ചോദ്യങ്ങൾ

1. 1868-ലെ ഒരു സൂര്യഗ്രഹണദിനത്തിൽ   ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽവെച്ച് ഫ്രഞ്ച് ശാസ്ത്രജ്ഞനായ പിയറി ജാൻസൻ (Pierre Janssen) ആണ് ഈ മൂലകത്തെ ആദ്യമായി കണ്ടെത്തിയത്. സൂര്യരശ്മികളിൽ ചിലതിനെ വേർതിരിച്ച്‌ പഠനം  നടത്തുന്നതിനിടെ ഒരു മഞ്ഞവരശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്‌ ഇത് പുതിയൊരു  മൂലകമായിരിക്കുമെന്ന്‌ അനുമാനിക്കപ്പെട്ടത്. അതേവർഷംതന്നെ ഇംഗ്ലീഷ് വാനനിരീക്ഷകനായ  നോർമൻ ലോക്യറും (Sir Norman Lockyer) ഇത് നിരീക്ഷിക്കുകയുണ്ടായി. അദ്ദേഹവും ഇംഗ്ലീഷ്  രസതന്ത്രജ്ഞനുമായ എഡ്വേർഡ് ഫ്രാങ്ക്ലാൻഡും (Sir Edward Frankland) ചേർന്ന് സൂര്യനെ ഗ്രീക്ക് ഭാഷയിൽ വിളിക്കുന്ന പേരിൽനിന്ന്‌ ഈ മൂലകത്തിന് അതിന്റെ  പേരും നൽകി. ഏതാണീ മൂലകം ? 

2. ഗ്രീസിലെ തെസ്സാലി (Thessaly) എന്ന പ്രവിശ്യയിലെ ഒരു പ്രദേശത്തിന്‍റെ പേരിൽനിന്നാണ് ഈ മൂലകത്തിന്  അതിന്‍റെ പേര് ലഭിച്ചത്. സ്കോട്ടിഷ്‌ ശാസ്ത്രജ്ഞനും   ഡോക്ടറുമായ  ജോസഫ് ബ്ലാക്ക് കണ്ടെത്തിയ ഈ മൂലകത്തെ 1808-ൽ ഹംഫ്രി ഡേവിയാണ്  വേർതിരിച്ചെടുത്തത്. വാഹനങ്ങളുടെ നിർമാണത്തിനും  മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കംപ്യൂട്ടറുകൾ,  ക്യാമറകൾ തുടങ്ങി ഇലക്‌ട്രോണിക്  ഉപകരണങ്ങളുടെയും  മിസൈലുകളുടെയും  നിർമാണത്തിനുംവരെ ഉപയോഗിക്കുന്ന ഈ മൂലകം ഏതാണ് ?

3. ഗ്രീക്ക് കഥകളിലെ പിതാവും പുത്രിയുമായിരുന്നു  ടന്റാലസും (Tantalus) നിയോബും (Niobe). എപ്പോഴും ഒരുമിച്ചുകാണപ്പെട്ടിരുന്ന ഇവരുടെ പേരിലാണ്  എപ്പോഴും ഒരുമിച്ചുകാണപ്പെടുന്ന രണ്ടുമൂലകങ്ങൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. ഏതാണീ മൂലകങ്ങൾ?

4. ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പേരിൽ മാത്രമല്ല, രാജ്യങ്ങളുടെ പേരിലും മൂലകങ്ങളുണ്ട്. കോപ്പറിനുപുറമേ ഗാലിയം, ജർമേനിയം,  റുഥേനിയം,  പൊളോണിയം, ഫ്രാൻസിയം, അമേരിസിയം തുടങ്ങിയവ രാജ്യങ്ങളുടെ  പേരിലുള്ളവയാണ്. ഏതുരാജ്യത്തിന്റെ പേരിലുള്ള മൂലകമാണ് നിഹോണിയം (Nh)?

5. സ്വീഡിഷ് ഭാഷയിൽ ഭാരമേറിയ കല്ല് എന്നാണ് ഈ മൂലകത്തിന്‍റെ പേരിന്‍റെ അർഥം. എന്നാൽ, ഗ്രീക്ക്  ഭാഷയിൽ ഇതിനെ വിളിക്കുന്ന പേര് ഉദ്‌ഭവിച്ചത്  അതിന്റെ അയിരിന്റെ (Ore) പേരിൽനിന്നാണ്. ഈ മൂലകം വേർതിരിച്ചെടുക്കുന്ന പ്രക്രിയയിൽ ധാരാളം തകരം (Tin) ഉപയോഗിക്കപ്പെടുന്നതിനാൽ, ചെന്നായ ആടിനെ തിന്നുന്നതുപോലെ ഈ ധാതു തകരത്തെ ഭക്ഷിക്കുന്നു എന്ന അർഥത്തിലാണ് ഇതിന്‍റെ ഗ്രീക്ക് ഭാഷയിലെ പേര് നൽകപ്പെട്ടതെന്നാണ് ഒരു കഥ. ഏതാണീ ലോഹം? 

6. സ്വീഡനിലെ റെസാരോ (Resar) ദ്വീപിലെ ഈ ഗ്രാമത്തിലെ ഒരു ഖനിയിൽനിന്നാണ് ഫിന്നിഷ്  ശാസ്ത്രജ്ഞനായ ജോവാൻ ഗഡോലിന്‍റെ (Johan Gadolin) പേരിൽ നാമകരണംചെയ്ത ഗഡോലിനൈറ്റ് എന്ന ധാതു ഖനനംചെയ്തെടുത്തത്. റെയർ എർത്ത്   വിഭാഗത്തിൽപ്പെടുന്ന ഒട്ടേറെ മൂലകങ്ങൾ ഇതിൽനിന്ന്‌  കണ്ടെത്തുകവഴി  ലോകത്തുതന്നെ ഏറ്റവുംകൂടുതൽ മൂലകങ്ങൾ കണ്ടെത്തിയ പ്രദേശമായിമാറി ഈഗ്രാമം.  സ്വീഡിഷ് ഭാഷയിൽ Outer Village എന്നർഥംവരുന്ന  പേരുള്ള ഈഗ്രാമം ഏതാണ് ?

7. നെപ്പോളിയൻ ബോണപ്പാർട്ട്, സ്വീഡനിലെ എറിക് പതിന്നാലാമൻ, ബ്രിട്ടനിലെ ജോർജ് മൂന്നാമൻ, സൈമൺ ബൊളിവർ, അമേരിക്കൻ പര്യവേക്ഷകനായ ചാൾസ് ഫ്രാൻസിസ് ഹാൾ, ഇൻഡൊനീഷ്യൻ മനുഷ്യാവകാശപ്രവർത്തകനായ മുനീർ സൈദ്‌ താലിബ് തുടങ്ങി ഒട്ടേറെപേരുടെ മരണത്തിനുകാരണമായത് ഈ മൂലകത്തിന്‍റെ വിഷം ഉള്ളിൽചെന്നതുകൊണ്ടാണെന്ന് രേഖകൾ  പറയുന്നു. പണ്ടുകാലത്ത് രാജാക്കന്മാർ  ശത്രുരാജാക്കന്മാരെ വിഷംകൊടുത്ത്‌ കൊല്ലുന്നതിനായി ഉപയോഗിച്ചിരുന്നതിനാൽ ഇതിന് രാജാക്കന്മാരുടെ വിഷം (Poison of Kings) എന്നും വിഷങ്ങളുടെ രാജാവ് (King of Poisons) എന്നും അപരനാമങ്ങളുണ്ട്. ഒരു ഗ്രേഡ് I കാർസിനോജൻ (കാൻസറിന്‌ കാരണമാകുന്ന വസ്‌തു) കൂടിയായ ഈ മൂലകമേത്?

8. സെലീനോളജി എന്ന ശാസ്ത്രീയപഠനം  ഇതിനെക്കുറിച്ചാണ്. സെലീനിയം (Se) എന്ന മൂലകത്തിന്  ആ പേരുനൽകിയതും ഇതിന്‍റെ പേരിലാണ്. സെലീൻ എന്നാണ് ഇതിന്റെ ദേവതയുടെ പേര്. എന്താണിത്?  

9. സ്റ്റീബിയം (Stibium) എന്ന രാസനാമമുള്ള ഈ ലോഹത്തിന്‍റെ പേരിന്റെ അർഥം ‘ഒറ്റയ്ക്ക്  കാണപ്പെടാത്തത്’ എന്നാണ്. എന്നാൽ, ഇതിന്  പേരുവന്നതിനുപിന്നിൽ ചരിത്രപരമായ ഒരു  കഥയുണ്ടെന്നും ചില ശാസ്ത്രജ്ഞന്മാർ  വിശ്വസിക്കുന്നു. രസതന്ത്രത്തിന്‍റെ മുൻകാല രൂപമായിരുന്ന ആൽക്കെമിയിൽ പരിശീലനവും  പല പരീക്ഷണങ്ങളും നടത്തിയിരുന്നത്  സന്ന്യാസിമാർ ആയിരുന്നു. അന്ന് ഈ മൂലകത്തിന്‍റെ വിഷംകാരണം ഒട്ടേറെ സന്ന്യാസിമാർ മരണമടഞ്ഞിരുന്നു. അതിനാൽ സന്ന്യാസിമാരെ കൊല്ലുന്നത് (Monk Killer) എന്നർഥം വരുന്ന പേരാണ് ഈ മൂലകത്തിനുനൽകിയത്  എന്നാണ് ആ കഥ. ഏതാണ് ഈ മൂലകം? 

10. റോമക്കാർ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന  ലോഹമായിരുന്നു ചെമ്പ്. യൂറോപ്പിൽ മെഡിറ്ററേനിയൻ  സമുദ്രത്തിലെ ഒരു ദ്വീപ്‌ രാഷ്ട്രത്തിൽനിന്നായിരുന്നു അവർ ഏറ്റവുമധികം ചെമ്പ് ഖനനംചെയ്തെടുത്തിരുന്നത്. അതിനാൽ ഈ രാജ്യത്തിന്‍റെ പേരിൽനിന്നുതന്നെയാണ് ഔദ്യോഗികനാമമായ കോപ്പർ എന്നപേര് നൽകിയത്.    ഏതാണീ രാജ്യം ?

ഉത്തരങ്ങൾ

1. ഹീലിയം(He)
ഗ്രീക്ക് ഭാഷയിൽ സൂര്യനെ ഹീലിയോസ് എന്നാണ് വിളിക്കുക. ഹീലിയം ആദ്യമായി വേർതിരിച്ചെടുത്തത് ബ്രിട്ടീഷ് രസതന്ത്രജ്ഞനായ വില്യം രാംസേ ആണ്. 1895 ക്ലെവീറ്റ് എന്ന ധാതുവിൽനിന്നാണ് അദ്ദേഹം ഹീലിയം വേർതിരിച്ചത്. വളരെ  നിർവീര്യമായതിനാൽ ബലൂണുകളിലും എയർ ഷിപ്പുകളിലും(air ship), പെട്ടെന്ന് കത്തിപ്പിടിക്കുന്ന  ഹൈഡ്രജനുപകരമായി ഹീലിയം ഉപയോഗിക്കുന്നു. പ്രപഞ്ചത്തിൽ ഏറ്റവുമധികം കാണപ്പെടുന്നതും ഏറ്റവും ഭാരംകുറഞ്ഞതുമായ മൂലകം ഹൈഡ്രജനും രണ്ടാമത്തേത് ഹീലിയവുമാണ്.

2. മഗ്നീഷ്യം (Mg)
മഗ്നീഷ്യ എന്നപേരിലുള്ള പ്രദേശം തുർക്കിയിലും ഉണ്ട്. ഇവയിൽ ഒന്നിൽനിന്നാണ് മാഗ്നറ്റ് എന്ന വാക്ക് ഉദ്‌ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. മാംഗനീസ് എന്ന മൂലകത്തിനും പേരുലഭിച്ചത് ഗ്രീസിലെ മഗ്നീഷ്യ പ്രദേശത്തുനിന്നാണ്. ഉദരസംബന്ധിയായ അസുഖങ്ങൾക്കുനൽകുന്ന മിൽക്ക് ഓഫ് മഗ്നീഷ്യ എന്നാൽ മഗ്നീഷ്യം ഹൈഡ്രോക്സൈഡിന്‍റെ സംയുക്തമാണ്. ഇലകൾക്ക് പച്ചനിറം നൽകുന്ന ക്ളോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹവും മഗ്നീഷ്യമാണ്.

3.ടന്റാലം (Ta), നിയോബിയം (Nb) 
ചെയ്ത പാപങ്ങൾക്ക് വിചിത്രമായ ഒരു ശാപം ലഭിച്ച കഥാപാത്രമായിരുന്നു ടൻ റ്റാലസ്. കഴുത്തറ്റം വെള്ളത്തിൽ ബന്ധനസ്ഥനാക്കിയ ഇദ്ദേഹത്തിന്റെ തലയ്ക്കുമുകളിൽ ഒരു പഴത്തിന്റെ ചില്ലയുണ്ടായിരുന്നു. എന്നാൽ, പഴം പറിക്കാൻവേണ്ടി ഓരോതവണ കൈ ഉയർത്തുമ്പോഴും  ചില്ല മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. വെള്ളം കുടിക്കാൻ ഓരോ തവണ തലതാഴ്ത്തുമ്പോഴും ജലനിരപ്പ് താഴേക്കു പോയിക്കൊണ്ടുമിരുന്നു. ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഇംഗ്ളീഷിൽ ‘കൊതിപ്പിച്ചു വശംകെടുത്തുക’ എന്നർഥംവരുന്ന Tantalize എന്ന വാക്കിന്റെയും ഉദ്ഭവം. നിയോബിയം എന്ന മൂലകത്തിന് ആദ്യം നൽകിയ പേര് കൊളംബിയം എന്നായിരുന്നു. ഏതാണ്ട് നൂറുവർഷത്തോളം നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് നിയോബിയം എന്നപേര് തീരുമാനിക്കപ്പെട്ടത്. 

4. ജപ്പാൻ 
ജാപ്പനീസ് ഭാഷയിൽ നിഹോൺ എന്നാൽ,  ജപ്പാൻ എന്നാണർഥം. ഫ്രാൻസിനെ വിളിച്ചിരുന്ന പേര് ആയ ‘ഗോളി’ൽനിന്നാണ് ഗാലിയം എന്നപേര് വന്നത്. റഷ്യയുടെ ലാറ്റിൻപേരായ ‘റുഥേനിയ’യിൽ നിന്ന് റുഥേനിയവും. റൈൻ നദിയുടെ പേരിൽനിന്ന്‌  റീനിയവും ഉണ്ടായി. തലസ്ഥാനനഗരങ്ങളുടെ  പേരിലുള്ള മൂലകങ്ങളാണ് മോസ്കോവിയവും  പാരീസിന്റെ മറ്റൊരുപേരായ ലുട്ടീഷ്യത്തിൽനിന്ന്‌  പേര് ലഭിച്ച ലുട്ടീഷ്യവും  സ്റ്റോക്ഹോമിന്റെ മറ്റൊരു പേരായ ഹോൽമിയയിൽനിന്ന്‌ പേരുലഭിച്ച  ഹോൽമിയവും ഡെന്മാർക്കിന്‍റെ തലസ്ഥാനമായ കോപ്പൻഹേഗന്‍റെ ലാറ്റിൻപേരായ ഹാഫ്നിയ യിൽനിന്ന്‌ പേരുലഭിച്ച ഹാഫ്നിയവും. ഒരു ഭൂഖണ്ഡത്തിന്റെ പേരിലുള്ള മൂലകമാണ്  യൂറോപ്പിയം. ആദ്യമായി കണ്ടെത്തിയ  ഛിന്നഗ്രഹമായ സീറിയസിന്റെ പേരിൽനിന്ന്‌  സീറിയവും രണ്ടാമത് കണ്ടെത്തിയ ഛിന്നഗ്രഹമായ  പല്ലാസിന്‍റെ പേരിൽ പല്ലെഡിയവും ഉണ്ടായി. മെർക്കുറി, യുറേനിയം, നെപ്റ്റ്യൂണിയം എന്നിവയാണ് ഗ്രഹങ്ങളുടെ പേരിലുള്ളവ. ശാസ്ത്രജ്ഞൻമാരുടെ പേരിൽ നാമകരണംചെയ്യപ്പെട്ട മൂലകങ്ങളാണ് ക്യൂറിയം, മേയ്റ്റ്നേറിയം, ഐൻസ്റ്റെനിയം,  റുതർഫോഡിയം, ബോറിയം, സീ ബോർഗിയം, നോബെലിയം, മെൻഡലീവിയം, കോപ്പർനീസിയം, ഫെർമിയം തുടങ്ങിയവ. 

5. ടങ്ങ്സ്റ്റൺ(W)
ടങ്‌സ്റ്റണിന്‍റെ പ്രതീകം W (Wolfram) ആണ്. ഇത് ലഭിച്ചത് Wolframite എന്ന പേരിൽനിന്നാണ്. Wolf എന്നാൽ ചെന്നായയും Ram എന്നാൽ ചെമ്മരിയാടുമാണ്. Wolf's froth ആണ് Wolframite ആയതെന്ന്‌ മറ്റൊരു കഥയുമുണ്ട്. ഏറ്റവുമധികം ദ്രവണാങ്കമുള്ള ലോഹവും Tungsten ആണ്. Scheelite (Calcium tungstate) ആണ് ടങ്‌സ്റ്റണിന്‍റെ  മറ്റൊരു പ്രധാന ധാതു.
 
6. ഇറ്റർബി(Ytterby)
Yttrium (Y), Erbium (Er), Terbium (Tb), Ytterbium (Yb) എന്നീ മൂലകങ്ങൾ യിറ്റർബി ഗ്രാമത്തിന്‍റെ  പേരിലാണ് നാമകരണംചെയ്തത്.  സ്വീഡന്റെ  തലസ്ഥാനമായ സ്റ്റോക്ഹോമിന്‍റെ പേരിലുള്ള  Holmium, സ്കാൻഡിനേവിയയെ വിളിക്കുന്ന മറ്റൊരു പേരായ Thule (തൂൾ) ന്‍റെ പേരിലുള്ള  Thulium (Tm), ജോവാൻ ഗഡോലിന്‍റെ പേരിലുള്ള ഗഡോലിനിയം എന്നിവയും ഇവിടെനിന്ന്‌ ഖനനംചെയ്തെടുത്തവയാണ്.
 
7. ആർസെനിക് (As)
വെള്ളത്തിൽ ആർസെനിക് വിഷാംശം കലർന്നതുമൂലമുണ്ടാവുന്ന അസുഖമാണ് ബ്ലാക്ക്  ഫൂട്ട് ഡിസീസ്. മെർക്കുറി എന്ന മൂലകമാണ് മാഡ്  ഹാറ്റർ ഡിസീസ്, മിനമാത ഡിസീസ് എന്നിവയ്ക്കുകാരണം. പ്ലംബിസം ലെഡ് കാരണവും  ഹൈപ്പോ നാട്രീമിയ, ഹൈപ്പോ കലീമിയ എന്നിവ യഥാക്രമം  സോഡിയം, പൊട്ടാസ്യം എന്നിവയുടെ  അളവ് ശരീരത്തിൽ കുറയുന്നത് കാരണവും ഉണ്ടാവുന്നു. തീപ്പെട്ടിവ്യവസായത്തിൽ ഏർപ്പെട്ടിരുന്നവർക്ക് കാണപ്പെട്ടിരുന്ന ഫോസി ജോ എന്ന രോഗം ഫോസ്‌ഫറസ് എന്ന മൂലകം കാരണമാണുണ്ടാവുന്നത്.
 
8. ചന്ദ്രൻ 
ഇരുപത്തിയൊന്നാമത്തെ അമിനോ ആസിഡ് എന്നുവിളിക്കപ്പെടുന്ന സംയുക്തമാണ് സെലീനൊ സിസ്റ്റീൻ. ഇതിൽ അടങ്ങിയിരിക്കുന്ന  മൂലകങ്ങളിലൊന്ന് സെലീനിയമാണ്.
 
9. ആൻറിമണി (Sb) 
ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ റിസ്ക്‌  ലിസ്റ്റിൽ ഏറ്റവുമധികം അപകടസാധ്യതയുള്ള  മൂലകങ്ങളിൽ ഒട്ടേറെ വർഷങ്ങളായി ഒന്നാം സ്ഥാനത്തുള്ള മൂലകമാണ് ആന്റിമണി.  മലയാളത്തിൽ നീലാഞ്ജനം എന്നാണ് ഇതിന്റെ വിളിക്കുന്ന പേര്.  
 
10. സൈപ്രസ്

മനുഷ്യശരീരത്തിൽ ചെറിയ അളവിൽ ചെമ്പ് ഉണ്ട്. ഇതിന്‍റെ വാഹകരായ പ്രോട്ടീനാണ്  സെറുലോപ്ലാസ്മിൻ. ചെമ്പിന്‍റെ അളവ് കൂടുതൽ ആകുന്ന അവസ്ഥയിൽവരുന്ന രോഗമാണ് വിൽസൺസ് ഡിസീസ്. സൈപ്രസിലെ പൗരന്മാരെ വിളിക്കുന്നത് സൈപ്രിയോട്ട്സ് എന്നാണ്. സ്വന്തം പതാകയിൽ രാജ്യത്തിന്‍റെ ഭൂപടം ആലേഖനം ചെയ്തിട്ടുള്ള രാജ്യമാണ് സൈപ്രസ്. 

 

തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.

Content Highlights: Quiz Corner, general Knowledge, King of Poisons, Arsenic, Wolfram