മ്പുക്കളും വഞ്ചിപ്പാട്ടും കവിത്രയങ്ങളും മണിപ്രവാളവും അപ്പു നെടുങ്ങാടിയില്‍ തുടങ്ങിയ നോവല്‍ സാഹിത്യവും പാറമേക്കല്‍ തോമാ കത്തനാരില്‍ തുടങ്ങി എസ്.കെ. പൊെറ്റക്കാട്ടിലൂടെ പടര്‍ന്നുപന്തലിച്ച സഞ്ചാരസാഹിത്യവും കുഞ്ചന്‍ നമ്പ്യാര്‍, സഞ്ജയന്‍, വി.കെ.എന്‍. എന്നിവര്‍ അരങ്ങുവാണ ഹാസസാഹിത്യവും... അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര സമ്പത്തുകൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ മലയാളം. അവയുടെ അധികം പറയപ്പെട്ടിട്ടില്ലാത്ത ചില കഥകളിലേക്കുള്ള ഒരു അന്വേഷണമാണ്​ ഇത്തവണ Q4Quizzing-ല്‍.

ചോദ്യങ്ങൾ 

 1.  ബ്രിസ്റ്റോളിൽനിന്നും 1836-ൽ പെർഫെക്റ്റർ എന്ന കപ്പലിൽനിന്നും യാത്രതിരിച്ച ഇദ്ദേഹം ജർമൻ ഭാഷയിൽ ആനക്കാരൻ ഗോവിന്ദന്റെ കഥ എന്നൊരു കൃതി രചിച്ചിരുന്നു. ഹെർമൻ ഗുണ്ടർട്ട് ഒരു കഥാപാത്രമായി വരുന്ന ഈ കൃതി രചിച്ച പ്രശസ്ത വ്യക്തി ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ തുടങ്ങി പത്തോളം ഭാഷകളിൽ പ്രാവീണ്യം നേടിയ ആളായിരുന്നു. കുട്ടികൾക്കായുള്ള പാഠമാലകൾ ആദ്യമായി പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ മറ്റു ചില രചനകൾ കേരളോത്‌പത്തി, പഴഞ്ചൊൽമാല, കേരളപ്പഴമ എന്നിവയാണ്. ആരാണിദ്ദേഹം?
 2.  ഒരു ലക്ഷം രൂപയുടെ അവാർഡിന് അർഹമായ ഒരു കൃതി മലയാളത്തിൽ നിന്ന്‌ ശുപാർശചെയ്യാൻ പറഞ്ഞപ്പോൾ അന്നത്തെ സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന പുത്തത്തേഴത്തു രാമൻ മേനോൻ പറഞ്ഞത് ഒരു ലക്ഷം രൂപ സമ്മാനം അർഹിക്കുന്ന ഒരു കൃതിയും മലയാളത്തിൽ ഇല്ല. ഇപ്പൊ ഇവടെ ഉള്ളതൊക്കെ മൂക്കണാഞ്ചി സാഹിത്യമാണ് എന്നായിരുന്നു. ഏത് അവാർഡ്? ആർക്കാണ് ആ വർഷം അവാർഡ് ലഭിച്ചത് ?
  G Sankara Kurup
 3.  ജമ്മു കശ്മീർ യൂണിവേഴ്സിറ്റി, മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വൈസ് ചാൻസലർ ആയിരുന്ന ഇദ്ദേഹം ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ ആയും ബിക്കാനിർ ദിവാൻ ആയും നിയമിക്കപ്പെട്ടിരുന്നു. നാവികസേനയെ സംബന്ധിച്ച്  Strategic Problems of the Indian Ocean' , 'India and Indian Ocean'എന്നീ കൃതികൾ രചിച്ച ഇദ്ദേഹത്തിന്റെ കുടുംബവേരുകൾ കാസർകോട്‌ ജില്ലയിലായിരുന്നുവെങ്കിലും ഇദ്ദേഹം ജനിച്ചത് കാവാലം എന്ന ഗ്രാമത്തിലാണ്. ആരാണീ പ്രതിഭാശാലി ?   
 4.  1778-നും 1786-നും ഇടയ്ക്ക്‌ ഭാരതത്തിലെ സിറിയൻ കത്തോലിക്കരുടെ ആദ്യ തദ്ദേശീയ മെത്രാപ്പൊലീത്തയായിരുന്ന കരിയാറ്റിൽ മാർ ഔസേപ്പ് മെത്രാപ്പോലീത്തയോടൊപ്പം സുറിയാനി കത്തോലിക്കരുടെ  അംഗീകാരത്തിനുള്ള നിവേദനങ്ങളുമായി ഒരു വൈദികൻ  പോർച്ചുഗലിലേക്കും റോമിലേക്കും നടത്തിയ യാത്രയെ അധികരിച്ചു രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ  ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധപ്രദേശങ്ങളെക്കുറിച്ചുള്ള വർണനകളും വിവരണങ്ങളും  അടങ്ങിയിരുന്നു.  മലയാളസാഹിത്യത്തിലെ മാത്രമല്ല ഭാരതീയ സാഹിത്യത്തിലെ തന്നെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ഈ കൃതി ഏതാണ്?
 5.  1954-ൽ എഴുതപ്പെട്ട ഒരു കഥയെ ആസ്പദമാക്കിയാണ് സിനിമ നിർമിക്കപ്പെട്ടതെങ്കിലും കഥാപരിസരമെന്ന പോലെ കഥയുടെ കാലവും 1970-കളിലേക്ക് പറിച്ചു നട്ടിരുന്നു. മലപ്പുറം ജില്ലയിലെ മുക്കുതല ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ ചിത്രത്തിന്‍റെ സംവിധായകൻ ശുദ്ധികലശത്തിനുള്ള പണം അടയ്ക്കേണ്ടി വന്നു എന്നാണ് പറയപ്പെടുന്നത്. ഏത് സിനിമ? ഏത് കഥ?
   
 6.  ഭഗത് സിങ്ങിന്റെ മാതൃകയിൽ തീവ്രവാദസംഘമുണ്ടാക്കി അതിന്റെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ഇദ്ദേഹത്തിന്റെ ആദ്യകാല കൃതികൾ.  ജോലിയന്വേഷിച്ച്‌ പത്രാധിപരുടെ അടുത്തെത്തിയ അദ്ദേഹത്തോട് ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും പറഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതി നൽകിയ ഇദ്ദേഹം കോങ്കണ്ണും കൂനുമുള്ള യാചകനെ നായകനാക്കി  ഒരു കഥ രചിച്ചു. ‘ജയകേസരി’യിൽ പ്രസിദ്ധീകരിച്ച  തങ്കം എന്ന കഥയിലൂടെ എഴുത്തുകാരനായി മാറിയ ഇദ്ദേഹം ആരാണ്?
  Vaikom Muhammed Basheer
 7.   പ്രണയ നൈരാശ്യത്തെത്തുടർന്നു ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ആത്മസുഹൃത്തിന്‍റെ വിയോഗത്തിൽ  മനംനൊന്ത കവി സുഹൃത്തിന്റെ മരണംകഴിഞ്ഞ്‌ ഏതാനും ദിവസങ്ങൾക്കകം തകർന്ന മുരളി എന്ന  കാവ്യം രചിച്ചു. എന്നാൽ, അതിനു ശേഷം ഏതാനും ആഴ്ചകൾക്കകം അദ്ദേഹം രചിച്ച്, സാഹിത്യപ്രവർത്തക സഹകരണസംഘം 1936-ൽ ആദ്യമായി പ്രസിദ്ധീകരിച്ച മറ്റൊരു വിലാപകാവ്യമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച വിലാപകാവ്യങ്ങളിലൊന്നായി കണക്കാക്കുന്നത്. ഏത് കാവ്യം ?
 8.  1887-ൽ  വിദ്യാവിലാസം അച്ചുകൂടത്തിൽനിന്ന്‌  പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയുടെ മുഖവുരയിൽ ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’എന്ന ഉദ്ദേശ്യത്തോടെ രചിച്ച കൃതി ആണ് ഇത് എന്നുപറയുന്നു. മലയാള സാഹിത്യത്തിലെ നാഴികക്കല്ലുകളിലൊന്നായി കണക്കാക്കുന്ന ഈ പുസ്തകം  ശ്ലോകങ്ങളും സംസ്കൃതപദങ്ങളും ഇടകലർത്തി മണിപ്രവാളഭാഷയിലാണ്  എഴുതിയത്. രചനയും രചയിതാവിനെയും തിരിച്ചറിയുക.
   
 9. തേതിക്കുട്ടിക്കാവ് എന്ന ബ്രാഹ്മണ സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്ന കഥയ്ക്കാണ്  ഈ പുരസ്കാരം ആദ്യമായി ലഭിച്ചത്. ബാറ്റിൽ ബിയോണ്ട് കുരുക്ഷേത്ര എന്ന പേരിൽ  ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റി പ്രസ് 2017-ൽ പ്രസിദ്ധീകരിച്ച ഒരു കൃതിക്കാണ് രണ്ടാമത്തെ വർഷം പുരസ്കാരം ലഭിച്ചത്. അപരാജിത എന്ന പെൺകുട്ടി  അച്ഛന്റെ മരണത്തിനുശേഷം കൂട്ടുകാരിയോടൊപ്പം സ്വന്തം വേരുകൾ തേടി പുന്നപ്രയിൽ എത്തുന്നതും  ‘കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന പേരിൽ സമരചരിത്രം  പ്രമേയമായ നോവലിനാണ് 2018-ൽ ഈ പുരസ്കാരം ലഭിച്ചത്. 1977-ൽ നൽകാനാരംഭിച്ച ഈ പുരസ്കാരം ആരുടെ പേരിലാണ് ? 
   
 10.  കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ബഹുമതി നേടിയ ഇവരുടെ ആദ്യ കവിത 1930-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘കൂപ്പുകൈ’ ആണ്. മുത്തശ്ശി എന്ന കൃതിയിലൂടെ 1964-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1965-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കരസ്ഥമാക്കിയ ഇവർ  അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തോട് മല്ലിട്ട്  2004-ൽ ആണ് അന്തരിച്ചത്. തൃശ്ശൂർ ജില്ലയിലെ ‍നാലപ്പാട്ട് തറവാട്ടിൽ ജനിച്ച ഈ വ്യക്തി ആര്? 

ഉത്തരങ്ങൾ

1. ഹെർമൻ ഗുണ്ടർട്ട്
2.  ജ്ഞാനപീഠം അവാർഡ്, ജി. ശങ്കരക്കുറുപ്പ്
3. സർദാർ കെ.എം. പണിക്കർ
4. വർത്തമാനപ്പുസ്തകം
5. പള്ളിവാളും കാൽചിലമ്പും നിർമാല്യം
6. വൈക്കം മുഹമ്മദ്‌ ബഷീർ
7. രമണൻ
8. കുന്ദലത, അപ്പു നെടുങ്ങാടി
9. വയലാർ രാമവർമ 
10. ബാലാമണിയമ്മ

കൂടുതലറിയാം

herman gundert

 ജർമനിയിലെ സ്റ്റുട്ട്ഗർട്ട് എന്ന സ്ഥലത്ത്  ജനിച്ച ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് തലശ്ശേരിക്കടുത്ത് ചൊക്ലി, കവിയൂരിലെ ഊരാച്ചേരി ഗുരുക്കന്മാരായിരുന്നു. ‘ബാസൽ മിഷൻ’ ന്‍റെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ച ഇദ്ദേഹം മലയാളം, ഇംഗ്ലീഷ്, കന്നഡ എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച  ഗുണ്ടർട്ട് ശേഖരിച്ച 1000 പഴഞ്ചൊല്ലുകളുടെ ശേഖരമാണ് 1850-ൽ പ്രസിദ്ധീകരിച്ച  ഒരായിരം പഴഞ്ചൊൽ എന്ന പുസ്തകം. 

 ഉർദു സാഹിത്യത്തിൽനിന്നും കാസി നസ്രുൾ ഇസ്‌ലാം, കന്നഡയിൽനിന്നും കെ.വി. ഗുണ്ടപ്പ, തെലുങ്കിൽനിന്നും വിശ്വനാഥ സത്യനാരായണ എന്നിവരാണ് ജി. ശങ്കരക്കുറുപ്പിനൊപ്പം അവസാനഘട്ടത്തിൽ അവാർഡിനായി പരിഗണിക്കപ്പെട്ടത്. 1966 നവംബർ 19-നാണ് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നൽകപ്പെട്ടത്‌.  ജി. യുടെ ഓടക്കുഴൽ എന്ന കൃതിക്കാണ് ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചത്. കർണാടകയിലെ മൂടബിദ്രിയിലെ ഒരു ക്ഷേത്രത്തിൽനിന്ന്‌ ലഭിച്ച സരസ്വതീ ദേവിയുടെ ശില്പമാണ് ജ്ഞാനപീഠ പുരസ്കാര വിജയികൾക്ക്  നൽകുന്ന ശില്പത്തിന്റെ മാതൃക.      

 രാജ്യസഭയിലെ ആദ്യ മലയാളിയും കേരളസാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷനും  ആയിരുന്നു സർദാർ കാവാലം മാധവപ്പണിക്കർ. ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ  അംബാസഡറായി  പ്രവർത്തിച്ച ഇദ്ദേഹം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗവുമായിരുന്നു. പഴശ്ശിരാജയുടെ ജീവിതത്തെ ആസ്പദമാക്കി കേരളസിംഹം എന്ന കൃതി രചിച്ചതും ഇദ്ദേഹമാണ്. 

 ലയാളത്തിലെ മാത്രമല്ല, ഭാരതീയഭാഷകളിലെ തന്നെയും ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായി കരുതപ്പെടുന്ന കൃതിയാണ് ‘വർത്തമാനപ്പുസ്തകം.’ 1778-ൽ യാത്ര പുറപ്പെടുമ്പോൾ, കുടനാട്ടു പള്ളിയിൽ വികാരിയായിരുന്ന തോമ്മാക്കത്തനാരെ യാത്രാസംഘത്തിലുൾപ്പെടുത്താൻ കാരണമായത് ലത്തീൻ ഭാഷയിലുള്ള അദ്ദേഹത്തിന്‍റെ  പരിജ്ഞാനമായിരുന്നു. മലയാളത്തിൽ  ആദ്യകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട  മറ്റൊരു യാത്രാവിവരണമാണ് പരുമല തിരുമേനി എന്ന  ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ‘ഊർശ്ലേം യാത്രാവിവരണം’ 

 രാഷ്ട്രപതിയുടെ സ്വർണമെഡൽ ലഭിച്ച സിനിമയാണ്  എം.ടി.യുടെ നിർമാല്യം. വിക്ടോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തംപുരണ്ട മൺതരികൾ’ എന്ന  കഥാസമാഹാരം രചിച്ച എം.ടി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി  മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ  ഒന്നാംസ്ഥാനം നേടി. ഭാരതപ്പുഴയുടെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും  പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ചു പലപ്പോഴായി എഴുതിയ ലേഖനങ്ങൾ  ‘കണ്ണാന്തളിപ്പൂക്കളുടെ കാലം’എന്ന പേരിൽ  പ്രസിദ്ധീകരിക്കുകയും ഉണ്ടായി. 1957-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായി ഔദ്യോഗികജീവിതം ആരംഭിച്ച  ഇദ്ദേഹത്തിന് 1995-ൽ ജ്ഞാനപീഠ പുരസ്കാരവും  2005-ൽ പദ്‌മഭൂഷണും ലഭിച്ചു.

  ‘പ്രഭ’ എന്ന തൂലികാനാമത്തിൽ  ഒരു കാലത്ത് രചനകൾ നടത്തിയിരുന്ന ബഷീർ ആരംഭിച്ച പുസ്തകശാലയായിരുന്നു സർക്കിൾ ബുക്ക്‌ഹൗസ്. അക്കാലത്ത് അദ്ദേഹം താമസിച്ചിരുന്ന വീടിന്‌ ഈജിപ്തിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായിരുന്ന അൽ അസറിന്‍റെ പേരാണ് നൽകിയിരുന്നത്. പിന്നീട് ഫാത്തിമ ബീവി എന്ന ഫാബിയെ വിവാഹം കഴിച്ച് അദ്ദേഹം ബേപ്പൂരിലെ വൈലാലിൽ എന്ന വീട്ടിലേക്കു താമസം മാറ്റി, ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെട്ടു.

 റ്റസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യയെത്തുടർന്ന് ചങ്ങമ്പുഴ രചിച്ച കൃതിയാണ് രമണൻ. എറണാകുളം സെയ്‌ന്റ് ആൽബർട്സ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ സുഹൃത്തുക്കളായി മാറിയ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി  രാഘവൻപിള്ളയും ഇടപ്പള്ളിയിലെ പൊതുജന വായനശാലയുമായും സാഹിത്യസമാജത്തിന്റെയും  പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്ത് ‘ഇടപ്പള്ളിക്കവികൾ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സുഹൃത്തുക്കളായ രമണൻ, മദനൻ എന്ന ആട്ടിടയന്മാർ,  രമണന്റെ പ്രണയിനിയും പ്രഭുകുമാരിയുമായ ചന്ദ്രിക, തോഴി ഭാനുമതി എന്നിവരാണ് രമണനിലെ പ്രധാന കഥാപാത്രങ്ങൾ. 

 മലയാളത്തിലെ ആദ്യത്തെ നോവലായി പരിഗണിക്കുന്ന കൃതി കുന്ദലതയും ലക്ഷണമൊത്ത ആദ്യ നോവലായി പരിഗണിക്കുന്ന കൃതി ഒ. ചന്തുമേനോൻ രചിച്ച ഇന്ദുലേഖയും ആണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകനായ അപ്പു നെടുങ്ങാടി,  മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകൻ കൂടെയാണ്.  മദ്രാസ്  ക്രിസ്ത്യൻ കോളേജിലെ അധ്യാപകൻ, മദ്രാസ് യൂണിവേഴ്സിറ്റിയുടെ പരീക്ഷാ ബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന ഇദ്ദേഹത്തിന് ബ്രിട്ടീഷ് സർക്കാർ റാവു ബഹാദുർ പട്ടം നൽകി ആദരിച്ചു. 

 തേതിക്കുട്ടിക്കാവിന്റെ കഥ പറയുന്ന കൃതി ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിയും ബാറ്റിൽ ബിയോണ്ട് കുരുക്ഷേത്ര എന്ന പേരിൽ  ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റി പ്രസ്  പ്രസിദ്ധീകരിച്ച കൃതി പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെയും ആണ്. അപരാജിത എന്ന പെൺകുട്ടി  ‘കരപ്പുറത്തിന്റെ ഇതിഹാസം’ രചിക്കുന്ന  കഥ പറയുന്ന കൃതി കെ.വി. മോഹൻ കുമാറിന്റെ ഉഷ്ണരാശി യാണ്. ദേശീയ അവാർഡ് നേടിയ ‘കേശു’ എന്ന കുട്ടികളുടെ സിനിമ,  ‘മഴനീർത്തുള്ളികൾ’, ‘ക്ലിന്റ്’ തുടങ്ങിയ  ചിത്രങ്ങൾക്കും  തിരക്കഥയെഴുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് മോഹൻകുമാർ. എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, പത്മപ്രഭാ അവാർഡ് തുടങ്ങിയവ മലയാള സാഹിത്യത്തിലെ പ്രശസ്തമായ ചില പുരസ്കാരങ്ങളാണ്. മലയാറ്റൂർ രാമകൃഷ്ണന്‍റെ  യന്ത്രം, തകഴി ശിവശങ്കരപ്പിള്ളയുടെ കയർ, വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ  മകരക്കൊയ്ത്ത്, വിലാസിനിയുടെ അവകാശികൾ തുടങ്ങിയവായും വയലാർ അവാർഡ് നേടിയ  കൃതികളാണ്.

Balamaniyamma

 പല കൃതികളിലെയും മുഖ്യമായ ഭാവം മാതൃവാത്സല്യമായതിനാൽ  മാതൃത്വത്തിന്റെ കവയിത്രി എന്നാണ് ബാലാമണി അമ്മ  അറിയപ്പെട്ടത്. കമലസുരയ്യ എന്ന മാധവിക്കുട്ടിയുടെ മാതാവായിരുന്നു ഇവർ. അമൃതംഗമയ, സോപാനം, നിവേദ്യം, മഴുവിന്റെ കഥ തുടങ്ങി ഒട്ടേറെ കവിതകൾ രചിച്ച ഇവർക്ക്   ആശാൻ പുരസ്കാരം , ലളിതാംബികാ അന്തർജന പുരസ്കാരം , വള്ളത്തോൾ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതീസമ്മാനം തുടങ്ങി മലയാള സാഹിത്യത്തിലെ ഒട്ടു മിക്ക പ്രമുഖ പുരസ്കാരങ്ങളും  1987-ൽ പദ്‌മഭൂഷൺ പുരസ്കാരവും ലഭിച്ചു.

തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

Content Highlights: Quiz on Literature, Herman Gundert, G Shankara Kurup, Balamaniyamma, Vaikom Muhammed basheer