ക്രിക്കറ്റ് പ്രേമികള്‍ ലോകകപ്പ് ലഹരിയിലാണല്ലോ. ലോകകപ്പുമായി ബന്ധപ്പെട്ട ചില വിശേഷങ്ങളാണ് ഇത്തവണ ക്വിസ് കോര്‍ണറില്‍.
 
ചോദ്യങ്ങള്‍
 
1. 1973-ൽ  ഇംഗ്ലണ്ടിൽ  ആരംഭിച്ച ഈ ടൂർണമെന്റിൽ ഇതുവരെ ജേതാക്കളായത് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ മൂന്നുടീമുകൾ മാത്രമാണ്. ഇന്ത്യ രണ്ടുതവണ റണ്ണേഴ്‌സ് അപ്പ് ആയിട്ടുണ്ട്. ഏതാണ് ഈ ടൂർണമെന്റ്?
 
2. ‘റിബ്ബൺ’ എന്നർഥം വരുന്ന  ഫ്രഞ്ച് വാക്കിൽനിന്നാണ് ഈ പ്രയോഗം ഉടലെടുത്തത്. പങ്കെടുക്കുന്ന ടീമുകൾ എല്ലാ എതിർ ടീമുമായും ഓരോ മത്സരം കളിക്കുന്ന ടൂർണമെന്റുകളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. നമ്മൾ എങ്ങനെയാണ് ഇതിനെ അറിയുക?
 
3. സർ പദവി നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പേരിന്റെ ആദ്യ ഭാഗം ഐസക് അലക്സാണ്ടർ എന്നാണ്. 2002-ൽ, എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനായും മികച്ച മൂന്നാമത്തെ ടെസ്റ്റ്‌ ബാറ്റ്‌സ്മാനായും (ഡോൺ ബ്രാഡ്മാനും സച്ചിൻ തെണ്ടുൽക്കറിനും ശേഷം) വിസ്ഡൻ മാസിക തിരഞ്ഞെടുത്തത് ഇദ്ദേഹത്തെ ആയിരുന്നു. ഇപ്പോൾ പാകിസ്താൻ സൂപ്പർ T20 ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ ഉപദേശകൻ ആയ ഇദ്ദേഹം, 2013-ൽ ഡൽഹി ഡെയർ ഡെവിൾസിന്റെയും ഭാഗമായിരുന്നു. ആരാണ് ഈ ഇതിഹാസ താരം?
 
4. ലേലത്തിൽ വിറ്റുപോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിക്കറ്റ്‌ ബാറ്റ് ഇതാണ്.  ആർ.കെ. ഗ്ലോബൽ ഷെയേഴ്‌സ് ആൻഡ്‌ ഗ്ലോബൽ ലിമിറ്റഡ് ആണ് 80 ലക്ഷത്തിലേറെ തുകയ്ക്ക് ഈ ബാറ്റ് സ്വന്തമാക്കിയത്. എന്താണ് ഈ ബാറ്റിനെ ഇത്രയും വിലപിടിപ്പുള്ളതാക്കിയത്?
 
5. 2007 ലോകകപ്പ് ഫൈനലിൽ, ശ്രീലങ്കയ്ക്കെതിരേ ആദം ഗിൽക്രിസ്റ്റ് നേടിയ സെഞ്ചുറി ഓസ്‌ട്രേലിയയ്ക്ക് നാലാംകിരീടം നേടിക്കൊടുത്തു. ഈ പ്രകടനത്തിൽ നിർണായക പങ്കുവഹിച്ചത് അന്ന് ഗിൽക്രിസ്റ്റ് ചെയ്ത ഒരു കാര്യമാണ്. ഇത് ചെയ്തതിലൂടെ അദ്ദേഹത്തിന് ബാറ്റിന്റെ മുകളിലുള്ള നിയന്ത്രണവും ഗ്രിപ്പും കൂട്ടി. എന്താണ് അന്ന് ആദം ഗിൽക്രിസ്റ്റ് ചെയ്തത്?
 
6. ഇന്ത്യയുടെ 1983 ലോകകപ്പിലെ അദ്‌ഭുതവിജയം മുൻനിർത്തി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 83. ദമ്പതിമാരായ ദീപിക പദുകോണും രൺവീർ സിങ്ങും ഈ  സിനിമയിലും ദമ്പതിമാരായിത്തന്നെയാണ് വേഷമിടുന്നത്. ദീപിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ യഥാർഥപേര് റോമി ഭാട്ടിയ. ആരാണ് യഥാർഥ കഥയിലെ നായകൻ?
 
Kapil Dev with World Cup 1983
 
7. 1975-ലെ ലോകകപ്പിലെ വെസ്റ്റ് ഇൻഡീസ്-ഓസ്ട്രേലിയ മത്സരത്തിനിടയിൽ ഓസ്ട്രേലിയൻ ബൗളർ ഡെന്നിസ് ലിലിയുടെ ഓവറിലെ ഒരു ബൗൺസർ വെസ്റ്റ് ഇൻഡീസ് ഓപ്പണറായ ഇദ്ദേഹം ലോങ്‌ ഓണിനു മുകളിലൂടെ ഹുക് ചെയ്ത് ബൗണ്ടറി ലൈനിനു മുകളിലൂടെ പറത്തി. അത് ഏകദിന ക്രിക്കറ്റിലെ റെക്കോഡിനാണ് വഴിവെച്ചത്. ആരാണ് വെസ്റ്റ് ഇൻഡീസ് ഓപ്പണർ? എന്ത് റെക്കോഡ്? 
 
8. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ ജനിച്ച ഇന്ത്യൻ വംശജനായ ഇദ്ദേഹം പിന്നീട് ന്യൂസീലൻഡിലേക്ക് കുടിയേറുകയും ദേശീയടീമിൽ കളിക്കുകയും ചെയ്തു. 1992 ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്കെതിരായ ഒരു മത്സരത്തിലൂടെ അന്നുവരെ അധികമാരും പരിചയിച്ചിട്ടില്ലാത്ത ഒരു കീഴ്വഴക്കത്തിനു തുടക്കം കുറിച്ചു. ആരാണിദ്ദേഹം? എന്തായിരുന്നു പുതിയ കീഴ്വഴക്കം?
 
9. A Hell of a Way to Make a Living എന്ന പുസ്തകം രചിച്ച വ്യക്തിയാണ് ഒന്നാമത്തെ ചിത്രത്തിൽ. ക്രിക്കറ്റിനു നൽകിയ സംഭാവനകൾ പരിഗണിച്ചു Member of the Order of the British Empire എന്ന ബഹുമതി ലഭിച്ച, ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ഉള്ള വ്യക്തികളിലൊരാളാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. Hutt City Sportsperson of the Year അവാർഡ് ലഭിച്ച ആദ്യവ്യക്തിയാണ് മൂന്നാമത്തെ ചിത്രത്തിലുള്ളത്. ഇവർക്ക് മൂന്നു പേർക്കും പൊതുവായുള്ള ലോകകപ്പ്‌ ക്രിക്കറ്റ് ബന്ധമെന്ത്?
 
WC
 
10. 1987-ൽ രഞ്ജിട്രോഫിയിൽ കളിച്ചു, ആ സീസണിൽ റെയിൽവേയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ എടുത്ത താരം എന്ന ബഹുമതി ലഭിച്ച ഈ ഡൽഹി താരം ജനിച്ചത് ആന്ധ്രാപ്രദേശിലായിരുന്നു. പിന്നീട് ഇംഗ്ലീഷ് കൗണ്ടിയിൽ പല ക്ലബ്ബുകൾക്കും വേണ്ടി കളിച്ച ഇദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ ടീമിലും ഇടം നേടി. എന്നാൽ, ഇദ്ദേഹത്തെ എല്ലാവരും ഓർക്കുന്നത് വിചിത്രമായ ഒരു റെക്കോഡിന്‍റെ പേരിലാണ്. ആരാണിദ്ദേഹം? എന്ത് റെക്കോഡ്?
 
 

  ഉത്തരങ്ങൾ

 1. വനിതാ ലോകകപ്പ്‌ ക്രിക്കറ്റ്
 2. റൗണ്ട് റോബിൻ 
 3. സർ വിവിയൻ റിച്ചാർഡ്‌സ് 
 4. 2011 ലോകകപ്പ് ഫൈനലിൽ മഹേന്ദ്ര സിങ്‌ ധോണി വിജയ സിക്സ് അടിച്ച ബാറ്റ്
 5. അന്ന് അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ ഗ്ലൗസിന്റെ ഉള്ളിൽ ഒരു സ്ക്വാഷ് ബോൾ ഉണ്ടായിരുന്നു
 6. കപിൽദേവ്
 7. റോയ് ഫ്രെഡ്റിക്സ്, ഏകദിന ക്രിക്കറ്റിലെ ആദ്യത്തെ ഹിറ്റ് വിക്കറ്റ്  (ലോകകപ്പിലെയും)
 8. ദീപക് പട്ടേൽ, ഒരു സ്പിന്നർ ബൗളിങ്‌ ഓപ്പൺ ചെയ്യുന്നത് 
 9. കെൻ റുതർഫോഡ്,  ഇയാൻ സ്മിത്ത് , ഇവെൻ ചാറ്റ് ഫീൽഡ് - ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ഹാട്രിക് നേട്ടത്തിൽ ഔട്ട് ആയ ബാറ്റ്സ്മാന്മാർ 
 10. സുനിൽ വത്സൻ. ഒരു അന്താരാഷ്‌ട്ര മത്സരം പോലും കളിക്കാതെ ലോകകപ്പ് ചാമ്പ്യൻ എന്ന റെക്കോഡ്

 

കൂടുതലറിയാം

 1. ജാക് ഹേവാർഡ് എന്ന ബിസിനസുകാരന്റെ സ്പോൺസർഷിപ്പിൽ 1973-ൽ ഈ ടൂർണമെന്റ് നടന്ന് രണ്ടുവർഷം കഴിഞ്ഞാണ് പുരുഷന്മാർക്കായുള്ള ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്നത്.
 2. ഈ വർഷത്തെ ലോകകപ്പ് നടക്കുന്നത് റൗണ്ട്റോബിൻ അടിസ്ഥാനത്തിൽ ആണ്. ‘റൂബൻ’ എന്ന ഫ്രഞ്ച് വാക്ക് ആണ് ഇങ്ങനെ പരിണമിച്ചത് എന്ന് പറയപ്പെടുന്നു. വിജയിയെ നിർണയിക്കാൻ ഏറ്റവും ഉത്തമമായ മാർഗം ഇതാണെങ്കിലും മത്സരാർഥികളുടെ എണ്ണം കൂടുന്നത് സമയപരിധി നീട്ടും. ഈ സിസ്റ്റത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി പറയുന്നത്  ‘സർക്കിൾ ഓഫ് ഡെത്ത്’ ആണ് (പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഒരേ ജയപരാജയങ്ങൾ ഉള്ള അവസ്ഥ). ‘ജൊഹാൻ ബർഗർ’ എന്ന ചെസ് കളിക്കാരനോടുള്ള ആദരസൂചകമായി, ബർഗർ സിസ്റ്റം എന്നാണ് ഇതിനെ സെർബിയയിൽ വിളിക്കാറ്.
  Vivian Richards
 3. 1979 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ റിച്ചാർഡ്‌സ് നേടിയ 138 റൺസ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നാണ്. 1979-ലും 1983-ലും ലോകകപ്പ് റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തായിരുന്നു റിച്ചാർഡ്‌സ്. 1983- ലെ വിഖ്യാത ഫൈനലിൽ കപിൽദേവ് ഐതിഹാസിക ക്യാച്ചിലൂടെ പുറത്താക്കിയത് റിച്ചാർഡ്സിനെ ആയിരുന്നു.
 4. 2011 ജൂലായ്‌ 18-ന് ലണ്ടനിൽ നടന്ന ലേലത്തിൽ, ഈ ബാറ്റിനു ലഭിച്ച മുഴുവൻ തുകയും ധോണിയുടെ ഭാര്യയുടെ ചാരിറ്റബിൾ ഓർഗനൈസേഷൻ ആയ സാക്ഷി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിച്ചത്. താൻ മരിക്കുന്നതിനുതൊട്ടുമുമ്പ്, ധോണി 2011 ലോകകപ്പ് ഫൈനലിൽ അവസാനമായി അടിച്ച സിക്സ് കാണണം എന്നാണ് സുനിൽ ഗാവസ്കർ പറഞ്ഞത്. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് തിരികെ നൽകിയ സിക്സ് ആയിരുന്നു അത്.
   
 5. Adam Gilchristഷോട്ടുകൾ കളിക്കുമ്പോൾ ബാറ്റ് ആവശ്യമില്ലാതെ തിരിയുന്നത് ഇല്ലാതാക്കാനും ഗ്ലൗസിനുള്ളിലെ പന്ത് സഹായിച്ചു. ഇങ്ങനൊരു കാര്യം മുമ്പെങ്ങും കേട്ടുകേൾവി ഇല്ലാതിരുന്നതിനാൽ കളി തുടങ്ങുന്നതിനു തൊട്ടുമുമ്പ് വരെ ഗിൽക്രിസ്റ്റിന്‌ ഇത് ചെയ്യുന്നതിൽ സംശയം ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അത് ഏറ്റെടുക്കുകയും കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് അന്നവിടെ കാഴ്ചവെക്കുകയും ചെയ്തു. 2007 ഫൈനലിൽ, 107 പന്തിൽ ഗിൽക്രിസ്റ്റ് നേടിയ 149 റൺസ് ലോകകപ്പ് ഫൈനലിലെ ഉയർന്ന വ്യക്തിഗത സ്കോർ ആണ്. അന്നദ്ദേഹം സ്ക്വാഷ് ബോൾ വെച്ചത് വിവാദങ്ങൾക്ക് വഴി വെച്ചെങ്കിലും അതിൽ നിയമവിരുദ്ധമായി ഒന്നും ഇല്ലെന്നായിരുന്നു അന്തിമവിധി. ഗിൽക്രിസ്റ്റിന്റെ കോച്ച് ആയിരുന്ന ബോബ് മൂൾമാണിന്റെ നിർദേശപ്രകാരമായിരുന്നു അദ്ദേഹം ഇങ്ങനെ ചെയ്തത്. 
 6. കറുത്ത കുതിരകളായിവന്ന്‌ ഇന്ത്യ ലോകകപ്പ് നേടിയ വർഷമാണ് 1983. അന്നത്തെ നായകനായ കപിൽ ദേവിന്റെ ഭാര്യയായ റോമി ഭാട്ടിയയും എല്ലാ കളികളും കണ്ടിരുന്നു. ദീപികയും രൺവീറും തങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ നേരിൽക്കണ്ട് കൂടെ ദിവസങ്ങൾ ചെലവഴിച്ചത് ഈയിടെ വാർത്ത ആയിരുന്നു.  83 എന്ന ചിത്രത്തിൽ സുനിൽ ഗാവസ്കറിനെ അവതരിപ്പിക്കുന്നത് താഹിർ രാജ് ഭാസിൻ ആണ്. സാഖിബ് സലീം മൊഹീന്ദർ അമർനാഥിന്റെയും ധൈര്യകർവ രവി ശാസ്ത്രിയുടെയും റോളുകൾ ചെയ്യും. 
   
 7. 1974-ലെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട റോയ് ഫ്രെഡ്റിക്സ് സ്വന്തം രാജ്യമായ ഗയാനയ്ക്കുവേണ്ടി ക്രിക്കറ്റിനുപുറമേ ടേബിൾ ടെന്നീസും സ്ക്വാഷും കളിച്ചു. കിഡ് സിമന്റ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം 1998-ൽ തൊണ്ടയിലെ കാൻസറിനെ തുടർന്ന്‌ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും പിന്നീട് കമന്റേറ്റർ ആയി മടങ്ങി വന്നു.
 8. ഇദ്ദേഹത്തിന്റെ മുൻ തലമുറക്കാർ ഇന്ത്യയിലേക്ക് കുടിയേറിയവരായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കണമെന്ന ഇദേഹത്തിന്റെ തീവ്രമായ ആഗ്രഹം നിറവേറ്റാൻ വേണ്ടി കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയെങ്കിലും ടീമിൽ ഇടം നേടാൻ ഇദ്ദേഹത്തിനായില്ല.  അന്നത്തെ ന്യൂസീലാൻഡ്‌ ക്യാപ്റ്റനായിരുന്ന മാർട്ടിൻ ക്രോയുടെ ആ തീരുമാനം പലരെയും അദ്‌ഭുതപ്പെടുത്തിയിരുന്നു. ന്യൂസീലൻഡിലെ ആഭ്യന്തര മത്സരമായ പ്ലങ്കറ്റ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ദീപക് പട്ടേലിനെ ദേശീയ ടീമിലിടം നേടാൻ സഹായിച്ചത്. 
   
 9. 1987 ലോകകപ്പിൽ   ന്യൂസീലൻഡിനെതിരേ നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ചേതൻ ശർമ ലോക കപ്പിലെ ആദ്യ ഹാട്രിക് നേട്ടത്തിനുടമയായത്. ആദ്യ പന്തിൽ കെൻ റുതർഫോഡിനെയും രണ്ടാമത്തെ പന്തിൽ  ഇയാൻ സ്മിത്തിനെയും മൂന്നാമത്തെ പന്തിൽ ഇവെൻ ചാറ്റ് ഫീൽഡിനെയും ക്ലീൻ ബോൾഡ് ആക്കിക്കൊണ്ടാണ് ചേതൻ ശർമ തന്‍റെ ഹാട്രിക് നേട്ടം കൈവരിച്ചത്.
   
 10. 1983-ലെ ലോകകപ്പ്‌ നേടിയ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരത്തിൽപ്പോലും കളിക്കാൻ സുനിലിന് അവസരം ലഭിച്ചിരുന്നില്ല. 1977 നും 1988-നുമിടയിൽ 75 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു 212 വിക്കറ്റുകൾ നേടിയ  ഇദ്ദേഹത്തിന് 3.25 എന്ന  മികച്ച ബൗളിങ്‌ ശരാശരി ഉണ്ടായിരുന്നു. 

ലോകകപ്പില്‍ മുമ്പിൽ

 1. ഏറ്റവുമധികം റണ്‍ നേടിയ താരം - സച്ചിന്‍ തെണ്ടുല്‍ക്കര്‍ (ഇന്ത്യ, 2278 റണ്‍സ്)
 2. ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരം- സച്ചിന്‍ തെണ്ടുല്‍ക്കര്‍ (6 എണ്ണം)
 3. ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സ് കടന്ന താരം -  സച്ചിന്‍ തെണ്ടുല്‍ക്കര്‍ (21 എണ്ണം)
 4. ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയത്-  സച്ചിന്‍ തെണ്ടുല്‍ക്കര്‍ (241 എണ്ണം)
 5. ഏറ്റവും അധികം വിക്കറ്റ് നേടിയ താരം - ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ, 71)
 6. ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍- മാര്‍ട്ടിന്‍ ഗുപ്ടില്‍ (ന്യൂസീലാൻഡ്‌, 237 റണ്‍സ്)
 7. മികച്ച റണ്‍ശരാശരി- ലാന്‍സ് ക്ലൂസ്‌നര്‍ (സൗത്ത് ആഫ്രിക്ക, 124)
 8. ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് നേടിയ രാജ്യം- ഓസ്‌ട്രേലിയ (അഞ്ച് തവണ)

 

തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

Content Highlights: Quiz on Cricket World Cup, ICC World Cup 2019, Women's World Cup, Round Robin