കേരളത്തിന്റെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ചരിത്രത്തിലുമെല്ലാം ഇഴപിരിഞ്ഞുകിടക്കുന്ന ഒട്ടേറെ നാടൻ കലാരൂപങ്ങളുണ്ട്. അവയിൽ ചിലതാണ് ഈ ഓണക്കാലത്തെ ക്വിസ് കോര്‍ണറില്‍
ചോദ്യങ്ങള്‍
- വടക്കൻ കേരളത്തിൽ കൃഷിയുടെ അഭിവൃദ്ധിക്കും പശുക്കളുടെ രക്ഷയ്ക്കായും നടത്തിയിരുന്ന അനുഷ്ഠാന കലാരൂപമാണിത്. തുലാം, വൃശ്ചിക മാസങ്ങളിൽ ചെറുസംഘങ്ങളായി ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ആ പ്രദേശത്തെ വീടുകളിലെല്ലാം എത്തിയാണ് ഈ നാടോടിനൃത്തകല അവതരിപ്പിച്ചിരുന്നത്. ഗോമുഖം കെട്ടിവെച്ച ആൺകുട്ടി ആയിരിക്കും പ്രധാന വേഷത്തിൽ. കൂടാതെ രണ്ട് പണിയന്മാർ, വാദ്യക്കാർ, പാട്ട് ഏറ്റുപാടാൻ സ്ത്രീകൾ എന്നിവരാണ് സംഘത്തിൽ ഉണ്ടാവുക. ഗോദാവരി തീരത്തുനിന്നും വടക്കൻ കേരളത്തിൽ എത്തിച്ചേർന്ന ഗോപാലന്മാർ ആരാധിച്ചുപോന്നിരുന്ന ദിവ്യയായ പശുവാണ് കേന്ദ്രകഥാപാത്രമായത് എന്ന് കരുതപ്പെടുന്ന ഈ കലാരൂപമേതാണ് ?
- ഓണത്തോടനുബന്ധിച്ച് മധ്യകേരളത്തിൽ കണ്ടുവരുന്ന ഈ കലാരൂപം പരമശിവന്റെ ഭൂതഗണങ്ങളുടെ ആഘോഷങ്ങളുടെ പുനരാവിഷ്കരണമാണ്. പാശുപതാസ്ത്രം ലഭിക്കുന്നതിനായി തപസ്സുചെയ്ത അർജുനനെ ശിവനും പാർവതിയും വേഷംമാറി ചെന്ന് ശല്യപ്പെടുത്തുകയും തുടർന്ന് ശിവൻ അർജുനനുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. അർജുനൻ ശിവനെ തിരിച്ചറിയുകയും അനുഗ്രഹം യാചിക്കുകയും ചെയ്യുന്നു. ഇതിൽ സംപ്രീതനായ ശിവൻ അർജുനനെ അനുഗ്രഹിക്കുകയും തന്റെ ഭൂതഗണങ്ങളോട് ചേർന്ന് ഈ അവസരം ആഘോഷിക്കുകയും ചെയ്തു. ഓണത്തോട് ബന്ധപ്പെടുത്തി പ്രചാരത്തിലുള്ള ഈ കലാരൂപമേത്?
- ഭഗവതിക്കാവുകളിൽ മീനത്തിലെ കാർത്തികമുതൽ പൂരംവരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലയാണിത്. പണിക്കർ ആണ് ഇത് നടത്തിവരാറുള്ളത്. കൂട്ടിക്കൊണ്ടുവരൽ, ദൈവത്തറ, പൂവിടൽ, പന്തൽകളി, കഴകം കയറൽ, പൂരമാല എന്നിവയാണ് ചടങ്ങുകൾ. ഏതാണ് ഈ അനുഷ്ഠാനം?
- ‘പാങ്കളി’ എന്ന പേരിലും അറിയപ്പെടുന്ന ഈ കലാരൂപത്തിൽ ചോദ്യക്കാരൻ അഥവാ വിദൂഷകൻ, ദാസി, മണിയൻ, കുറവൻ, കുറത്തി, ചെറുമൻ, ചെറുമി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി വരുന്നത്. പാണസമുദായത്തിൽപ്പെട്ട പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ കലാരൂപം കൂടുതലായും അവതരിപ്പിക്കുന്നത് കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമാണ്. പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ, എന്നിവിടങ്ങളിൽ പ്രധാനമായും പ്രചാരത്തിലുള്ള ഈ കലാരൂപം തിരിച്ചറിയുക.
- പാലക്കാട്ടെ ചിറ്റൂരുമായി പലവ്യഞ്ജന വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ചോളരാജാവ് ഒരു തെറ്റിദ്ധാരണയുടെപേരിൽ യുദ്ധത്തിന് പുറപ്പെട്ടുവന്നു. കോയമ്പത്തൂർ പ്രദേശത്തുനിന്നുള്ള സൈന്യത്തെയും രാജാവിനെയും തോൽപ്പിക്കാനായി ചിറ്റൂർ ഭഗവതി നേരിട്ട് വരികയും ജനങ്ങളെ രക്ഷിക്കുകയും ചെയ്തു. ഈ വിജയത്തിന്റെ ഓർമയ്ക്കായി ആണ്ടുതോറും നടത്തുന്ന കേരളത്തിലെ ഏക യുദ്ധ ഉത്സവത്തിന് പിന്നിലെ കഥയാണിത്. യുദ്ധംകഴിഞ്ഞ് ദേവി തന്റെ വാൾ കഴുകിവെച്ച സ്ഥലം, ഇപ്പോൾ വാൾവെച്ച പാറ എന്നറിയപ്പെടുന്നു. ഏത് കലാരൂപത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
- കാളിന്ദി തീരത്ത് പശുക്കളെ മേയ്ക്കുന്നതിനിടയിൽ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും പരിചയും വാളുമാക്കി യുദ്ധംചെയ്തു കളിച്ചതിന്റെ ആവിഷ്കരണമാണ് ഈ കലാരൂപം. കൃഷ്ണഭക്തി വ്യാപിപ്പിക്കാൻ വില്വമംഗലം സ്വാമിയാണ് കേരളത്തിൽ ഇത് പ്രചരിപ്പിച്ചത് എന്ന് ഐതിഹ്യം. എന്നാൽ കേരളത്തിൽ ആയോധനകലകളും അഭ്യാസരീതികളും പ്രോത്സാഹിപ്പിക്കുന്നതിന് ചെമ്പകശ്ശേരിയിലെ പടയിലെ പടനായകനായിരുന്ന മാത്തൂർ പണിക്കർ ഈ കളി കണ്ടുപിടിച്ചത് എന്നാണ് മറ്റൊരു കഥ. അമ്പലപ്പുഴയിൽ ഉദ്ഭവിച്ചു എന്ന് പറയപ്പെടുന്ന ഈ കലയെ തിരിച്ചറിയുക.
- ആദിമഗോത്രങ്ങളുടെ തനതായ കൃഷിസമ്പ്രദായമായ പുനം കൃഷി അഥവാ ചേരിക്കൽ കൃഷിയിൽ വിദഗ്ധരായ കരിമ്പാലർ, മാവിലർ, കുറവർ എന്നിവരാണ് പ്രധാനമായും ഈ കലാരൂപം സംഘടിപ്പിക്കുന്നവർ. പൊട്ടൻ, പണിയൻ എന്നീ കഥാപാത്രങ്ങളോടൊപ്പം രാമായണത്തിലെ ഈ പ്രമുഖ കഥാപാത്രം അരങ്ങിലെത്തുന്നതോടെ ആരംഭംകുറിക്കുന്ന ഈ കലാരൂപം ഏതാണ്?
- ഇസ്‌ലാം ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായ കർബല യുദ്ധത്തിന്റെ സ്മരണപുതുക്കുന്ന ഈ കലാരൂപത്തിന്റെ ചടങ്ങുകൾ മുഹറം ഒന്നുമുതൽ പത്തുവരെയാണ് നടക്കുക. വേഷംധരിച്ച് ചടങ്ങിലെത്തുന്നത് ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ ചടങ്ങുകളുടെയെല്ലാം കാർമികത്വം വഹിക്കുന്നത് മുസ്‌ലിംമതത്തിലെ പ്രമാണിമാരും ആയിരിക്കും. കളി അരങ്ങേറുന്ന ദിവസത്തെ പത്താംനിലാവെന്നാണ് വിളിക്കുന്നത്. ഹിന്ദു-മുസ്‌ലിം മതസൗഹാർദത്തിന്റെ പ്രതീകംകൂടിയായ ഈ അനുഷ്ഠാന കലാരൂപമേതാണ്?
- നാല് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന 20 പേരുടെ സംഘം ചേർന്ന് കളിക്കുന്ന അനുഷ്ഠാന കലാരൂപമാണിത്. പ്രായപരിധി ഇല്ലെങ്കിലും പ്രധാനമായും പുരുഷന്മാർ പങ്കെടുക്കുന്ന ഇത് വട്ടക്കളിയെന്നും ദേശത്തെ കളി, ലാല കളി, മരുത് കളി എന്നും അറിയപ്പെടുന്നു. പൂശാരി മലങ്കൻ, കുറവൻ, ചക്കിലിയൻ, പറവൻ എന്നിവയാണ് ഈ കളിയിലെ മുഖ്യവേഷങ്ങൾ. ഏതു കലാരൂപം?
- ദാരു ശില്പിയായ ആശാരി, വാർപ്പു ശില്പിയായ മൂശാരി, ലോഹ ശില്പിയായ കരുവാൻ, ഹേമ ശില്പിയായ തട്ടാൻ, കല്ലു ശില്പിയായ കമ്മാളൻ എന്നിങ്ങനെ ഐങ്കുടി കമ്മാളർ എന്നറിയപ്പെടുന്ന വിശ്വകർമ സമുദായത്തിലെ അഞ്ചു വിഭാഗങ്ങൾ പ്രധാനമായും അരങ്ങിലെത്തിക്കുന്ന ഈ കലാരൂപത്തിൽ കുഴിത്താളം, പൊന്തി (കോൽ മണി) എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. മഹാഭാരതത്തിലെ കഥകളിൽ നിന്നും പിറവിയെടുത്ത ഈ കലാരൂപം തിരിച്ചറിയുക.
ഉത്തരങ്ങൾ /കൂടുതലറിയാം
1. കോതാമൂരിയാട്ടം
പുരാണത്തിൽ പരാമർശിക്കുന്ന ഗോദാവരി എന്ന പശുവിനെ ആധാരമാക്കിയാണ് ഈ അനുഷ്ഠാനകല ഉടലെടുത്തത്. ഗോദാവരിയാട്ടമാണ് പിൽക്കാലത്ത് കോതാമ്മൂരിയാട്ടമായി മാറിയത് എന്നും ആര്യനാട്ടിൽ നിന്നും വന്ന അന്നപൂർണേശ്വരിയുടെ കഥകളാണ് ഈ കലാരൂപത്തിലെ പാട്ടുകളുടെ ഇതിവൃത്തം എന്നും ഇന്ദ്രന്റെ നിർദേശപ്രകാരം സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് വന്ന കോതാരി (കാമധേനു) യുടെയും അനുചരന്മാരുടെയും അനുഗ്രഹകഥകളാണ് അടിസ്ഥാനമെന്നും കരുതപ്പെടുന്നു.
2. കുമ്മാട്ടിക്കളി
ബ്രഹ്മാവ്, ശിവൻ, ശ്രീകൃഷ്ണൻ, ഗണപതി, കാലൻ, നാരദൻ എന്നിങ്ങനെയുള്ള പുരാണ കഥാപാത്രങ്ങളുടെ മുഖംമൂടികൾ ധരിച്ചു ‘കുമ്മാട്ടിപ്പുല്ല്’ എന്നറിയപ്പെടുന്ന ‘പർപ്പടകപ്പുല്ല്' ദേഹം മുഴുവൻ വെച്ചുകെട്ടി സംഘങ്ങളായി ചേർന്ന് പുരുഷന്മാരാണ് കുമ്മാട്ടിക്കളി കളിക്കുന്നത്. ഈ ചെറുസംഘങ്ങൾ വീടുകൾ തോറും കയറിയിറങ്ങി ആളുകളെ രസിപ്പിക്കുകയും അതിനു പാരിതോഷികമായി അരിയും ശർക്കരയും മറ്റ് ഓണസമ്മാനങ്ങളും ലഭിക്കുകയും ചെയ്യുന്നു. തൃശ്ശൂർ-പാലക്കാട് ഭാഗങ്ങളിൽ തിരുവോണത്തിന്റെ പിറ്റേന്ന് ദേശ കുമ്മാട്ടി എന്ന പേരിൽ വലിയതോതിൽ കുമ്മാട്ടിക്കളി ആഘോഷിക്കപ്പെടുന്നു. ഓണവില്ല്' എന്ന വാദ്യത്തിന്റെ അകമ്പടിയോടുകൂടി കവുങ്ങിൻ തടി ഉപയോഗിച്ച് നിർമിക്കുന്ന വില്ലും മുള കൊണ്ട് നിർമ്മിക്കുന്ന അമ്പും ഇതിൽ ഉപയോഗിക്കുന്നു.
3. പൂരക്കളി
പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈയും നാച്ചിയാർ തിരുമൊഴിയിലുമാണ് പൂരക്കളിയെപ്പറ്റി പറയുന്നത്. പൂര എന്നൊരു നാഗകന്യക ബ്രഹ്മലോകത്തു പ്രസിദ്ധയായ നർത്തകിയായിരുന്നു. ശ്രീകൃഷ്ണൻ പൂരയെ ഭൂമിയിലേക്ക് ആനയിക്കുകയും വൃന്ദാവനത്തിൽ വെച്ച് പൂരയുടെ നർത്തനം ആസ്വദിക്കുകയും ചെയ്തു അതാണ് പിന്നീട് പൂരക്കളി ആയതെന്നു പറയുന്നു. പൂരം നാളിനോടനുബന്ധിച്ചു നടക്കുന്നതുകൊണ്ടാണെന്നതാണ് മറ്റൊരു വാദം. വടക്കേമലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ കളി പ്രസിദ്ധം.
4. പൊറാട്ട് നാടകം
പുറം ജനങ്ങളുടെ ആട്ട്' എന്നർഥംവരുന്ന പേരോടുകൂടിയ ഈ കല വളർത്തിയെടുത്തത് പൊൽപ്പള്ളി മായൻ എന്ന കളിയാശാനാണെന്ന് കരുതപ്പെടുന്നു. കൂട്ടുപൊറാട്ട്, ഒറ്റപ്പൊറാട്ട് എന്നിങ്ങനെ രണ്ടു വകഭേദങ്ങൾ. മൃദംഗം, ചെണ്ട, ഇലത്താളം, ഹാർമോണിയം എന്നീ വാദ്യങ്ങളാണ് പൊറാട്ട് നാടകത്തിൽ ഉപയോഗിക്കുന്നത്.
5. കൊങ്ങൻ പട
കുംഭമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് ആദ്യത്തെ തിങ്കളാഴ്ച കൊണ്ടാടുന്ന രണോത്സവമാണ് കൊങ്ങൻപട. തോട്ടി വേലയും, കോല കുട്ടികളും ഓല വായനയുമെല്ലാം ഈ അനുഷ്ഠാനകലയുടെ ഭാഗങ്ങളാണ്.
6. വേലകളി
മധ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്ന നായർ പടയാളികളുടെ വേഷവിധാനം അണിഞ്ഞു വാദ്യത്തിന്റെ അകമ്പടിയോടെ നടത്തുന്ന അഭ്യാസപ്രകടനമാണ് വേലകളി. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ആകർഷണമായ വേലകളിയിൽ മദ്ദളം, കൊമ്പ്, ഇലത്താളം, കൊമ്പ് എന്നിവയാണ് ഉപയോഗിക്കുന്നത്. കളരിപ്പയറ്റിൽനിന്ന് കടം കൊണ്ട നൃത്തച്ചുവടുകളും വടിവുകളും ഉള്ള വേലകളി എട്ടുദിവസമാണ് നീണ്ടുനിൽക്കുക.
7. സീതക്കളി
ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി വീടുകൾ തോറും കയറിയിറങ്ങിയാണ് അവതരിപ്പിച്ചിരുന്നത്. രാമായണകഥയിലെ വനയാത്ര മുതൽ ലങ്കാദഹനം വരെയുള്ള കഥാഭാഗങ്ങൾ പ്രധാനമായും ഉൾപ്പെടുത്തുന്ന ഈ കലാരൂപം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിലെ കുറവരും കണ്ണൂർ, കാസർകോട് ജില്ലകളിലെ കരിമ്പാലരും അവരുടെ അനുഷ്ഠാന കലാരൂപമായി കണക്കാക്കുന്നു.
8. അലാമി കളി
കാഞ്ഞങ്ങാടിനടുത്തുള്ള അലാമിപ്പള്ളി എന്ന പ്രദേശത്താണ് ഈ കലാരൂപത്തിന്റെ ഉദ്ഭവം. രോഗശമനത്തിനും ആത്മസാക്ഷാത്‌കാരത്തിനുമായി സ്ത്രീപുരുഷഭേദമന്യേ എല്ലാവരും അലാമികളിയിൽ പങ്കാളികളാവാറുണ്ട്. തുർക്കൻമാരെന്നും സാഹിബൻമാരെന്നുംം അറിയപ്പെടുന്ന ഹനഫി വിഭാഗത്തിൽപെട്ട മുസ്ലിങ്ങളാണ് അലാമി ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചിരുന്നത്. ടിപ്പുവിന്റെ പടയാളികളായിരുന്ന ഇവരാണ് ഈ കലാരൂപം പ്രചരിപ്പിച്ചത് എന്നും പറയപ്പെടുന്നു.
9. കണിയാർ കളി
നാല് രാത്രികളിലായി നടക്കുന്ന ഈ നൃത്തകല രാത്രികളിൽ ആരംഭിച്ച് പുലർച്ചയോടു കൂടിയാണ് അവസാനിക്കാറ്. നായർ സമുദായത്തിൽ പെട്ട പുരുഷന്മാർ ഭഗവതിയെ പ്രകീർത്തിക്കുന്ന ഗാനങ്ങൾ, ചെണ്ട, ചേങ്ങില, മദ്ദളം ഇലത്താളം എന്നിവയുടെ അകമ്പടിയോടുകൂടി പരമ്പരാഗതമായി വിളക്കിനു ചുറ്റും നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നു. കളിയച്ഛൻ എന്ന് വിളിക്കുന്ന പ്രധാന പാട്ടുകാരന്റെ നേതൃത്വത്തിലാണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്. കണിയാർ കൊള്ളൽ എന്ന ചടങ്ങോടുകൂടി ആരംഭിച്ച് പൂവാരൽ എന്ന ചടങ്ങോടു കൂടെയാണ് ഇതവസാനിക്കുക.
10. ഐവർ കളി
അഞ്ചുപേരുടെ കളി എന്നാണ് ഐവർ കളി എന്ന പേരിന്റെ അർഥം. കർണവിയോഗത്താൽ ദുഃഖിതയായ കുന്തി കാളിയെ വിളിച്ചു പ്രാർഥിക്കുകയും കർണനെ ചതിച്ചുകൊന്ന അർജുനനെ വധിക്കാനൊരുങ്ങുകയും ചെയ്തെന്നും കാളിയെ പ്രീതിപ്പെടുത്താൻ വിശ്വകർമാവിന്റെ അഞ്ചു പുത്രന്മാർ പാണ്ഡവരുടെ വേഷത്തിൽ ഈ കലാരൂപം അവതരിപ്പിച്ചെന്നും മുഴുവൻ കഥകളും കേട്ട കാളിയുടെ കോപം ശമിച്ചെന്നുമാണ് ഒരു വിശ്വാസം. പാണ്ഡവർതന്നെയാണ് ഈ കലാരൂപം സൃഷ്ടിച്ചതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.
(തയ്യാറാക്കിയത് - സ്‌നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)
Content Highlights: Quiz on Folk Arts of Kerala