കേരളത്തിലെ ഐതിഹ്യങ്ങള്‍, ചരിത്രം, സംസ്‌കാരം, പൈതൃകം, നാടന്‍ കലകള്‍, കളികള്‍, സ്ഥലനാമ ചരിത്രങ്ങള്‍ എന്നിവയൊക്കെ അറിയുക എന്നത് തന്നെ ഒരു സാംസ്‌കാരിക പ്രവര്‍ത്തനമായി കണക്കാക്കേണ്ടി വരുന്ന ഒരു കാലഘട്ടമാണ് ഇത്. ഒട്ടേറെ പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലുമെല്ലാം സ്ഥിരമായി വരുന്ന ചോദ്യങ്ങളിലൂടെ...
ചോദ്യങ്ങള്‍
1. ഗ്രീക്ക് പുരാണത്തിലെ 'സിസിഫസ്' എന്ന ദേവനുമായി സാമ്യമുള്ള ഈ കഥാപാത്രം കേരളത്തിലെ ഐതിഹ്യങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നവരില്‍ പ്രമുഖ സ്ഥാനത്താണ്. 'പരഹിതകരണം' എന്ന ജ്യോതിശ്ശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവെന്നു വിശ്വസിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഒരു വിനോദം കട്ടുറുമ്പുകളെ എണ്ണുക എന്നതായിരുന്നെങ്കിലും മറ്റൊരു വിനോദമാണ് ഇദ്ദേഹത്തെ സിസിഫസിനോടുപമിക്കാന്‍ കാരണം. ഇദ്ദേഹത്തെക്കുറിച്ച് മധുസൂദനന്‍ നായര്‍ എഴുതിയ കവിത പ്രശസ്തമാണ്. ആരാണീ കഥാപാത്രം?
- നാറാണത്തു ഭ്രാന്തന്‍
മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട നാറാണത്ത് ഭ്രാന്തന്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലെ തച്ചനാട്ടുകര പഞ്ചായത്തിലുള്ള ചെത്തല്ലൂരിലെ നാറാണത്ത് മംഗലത്ത് മനയിലാണ് വളര്‍ന്നത് എന്നാണ് വിശ്വാസം. വേദം പഠിക്കാനായി തിരുവേഗപ്പുറയിലെ രായിരനെല്ലൂരില്‍ എത്തിയ ഇദ്ദേഹം മലയിലേക്ക് കല്ലുരുട്ടികയറ്റി മുകളിലെത്തിച്ചശേഷം അത് താഴേക്ക് ഉരുട്ടിവിട്ട് പൊട്ടിച്ചിരിക്കുമായിരുന്നതിനാലാണ് സിസിഫസിനോടുപമിക്കുന്നത്.
2. കേരളത്തിലെ ആദിവാസിവിഭാഗങ്ങളായ കൊറഗര്‍, ഇരുളര്‍, മുതുവാന്മാര്‍ തുടങ്ങിയവര്‍ ആരാധിക്കുന്ന ഇത് 'കുറുന്തോകൈ' എന്ന തമിഴ്കൃതിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കൊടൈക്കനാലിലെ മുരുകന്‍ ക്ഷേത്രം 2006-ല്‍ കേരളത്തിലും തമിഴ്‌നാട്ടിലും വാര്‍ത്തകളില്‍ ഇടംനേടിയിരുന്ന ഇതിന്റെ സംരക്ഷണത്തിന് പ്രസിദ്ധമാണ്. എന്താണിത് ?
-നീലക്കുറിഞ്ഞി
കൊല്‍ക്കത്തയിലെ റോയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ സൂപ്രണ്ട് ആയിരുന്ന തോമസ് ആന്‍ഡേഴ്‌സനാണ് ഈ ചെടിക്ക് https://en.wikipedia.org/wiki/Strobilanthes_kunthianus എന്ന ശാസ്ത്ര നാമം നല്‍കിയത്. ജര്‍മ്മന്‍ സസ്യ ശാസ്ത്രജ്ഞനായിരുന്ന കാള്‍ സിഗിസ്മണ്ട് കുന്തി നോടുള്ള ബഹുമാനാര്‍ഥമാണ് ആ പേരു നല്‍കിയത്. (കുന്തിപ്പുഴയുടെ പേരില്‍ നിന്ന് പേര് ലഭിച്ചു എന്ന് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്)
3. പല്ലശ്ശന എന്ന സ്ഥലത്ത് ഉദ്ഭവിച്ചു എന്നു പറയപ്പെടുന്ന ഒരു കാര്‍ഷിക അനുഷ്ഠാനനൃത്തമാണ് ചിത്രത്തില്‍. കൊയ്ത്തുത്സവത്തിന്റെ നാന്ദിയായാണ് ഈ കലാരൂപം അരങ്ങേറുക. വിഷു കഴിഞ്ഞുള്ള ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന, ഒറ്റപ്പൊറാട്ട്, കൂട്ടപ്പൊറാട്ട്, ചോദ്യക്കാരനായി എത്തുന്ന വാണാക്കുകാരന്‍ തുടങ്ങിയ കഥാപാത്രങ്ങളുള്ള ഈ അനുഷ്ഠാന കലാരൂപത്തിന്റെ പേരെന്ത് ?
- കണ്യാര്‍ കളി
സാമൂതിരി കൊട്ടാരങ്ങളിലെ സ്ത്രീകള്‍ക്ക് ദേശപ്പെരുമ മനസ്സിലാക്കാന്‍ വേണ്ടി ആയോധനപാരമ്പര്യത്തില്‍ ചിട്ടപ്പെടുത്തിയതെന്നു കരുതിവരുന്ന ഒരു കലാരൂപമായ ഇതിന് കണ്ണിയാര്‍ കളി എന്ന് കൂടെ പേരുണ്ട്. വേലയോട് അനുബന്ധിച്ചാണ് ഈ കലാരൂപം അവതരിപ്പിക്കുക . കണിയാരം എന്ന വാക്കിന് മുള എന്നാണര്‍ഥം. വേല തുടങ്ങുന്ന ദിവസം മുളങ്കാല്‍ നാട്ടുന്ന ചടങ്ങിനെയാണ് കണിയാരം കൊള്ളുക എന്നു പറയുന്നത്.
4. നിലവില്‍ ഇവിടെ കടല്‍ ഇല്ലെങ്കിലും സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്നു. വലിയ കടല്‍ത്തീരം, വലിയ വേലിയേറ്റം നടക്കാറുള്ള സ്ഥലം എന്നൊക്കെ അര്‍ഥം വരുന്ന പേരില്‍ നിന്നാണ് ഇന്നത്തെ പേര് ലഭിച്ചത് എന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും പുരാണത്തിലെ ഒരു രാജാവിന്റെ പേരില്‍ നിന്നാണ് പേര് ലഭിച്ചത് എന്നാണ് പൊതു ധാരണ. ഏതാണീ പ്രദേശം ?
-മാവേലിക്കര
മഹാ വേലിയേറ്റം (വലിയ വേലിയേറ്റം) ഉണ്ടാവാറുള്ള കര മാവേലിക്കരയായി എന്നും മഹാബലി ക്കര മാവേലിക്കര ആയി എന്നും വിവിധ സ്ഥലനാമ ചരിത്രങ്ങള്‍ പറയുന്നു.
5. കേരളത്തിലെ രാജാക്കന്മാര്‍ മഹാബലിയെ വന്ദിച്ചിരുന്നതിന്റെ ഓര്‍മയ്ക്കായി ആരംഭിച്ചതാണിത് എന്നാണ് വിശ്വാസം. വിധി പ്രകാരം മൂന്ന് വ്യത്യസ്ത മതങ്ങളില്‍ പെട്ട സമുദായ നേതാക്കന്മാര്‍ കൊട്ടാര വാതില്‍ക്കല്‍ നില്‍ക്കണം എന്നാണ് വ്യവസ്ഥ. അന്ന് നിലവിലുണ്ടായിരുന്ന രണ്ടു പ്രബല രാജാക്കന്മാര്‍ തമ്മിലുള്ള വൈരം ഓണത്തിന് മുമ്പ് തീര്‍ക്കണം എന്ന സങ്കല്പം കൂടെ ഇതിനു പിന്നിലുണ്ട് എന്നും പറയപ്പെടുന്നു. ഇന്നത്തെ കാലത്തും തുടരുന്ന, ഈ വാര്‍ഷിക പരിപാടി ഏത് ?
- അത്തച്ചമയം
ദേശം അറിയിക്കല്‍ എന്ന ചടങ്ങോടു കൂടി ആരംഭിക്കുന്ന ഈ ആചാരത്തിന് സാമൂതിരിയും കൊച്ചി രാജാവും തമ്മിലുള്ള വൈരത്തെ ബന്ധപ്പെടുത്തി ഒട്ടേറെ കഥകളുണ്ട്. ഇന്ന് അത്തച്ചമയാഘോഷങ്ങള്‍ കേരളസര്‍ക്കാര്‍ ഔദ്യോഗികതലത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷപരിപാടിയുടെ ഭാഗമാണ്. ഇത് കൊച്ചിയിലെ ത്രിപ്പൂണിത്തുറയിലാണ് സംഘടിപ്പിക്കാറുള്ളത്.
6. കുത്തിക്കോരി, ഒറ്റക്കൈയന്‍, ചൊട്ട്, കാളക്കൊമ്പ്, മുക്കാപ്പുറം, പറമണി, പിഞ്ചം, ആനപ്പുറം, കോഴിക്കാല്‍, ഹോമക്കുറ്റി, സാസ, നാഴി, ഐറ്റി എന്നീ പദങ്ങള്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
- കുട്ടിയും കോലും
ഉത്തരേന്ത്യയില്‍ ഗില്ലി ഡന്‍ഡാ എന്ന പേരിലാണ് ഈ കളി അറിയപ്പെടുന്നത്. വടക്കന്‍ കേരളത്തില്‍ കുട്ടിയും പുള്ളും എന്ന പേരിനായിരുന്നു കൂടുതല്‍ പ്രചാരം. കുട്ടിയും കോലും എന്ന സിനിമ കഥ എഴുതി സംവിധാനം ചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകന്‍ എന്ന റെക്കോഡ് നേടിയത് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയകുമാറാണ് .
7. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം നടത്തിയ ഒഴിഞ്ഞ വലിയ തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന രാമവര്‍മ പതിനഞ്ചാമന്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് പൂര്‍ത്തിയാക്കിയതായിരുന്നു ഇത്. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ 15-ല്‍ 14 ആനകളുടെയും സ്വര്‍ണ നെറ്റിപ്പട്ടം ഇതിനുവേണ്ടി വിറ്റതിനുപുറമേ ചിദംബരം ക്ഷേത്രത്തില്‍ നിന്നും കടം വാങ്ങിയതും ഏറെ എതിര്‍പ്പുകള്‍ക്കിടയാക്കി. സ്വന്തം കൊട്ടാരം വിട്ട് വടക്കഞ്ചേരിയില്‍ ഒരു ചെറിയ വീട്ടിലേക്ക് താമസം മാറ്റുക പോലും ചെയ്തു ഇദ്ദേഹമെങ്കിലും അവസാനം തന്റെ വര്‍ഷങ്ങള്‍നീണ്ട പ്രയത്നം 1902-ല്‍ സഫലമാകുന്നത് ചാരിതാര്‍ഥ്യത്തോടെ കണ്ടു അദ്ദേഹം. എന്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രയത്നം?
- ഷൊര്‍ണൂര്‍ കൊച്ചി റെയില്‍വേ ലൈന്‍
മദ്രാസിനും മലബാറിനുമിടയില്‍ തീവണ്ടിപ്പാത വന്നത് കണ്ട രാമവര്‍മ രാജാവ്, ആ പാത കൊച്ചിയിലേക്ക് കൂടെ നീട്ടാന്‍ ഒട്ടേറെ തവണ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് സ്വന്തമായി ചെലവുകള്‍ വഹിച്ചുകൊണ്ട് കൊച്ചിയിലേക്ക്‌റെയില്‍പ്പാത കൊണ്ട് വരാന്‍ ഇദ്ദേഹം ശ്രമം തുടങ്ങിയത്. ഒട്ടേറെ എതിര്‍പ്പുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും വന്നുപെട്ടെങ്കിലും ഒടുവില്‍ അദ്ദേഹത്തിന്റെ നിരന്തരമായ പ്രയത്നങ്ങള്‍ വിജയം കണ്ടു.
8. വിറകു വ്യവസായത്തിന്റെ ഒരു കേന്ദ്രം ആയിരുന്ന (പാലക്കാട് ജില്ലയിലെ) ഈ സ്ഥലത്തിനു അതിന്റെ പേര് വന്നത് ടിപ്പുവിന്റെ പടയോട്ടവുമായി ബന്ധപ്പെട്ടിട്ടാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടെ നിന്നാണ് ആവശ്യത്തിനുള്ള വിറകു ശേഖരിച്ചിരുന്നത്. അങ്ങനെ ആണ് പേര് വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതേ പേരില്‍ മറ്റൊരു ജില്ലയില്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിന് കേരളത്തിലെ ചിറാപുഞ്ചി എന്ന അപര നാമമുണ്ട്. ഏത് സ്ഥലം ?
- ലക്കിടി
പാലക്കാടും വയനാടുമാണ് ലക്കിടി എന്ന പേരില്‍ പ്രശസ്തമായ പ്രദേശങ്ങളുള്ളത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലാണ് ലക്കിടി പേരൂര്‍ പഞ്ചായത്ത്. വിറകിന് ഹിന്ദിയില്‍ ലക് ടി എന്നാണ് പറയുന്നത്. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് വയനാട് ജില്ലയിലെ ലക്കിടി.
9. കാബൂളില്‍നിന്നുള്ള ഒരു പേര്‍ഷ്യന്‍ അടിമയുടെ മകനായിരുന്ന മാലിക് ഇബിന്‍ ദീനാര്‍ ക്രിസ്തുവര്‍ഷം 629-ലാണ് ഇത് പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ഭരണ കാലയളവില്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ രാജാവിന് ഇതിന്റെ ഒരു മാതൃക സമ്മാനമായി നല്‍കിയത് വാര്‍ത്താ പ്രാധാന്യം നേടി. എന്താണിത് ?
- ചേരമാന്‍ ജുമാ മസ്ജിദ്
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളി, ഇന്ത്യയില്‍ ജുമ നമസ്‌കാരം ആദ്യമായി നടന്ന പള്ളി എന്നീ പ്രാധാന്യങ്ങളുള്ള പള്ളിയാണ് ചേരമാന്‍ ജുമാ മസ്ജിദ്. തളങ്കര തൊപ്പിയുടെ നിര്‍മാണത്തിലൂടെ പ്രശസ്തമായ കാസര്‍കോട് ജില്ലയിലെ തളങ്കരയിലാണ് മാലിക് ദിനാര്‍ ജുമാ മസ്ജിദ്.
10. ഐക്യ െബല്‍ജിയത്തിന്റെ ഭരണത്തിന്‍ കീഴിലുള്ള കിഴക്കന്‍ ഇന്ത്യയുടെ ഗവര്‍ണ്ണറും സര്‍വ്വ സൈന്യാധിപനും ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും മാന്യനുമായ വ്യക്തിയും ഏറ്റവും വിശിഷ്ടനായ പ്രഭുവുമായ ജോണ്‍ മാറ്റ്‌സ്യൂക്കറിന് സമര്‍പ്പിച്ചു കൊണ്ട് ആരംഭിക്കുന്ന ഈ പ്രശസ്ത കൃതി പതിനേഴാം നൂറ്റാണ്ടില്‍ പന്ത്രണ്ടു വാല്യങ്ങളായിട്ടാണ് പുറത്തിറങ്ങിയത്. ഏതാണീ കൃതി ?
- ഹോര്‍ത്തൂസ് മലബാറിക്കൂസ്
ലാറ്റിന്‍ ഭാഷയില്‍ രചിക്കപ്പെട്ടിരുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് ആദ്യം ഇംഗ്ലീഷിലേക്കും തുടര്‍ന്നു മലയാളത്തിലേക്കും തന്റെ ജീവിതത്തിലെ 35 വര്‍ഷങ്ങള്‍ ഉഴിഞ്ഞുവെച്ചുകൊണ്ട് വിവര്‍ത്തനം ചെയ്ത വ്യക്തിയായ പ്രൊഫസര്‍ മണിലാലിനെ നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ തങ്ങളുടെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചിരുന്നു.
തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)