ മകളായിരുന്നുവത്രെ. ജാതകദോഷം മൂലം കല്യാണം നടക്കാതിരുന്ന മകളുടെ സങ്കടം മാറ്റാനാണ് സിദ്ധാന്ത ശിരോമണി എന്ന കൃതിയുടെ ആദ്യത്തെ അധ്യായത്തിനു ആ പേരു നൽകിയത്.
 3. വിചിത്രമായ ആചാരങ്ങളാണ് പൈതഗോറസ് മതത്തിലുള്ളത്. ഈ മതത്തിൽ ചേരുന്നവർ ആദ്യത്തെ അഞ്ചുവർഷങ്ങൾ പൂർണമായും മൗനം ആചരിക്കണമത്രെ. ഗണിത സിദ്ധാന്തങ്ങൾക്ക് പരിഹാരം കണ്ടുപിടിച്ചാൽ കന്നുകാലികളെ ബലി നൽകിയാണ് അവർ അത് ആഘോഷിക്കുന്നത്.
 4. ‘ഇറാത്തോെസ്തനീസിന്റെ അരിപ്പ’ ഗണിതശാസ്ത്രത്തിലെ ഒരു നാഴികക്കല്ലാണ്. അവിഭാജ്യസംഖ്യകളെ കണ്ടുപിടിക്കാൻ ഇന്നും ഈ വഴി ഉപയോഗിക്കാറുണ്ട്.
 5. ആഴ്ച, തിഥി, നക്ഷത്രം, നിത്യയോഗം, കരണം എന്നീ അഞ്ചു ഘടകങ്ങൾ ചേർന്നതാണ് പഞ്ചാംഗം. ഘനമൂലവും വർഗമൂലവും കണ്ടെത്താനുള്ള മാർഗങ്ങൾ കണ്ടെത്തിയത് ആര്യഭടനാണ്. ഗണിതശാസ്ത്രത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ആര്യഭടന്റെ പേരാണ് ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിനു നൽകിയത്.
 6. 1729 ആണ്‌ രണ്ടു ഘനങ്ങളുടെ(ക്യൂബ്) തുകയായി രണ്ടുതരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയസംഖ്യ. ഈ സംഖ്യ രാമാനുജൻ- ഹാർഡി സംഖ്യ എന്നറിയപ്പെടുന്നു. ഹാർഡി രാമാനുജനെ സന്ദർശിച്ചപ്പോൾ ഉയോഗിച്ച ക്യാബിന്റെ നമ്പർ ആയിരുന്നു 1729.  രാമാനുജൻ ജനിച്ച ഡിസംബർ 22 ഇന്ത്യയിൽ ദേശീയ ഗണിതശാസ്ത്ര  ദിനമായി ആചരിക്കുന്നു. രാമാനുജന്റെ ജീവിതത്തെ ആസ്പദമാക്കി 2015-ൽ പുറത്തിറങ്ങിയ സിനിമ ആണ് The Man Who Knew Infinity.
 7. അനലിറ്റിക് ജ്യോമെട്രിയുടെ പിതാവാണ് റെനേ ദെക്കാർത്തെ. വിചിത്രമായൊരു ഉറക്കശീലമുണ്ടായിരുന്ന വ്യക്തിയായിരുന്നു ദെക്കാർത്തെ. പകൽ സമയങ്ങളിൽ ഉറങ്ങി,  രാത്രിയിൽ തന്റെ ഗവേഷണങ്ങളിൽ മുഴുകുന്നതായിരുന്നു ദെക്കാർത്തെയുടെ രീതി. പിൽക്കാലത്തു ക്രിസ്റ്റിന രാജ്ഞിക്കു വേണ്ടി ഈ ഉറക്കരീതിയിൽ മാറ്റങ്ങൾ വരുത്തിയത് അദ്ദേഹത്തിന്റെ പ്രതിരോധശക്തിയെ ബാധിക്കുകയും മരണ കാരണമായി എന്നും അതല്ല അതൊരു വധശ്രമമായിരുന്നു എന്നും പല കഥകൾ ദെക്കാർത്തെയുടെ മരണത്തിനു പിന്നിലുണ്ട്. ‘ഐ തിങ്ക്‌ ദേർ ഫോർ ഐ ആം’ എന്ന പ്രശസ്ത ഉദ്ധരണി റെനേ ദെക്കാർത്തെയുടേതാണ്. ഇതിനെ അനുസ്മരിപ്പിച്ച്‌ ‘ഐ ക്വിസ്  ദേർ ഫോർ ഐ ആം’ എന്ന പേരിൽ കേരളത്തിലെ പല ജില്ലകളിലും ക്വിസ് കൂട്ടായ്മകൾ നിലവിലുണ്ട്.
 8. ഭൗതികശാസ്ത്രത്തിനു പുറമേ ഗണിത ശാസ്ത്രത്തിലും സർ ഐസക് ന്യൂട്ടന്റെ സംഭാവനകൾ ഉണ്ട്. കാൽക്കുലസിന്റെ പിതാവായാണ് ന്യൂട്ടൻ അറിയപ്പെടുന്നത്. പാർലമെന്റ് അംഗമായിരുന്ന ന്യൂട്ടൻ രാഷ്ട്രീയത്തിൽ അത്ര താത്പരനായിയുന്നില്ലെന്നാണ് പറയപ്പെടുന്നത്. പാർലമെന്റിൽ അദ്ദേഹം ഒരു തവണ മാത്രമേ സംസാരിച്ചിട്ടുള്ളൂവത്രെ. അതു തുറന്നിട്ട ജനൽ അടയ്ക്കാൻ വേണ്ടിയായിരുന്നു എന്നുമാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പ്രശസ്ത കഥ.
 9. ജ്യാമിതിയുടെ പിതാവായാണ്  യൂക്ലിഡ് അറിയപ്പെടുന്നത്. എലമെൻറ്‌സ്‌ എന്നത് 13 പുസ്തകങ്ങളുടെ സമാഹാരമാണ്. ലോകത്ത് ഇന്നുവരെ രചിക്കപ്പെട്ട ടെക്സ്റ്റ് പുസ്തകങ്ങളിൽ ഏറ്റവും പ്രചാരം ലഭിച്ചതും ഏറ്റവും സ്വാധീനം ചെലുത്തിയതുമായ കൃതിയായാണ്‌ ഇതിനെ കണക്കാക്കുന്നത്. ബൈബിളിനുശേഷം ഏറ്റവും കൂടുതൽ പതിപ്പുകൾ ഇറങ്ങിയ പുസ്തകവും ഇത് തന്നെ ആണെന്ന് പറയപ്പെടുന്നു.
 10. സിറാക്യൂസിനെ റോമൻ സൈന്യത്തിൽനിന്ന്‌ സംരക്ഷിച്ചത് ആർക്കിമിഡീസിന്റെ കണ്ടുപിടിത്തങ്ങളായിരുന്നു. ഗണിതശാസ്ത്രത്തിൽ വൃത്തങ്ങളുടെ വിസ്തീർണം, ഗോളങ്ങളുടെ വിസ്തീർണം, ഉപരിതല വിസ്തീർണം തുടങ്ങി ഒട്ടേറെ പഠനങ്ങൾ നടത്തിയ ആർക്കിമിഡീസ്, പൈ യുടെ മൂല്യം നിർണയിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Quiz Corner, Pythagoras, Srinivasa Ramanujan, Rene Descartes