ചോദ്യങ്ങള്‍

1. നോർവീജിയൻ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പരാമർശിക്കപ്പെടുന്ന കഥാപാത്രങ്ങളായ ഇവ മനുഷ്യരോ ദേവന്മാരോ അല്ല. പർവതങ്ങളിലും ഗുഹകളിലും പാറകളിലുമൊക്കെ ജീവിക്കുന്ന ഒരുതരം വൃത്തിഹീനമായ കഥാപാത്രങ്ങളായ ഇവർ ഇടയ്ക്കൊക്കെ മനുഷ്യർക്ക് ശല്യങ്ങളായിവരുന്ന കഥകളാണ് കൂടുതലും. ഇവരുടെ പേര് ഇന്ന് സോഷ്യൽ മീഡിയയിലൂടെയാണ്  കൂടുതലും പ്രചാരത്തിൽവന്നത്. എന്താണീ കഥാപാത്രങ്ങളുടെ പേര്?

2. വിവിധ ഭാഷകളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന ബുദ്ധമതത്തിലെ ബോധിസത്വനാണ് അവലോകിതേശ്വരൻ അഥവാ ഗ്വാൻയിൻ. ജപ്പാൻകാർ ഇദ്ദേഹത്തെ വിളിക്കുന്ന പേരിൽനിന്നാണ് ഒരു പ്രശസ്ത ജാപ്പനീസ്‌ കമ്പനിക്ക് ആ പേരു ലഭിച്ചത്. ഏതാണീ കമ്പനി?

3. ജർമൻകാരുടെ ദേവനായ ഇദ്ദേഹവുമായി ബന്ധപ്പെട്ട പല കഥകളും സ്കാൻഡിനേവിയൻ പുരാണങ്ങളിൽ കാണാം. കൈയിൽ ഒരു ചുറ്റികയുമായി ശത്രുക്കളെ നേരിടുന്ന ഇദ്ദേഹം ഇടിമിന്നലിന്‍റെ ദേവനായാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പേരിൽനിന്നാണ് ഒരു ദിവസത്തിന് ആ പേരു ലഭിച്ചത്. ആരാണീ ദേവൻ? ഏതു ദിവസം?

4. ഗ്രീക്ക് പുരാണങ്ങളിലെ പൊസീഡിയോൺ (Poseidon)എന്ന ദേവന്റെ മകനായ ഈ കഥാപാത്രം ചിറകുകളോടുകൂടിയ ഒരു വെള്ളക്കുതിരയാണ്. ഇതിന്റെ പുറത്തുകയറി യുദ്ധം ചെയ്യുന്ന ബെല്ലറോഫോൺ എന്ന കഥാപാത്രത്തിന്റെ കഥകൾ ഗ്രീക്ക് പുരാണങ്ങളിൽ കാണാം. ഒരു പ്രശസ്ത മാഗസിന്റെ ലോഗോയിൽ കാണാവുന്ന ഈ ജീവിയുടെ പേരിൽനിന്നാണ് ഒരു പ്രമുഖ ലാപ്ടോപ്പ്-മൊബൈൽ ഫോൺ ബ്രാൻഡിന് ആ പേര് ലഭിച്ചത്. എന്താണ്‌ ഈ കുതിരയുടെ പേര്‌ ? ഏത് മാഗസിൻ? ഏത് ബ്രാൻഡ്?

5. സിയൂസ് ദേവന്റെ പത്നിയായ ഹേരയുടെ ശാപമേറ്റ ഒരു ദേവതയാണ് ഇവർ. മറ്റുള്ളവർ പറയുന്നതിന്‍റെ അവസാനത്തെ ഭാഗം വിളിച്ചുപറയാൻ  അല്ലാതെ വേറൊന്നും  സംസാരിക്കാനുള്ള കഴിവ് ഇല്ലാതായിപ്പോകട്ടെ എന്നായിരുന്നു ശാപം. ഇവരുടെ പേരിൽനിന്നും ഇംഗ്ളീഷ് ഭാഷയ്ക്ക് ലഭിച്ച വാക്ക് ഏത്?

6. റോമിന്‍റെയും റോമാ സാമ്രാജ്യത്തിന്‍റെയും സംരക്ഷകയായ ദേവതയായ ഇവർ  Saturn(ശനി)-ന്‍റെ മകളും Jupiter(വ്യാഴ)-ന്‍റെ പത്നിയുമാണ്. Mars, Vulcan, Bellona and Juventas എന്നിവരാണ് മക്കൾ. വിർജിലിന്‍റെ  ഈനിഡ്, ഓവിഡിന്‍റെ മെറ്റമോർഫോസിസ്, ഷേക്‌സ്പിയറിന്‍റെ ടെമ്പസ്റ്റ് തുടങ്ങിയ കൃതികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഇവരുടെ വാഹനം മയിൽ ആണ്. ആരാണീ കഥാപാത്രം? ഇവരുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട മാസം ഏതാണ്?  ഗ്രീക്ക്‌ ദേവതയായ ഹേരയുടെ റോമൻ പേരാണ്‌ ഇവരുടേത്‌.

7. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ദേവാശിശ് ഭട്ടാചാര്യ ആണ് പ്രശസ്തമായ ഈ ലോഗോ ഡിസൈൻ ചെയ്തത്. ചൈനീസ് പുരാണങ്ങളിലെ രണ്ടു യിൻ-യാങ്‌ എന്നീ ശക്തികളുടെ ചിഹ്നത്തിൽനിന്നാണ് ഇദ്ദേഹം കണ്ണിന്‍റെ ആകൃതിയിലുള്ള ഈ ലോഗോ രൂപകല്പനചെയ്തത്. എന്തിന്‍റെ ലോഗോ? 

8. റോമൻ ഐതിഹ്യത്തിലെ മെർക്കുറിക്ക്‌ സമാന്തരനായ ഗ്രീക്ക് ദേവനായ ഇദ്ദേഹം ദൈവങ്ങളുടെ സന്ദേശവാഹകനും ഒളിമ്പ്യൻ ദൈവങ്ങളിൽ ഒരാളുമാണ്.  ഇദ്ദേഹത്തിന്റെ കൈയിലുള്ള കഡുഷ്യസ് എന്ന ദണ്ഡ് ആണ് ഇന്ന് വൈദ്യശാസ്ത്രത്തിന്‍റെ ചിഹ്നമായി ലോകമെങ്ങും അറിയപ്പെടുന്നത്. ആരാണീ ദേവൻ?

9. മഹാഭാരതത്തിലെ ഈ കഥാപാത്രത്തിന്റെ വില്ലിന്റെ പേര് വിജയ എന്നായിരുന്നു. വൃഷാലി, സുപ്രിയ എന്നിവരുടെ ഭർത്താവായ ഇദ്ദേഹം സ്ഥാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നതും ഇദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടതുമായ ഒരു നഗരത്തിലാണ് കല്പന ചാവ്ല ജനിച്ചത്. ഏതാണീ കഥാപാത്രം?  ഏതാണീ നഗരം ?

10. ഭാരതത്തിന്‍റെ പരമോന്നത സൈനികബഹുമതിയായ പരംവീർ ചക്രത്തിൽ പുരാണത്തിലെ ഒരു ആയുധത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. ദദീചി മഹർഷിയുടെ അസ്ഥികൾകൊണ്ട് നിർമിച്ച ഈ ആയുധം ഇന്ദ്രനാണ്‌ ഉപയോഗിച്ചിരുന്നത്‌ എന്ന്‌ പുരാണം. ഏതാണീ ആയുധം?

ഉത്തരങ്ങൾ 

1. ട്രോളുകൾ       
2. കാനൺ  
3. തോർ, Thursday
4. പെഗാസസ്, (Pegasus) റീഡേഴ്‌സ് ഡൈജസ്റ്റ്, അസൂസ് (Asus)
5. എക്കോ (Echo)
6. ജൂനോ, ജൂൺ മാസം
7. ദൂരദർശൻ   
8. ഹെർമീസ്
9. കർണൻ, കർണാൽ    
10. വജ്രായുധം 

കൂടുതലറിയാം

trolls
ട്രോളുകൾ 

1. സ്കാൻഡിനേവിയൻ കാടുകളിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ എന്നറിയപ്പെടുന്ന ട്രോളുകൾ ചിലത് ഭീമാകാരമായ രൂപത്തോട് കൂടിയവരായും ചിലത് കുള്ളൻമാരായും ചിത്രീകരിക്കപ്പെടാറുണ്ട്. മത്സ്യബന്ധനത്തിൽ ചില പ്രത്യേകതരം വലയുപയോഗിച്ച് കോരി മത്സ്യങ്ങളെ പിടിക്കുന്നതിനെ വിളിക്കുന്ന പേര് ട്രോളിങ്‌ എന്നാണ്. മത്സ്യങ്ങളുടെ പ്രജനനസമയത്ത് പലപ്പോഴും ഒരു നിശ്ചിതകാലത്തേക്ക് ട്രോളിങ്‌ നിരോധനം ഏർപ്പെടുത്താറുണ്ട്.      

2. അവലോകിതേശ്വരനെ ജപ്പാൻകാർ വിളിക്കുന്ന പേരായ ക്വാനൻ എന്ന പേരിൽനിന്നാണ് കാനൺ എന്ന പേരിന്‍റെ ഉദ്ഭവം. ക്യാമറ, പ്രിൻറർ തുടങ്ങിയവ നിർമിക്കുന്ന കമ്പനിയായ കാനൺ - ആസ്ഥാനം ടോക്യോവിലെ ഒട (Ota). 

3. സ്വീഡിഷ് രസതന്ത്രജ്ഞനായ ബർസീലിയസ് (Jacob Berzelius) കണ്ടെത്തിയ തോറിയം എന്ന മൂലകം തോറിന്‍റെ പേരിലാണ് നാമകരണം ചെയ്തത്. മാർവൽ കോമിക്സിലെ സൂപ്പർ ഹീറോ ആയ തോർ ഒഡിൻസൺ (Thor Odinson) എന്ന കഥാപാത്രത്തിനും ഇദ്ദേഹത്തിന്‍റെ പേരാണ് നൽകിയത്. ഒഡിൻ എന്ന കഥാപാത്രത്തിന്‍റെ മകൻ എന്നാണ് ഒഡിൻ സൺ എന്ന പേര് അർഥമാക്കുന്നത്.    

4. പെഗാസസ് എന്ന പേരിൽനിന്നാണ് തായ്‌വാനീസ് കമ്പനിയായ അസൂസ് അതിന്‍റെ പേരുനൽകിയത്. തുർക്കിയിലെ പ്രമുഖ അന്താരാഷ്ട്ര വിമാനസർവീസ് ആണ് പെഗാസസ് എയർലൈൻസ്    

5. എക്കോ എന്നാൽ, പ്രതിധ്വനി എന്നാണ് അർഥം. ഗ്രീക്ക് പുരാണങ്ങളിൽ കാണപ്പെടുന്ന ഉപദേവതകളാണ് നിംഫുകൾ. ഇവയിൽപ്പെട്ട ഒരു കഥാപാത്രമായിരുന്നു എക്കോ എന്നാണ് വിശ്വാസം. എക്കോയും സ്വന്തം പ്രതിബിംബവുമായി പ്രണയത്തിലായ  നാർസിസസും തമ്മിലുള്ള പ്രണയകഥ ഗ്രീക്ക് പുരാണങ്ങളിലെ പ്രശസ്തമായ കഥകളിലൊന്നാണ്. 

6. ജനുവരി മാസം ജാനസ് എന്ന ദേവന്‍റെ പേരിലും മാർച്ച് മാസം മാഴ്സ് എന്ന ദേവന്‍റെ പേരിലും മേയ് മാസം മെയാ എന്ന ദേവതയുടെ പേരിലുമാണ് നാമകരണം ചെയ്യപ്പെട്ടത്. റോമാക്കാരുടെ യുദ്ധദേവനാണ് മാഴ്സ്. അഗ്നിയുടെ ദേവനായ വൾക്കന്റെ പേരിൽനിന്നാണ് വോൾക്കാനോ, വൾക്കനൈസേഷൻ തുടങ്ങിയ പദങ്ങളുടെ ഉദ്ഭവം. യുവത്വത്തിന്‍റെ റോമൻ ദേവതയായ യുവൻറസിന്‍റെ (Juventus) പേരിലുള്ള  പ്രശസ്തമായ  ഫുട്ബോൾ ക്ലബ്ബ് ആണ്  ഇറ്റലിയിലെ യുവൻറസ്. ഈ ക്ലബ്ബ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത് സമകാലീന കായികലോകത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു.  

7. doordarshan logoയിൻ-യാങ്‌ എന്നീ ശക്തികൾ യഥാക്രമം ഇരുട്ട്-പ്രകാശം എന്നിവയെ അല്ലെങ്കിൽ നെഗറ്റീവ്-പോസിറ്റീവ് എന്നിവയെ പ്രതിനിധാനംചെയ്യുന്നു എന്നാണ് ചൈനീസ് സങ്കല്പം

8. അതിർത്തികളുടെയും  ആട്ടിടയന്മാരുടെയും  വഴിയാത്രക്കാരുടെയും  സാഹിത്യത്തിന്‍റെയും കവികളുടെയും വ്യാപാരത്തിന്‍റെയും കള്ളന്മാരുടെയും  സംരക്ഷകനും ദേവനുമാണ് ഹെർമീസ്. ഹെർമീസിന്‌ സൗന്ദര്യദേവതയായ  അഫ്രോഡൈറ്റിൽ ഉണ്ടായ കുട്ടിയായ ഹെർമാഫ്രോഡൈറ്റസിൽനിന്നാണ്  ഹെർമാഫ്രോഡൈറ്റ് എന്ന വാക്കിന്‍റെ ഉദ്ഭവം.

9.സൂതപുത്രൻ, ആതിരഥി, രാധേയൻ, സൂര്യപുത്രൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന വീരയോദ്ധാവായിരുന്ന കർണന്‍റെ പേരക്കുട്ടിയായിരുന്ന ധീലു എന്ന രാജാവിന്‍റെ പിൻതലമുറക്കാരെന്നു  വിശ്വസിക്കപ്പെടുന്ന സമുദായമാണ് ധില്ലൻമാർ. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വി. മാധവൻ നായർ രചിച്ച ആട്ടക്കഥയാണ് കർണശപഥം. കല്പന ചാവ്ലയുടെ ജന്മംകൊണ്ട് പ്രസിദ്ധമായ നഗരമാണ് ഹരിയാണയിലെ കർണാൽ. പാകിസ്താന്‍റെ ആദ്യ പ്രധാനമന്ത്രിയായ ലിയാക്കത്ത് അലിഖാന്‍റെ ജന്മസ്ഥലവും കർണാൽ ആണ്. 

savitri khanolkar
സാവിത്രി ഖനോല്‍ക്കാര്‍ ഭര്‍ത്താവ്
വിക്രം ഖനോല്‍ക്കാര്‍ എന്നിവര്‍

10. ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരംവീർ ചക്ര രൂപകല്പന ചെയ്തത് ഒരു വിദേശ വനിതയാണ്‌. സ്വിസ്‌ വനിതയായ ഇവ (Eve Yvonne Maday de Maros) ഇന്ത്യയിലെത്തുകയും വിക്രം ഖനോൽക്കാർ എന്ന സൈനിക ഓഫീസറെ വിവാഹംചെയ്ത് സാവിത്രി ഖനോൽക്കാർ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മേജർ ജനറൽ ഹീരലാൽ അടലിന്‍റെ നിർദേശപ്രകാരമാണ് ഇവർ ഇത് രൂപകല്പനചെയ്തത്. പരംവീർ ചക്ര ആദ്യമായി ലഭിച്ചത് ഇവരുടെ ബന്ധുകൂടിയായ മേജർ സോംനാഥ് ശർമയ്ക്കാണ്. 

തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

 

Content Highlights: Quiz Corner, Myths and terms originated from them