ക്ഷക്കണക്കിന്‌ വാക്കുകളുണ്ട്‌ ഇംഗ്ലീഷ് ഭാഷയിൽ. ഈ വാക്കുകൾ എങ്ങനെ രൂപാന്തരപ്പെട്ടു എന്നതിനുപിന്നിൽ ഒട്ടേറെ രസകരമായ കഥകളുമുണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടാം...

ചോദ്യങ്ങള്‍

1. നെപ്പോളിയന്റെ കീഴിലുള്ള ഫ്രഞ്ച് ആര്‍മിയിലെ ഒരു സൈനികനായിരുന്നു നിക്കോളാസ്. യുദ്ധത്തിനുശേഷവും പരാജയം സമ്മതിക്കാതെ നെപ്പോളിയന്റെ ആശയങ്ങളുമായി മുന്നോട്ടുപോയ, ഇദ്ദേഹത്തിന്റെ പേരിലെ രണ്ടാമത്തെ ഭാഗത്തില്‍നിന്നാണ് ഇന്ന് ഒരു പ്രത്യേക ആശയത്തില്‍ ഉറച്ചുനില്‍ക്കുന്നവരെ സൂചിപ്പിക്കുന്ന ഈ പദം ഉദ്ഭവിച്ചത്. ഇന്ന് വളരെ സജീവമായി കേള്‍ക്കുന്ന ഈ പദം ഏതാണ്?

2. പണ്ടുകാലത്ത് റോമാസാമ്രാജ്യത്തിനുകീഴില്‍, സൈനികര്‍ക്കും മറ്റു ജോലിചെയ്യുന്നവര്‍ക്കും ഉപ്പ് ആയിരുന്നു വേതനമായി നല്‍കിവന്നിരുന്നത്. അതിനാല്‍ത്തന്നെ നാം വളരെ സാധാരണയായി ഉപയോഗിക്കുന്ന ഈ വാക്കിന്റെ ഉദ്ഭവം ഉപ്പിന്റെ റോമന്‍ ഭാഷയിലെ പേരില്‍നിന്നാണെന്നാണ് ഒരു കഥ. ഏതു വാക്ക്?   

3. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില്‍ ഐറിഷുകാരനായ തോമസ് ഡ്രമ്മണ്‍ കൊടുമുടികളുടെ ഉയരം അളക്കാനായിരുന്നു ഈ പ്രകാശസംവിധാനം ഉപയോഗിച്ചിരുന്നത്. നാടകവേദിയുടെ മധ്യഭാഗം പ്രകാശിപ്പിക്കാനും ഈ വെളിച്ചം ഉപയോഗിക്കപ്പെട്ടു. പ്രചുരപ്രചാരം നേടിയ ഒരു ശൈലി ഇതില്‍നിന്ന് ഉദ്ഭവിച്ചിട്ടുണ്ട്. തിരിച്ചറിയുക.

4. രണ്ടാം ലോകയുദ്ധത്തിന്റെ സമയത്ത് ബ്രിട്ടീഷ് RAF ഉപയോഗിച്ചിരുന്ന ബോംബുകളില്‍നിന്നാണ് ഈ പദം ഉദ്ഭവിച്ചതെന്ന് പറയുന്നു. ഇന്ന് വിനോദമേഖലയില്‍ ആഘോഷിക്കപ്പെടുന്ന ഈ വാക്കേത്? 

5. സ്പാനിഷ് ഭാഷയില്‍ ശാന്തമായ സമുദ്രം എന്നാണ് ഈ വാക്കിന്റെ അര്‍ഥം. പിന്നീട് ഈ വാക്ക് പ്രതീക്ഷിക്കാതെ ലഭിക്കുന്ന ഒരു സന്തോഷം, നേട്ടം എന്നിവയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചുതുടങ്ങി. പല കമ്പനികളുടെയും പരസ്യങ്ങളില്‍ നല്‍കുന്ന ഓഫറുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഈ വാക്ക് ഏതാണ് ?   

6. ഈ വാക്ക് ഉദ്ഭവിച്ചിരിക്കുന്നത് 'ശൂന്യമായ ഓര്‍ക്കസ്ട്ര (empty orchestra) എന്നര്‍ഥം വരുന്ന ജാപ്പനീസ് വാക്കില്‍നിന്നാണ്. ഇത് ഒറ്റയ്ക്ക് ചെയ്യുന്നതിനെ 'ഹിറ്റൊകാര' എന്നും ഇതിലെ ഒരാളുടെ ഏറ്റവും മികച്ച ഐറ്റത്തെ 'ജുഹാച്ചിബാന്‍' എന്നും ജാപ്പനീസ് ഭാഷയില്‍ വിളിക്കുന്നു. ഈ വാക്ക് ഏത്?

7. 1860-'65 കാലഘട്ടത്തിലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ തടവിലാക്കപ്പെടുന്നവര്‍ക്കുചുറ്റും ഒരു വര വരയ്ക്കുകയും അതു മറികടക്കുന്നവരെ ക്രൂരമായി കൊന്നൊടുക്കുന്നതിനെ ന്യായീകരിക്കുന്നതിന് ഈ പദപ്രയോഗം നടത്തുകയും ചെയ്തിരുന്നു. ഏതാണ് ഈ വാക്ക്?

8. 1688-ല്‍ യോഹാനസ് ഹോഫര്‍ എന്ന സ്വിസ് ഡോക്ടര്‍ വിദേശത്ത് സേവനമനുഷ്ഠിക്കുന്ന വീടുവിട്ടുനില്‍ക്കുന്ന പട്ടാളക്കാരില്‍ കണ്ടുവരുന്ന മാനസികപ്രശ്‌നങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്കാണിത്. വിഷാദം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് പൊതുവായി അദ്ദേഹം നിര്‍ദേശിച്ച ഈ വാക്ക് ഏതാണ്?

9. ഈയം എന്ന ലോഹവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നവരെ സൂചിപ്പിക്കുന്ന ലാറ്റിന്‍ പദത്തില്‍നിന്നും പിന്നീട് ഈയം ഉരുക്കുന്ന വ്യക്തി എന്നര്‍ഥംവരുന്ന പ്ലോമിയര്‍ എന്ന ഫ്രഞ്ച് വാക്കില്‍നിന്നുമാണ് ഈ പദത്തിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. ഈ വാക്ക് ഏത്? 

10. ഇരട്ടി, ഇരട്ടിക്കുക തുടങ്ങിയ അര്‍ഥംവരുന്ന ഒരു വാക്കില്‍നിന്നാണ് ഇതിന്റെ ഉദ്ഭവം. മറ്റ് ദേശത്തേക്ക് പോകുന്നവര്‍ക്കായി നല്‍കിയിരുന്ന ഔദ്യോഗിക രേഖ, ഒരു മജിസ്‌ട്രേറ്റ്  നല്‍കുന്നരേഖ എന്നിവയെ  സൂചിപ്പിച്ചിരുന്ന  ഈ വാക്ക് തിരിച്ചറിയുക.

Origin and Stories Behind the Formation of English Words

ഉത്തരങ്ങള്‍

1. ഷോവനിസ്റ്റ് (Chauvanist) - മേല്‍ക്കോയ്മ മനോഭാവം എന്നാണ് Chauvanist എന്ന വാക്കിന്റെ അര്‍ഥം. സ്ത്രീകളെ ബഹുമാനിക്കാത്ത, പുരുഷന്‍ സ്ത്രീകള്‍ക്ക് മുകളിലാണെന്നു വിശ്വസിക്കുന്ന പുരുഷന്മാരെ വിശേഷിപ്പിക്കുന്ന പദമാണ് Male Chauvanist.

2. സാലറി - Salarium എന്ന വാക്കിന്റെ അര്‍ഥം Salt Money എന്നാണ്. എന്നാല്‍, വേതനമായി ഉപ്പ് നല്‍കിയിരുന്നു എന്നതിന്  മതിയായ തെളിവുകളൊന്നും ഇല്ല എന്നും പ്ലിനി എന്ന ചരിത്രകാരന്റെ എഴുത്തുകള്‍ ഉദ്ധരിച്ച് വാദിക്കുന്നവരുമുണ്ട്.

3. ലൈം ലൈറ്റ് (വെള്ളിത്തിര) - 1837-ല്‍ ലണ്ടനിലെ കൊവന്റ് ഗാര്‍ഡനിലാണ് ലൈം ലൈറ്റ് എന്ന സംവിധാനം ആദ്യമായി ഉയോഗിച്ചത്. സറെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ  Goldsworth Gurney 1820-ല്‍ കണ്ടുപിടിച്ച ഇതിനെ കാല്‍സ്യം ലൈറ്റ് എന്നും പേരുണ്ടായിരുന്നു. ഓക്‌സിജനും ഹൈഡ്രജനും ഉപയോഗിച്ച് ഊതി തീനാളങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ഉപകരണം സ്വന്തമായി നിര്‍മിച്ച ഇദ്ദേഹം അതില്‍ ചുണ്ണാമ്പുകല്ലുകൂടെ ചേര്‍ക്കുമ്പോള്‍ പ്രകാശം ഇരട്ടിക്കുന്നതായി കണ്ടെത്തി.  

4. ബ്ലോക്ക് ബസ്റ്റര്‍ - വളരെ വലിയ സാമ്പത്തികവിജയം നേടുന്ന സിനിമകളെയും മറ്റ് വിനോദങ്ങളെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണിത്. 1943-'44 കാലഘട്ടത്തിലാണ് ഒരു വലിയ ബോംബുണ്ടാക്കുന്ന സ്വാധീനത്തോളം വലിയ സാമ്പത്തികവിജയം നേടുന്നത് എന്ന അര്‍ഥത്തില്‍ ഈ വാക്ക് പ്രയോഗത്തില്‍ വന്നുതുടങ്ങിയത്.

5. ബൊണാന്‍സ (Bonanza) - Bonus എന്ന പദത്തില്‍നിന്നാണ്  bonacia എന്ന പദത്തിന്റെ ഉദ്ഭവം. അതില്‍നിന്നാണ് bonanza എന്ന പദത്തിന്റെ ഉദ്ഭവം. 

6. കരോക്കെ - 1960-കളില്‍ അമേരിക്കന്‍ ടി.വി. നെറ്റ്വര്‍ക് കമ്പനി എന്‍.ബി.സി. sing-along songs എന്ന ആശയം കൊണ്ടുവന്നെങ്കിലും 1970-കളില്‍ ജാപ്പനീസ് എന്‍ജിനീയര്‍മാരാണ് കരോക്കെ മെഷീന്‍ എന്ന ആശയം വികസിപ്പിച്ചത്. ജാപ്പനീസ് ഭാഷയില്‍ കരോക്കെ എന്നാല്‍, empty orchestra എന്നാണെങ്കില്‍ കരാത്തെ എന്നാല്‍, Empty Hand എന്നാണ് അര്‍ഥം. 

7. ഡെഡ് ലൈന്‍ - തടവുകാരുടെ ജയിലിന് ഏതാണ്ട് 20 അടി അകലത്തിലായി ചിലയിടങ്ങളിലൊക്കെ ഒരു അടയാളം വെച്ചിരുന്നു. ഏതെങ്കിലും തടവുകാര്‍ അത് മാറികടന്നാല്‍ ജയില്‍ ഗാര്‍ഡിന് അവരെ വെടിവെച്ചുവീഴ്ത്താന്‍ പാകത്തിനായിരുന്നു ഈ രേഖ എന്നു പറയപ്പെടുന്നു. പിന്നീട് അടയാളമില്ലെങ്കിലും ആ ദൂരം മറികടന്നുപോകാന്‍ ശ്രമിക്കുന്ന തടവുകാരെ വെടിവെച്ചുവീഴ്ത്തിയിരുന്നു. അതില്‍നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം എന്ന് പറയപ്പെടുന്നു. 

8. നൊസ്റ്റാള്‍ജിയ - Home Sickness എന്നതിന് പറയപ്പെടുന്ന മറ്റൊരു വാക്കാണ് Nostalgia. nostos എന്ന, വീട്ടിലേക്ക് വരുക എന്നര്‍ഥംവരുന്ന  വാക്കില്‍നിന്നും algos അഥവാ വേദന എന്ന വാക്കില്‍നിന്നുമാണ് ഈ പദം ഉദ്ഭവിച്ചത്. 

9. പ്ലംബര്‍ - ലാറ്റിന്‍ ഭാഷയില്‍ ഈയത്തിനെ വിളിച്ചിരുന്നത് പ്ലംബം എന്നായിരുന്നു. 1969-'74ല്‍ അമേരിക്കയില്‍ റിച്ചാര്‍ഡ് നിക്‌സന്റെ കാലത്ത് സര്‍ക്കാര്‍ രേഖകള്‍ ചോരുന്നത് അന്വേഷിക്കാനും തടയാനുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചിരുന്ന പേരായിരുന്നു പ്ലംബര്‍.

10. ഡിപ്ലോമ - Di എന്ന വാക്ക് രണ്ട് എന്ന അക്കത്തെ സൂചിപ്പിക്കുന്നു. ഡിപ്ലൂസ് എന്നാല്‍, രണ്ടു തവണ മടക്കിയത് എന്നാണ് അര്‍ഥം. ഡിപ്ലോമ എന്ന വക്കില്‍ നിന്നുമാണ് ഡിപ്ലോമാറ്റ് എന്ന വാക്കിന്റെ ഉദ്ഭവം.

(തയ്യാറാക്കിയത് - സ്‌നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

Content Highlights: Origin and Stories Behind the Formation of English Words