ലോകത്തിലെ പ്രധാന ദുരന്തങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ക്വിസ് ഫോർ കിഡ്സിൽ ഇത്തവണ
ഉത്തരം പറയാമോ?
01. 1931-ല്‍ ഏതാണ്ട് 20 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കമാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ വെള്ളപ്പൊക്കം. അഞ്ചരക്കോടിയോളം മനുഷ്യരെ ദുരന്തബാധിതരാക്കിയ മധ്യ ചൈനയിലെ ഈ പ്രളയം എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
02. 1666-ല്‍ ഇംഗ്ലണ്ടിലെ പുഡിങ് ലെയ്‌നിലെ തോമസ് ഫാരിനര്‍ എന്നയാളുടെ ബേക്കറിയില്‍ ഉദ്ഭവിച്ചു ഏതാണ്ട് എഴുപതിനായിരത്തോളം വീടുകള്‍ നശിപ്പിക്കപ്പെട്ട ദുരന്തം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
03. ചൈനീസ് ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതജ്ഞനുമായിരുന്ന ഷാങ് ചെങ് എ.ഡി. 132-ല്‍ കണ്ടു പിടിച്ച ഉപകരണമാണ്, ഈ മേഖലയില്‍ ലോകത്തിലെ തന്നെ ആദ്യത്തേത് എന്ന് വിളിക്കപ്പെടുന്നത്. ഏതാണീ ഉപകരണം?
04. 1986 ഏപ്രില്‍ 27-ന് സ്വീഡനിലെ Forsmark ആണവനിലയത്തിലെ ജീവനക്കാരുടെ വസ്ത്രത്തില്‍ ആണവ വികിരണത്തിന്റെ ചില പാടുകള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണമാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ഒരു ദുരന്തം ലോകമറിയാനിടയായത്. ഏത് ദുരന്തം?
05. 2004-ലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുനാമി, നര്‍ഗീസ് ചുഴലിക്കാറ്റ്, ഹെയ്ത്തി ഭൂമി കുലുക്കം, സിച്ചുവാന്‍ ഭൂകമ്പം, തായ്ലാന്‍ഡിലെ പ്രളയം തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒട്ടു മിക്ക പ്രധാന ദുരന്തങ്ങളുടെയും തുടര്‍ നടപടികളുടെയും ലഘൂകരണത്തിന്റെയും ഭാഗമായിരുന്ന ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എന്‍. ഇ.പി. യുടെ ദുരന്ത സാധ്യത ലഘൂകരണ വിഭാഗം തലവനാണ്. ആരാണിദ്ദേഹം?
06. റിക്ക് ഡി ഹസ്ബന്‍ഡ്, വില്യം മക് കൂല്‍, മൈക്കല്‍ ആന്‍ഡേഴ് സന്‍, ഡേവിഡ് ബ്രൗണ്‍, ലോറല്‍ ക്ലാര്‍ക്ക്, ഇലാന്‍ രാമണ്‍, .............. ഈ ലിസ്റ്റില്‍ വിട്ടു പോയ പേര് ആരുടേതാണ് ?
07. ലോകത്തിലെ ഏറ്റവും വിലകൂടിയ ചിത്രങ്ങളിലൊന്നായ എഡ്വാര്‍ഡ് മുങ്കി ന്റെ The Scream എന്ന ചിത്രത്തിന്റെ പ്രമേയം ഒരു അഗ്‌നി പര്‍വത സ്‌ഫോടനമായിരുന്നു. ഭൂമുഖത്ത് കേട്ട ഏറ്റവും വലിയ ശബ്ദമെന്നറിയപ്പെട്ട ആ സ്‌ഫോടനം ഏത് അഗ്‌നി പര്‍വതത്തിന്റെ പൊട്ടിത്തെറിയായിരുന്നു?
08. അസമിലെ ഗുവാഹാട്ടി, മഹാരാഷ്ട്രയിലെ മുംബൈ, മാലിന്‍, ബംഗാളിലെ ഡാര്‍ജിലിങ്, ഉത്തരാഖണ്ഡിലെ മാല്‍പ, കേദാര്‍നാഥ്, കേരളത്തിലെ അമ്പൂരി എന്നീ സ്ഥലങ്ങള്‍ എന്ത് ദുരന്തവുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകളില്‍ ഇടംനേടിയത്?
09. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജി.വി. രാജ, ഇന്ത്യന്‍ ആണവപദ്ധതികളുടെ പിതാവായ ഹോമി ജഹാംഗീര്‍ ബാബ, ഇന്‍സുലിനുമായി ബന്ധപ്പെട്ട കണ്ടുപിടിത്തത്തിലൂടെ നൊബേല്‍ സമ്മാനം ലഭിച്ച ഫ്രെഡറിക്ക് ബാന്‍ഡിങ്, ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ ഡാഗ് ഹാമര്‍ഷോള്‍ട്ട്, ദക്ഷിണ ധ്രുവത്തില്‍ ആദ്യമായെത്തിയ റോള്‍ഡ് ആമുണ്ട്‌സെന്‍, പാകിസ്താന്‍ മുന്‍ പ്രസിഡന്റായിരുന്ന സിയാ ഉള്‍ ഹക്, സഞ്ജയ് ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി മാധവ റാവു സിന്ധ്യ, ചലച്ചിത്ര താരങ്ങളായ സൗന്ദര്യ, റാണിചന്ദ്ര തുടങ്ങിയവര്‍ക്ക് പൊതുവായുള്ള സാമ്യമെന്ത് ?
10. റോക്‌സി ബോള്‍ട്ടന്‍ എന്ന സാമൂഹിക പ്രവര്‍ത്തക ഇതിനു പക്ഷികളുടെ പേരിടണമെന്ന് നിര്‍ദേശിച്ചപ്പോള്‍ പരിസ്ഥിതി സംഘടനയായ ആഡബോണ്‍ സൊസൈറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നു അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍, റോക്‌സി ബോള്‍ട്ടന്റെ നിരന്തരമായ പ്രയത്‌നത്തിനൊടുവില്‍ 1978-ലാണ് അന്നുവരെ നിലനിന്നിരുന്ന പേരിടല്‍ രീതി മാറ്റാന്‍ തുടങ്ങിയത്. എന്തിനു പേരിടുന്ന രീതിക്കെതിരേയാണ് റോക്‌സി ബോള്‍ട്ടന്‍ പോരാടിയത്?
ഉത്തരങ്ങള്‍
01. യാങ് സി - ഹുവായ് (യാങ്സി നദി , ഹുവായ് നദി, മഞ്ഞ നദി എന്നറിയപ്പെടുന്ന ഹുവാന്‍ ഹെ നദി എന്നിവയാണ് അന്ന് കര കവിഞ്ഞൊഴുകിയത്)
02. ദി ഗ്രേറ്റ് ഫയര്‍ ഓഫ് ലണ്ടന്‍. (ലണ്ടന്‍ നഗരത്തിന്റെ കേന്ദ്ര ഭാഗങ്ങള്‍ മുഴുവന്‍ നശിപ്പിച്ച അഗ്‌നിബാധ)
03. സീസ്‌മോ മീറ്റര്‍ ( ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തുവാനുപയോഗിക്കുന്ന ഉപകരണമാണിത് )
04. ചെര്‍ണോബില്‍ ദുരന്തം (അന്നത്തെ സോവിയറ്റ് ഭരണകൂടം ഈ ദുരന്തം പുറത്തറിയാതെ മൂടി വെക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദുരന്തത്തിന്റെ വ്യാപ്തി രണ്ടായിരം കിലോമീറ്റര്‍ അകലെയുള്ള മനുഷ്യരെ പോലും ബാധിച്ചിരുന്നു)
05. മുരളി തുമ്മാരുകുടി (എറണാകുളം ജില്ലയിലെ വെങ്ങോല സ്വദേശിയായ ഇദ്ദേഹം 2018-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ്)
06. കല്പന ചൗള (കൊളംബിയ ദുരന്തത്തില്‍ പെട്ട ഏഴു പേരാണിവര്‍. കൊളംബിയ സ്‌പേസ് ഷട്ടിലിലെ മിഷന്‍ സ്‌പെഷലിസ്റ്റ് ആയിരുന്നു കല്പന ചൗള)
07. ക്രാക്കത്തോവ (ഇന്‍ഡൊനീഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലെ സുന്ദ കടലിടുക്കിലാണ് 36,000 പേരുടെ മരണത്തിനിടയാക്കിയ ക്രാക്കത്തോവ അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നത്.)
08. ഉരുള്‍ പൊട്ടല്‍ ( 2001-ല്‍ ആണ് 40 പേരുടെ മരണത്തിനിടയാക്കിയ അമ്പൂരി ഉരുള്‍ പൊട്ടല്‍ നടന്നത്)
09. വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവര്‍ ( 2016-ല്‍ ഒരു വിമാനാപകടത്തില്‍ മുഴുവന്‍ കളിക്കാരും കൊല്ലപ്പെട്ട ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ആണ് ഷാപേകോയന്‍സെ)
10. ചുഴലിക്കാറ്റുകള്‍ക്ക് സ്ത്രീകളുടെ പേര് ഇടുന്നതിനെതിരേ (1953 മുതല്‍ അമേരിക്കയിലെ നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ നാശനഷ്ടം വിതയ്ക്കുന്ന ചുഴലിക്കാറ്റുകള്‍ക്ക് സ്ത്രീകളുടെ പേരുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. 1978-ല്‍ World Meteorological Organization (WWMO) ചുഴലിക്കാറ്റുകള്‍ക്ക് സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകള്‍ മാറിമാറി നല്‍കണമെന്നു തീരുമാനിച്ചതോടെ ഇതിനെതിരേ നിരന്തരമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച റോക്‌സി ബോള്‍ട്ടന്റെ പ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ വിജയം കണ്ടു.)
കൂടുതല്‍ അറിവുകള്‍
- ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങള്‍ രേഖപ്പെടുത്തിയത് ചൈനയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രളയങ്ങള്‍ സംഭവിച്ചിട്ടുള്ളത് മഹാരാഷ്ട്ര, ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലാണ്. കേരളത്തിലെ ഏറ്റവും ശക്തമായ പ്രളയം തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 കര്‍ക്കടകം ഒന്നിന് ആരംഭിച്ച വെള്ളപ്പൊക്കമാണ്. കൊല്ലവര്‍ഷം 1099-ല്‍ നടന്നതിനാലാണ് ഇതിനെ തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം എന്ന് വിളിക്കുന്നത്.
- ഫുക്കുഷിമ ആണവദുരന്തം നടന്നത് ജപ്പാനിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ 1984-ലെ ഭോപാല്‍ ദുരന്തത്തിനു കാരണമായ Methyl ioscyanate , സെവിന്‍ എന്ന കീടനാശിനിയുടെ നിര്‍മാണത്തിനിടെ ആണ് ചോര്‍ന്നത്. അന്ന് ആ ദുരന്തത്തിനു കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനി ഇന്ന് ഡോ കെമിക്കല്‍സ് (Dow Chemical Company) ഏറ്റെടുത്തു. ജീവികള്‍ക്ക് ഹാനികരമായതിനെ സൂചിപ്പിക്കുന്ന ബയോ ഹസാര്‍ഡ് ചിഹ്നം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് ഡോ കെമിക്കല്‍സ് ആണ്.
- 2005-ല്‍ സ്ഥാപിതമായ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യുടെ തലവന്‍ പ്രധാനമന്ത്രിയും സ്റ്റെറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയുമാണ്. റോഡപകടങ്ങള്‍ക്ക് ഇരയായവരെ സ്മരിക്കാനുള്ള അന്താരാഷ്ട്ര ദിനം നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ്. Indian National Center for Ocean Information Services (INCOIS) സ്ഥിതിചെയ്യുന്നത് ഹൈദരാബാദിലാണ്. കേരളത്തിലെ ആദ്യത്തെ ജില്ലാ ദുരന്ത നിവാരണ ടീം ആയ ദ്രുത് ആരംഭിച്ചത് കോഴിക്കോട്ടാണ്.
- ഹെന്റി പിഡിങ്ങ്ടണ്‍ എന്ന ശാസ്ത്രജ്ഞനാണ് ചുഴലിക്കാറ്റുകള്‍ക്ക് 'വലയംചെയ്ത സര്‍പ്പങ്ങള്‍' (coiled nsakes) എന്ന അര്‍ഥം വരുന്ന സൈക്ലോണ്‍ എന്ന പേര് നിര്‍ദേശിച്ചത്. Hurcan എന്ന മായന്‍ ദേവന്റെ പേരില്‍ നിന്നാണ് Hurricane എന്ന വാക്കിന്റെ ഉദ്ഭവം. തിരിയുക എന്നര്‍ഥം വരുന്ന Tornar എന്ന വാക്കില്‍ നിന്നാണ് Tornado എന്ന വാക്കിന്റെ ഉദ്ഭവം. ചുഴലിക്കാറ്റിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന സ്‌കെയില്‍ ആണ് Saffir-Simposn scale.
- ഡല്‍ഹിയിലെ ഉപഹാര്‍ സിനിമാ തിയേറ്ററിലെ തീപ്പിടിത്തം, തമിഴ്‌നാടിലെ കുംഭകോണത്തെ ശ്രീകൃഷ്ണ സ്‌കൂളിലെ തീപ്പിടിത്തം, കേരളത്തില്‍, കൊല്ലത്ത് നടന്ന പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവ അഗ്‌നിബാധ മൂലമുണ്ടായ പ്രധാന ദുരന്തങ്ങളാണ്.
- ചാള്‍സ് റിക്ടര്‍ 1935-ല്‍ വികസിപ്പിച്ചെടുത്ത റിക്ടര്‍ സ്‌കെയില്‍ ഭൂകമ്പത്തിന്റെ വലുപ്പം രേഖപ്പെടുത്താനുപയോഗിക്കുന്നു. ഇന്ത്യയില്‍ നടന്ന വലിയ ഭൂകമ്പങ്ങളാണ് ലാത്തൂര്‍ ഭൂകമ്പവും ഗുജറാത്തിലെ ഭുജ് ഭൂകമ്പവും.
തയ്യാറാക്കിയത്: അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷൻ സൗത്ത് ഇന്ത്യാ ഡയറക്ടറും ആയിരത്തിലധികം ക്വിസ് മത്സരങ്ങളിൽ ക്വിസ്‌മാസ്റ്ററായി എത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് സ്നേഹജ് ശ്രീനിവാസ്