മനുഷ്യരും മൃഗങ്ങളും മാത്രമല്ല ഈ ഭൂമിയുടെ അവകാശികൾ... സമുദ്രങ്ങളും നദികളും പുഴകളും വനങ്ങളും വെള്ളച്ചാട്ടങ്ങളും ദ്വീപുകളും പർവതങ്ങളും മഞ്ഞുമലകളുമെല്ലാം ഉൾപ്പെട്ട ഈ ഭൂമിയെ പഠിക്കുന്നതാണ് ഭൂമിശാസ്ത്രം. അവരൊക്കെയാണ് ശരിക്കും ഭൂമിയിലെ രാജാക്കന്മാർ. Q4Quizzing.Com-ൽ ഇവയ്ക്കൊപ്പംതന്നെ രാജ്യങ്ങളും സംസ്ഥാനങ്ങളും നഗരങ്ങളുമെല്ലാം വിശേഷങ്ങൾ പങ്കുവെക്കുന്നു.
ചോദ്യങ്ങൾ
- അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയ്‌ൽ ഫാൾസ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾസ് എന്നീ മൂന്നും ഒന്നിച്ചുചേർന്നു രൂപംകൊള്ളുന്ന ഇതിൽ സഞ്ചാരികൾക്കായി ഒരുക്കിയ ബോട്ട് സർവീസ് ആണ് Maid of the Mist. എന്താണിത് ?
- ഓസ്‌ട്രേലിയ, ബ്രിട്ടൻ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ വൻതോതിൽ ഫോസ്ഫേറ്റ് ഖനനം ചെയ്തെടുത്തതിനെത്തുടർന്ന് ഈ രാജ്യത്തിന്റെ 90 ശതമാനം പ്രദേശവും മനുഷ്യവാസമല്ലാതായി മാറി. Environmental Vulnerability Index പ്രകാരം ഏറ്റവുമധികം പാരിസ്ഥിതികനാശം സംഭവിച്ച രാജ്യങ്ങളിൽ ഈ രാജ്യം വർഷങ്ങളായി ഒന്നാംസ്ഥാനത്താണ്. അനിയന്ത്രിതമായ ഖനനത്തെത്തുടർന്ന് രാജ്യമെങ്ങും കാണപ്പെടുന്ന ചുണ്ണാമ്പ് പാടങ്ങൾ നിറഞ്ഞുകിടക്കുന്നതിനാൽ കൃഷിയോ വ്യവസായങ്ങളോപോലും തുടങ്ങാനാവാത്ത വിധം നാശം സംഭവിച്ച ഈ രാജ്യമേത്?
ഗോവയിലെ വാസ്കോയിൽ സ്ഥിതിചെയ്യുന്ന NCAOR എന്ന ഗവേഷണകേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി ഈ പദ്ധതികൾക്ക് തുടക്കമിട്ടത്. 1981-ൽ നോർവേയുടെ ഒരു കപ്പൽ വാടകയ്ക്ക് എടുത്ത് 77 ദിവസങ്ങളിൽ 21 ശാസ്ത്രജ്ഞൻമാരുടെ നേതൃത്വത്തിലാണ് ആദ്യത്തെ പര്യവേക്ഷണം നടത്തിയത്. 1983-ൽ ഇന്ത്യ സ്ഥാപിച്ച ആദ്യകേന്ദ്രത്തിൽ പിന്നീട് ’90-കളിൽ പ്രവർത്തനം നിലച്ചുവെങ്കിലും 1989-ലും 2002-ലും ആരംഭിച്ച കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തനസജ്ജമാണ്. ഇന്ത്യയുടെ ഏത് പദ്ധതിയെക്കുറിച്ചുള്ള വിവരണങ്ങളാണ് ?
- യൂറോപ്പിലെ എട്ടു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന അർധചന്ദ്രാകൃതിയിലുള്ള പർവതനിരകളാണ് ആൽപ്സ്. ആൽപ്സ് പ്രദേശങ്ങൾ സ്ഥിതിചെയ്യുന്ന എട്ടു രാജ്യങ്ങളെ ആൽപൈൻ രാജ്യങ്ങൾ എന്ന് വിളിക്കുന്നു. ഫ്രാൻസ്, ഇറ്റലി, ജർമനി, ഓസ്‌ട്രിയ, സ്വിറ്റ്സർലൻഡ്, സ്ലൊവേനിയ എന്നിവയാണ് അവയിൽ ആറെണ്ണം. ബാക്കി രണ്ട് രാജ്യങ്ങൾ ഏതൊക്കെയാണ്?
ഓസ്‌ട്രേലിയയിലെ നാഷണൽ മാപ്പിങ് ഡയറക്ടർ ആയിരുന്ന ഡോ. ബ്രൂസ്. പി ലാംബെർട്ട് ആണ് ചിത്രത്തിൽ. 1952-ൽ അമേരിക്കൻ ശാസ്ത്രജ്ഞൻ ജോൺ റോസ്കോ കണ്ടെത്തുകയും ബേക്കർ ത്രീ എന്ന് പേര് ആദ്യം നൽകുകയും ചെയ്ത, നാനൂറു കിലോമീറ്റർ നീളവും നൂറു കിലോമീറ്റർ വീതിയുമുള്ള, ലോകത്തിലെ ഏറ്റവും വലുത് എന്ന അംഗീകാരമുള്ള എന്താണ് ബ്രൂസ് പി. ലാംബെർട്ടിന്‍റെ പേരിൽ അറിയപ്പെടുന്നത് ?
- റാഞ്ചിവാലാസ് എന്നറിയപ്പെടുന്ന ബാരാതാംഗ ദ്വീപ്, അന്തമാൻ സമുദ്രത്തിലെ നാർകോണ്ഡം ദ്വീപ്, ഡെക്കാൺ ട്രാപ്സ്, ബാരെൻ ദ്വീപ്... ഈ പ്രദേശങ്ങൾക്കെല്ലാം പൊതുവായുള്ള സാമ്യമെന്താണ് ?
- രാജസ്ഥാൻ, പഞ്ചാബ്, ഹരിയാണ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ കിഴക്കൻസിന്ധ് പ്രവിശ്യയിലേക്കും തെക്കുകിഴക്കൻ പഞ്ചാബ് പ്രവിശ്യയിലേക്കുമായി വ്യാപിച്ചുകിടക്കുന്ന ഇതിന്റെ കിഴക്കുവശത്ത് ആരവല്ലി മലനിരകളും പടിഞ്ഞാറുഭാഗത്ത് സിന്ധുനദിയും തെക്കുഭാഗത്ത് റാൻ ഓഫ് കച്ചും വടക്കുപടിഞ്ഞാറുഭാഗത്ത് സത്‌ലജ് നദിയും സ്ഥിതി ചെയ്യുന്നു. എന്താണിത്?
- ബ്രിട്ടീഷുകാർ മിനി ഇംഗ്ളണ്ട് എന്ന് വിശേഷിപ്പിച്ച ഈ പ്രദേശമാണ് ഏഷ്യയിൽത്തന്നെ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്ന്. National Institute of Rock Mechanics ന്‍റെ രജിസ്റ്റേഡ് ഓഫീസ് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിനും െബംഗളൂരുവിനും ഇടയ്ക്ക് സർവീസ് നടത്തുന്ന തീവണ്ടിയാണ് സ്വർണ എക്സ്പ്രസ്. സിലിക്കൊസിസ് എന്ന രോഗാവസ്ഥ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യപ്രദേശവും ഇത് തന്നെയാണ്. ഏതാണീപ്രദേശം ?
- ബെലിസ്, ബോസ്നിയ, കോംഗോ, ജോർദാൻ, ലിത്വാനിയ, നൈജർ, നൈജീരിയ, പാരഗ്വായ്, യുറഗ്വായ്, മോൾഡോവ തുടങ്ങിയ രാജ്യങ്ങളുടെ പേരുകൾക്ക് പൊതുവായുള്ള സാമ്യമെന്താണ്?
1852-ൽ ലോകത്ത് ആദ്യമായി ഇതിന്റെ ഉയരം കണക്കാക്കിയ രാധാനാഥ സിക് ധർ ആണ് ചിത്രത്തിൽ. ആൻഡ്രൂ വോ സ്കോട്ട് എന്ന ഓഫീസർ അദ്ദേഹത്തിന്‍റെ മുൻഗാമിയും സീനിയർ ഒാഫീസറുമായിരുന്ന മറ്റൊരു വ്യക്തിയുടെ പേരാണ് ഇതിനുനൽകിയത്. തദ്ദേശീയരായ ആളുകൾ ‘വിശുദ്ധ മാതാവ്’ എന്നും താഴ്വരയുടെ ദേവത എന്നുമൊക്കെ അർഥം വരുന്ന പേരാണ് ഇതിനെ വിളിക്കുന്നത്. എന്താണിത് ?
ഉത്തരങ്ങൾ:
- നയാഗ്ര വെള്ളച്ചാട്ടം
- നൗറു
- അന്റാർട്ടിക്ക പര്യവേക്ഷണ പദ്ധതികൾ
- ലിച്ചെന്‍സ്‌റ്റൈന്‍, മൊണാക്കോ
- ഗ്ളേസിയർ (ഹിമാനി)
- ഇന്ത്യയിലെ അഗ്നിപർവതങ്ങൾ
- ഥാർ മരുഭൂമി (Thar Desert)
- കോലാർ സ്വർണഖനി (Kolar Gold Fields - KGF)
- നദികളുടെ പേരുള്ള രാജ്യങ്ങൾ
- എവറസ്റ്റ് കൊടുമുടി
കൂടുതലറിയാം
- കാനഡയിലെ ഒന്റാറിയോയ്ക്കും അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തിനും ഇടയിലാണ് നയാഗ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അവിടെയുള്ള രണ്ടു ദ്വീപുകളാണ് Goat Island, Luna Island എന്നിവ. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ജോഗ് ഫാൾസ് രൂപം കൊള്ളുന്നത് രാജ, റാണി, റോക്കറ്റ്, റോറർ എന്നീ വെള്ളച്ചാട്ടങ്ങൾ കൂടിച്ചേർന്നാണ്.

ജോഗ് വെള്ളച്ചാട്ടം രൂപം കൊള്ളുന്നത് കർണാടകയിലെ ശരാവതി നദിയിലാണ്. മേഘാലയിലെ Nohkalikai വെള്ളച്ചാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം. Kerepakupai Meru , Parakupá Vená, എന്നീ പേരുകളിൽ അറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമായ വെനസ്വേലയിലെ ഏയ്‌ഞ്ചൽ ഫാൾസ് കനൈമ നാഷണൽ പാർക്കിലാണ്. ഇത് കെറെപ് നദിയിലാണ് പതിക്കുന്നത്. സാംബിയ-സിംബാബ്‌വേ അതിർത്തിയിലുള്ള വിക്ടോറിയ ഫാൾസ് ചെന്ന് പതിക്കുന്നത് സാംബസി നദിയിലാണ്.

2. ലോകത്തിലെ ഏറ്റവുംചെറിയ റിപ്പബ്ലിക്കായ റിപ്പബ്ലിക് ഓഫ് നൗറു ശാന്തസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1968 വരെ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്തഭരണമായിരുന്നു ഈ രാജ്യത്ത്. Pleasant Island എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ഈ രാജ്യത്തിന് സ്വന്തമായി പട്ടാളമോ ഔദ്യോഗിക തലസ്ഥാനമോ ഇല്ല.
3. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ ഗവേഷണകേന്ദ്രത്തിന്റെ പേര് ദക്ഷിണഗംഗോത്രി എന്നും രണ്ടാമത്തേതിന്റെ പേര് മൈത്രി എന്നും മൂന്നാമത്തെ കേന്ദ്രത്തിന്റെ പേര് ഭാരതി എന്നുമായിരുന്നു. ആർട്ടിക് പ്രദേശത്ത് നിർമിച്ച ഇന്ത്യയുടെ ആദ്യത്തെ ഗവേഷണകേന്ദ്രമാണ് ഹിമാദ്രി. ലോകത്തിലെ ഏറ്റവും സാഹസികമായ മത്സരങ്ങളിലൊന്നായ ആർട്ടിക് പോളാർ എക്സ്‌പെഡിഷനിൽ നോർവേയിൽനിന്നും ആർട്ടിക് സർക്കിളിലൂടെ സഞ്ചരിച്ച് 300 കിലോമീറ്റർ താണ്ടി ആ മത്സരത്തിൽ വിജയം വരിച്ച ആദ്യ ഇന്ത്യക്കാരൻ കൊല്ലം പുനലൂർ സ്വദേശിയായ നിയോഗ് കൃഷ്ണയാണ്.
4. ഏറ്റവും ഉയരംകൂടിയ മൊ ബ്ളാ (Montblanc), മാറ്റെരോൺ (Matterhorn)എന്നിവ ഉൾപ്പടെ 'Four-thousanders' എന്ന് വിളിക്കുന്ന , നാലായിരം മീറ്ററിലധികം ഉയരമുള്ള നൂറോളം കൊടുമുടികൾ ആൽപ്സിൽ ഉണ്ട്. മൊ ബ്ളായ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ശാമോനിക്സ് (Chamonix) എന്ന ഫ്രഞ്ച് നഗരത്തിലാണ് 1924-ൽ ലോകത്തിലെ ആദ്യത്തെ വിന്റർ ഒളിമ്പിക്സ് നടന്നത്. യൂറോപ്പിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ലഭിക്കുന്ന ജലത്തിന്റെ പ്രധാന സ്രോതസ്സാണ് ആൽപ്സ്. ആൽപ്സിന്റെ തലസ്ഥാനം എന്ന അപരനാമമുള്ള ഫ്രാൻസിലെ നഗരമാണ് ഗ്രെനോബിൽ (Grenoble city).
5. ഏറ്റവുംവലിയ ഹിമാനിയായ ലാംബെർട്ട് സ്ഥിതി ചെയ്യുന്നത് അന്റാർട്ടിക്കിലാണ്. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളാണ് ഹിമാനികൾ. ഒരു ലക്ഷത്തിലധികം ഗ്ളേസിയറുകൾ സ്ഥിതിചെയ്യുന്ന അലാസ്ക 1867-ൽ റഷ്യയിൽനിന്ന് അമേരിക്ക 7.2 മില്യൻ ഡോളറിന് വാങ്ങിയ പ്രദേശമാണ്. ഗംഗയുടെ ഉദ്‌ഭവം ഗംഗോത്രി എന്ന ഹിമാനിയിൽ നിന്നാണ്.
6. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വൾകന്റെ പേരിൽ നിന്നുമാണ് വൾകാനൊ എന്ന വാക്കിന്റെ ഉദ്ഭവം. ലാവയുടെ ഒഴുക്ക് നിലച്ചതിനാൽ, അറിയപ്പെടുന്ന കാലഘട്ടത്തിൽ പൊട്ടിത്തെറിക്കാൻ സാധ്യത ഇല്ലാത്തവയെ ലുപ്ത അഗ്നിപർവതങ്ങൾ (Extinct volcanoes) എന്നും സജീവമാവുന്നവയെ സജീവ അഗ്നിപർവതങ്ങൾ (active volcanoes) എന്നും മുന്പ് പൊട്ടിത്തെറിച്ചതും ഇപ്പോൾ നിഷ്‌ക്രിയമായിരിക്കുന്നതും എന്നാൽ, സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്നിപർവതങ്ങളെ നിർവാണ അഗ്നിപർവതങ്ങൾ (dormant volcanoes) എന്നും വിളിക്കുന്നു.
ഹവായിയൻ (Hawalian), സ്ട്രോംബോലിയൻ (Strombolian), വൾക്കാനിയൻ (Vulcanian), വെസൂവിയൻ (Vesuvian), പിലിയൻ (Pelean)എന്നിങ്ങനെ പലതായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇറ്റലിയിലെ നേപ്പിൾസ് പ്രോവിൻസിലെ വെസൂവിയസ്, ഇൻഡൊനീഷ്യയിലെ ക്രാക്കടത്തോവ, ഇറ്റലിയിലെ സിസിലിയിലെ മൗണ്ട് എറ്റ്ന തുടങ്ങിയവ പ്രധാന അഗ്നിപർവതങ്ങളാണ്. ബാരെൻ എന്ന പേരിന്റെ അർഥം തരിശായിക്കിടക്കുന്ന ജനവാസമില്ലാത്ത സ്ഥലം എന്നാണ്. ഇന്ത്യയിലെയും തെക്കൻ ഏഷ്യാ പ്രദേശത്തിലെ തന്നെയും സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു സജീവ അഗ്നിപർവതമാണ് ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലുൾപ്പെട്ട ബാരൺ ദ്വീപ്. 1787-ലെ, രേഖപ്പെടുത്തപ്പെട്ട ആദ്യ സ്ഫോടനത്തിനുശേഷം പത്തിൽ കൂടുതൽതവണ ഈ പർവതം പൊട്ടിത്തെറിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും അഗ്നിപർവതങ്ങളുടെ ശ്രേണിയിൽ പെട്ടതാണ്.
7. ഗ്രേറ്റ് ഇന്ത്യൻ ഡെസർട്ട് എന്നും അറിയപ്പെടുന്ന ഥാർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.

വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും വലുത് അന്റാർട്ടിക് മരുഭൂമിയും രണ്ടാമത്തേത് ആർട്ടിക് മരുഭൂമിയും ആണ്. ഇവ രണ്ടും കഴിഞ്ഞാൽ ലോകത്തെ ഏറ്റവുംവലിയ മരുഭൂമിയും ഏറ്റവുംവലിയ ഉഷ്ണമരുഭൂമിയുമാണ് ആഫ്രിക്കയിലെ സഹാറ. അറ്റ്‌ലാൻറിക് സമുദ്രത്തിെൻറ തീരത്ത് വ്യാപിച്ചുകിടക്കുന്നതാണ് നമീബ് മരുഭൂമി. ആഫ്രിക്കയുടെ തെക്കുഭാഗത്ത് വ്യാപിച്ചുകിടക്കുന്നതാണ് കലഹാരി മരുഭൂമി. അറ്റക്കാമ മരുഭൂമി ചിലിയുടെ വടക്കും പെറുവിന്‍റെ തെക്കുഭാഗത്തുമായിട്ടാണ് വ്യാപിച്ചുകിടക്കുന്നത്. ഏഷ്യയിൽ അറേബ്യൻ അർധദ്വീപ് മുഴുവൻ വ്യാപിച്ച് കിടക്കുന്ന അറേബ്യൻ മരുഭൂമി, ഇസ്രായേലിലെ നെഗേവ് മരുഭൂമി എന്നിവയും പ്രധാന മരുഭൂമികളാണ്. ചൈനയുടെ വടക്ക്, വടക്ക്-പടിഞ്ഞാറ്്, മംഗോളിയയുടെ തെക്ക് ഭാഗം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മരുഭൂമിയാണ് ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയായ ഗോബി.

8. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണഖനികളിൽ ഒന്നായിരുന്ന ഈ ഖനി 2004-ൽ പ്രവർത്തനം നിർത്തി. കർണാടകയിലെ ശിവനസമുദ്ര ജലവൈദ്യുത പദ്ധതിയിൽ നിന്നുമാണ് ഏഷ്യയിലെ ഏറ്റവും വലുതും ഏറ്റവും ആഴമേറിയതുമായിരുന്ന കോലാർ ഖനിയിലേക്ക് വേണ്ടി ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ചത്. കോലാർഖനി പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമയാണ് കെ.ജി.എഫ്. Miner's Phthisis, Grinder's Asthma, Potter's Rot എന്നീ പേരുകളിലും, ഇംഗ്ലീഷ് ഡിക്‌ഷ്ണറിയിലെ ഏറ്റവുംവലിയ വാക്കുകളിലൊന്നുമായ Pneumonoultramicroscopicsilicovolcanoconiosis എന്നീ പേരിലും അറിയപ്പെടുന്ന രോഗമാണ് സിലിക്കോസിസ്.
9. ലോകത്തുള്ള പല പ്രമുഖ നഗരങ്ങളും സ്ഥിതി ചെയ്യുന്നത് നദീതീരങ്ങളിലാണ്. ലണ്ടൻ തെംസ് നദിയുടെ തീരത്തും പാരീസ് സീൻ നദീതീരത്തും ന്യൂയോർക്ക് ഹഡ്സൻ നദീതീരത്തുമാണ്. ഇറാഖിലൂടെ ഒഴുകുന്ന നദികളാണ് ടൈഗ്രിസ്, യൂഫ്രട്ടീസ് എന്നിവ. ലോകത്തെ ഏറ്റവും നീളംകൂടിയ നദിയായ നൈൽ നദിയുടെ പോഷകനദികളായ ബ്ലൂനൈൽ, വൈറ്റ് നൈൽ എന്നിവ ഒന്നായി ചേരുന്നത് സുഡാനിന്‍റെ തലസ്ഥാനമായ ഖാർത്തൂം എന്ന നഗരത്തിൽെവച്ചാണ്. പെറു എന്ന രാജ്യത്തുനിന്നും ഉദ്ഭവിക്കുന്ന ആമസോൺ ആണ് ലോകത്തിലെ ഏറ്റവുംവലിയ നദി ആയി കണക്കാക്കുന്നത്. വാൻഗനൂയി നദിക്ക് ഒരുവ്യക്തിയുടെ പദവി നൽകിയ രാജ്യമാണ് ന്യൂസീലൻഡ്. ഇന്ത്യയിൽ ഗംഗയും യമുനയും ആണ് വ്യക്തി എന്ന പദവി ലഭിച്ച നദികൾ. ഇന്ത്യൻഭരണഘടന ഒരു പൗരന് നൽകുന്ന എല്ലാ അവകാശാധികാരങ്ങൾക്കും ഈ നദികളും അർഹരാണെന്ന് വിധിച്ചത് ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ്.
10 എവറസ്റ്റ് കീഴടക്കിയ ആദ്യവനിത ജപ്പാൻ കാരിയായ ജൂങ്കോ താബേയും ആദ്യ ഇന്ത്യൻ വനിതാ ബചെന്ദ്രി പാലും ആണ്. എവറസ്റ്റ് രണ്ടുതവണ കീഴടക്കിയ വനിത സന്തോഷ് ജാദവും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഭിന്നശേഷിക്കാരിയായ വനിത അരുണിമ സിൻഹയും ആണ്. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി ആനമുടി.
(തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)
Content Highlights: Quiz on Geographical Factors