ഗ്രീക്ക് ഭാഷയിൽ ഫുസിസ് എന്നാൽ പ്രകൃതി എന്നാണർഥം. ഈ പദത്തിൽനിന്നാണ് ഫിസിക്സ് എന്ന പദവും ശാസ്ത്രശാഖയും ഉണ്ടായത്. ഭൗതികശാസ്ത്രത്തിലെ നാഴികക്കല്ലുകളായ കണ്ടുപിടിത്തങ്ങളെയും അവയുടെ പിന്നിലുള്ള വ്യക്തികളെയും നമ്മൾ പാഠപുസ്തകങ്ങളിൽ പരിചയപ്പെടുന്നുണ്ടല്ലോ. അവയിലെ രസകരമായ ചില ഏടുകൾ ആവട്ടെ ഇത്തവണത്തെ Q4Quizzing.Com

ചോദ്യങ്ങള്‍

  1. ബില്യാർഡ് ബോൾ  (Billiard ball), പ്ലം പുഡ്ഡിങ്‌ (Plum pudding), പ്ലാനറ്ററി (Planetary), സാറ്റേഴ്നിയൻ (Saturnian), ക്യൂബിക്കൽ (Cubical), ഫ്രീ ഫാൾ (Free-fall) ഭൗതികശാസ്ത്രത്തിൽ ഇവയ്ക്കെല്ലാം പൊതുവായുള്ള സാമ്യമെന്താണ്?
  2. ഓക്സ്ഫഡ്  സർവകലാശാലയിലെ ഗവേഷകനായിരുന്ന ഗോർഡൻ ഡോബ്സൻ ആണ് ചിത്രത്തിൽ. 1920-ൽ  സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപകരണം ഉപയോഗിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങളാണ് പിന്നീട് അന്തരീക്ഷത്തിൽ ഉള്ള ഒരു വാതകത്തിന്റെ തോത്  അളക്കുന്നതിനും അതിനെക്കുറിച്ചുള്ള തുടർപഠനങ്ങൾക്കും കാരണമായത്. ഏത് വാതകം?
  3. 1855-ൽ ലണ്ടനിലെ തെംസ് നദിയുടെ മലിനീകരണത്തെ സംബന്ധിച്ച് അധികാരികൾക്ക് ഇദ്ദേഹം എഴുതിയ കത്ത് പിന്നീട് പല പ്രമുഖപത്രങ്ങളും പ്രസിദ്ധീകരിക്കുകയും പഞ്ച് (Punch) പോലുള്ള പത്രങ്ങൾ ഇതുസംബന്ധിച്ച് ചിത്രത്തിൽ കാണുന്നതുപോലെയുള്ള കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെ തുടർന്നുണ്ടായ പൊതുജനങ്ങളുടെ ഇടപെടലുകളും മലിനീകരണത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട രോഗങ്ങളുമെല്ലാം അധികാരികളുടെ കണ്ണ് തുറപ്പിക്കുകയും നദീ സംരക്ഷണത്തിനുവേണ്ട നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. ആരായിരുന്നു തെംസ് നദിയുടെ മലിനീകരണം ബോധ്യപ്പെടുത്താൻവേണ്ടി നദിയിൽ വെച്ച് പരീക്ഷണം നടത്തിയ ആ പ്രശസ്ത ശാസ്ത്രജ്ഞൻ?
  4. 1895-ൽ ജർമനിയിലെ വുർസ്ബർഗ് (Wrzburg) ലബോറട്ടറിയിൽ ക്രൂക്ക്സ് ട്യൂബ് (Crookes tube) ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിനിടയിൽ യാദൃച്ഛികമായി കണ്ടെത്തിയ ഒരു ടെക്നോളജി ആദ്യമായി പരീക്ഷിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യയായ ബർത്തയിലായിരുന്നു. ആരാണിദ്ദേഹം? എന്താണ് കണ്ടുപിടിത്തം? ഭൗതികശാസ്ത്ര ചരിത്രത്തിൽ ഈ കണ്ടുപിടിത്തത്തിനുള്ള പ്രാധാന്യമെന്ത് ?  
  5. ‘The Chronology of Ancient Kingdoms Amended’ എന്ന പുസ്തകം ഒരു പ്രശസ്ത വ്യക്തിയുടെ മരണാനന്തരം 1728-ൽ ആണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഗ്രീക്കുകാരുടെ കഥ പറയുന്ന ആദ്യ പാഠത്തിൽ തുടങ്ങി, ഈജിപ്‌ഷ്യൻ സാമ്രാജ്യം, അസീറിയൻ സാമ്രാജ്യം, ബാബിലോണിയ, സോളമന്‍റെ ക്ഷേത്രങ്ങൾ, പേർഷ്യൻ സാമ്രാജ്യം എന്നിങ്ങനെ ആറു പാഠങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകം രചിച്ച വ്യക്തിയാരാണ്?
  6. പരലുകളിലെ കാന്തിക പ്രഭാവത്തെക്കുറിച്ചുള്ള പഠനത്തിന് 1940-ൽ റോയൽ സൊസൈറ്റി ഫെലോ ആയി തെരഞ്ഞടുക്കപ്പെട്ട കെ.എസ്. കൃഷ്ണൻ  1928-ൽ ഡാക്ക യൂണിവേഴ്സിറ്റി യിൽ ഗവേഷകനായിരുന്നു. എന്നാൽ, 1920 മുതൽ കൊൽക്കത്തയിലെ  ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസസിൽ മറ്റൊരു പ്രശസ്ത ശാസ്ത്രജ്ഞന്‍റെകൂടെ നടത്തിയ ഗവേഷണങ്ങൾ പിന്നീട് ഇന്ത്യയിൽ ഒരു ദേശീയദിനം തന്നെ ആചരിക്കുന്നതിനു കാരണമായി. ആരായിരുന്നു ആ പ്രശസ്ത  ശാസ്ത്രജ്ഞൻ? ദേശീയദിനം ഏത്? 
  7. വില്യം തോംസൺ, ഹെൻട്രിച് ഹെർട്സ് , നിക്കോള ടെസ്‌ല,  ഹെന്റി ബെക്വരൽ, ജെയിംസ് പ്രസ്കൊട്ട് ജൂൾ, വില്യം എഡ്വാർഡ് വെബർ, അലസൻഡ്രോ വോൾട്ട, ജെയിംസ് വാട്ട്, ബ്ലെയിസ് പാസ്കൽ തുടങ്ങിയ ശാസ്ത്രജ്ഞന്മാർക്ക് പൊതുവായുള്ള സാമ്യം എന്താണ്?
  8. സിംഫണികളും ഓർക്കസ്ട്രകളും നടത്തിയിരുന്ന, ഒട്ടേറെ സംഗീതോപകരണങ്ങൾ വായിക്കാൻ സാധിച്ചിരുന്ന ഒരു മികച്ച സംഗീതജ്ഞൻ കൂടിയായിരുന്നു ചിത്രത്തിൽ കാണുന്ന വില്യം ഹെർഷൽ. അദ്ദേഹം സ്വന്തമായി നിർമിച്ച ഉപകരണത്തിലൂടെ 1781-ൽ നടത്തിയ ഒരു കണ്ടെത്തലിന്  ജോർജ് മൂന്നാമനോടുള്ള ബഹുമാനാർഥം ഗ്രിഗോറിയൻ സ്റ്റാർ എന്നായിരുന്നു ഇദ്ദേഹം നാമകരണം ചെയ്തത്. ഫ്രഞ്ചുകാർ അദ്ദേഹത്തിന്‍റെ പേര് തന്നെ അതിന് നൽകി. എന്നാൽ, പിന്നീട് അതിന് ജർമൻ ശാസ്ത്രജ്ഞനായ ജോഹാൻ ബോഡ് നൽകിയ, ഒരു ഗ്രീക്ക് ദേവന്റെ പേരിലാണ് അത് ലോകമെങ്ങും അറിയപ്പെട്ടത്. എന്തായിരുന്നു അദ്ദേഹം കണ്ടെത്തിയത്?  
  9. ചിത്രത്തിൽ കാണുന്ന ക്രിസ്റ്റ്യൻ യൊഹാൻ ............ എന്ന ഓസ്ട്രിയൻ ശാസ്ത്രജ്ഞൻ 1842-ൽ ശാസ്ത്രീയവ്യാഖ്യാനം നൽകിയ ഈ പ്രഭാവം ഇദ്ദേഹത്തിന്റെ പേരിൽത്തന്നെയാണ് നാമകരണം ചെയ്യപ്പെട്ടത്.  ശബ്ദതരംഗങ്ങളുടെയും പ്രകാശതരംഗങ്ങളുടെയും കാര്യത്തിൽ  നിരീക്ഷിക്കാവുന്ന ഈ ഭൗതികപ്രതിഭാസം സൈറണുകൾ, താപമാപിനികൾ, റഡാറുകൾ, മെഡിക്കൽ ഇമേജിങ്‌, ഹെമറ്റോളജി എന്നിവയ്ക്കുപുറമേ എയർക്രാഫ്റ്റുകൾ, മിസൈലുകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ സ്ഥാനനിർണയം നടത്താനും ഉപയോഗിക്കുന്നു. എന്താണ് ഈ തത്ത്വത്തിന്റെ/പ്രഭാവത്തിന്റെ പേര്?
  10. Louis Besson നിർമിച്ച കോംപ് നെഫോസ്കോപ്പ് , Carl Gottfrid Fineman നിർമിച്ച മിറർ നെഫോസ്കോപ്പ്, നോർവേക്കാർ വികസിപ്പിച്ചെടുത്ത  ഗ്രിഡ് നെഫോസ്കോപ്പ് തുടങ്ങിയവ നെഫോസ്കോപ്പ് എന്ന ഈ ഉപകരണത്തിന്റെ വകഭേദങ്ങളാണ്. എന്തിന്റെ വേഗം, ദിശ, ഉയരം എന്നിവ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണ് ഇത് ?

 

ഉത്തരങ്ങൾ

1. വിവിധ അറ്റോമിക തിയറികളുടെ പേരുകൾ 
2. ഓസോൺ
3. മൈക്കിൾ ഫാരഡെ 
4. വില്യം കൊണാഡ്‌ റോൺജൻ, X - Ray, ഫിസിക്സിലെ ആദ്യ നൊബേൽ സമ്മാനം
5. ഐസക് ന്യൂട്ടൻ
6. സി.വി. രാമൻ, ദേശീയ ശാസ്ത്രദിനം 
7. ഫിസിക്സിലെ ഏകകങ്ങൾ (Units) 
8. യുറാനസ് ഗ്രഹം
9. ഡോപ്ളർ പ്രഭാവം  
10. മേഘങ്ങൾ

കൂടുതലറിയാം

1. ആറ്റോമോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആറ്റം എന്ന വാക്കിന്റെ ഉദ്ഭവം. വിഘടിക്കാനാവാത്തത് എന്നാണ് ഈ വാക്കിന്റെ അർഥം. ബില്ല്യാർഡ് ബോൾ (Billiard ball model) ജോൺ ഡാൾട്ടനും പ്ലം പുഡ്ഡിങ്‌ (Plum pudding model) ജെ.ജെ. തോംസണും പ്ലാനെറ്ററി (Planetary model) നീൽ ബോറും സാറ്റേഴ്നിയൻ (Saturnian model)നഗവോക്കയും ക്യൂബിക്കൽ (Cubical model) ലൂയിസും ഫ്രീ ഫാൾ  (Free-fall model)ഗ്രിസിൻസ്കിയുമാണ്‌ മുന്നോട്ടുെവച്ചത്.

2. ഓക്സ്ഫഡിലെ Meteorology വിഭാഗത്തിലെ അധ്യാപകനായിരുന്ന ഇദ്ദേഹത്തിന്റെ പേരിലാണ് ഡോബ്സൻ എന്ന ഏകകത്തിന് (Unit) ആ പേര് നൽകിയത്. അന്തരീക്ഷത്തിലെ ചെറിയ അളവിലുള്ള  വാതകങ്ങളുടെ അളവ് നിർണയിക്കാൻ ഈ ഏകകം ഉപയോഗിക്കാറുണ്ടെങ്കിലും പ്രധാനമായും ഓസോൺ വാതകത്തിന്റെ അളവും ഓസോൺ ശോഷണവും അളക്കാനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. ഇദ്ദേഹത്തിന്‍റെ പഠനങ്ങളെത്തുടർന്ന് ഓസോൺ സംരക്ഷണത്തിനുവേണ്ട ഒട്ടേറെ മുൻ കരുതലുകൾ പല രാജ്യങ്ങളും ആവിഷ്കരിക്കുകയുണ്ടായി. ലോക ഓസോൺദിനമായി ആചരിക്കുന്നത് സെപ്‌റ്റംബർ 16 ആണ്.       

3. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് മൈക്കൽ ഫാരഡെ. ചരിത്രത്തിലും ശാസ്ത്രത്തിലും ഏറ്റവും സ്വാധീനം ചെലുത്തിയ പല കണ്ടുപിടിത്തങ്ങളും നടത്തിയ വ്യക്തിയായിരുന്നു ഇദ്ദേഹം. റോയൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പരീക്ഷണശാലയിലെ പരിചാരകനായിട്ടായിരുന്നു ഫാരഡെയ്ക്ക് ലഭിച്ച ആദ്യ നിയമനം. ബീക്കറും ടെസ്റ്റ്യൂബുകളും കഴുകുന്ന  ജോലി ചെയ്തു തുടങ്ങിയ ഇദ്ദേഹം പിന്നീട് 1824-ൽ  ‘ഫെലോ ഓഫ് റോയൽ സൊസൈറ്റി’ ആയി തിരഞ്ഞെടുക്കപ്പെട്ടു.

4.  നൊബേൽ സമ്മാനങ്ങൾ നൽകിത്തുടങ്ങിയ 1901-ൽ  ഫിസിക്സിൽ ആദ്യ പുരസ്കാരം ലഭിച്ചത് റോൺജന് ആയിരുന്നു. കെമിസ്ട്രിയിൽ ജേക്കബ് വാന്റ് ഹോഫും വൈദ്യശാസ്ത്രത്തിൽ എമിൽ വോൺ ബെറിങ്ങും പുരസ്കാരത്തിന് അർഹരായി.

5. ലണ്ടനിലെ റോയൽ മിന്റിന്‍റെ (Royal Mint) തലവനായി ന്യൂട്ടൻ നിയമിക്കപ്പെട്ടിരുന്നു. ആ സമയത്ത് ഏതാണ്ട് പത്തിലൊന്ന് നാണയങ്ങളും വ്യാജമായി നിർമിക്കപ്പെട്ടവയായിരുന്നു. ന്യൂട്ടന്‍റെ വരവോടുകൂടി ഒട്ടേറെ വ്യാജന്മാർ പിടിയിലാവുകയും  കള്ളനാണയങ്ങൾ ഗണ്യമായി കുറയുകയും ബ്രിട്ടനിലെ നാണയങ്ങൾ പരിശുദ്ധിയുടെ കാര്യത്തിൽ ഏറെ മികവുറ്റതായി മാറുകയും ചെയ്തു.

6. രാമൻ പ്രഭാവം ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസമായ ഫെബ്രുവരി 28 ആണ് ഇന്ത്യയിൽ ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. ഒപ്റ്റിക്സ് എന്ന പ്രകാശ ശാസ്ത്രത്തിനുപുറമേ ശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന അക്കൗസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയിലും ഒട്ടേറെ പഠനങ്ങൾ നടത്തിയ ഇദ്ദേഹം വിവിധ സംഗീതോപകരണങ്ങളും പഠനവിധേയമാക്കിയിരുന്നു.

7. ശാസ്ത്രത്തിലെ ഏഴ് അടിസ്ഥാന SI ഏകകങ്ങളായ ampere, kelvin, second, metre, kilogram, candela, mole എന്നിവയ്ക്ക് പുറമേ ഒട്ടേറെ SI derived ഏകകങ്ങളും നിലവിലുണ്ട്.  ampere എന്ന ഏകകം ആന്ദ്രെ മേരി ആംപിയറിന്‍റെ പേരിലും   kelvin വില്യം തോംസൺ എന്ന കെൽവിൻ പ്രഭുവിന്റെ പേരിലും ആണ് നാമകരണം ചെയ്യപ്പെട്ടത്. ഹെൻട്രിച് റുഡോൾഫ് ഹെർട്സിന്‍റെ പേരിൽ ഫ്രീക്വൻസി അഥവാ ആവൃത്തിയുടെ ഏകകമായ hertz (Hz)   , നിക്കോള ടെസ്‌ലയുടെ പേരിൽ tesla (T) ,   ഹെന്റി ബെക്വരലിന്‍റെ പേരിൽ റേഡിയോ ആക്‌ടീവതയുടെ ഏകകമായ becquerel (Bq) , ജെയിംസ് പ്രസ്കൊട്ട് ജൂളിന്‍റെ പേരിൽ ഊർജത്തിന്റെ ഏകകമായ joule (J), വില്യം എഡ്വാർഡ് വെബറിന്‍റെ പേരിൽ കാന്തിക പ്രവാഹത്തിന്റെ ഏകാകമായ weber (Wb), അലസൻഡ്രോ വോൾട്ടയുടെ പേരിൽ   volt (V), ജെയിംസ് വാട്ടിന്‍റെ പേരിൽ watt (W) , ബ്ലെയിസ് പാസ്കലിന്‍റെ പേരിൽ മർദത്തിന്റെ ഏകകമായ pascal (Pa) എന്നിവയും അവയിൽ ചിലതാണ്.

8. ഏറ്റവും തണുപ്പേറിയ ഗ്രഹമായ യുറാനസ് ആണ് ഏതെങ്കിലും ഒരു ഗ്രീക്ക് ദേവന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഏക ഗ്രഹം. മറ്റു ഗ്രഹങ്ങളായ മെർക്കുറി, വീനസ്, മാഴ്സ് , ജൂപ്പിറ്റർ, സാറ്റെൺ തുടങ്ങിയവയെല്ലാം റോമൻ ദേവന്മാരുടെ പേരിലാണ്. ഗ്രീക്ക് വിശ്വാസപ്രകാരം ശനിയുടെ പിതാവായിരുന്നു ഔറാനാസ് അഥവാ യുറാനസ് എന്ന ദേവൻ. ശനിയെപ്പോലെ തന്നെ യുറാനസിനു ചുറ്റും വലയങ്ങളുണ്ട്.  യുറാനസിന്റെ ഉപഗ്രഹങ്ങളായ Miranda, Titania, Ariel, Umbriel, Oberon തുടങ്ങിയവ വിശ്വസാഹിത്യത്തിലെ പ്രശസ്തമായ കഥാപാത്രങ്ങളുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്.

9. ആപേക്ഷികദൂരം കുറയുമ്പോൾ തരംഗത്തിന്റെ ആവൃത്തി (Frequency)കൂടുകയും (തരംഗദൈർഘ്യം കുറയുകയും) ദൂരം കൂടുമ്പോൾ ആവൃത്തി കുറയുകയും (തരംഗദൈർഘ്യം കൂടുകയും) ചെയ്യും എന്നതാണ് ഡോപ്ലർ തത്ത്വം. ശബ്ദത്തിന്റെ കാര്യത്തിൽ ഉച്ചതയിൽ (Pitch) വരുന്ന ഏറ്റക്കുറച്ചിലായിട്ടാണ് ഇത് നമുക്കനുഭവപ്പെടുക. എന്നാൽ,  പ്രകാശത്തിലാണെങ്കിൽ നിറംമാറ്റമായി ഇത് അനുഭവപ്പെടും. 

10. ഗ്രീക്ക് ഭാഷയിൽ നെഫോസ് എന്നാൽ മേഘം എന്നാണ് അർഥം. ഗ്രീക്ക് പുരാണങ്ങളിലെ മേഘദേവതയായിരുന്നു നെഫെലെ. ഇതിൽനിന്നുമാണ് മേഘങ്ങളെ സംബദ്ധിച്ച പഠനത്തിന് നെഫോളജി എന്നും മേഘങ്ങളെക്കുറിച്ച് പഠനം നടത്തുന്നവർക്ക് നെഫോളജിസ്റ്റ് എന്നും പേര് ലഭിച്ചത്. വൈദ്യ ശാസ്ത്രത്തിൽ പ്രോട്ടീനുകളെക്കുറിച്ചും മറ്റ് ഒട്ടേറെ തന്മാത്രകളെക്കുറിച്ചും  പഠനം നടത്തുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ്  നെഫെലോമീറ്റർ.

(തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

​Content Highlights: Quiz on discoveries in Physics, Crookes tube, Royal Mint, Plum pudding model, Free-fall model, Raman Effect