ചോദ്യങ്ങള്‍
 
 
1. ഈ അവാർഡിന്റെ ആദ്യ ബോർഡ് നിലവിൽ വന്നത് ഉത്തർപ്രദേശിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ഡോ. സമ്പൂർണാനന്ദയുടെ നേതൃത്വത്തിലായിരുന്നു. ഫൈനൽ റൗണ്ടിലെത്തിയ നാലുപേരിൽ മൂന്നുപേർ കൈസി നസ്രുൾ ഇസ്‌ലാം, ഡി.വി. ഗുണ്ടപ്പ, വിശ്വനാഥ സത്യനാരായണ എന്നിവരായിരുന്നു. ഡൽഹി വിജ്ഞാൻ ഭവനിൽവെച്ച് നടന്ന ചടങ്ങിൽ നാലാമത്തെ വ്യക്തിക്കാണ് അവാർഡ് നൽകപ്പെട്ടത്‌. ഏതാണീ അവാർഡ്? ആരായിരുന്നു ആ അവാർഡ് ജേതാവ് ?

2. ഒളിമ്പിക്സ്/പാരാലിമ്പിക്സ് എന്നിവയിൽ സ്വർണം നേടിയാൽ 80 പോയന്റുകൾ, ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയാൽ 40 പോയന്റുകൾ, ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ 30 പോയന്റുകൾ, കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയാൽ 20 പോയന്റുകൾ എന്നിങ്ങനെയും ലഭിക്കും. ലഭിച്ച നോമിനേഷനുകൾ സായ് (SAI), നാഡ (NADA) എന്നീ സംഘടനകൾക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങിയതിനു ശേഷമേ അവാർഡിന് പരിഗണിക്കൂ. ഏഴര ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ അവാർഡ ഏതാണ്?

3. Santiswaroop Bhatnagarമാഗ്നെറ്റോ കെമിസ്ട്രി (Magneto Chemistry), ഫിസിക്കൽ കെമിസ്ട്രി (Physical Chemistry) എന്നിവയിൽ വിദഗ്‌ധനായിരുന്ന ഇദ്ദേഹത്തിന് (ചിത്രം) 1936-ൽ Order of British Empire (OBE), 1941-ൽ നൈറ്റ്ഹുഡ്(Knighthood) 1943-ൽ ലണ്ടനിലെ Fellow of Royal Society എന്നിവയും ലഭിച്ചു. Council of Scientific & Industrial Research (CSIR) ന്‍റെ സ്ഥാപകഡയറക്ടർ, യു.ജി.സി. (University Grants Commission) യുടെ ആദ്യ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഈ വ്യക്തിയുടെ പേരിലുള്ള അവാർഡ് ഏത് ?

4. 2008-ൽ ആരംഭിച്ച ഈ അവാർഡ്  ആദ്യം നൽകപ്പെട്ടത്‌ ഗണിതശാസ്ത്രത്തിനായിരുന്നു. പിന്നീട് Computer Sciences, Life Sciences, Physical Sciences, Social Sciences എന്നീ നാലു വിഭാഗങ്ങളും 2012-ൽ Humanities എന്ന വിഭാഗം കൂടെ ചേർത്ത് ആകെ ആറു വിഭാഗങ്ങളിലാണ് ഈ അവാർഡ് നൽകുന്നത്. 65 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ പുരസ്കാരം ഒരു സ്വകാര്യസ്ഥാപനത്തിന്റെ പേരിലുള്ളതാണ്. ഏതാണീപുരസ്കാരം? 

5. ഏത് അവാർഡിന്റെ വിവിധ വിഭാഗങ്ങളാണ് താഴെ പറയുന്നവ?
ഭാരത് അവാർഡ് (The Bharat Award), ഗീത ചോപ്ര അവാർഡ്‌ (The Geeta Chopra Award), സഞ്ജയ്‌ ചോപ്ര അവാർഡ് (The Sanjay Chopra Award), ബാപ്പു ഗൈഥാനി അവാർഡ് (The Bapu Gaidhani Award). 

6.mother theresa Indira Gandhiഈ പുരസ്കാരം ലഭിച്ച ആദ്യ വനിത ഇന്ദിരാഗാന്ധിയാണ്. ഇന്ദിരയെ കൂടാതെ ഈ ബഹുമതിക്ക് അർഹരായ വനിതകൾ മദർ തെരേസ, എം.എസ്. സുബ്ബലക്ഷ്മി, ലത മങ്കേഷ്‌കർ എന്നിവർ മാത്രമാണ്. ഒരു പാകിസ്താൻ പൗരനും ഒരു ദക്ഷിണാഫ്രിക്കൻ പൗരനും നൽകപ്പെട്ട ഈ പുരസ്കാരത്തിന് അർഹരായവരിൽ ഏറ്റവും പ്രായംചെന്ന വ്യക്തി നൂറാം വയസ്സിൽ ഇത് ഏറ്റുവാങ്ങിയ ഡി.കെ. കാർവെ ആണ്. ഏതാണീ പുരസ്കാരം?

7. 1922-ൽ ഇദ്ദേഹം സ്ഥാപിച്ച ക്ലബ്ബ് ആയ ഝാൻസി ഹീറോസ് എന്ന ക്ലബ്ബ്  ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കി. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മത്സരം 1933-ലെ ബൈറ്റൻ കപ്പ്‌ ഫൈനലിൽ ഝാൻസി ഹീറോസും കൊൽക്കത്ത കസ്റ്റംസും തമ്മിലുള്ള മത്സരമാണെന്നാണ്  ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ഗ്വാളിയറിലെ സിന്ധ്യ ഗോൾഡ് കപ്പ്‌, ഓൾ ഇന്ത്യ റാബിയ സുൽത്താൻ കപ്പ്‌, ബൈറ്റൻ കപ്പ്‌ തുടങ്ങിയ മത്സരങ്ങൾ വിജയിച്ച ഈ ക്ലബ്ബിന്റെ ഗ്രൗണ്ടിലാണ് ഇദ്ദേഹത്തിന്റെ സമാധി സ്ഥലവും. ആരാണിദ്ദേഹം. ഇദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഏത് ?

8.  mahavir Chakraബ്രിട്ടൻ നൽകി വന്നിരുന്ന സൈനികബഹുമതിയാണ് Distinguished Service Order. ഇതിനു പകരമായി ഭാരതത്തിൽ ആരംഭിച്ച ഈ മെഡൽ ഇന്ത്യയിലെ  രണ്ടാമത്തെ വലിയ സൈനിക ബഹുമതിയാണ്. യുദ്ധത്തിനിടയിലെ  വീരകൃത്യങ്ങൾക്ക് നൽകിവരുന്ന ഈ ബഹുമതി നൽകാനാരംഭിച്ചത് 1947-ൽ ആണ്. ഏതാണീ ബഹുമതി?

9. ദേശീയ ചലച്ചിത്ര അവാർഡ് നൽകാൻ തുടങ്ങിയതിന്റെ പതിമ്മൂന്നാം എഡിഷൻ ആയ 1965-ൽ ആണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. ആദ്യമായി ഈ പുരസ്കാരത്തിനർഹമായത് എസ്. റാംശർമ സംവിധാനം ചെയ്ത ഷഹീദ് എന്ന ഹിന്ദി ചലച്ചിത്രം ആണ്. രണ്ടാമതായി ഈ പുരസ്കാരം ലഭിച്ചത് പിയൂഷ് ബോസ് സംവിധാനം ചെയ്ത സുഭാഷ് ചന്ദ്ര എന്ന സിനിമയ്‌ക്ക്‌ മൂന്നാമതായി ഈ പുരസ്കാരം ലഭിച്ചത് ജോൺ ശങ്കരമംഗലം സംവിധാനം ചെയ്ത ജന്മഭൂമി എന്ന മലയാളം സിനിമയ്ക്കും ആണ്. ഏത് പുരസ്കാരം? ഇത് ആരുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത് ?

10. സുബേദാർ ഉദയ് ചന്ദ്, എ. പളനിസാമി, കർണിസിങ്‌, രാമനാഥൻ കൃഷ്ണൻ, പെരുമാൾ ഗണേശൻ, ശ്യാംലാൽ, പി.ജി സേത്തി, പി.കെ. ബാനർജി, സലിം ദുറാനി, മാനുവൽ ആരോൺ, വിത്സൺ ജോൺസ്,  സർബ് ജിത്ത് സിങ്‌, നന്ദു നടേക്കർ, ഗുർബച്ചൻ സിങ്‌ രൺ തുടങ്ങിയവര്ക്ക് പൊതുവായുള്ള സാമ്യം/പ്രത്യേക നേട്ടം എന്താണ്?

ഉത്തരങ്ങൾ
 
1. ജ്ഞാനപീഠം അവാർഡ് , ജി. ശങ്കരക്കുറുപ്പ്
2.  രാജീവ്‌ ഗാന്ധി ഖേൽ രത്ന
3.  ശാന്തിസ്വരൂപ്‌ ഭട്നാഗർ അവാർഡ്
4.  ഇൻഫോസിസ് പുരസ്കാരം
5.  National Bravery Awards
6.  ഭാരതരത്ന 
7.  ധ്യാൻചന്ദ്, ധ്യാൻചന്ദ് അവാർഡ്
8.  മഹാവീർചക്ര
9.  ദേശീയോദ്‌ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരം,  നർഗീസ് ദത്ത് 
10. അവരവരുടെ കായികമേഖലയിൽ അർജുന അവാർഡ് നേടിയ ആദ്യ കായികതാരങ്ങൾ

കൂടുതലറിയാം
 
1. 1944-ൽ സാഹു ശാന്തി പ്രസാദ് ജെയിൻ ആണ് ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിച്ചത്. ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വ്യക്തി താരാശങ്കർ ബാനർജി (ബംഗാളി) ആയിരുന്നു. ഗുജറാത്തിയിൽ ആദ്യമായി അവാർഡ് ലഭിച്ചത് ഉമാശങ്കർ ജോഷിക്കും തമിഴിൽ  പി.വി. അഖിലനും കന്നടയിൽ കെ.വി. പുട്ടപ്പയ്ക്കും ഹിന്ദിയിൽ സുമിത്രാനന്ദ് പന്തിനും ആയിരുന്നു. ജ്ഞാനപീഠം ട്രസ്റ്റ് നൽകുന്ന മറ്റൊരു പുരസ്കാരമാണ് മൂർത്തീദേവീ പുരസ്കാരം. ആശാ പൂർണാദേവി ആണ്  ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത. 

2. രാജീവ്‌ ഗാന്ധി ഖേൽരത്ന നേടിയ ആദ്യ വ്യക്തി വിശ്വനാഥൻ ആനന്ദും ആദ്യ വനിത കർണം മല്ലേശ്വരിയും ആദ്യ മലയാളി കെ.എം. ബീനമോളും ആണ്. രണ്ടു കളികളിൽ  അവാർഡ് ലഭിച്ച ആദ്യ താരം പങ്കജ് അദ്വാനി ആണ്. ബില്യാഡ്സ്, സ്നൂക്കർ എന്നിവയാണ് കളികൾ. ടെന്നീസിൽ ആദ്യമായി ലഭിച്ചത് ലിയാൻഡർ പേസിനും ക്രിക്കറ്റിൽ സച്ചിനും ഹോക്കിയിൽ ധൻരാജ് പിള്ളയ്ക്കും ബാഡ്‌മിന്റണിൽ പുല്ലേല ഗോപീചന്ദിനും ആണ്. 

3. ഇന്ത്യയിലെ റിസർച്ച് ലബോറട്ടറികളുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ഡോ. ശാന്തി സ്വരൂപ്‌ ഭട്നാഗർ. 45 വയസ്സിൽ താഴെയുള്ള ശാസ്ത്രജ്ഞർക്ക് നൽകുന്ന അവാർഡ് ആണ് ശാന്തി സ്വരൂപ്‌ ഭട്നാഗർ അവാർഡ്. അഞ്ചുലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ അവാർഡ് നൽകുന്നത് (CSIR) ആണ്. എല്ലാവർഷവും  CSIR  സ്ഥാപകദിനമായ സെപ്‌റ്റംബർ 26-നാണ് അവാർഡ് സമ്മാനിക്കുക.

4. 1981-ൽ  ഏഴ്‌ എൻജിനീയർമാർ ചേർന്ന് പുണെയിൽ ആരംഭിച്ച കമ്പനിയാണ് ഇൻഫോസിസ്. നാരായണ മൂർത്തി, നന്ദൻ നിൽകേനി, എൻ.എസ്.രാഘവൻ, എസ്.ഗോപാലകൃഷ്ണൻ, എസ്.ഡി.ഷിബുലാൽ, കെ.ദിനേഷ്, അശോക് അറോറ എന്നിവരാണ് ഇൻഫോസിസിന്റെ സ്ഥാപകർ.

5. കേന്ദ്രസർക്കാരും Indian Council for Child Welfare എന്ന സംഘടനയും ചേർന്ന് സമ്മാനിക്കുന്ന ഈ അവാർഡ് 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് ആരംഭിച്ചത്. 1957-ലെ ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിലെ രാംലീല മൈതാനത്ത്‌ നടന്ന ഒരു തീപ്പിടിത്തത്തിനിടെ ഹരീഷ് ചന്ദ്ര മെഹ്റ എന്ന പതിന്നാലുകാരൻ ധീരതയോടെ ഒട്ടേറെ പേരെ രക്ഷിക്കുന്നത് നേരിട്ട് കാണാനിടയായ നെഹ്രുവാണ് ഈ അവാർഡ് ഏർപ്പെടുത്തുന്നതിന് കാരണക്കാരനായത്. 

6. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ഏർപ്പെടുത്തിയത് 1954-ൽ ആണ്. ആദ്യമായി ഈ പുരസ്കാരം ലഭിച്ചത് സി. രാജഗോപാലാചാരി, ഡോ. എസ്. രാധാകൃഷ്ണൻ, സി.വി. രാമൻ എന്നിവർക്കാണ്. ഭാരത രത്നം ലഭിച്ച ആദ്യ ചലച്ചിത്ര താരം എം.ജി.ആറും ആദ്യ കായിക താരം (ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും) സച്ചിൻ തെണ്ടുൽക്കറും ആണ്. ഖാൻ അബ്ദുൽ ഗാഫർ ഖാനും നെൽസൺ മണ്ടേലയുമാണ് ഭാരതരത്നം ലഭിച്ച വിദേശ പൗരന്മാർ. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി ലാൽ ബഹാദുർ ശാസ്ത്രിയാണ്‌. ഇന്ത്യയുടെ പരമോന്നത പുരസ്കാരമായ ഭാരതരത്നയും പാകിസ്താന്റെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ പാകിസ്താനും ലഭിച്ച ഏക ഇന്ത്യക്കാരൻ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്. 

7.Dhyanchand ധ്യാൻചന്ദിന്‍റെ ജന്മദിനമായ ഓഗസ്റ്റ്‌ 29 ആണ് ഇന്ത്യയിൽ ദേശീയ കായികദിനമായി ആചരിക്കുന്നത്. 2002-ൽ ആരംഭിച്ച ധ്യാൻ ചന്ദ് പുരസ്കാരം ലഭിച്ച ആദ്യ കായികതാരങ്ങൾ സാഹുരാജ് ബിരാജ് ധാർ (ബോക്സിങ്‌), അശോക്‌ ദിവാൻ (ഹോക്കി), അപർണ ഘോഷ് (ബാസ്കറ്റ് ബോൾ) എന്നിവരാണ്.

8.  ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരംവീരചക്രയ്ക്ക് തുല്യമായ, എന്നാൽ  സമാധാന കാലഘട്ടങ്ങളിൽ നൽകുന്ന പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് അശോക ചക്ര. യുദ്ധത്തിലല്ലാതെയുള്ള വീര കൃത്യങ്ങൾക്കും സായുധസേനയിൽ അംഗമായുള്ളവർക്കും അല്ലാത്തവർക്കും ഇത്  സമ്മാനിക്കാറുണ്ട്. മഹാവീർ ചക്രയ്ക്ക് തുല്യമായുള്ള സമാധാനകാലത്തെ സൈനിക ബഹുമതിയാണ് കീർത്തിചക്ര. പരംവീർ ചക്രയ്ക്കും മഹാവീർ ചക്രയ്ക്കും ശേഷമുള്ള മൂന്നാമത്തെ വലിയ സൈനിക ബഹുമതിയാണ് വീർചക്ര. ഇതിനു തുല്യമായുള്ള സമാധാനകാലത്തെ ബഹുമതിയാണ് അശോക ചക്രയ്ക്കും കീർത്തിചക്രയ്ക്കും ശേഷം വരുന്ന ശൗര്യ ചക്ര.

9.Nargis Dutt തുറക്കാത്ത വാതിൽ അച്ഛനും ബാപ്പയും, ആരൂഡം, ശ്രീനാരായണ ഗുരു, ദൈവനാമത്തിൽ, കാണാക്കിനാവ്, തനിച്ചല്ല ഞാൻ എന്നിവയാണ് നർഗീസ് ദത്ത് അവാർഡ് നേടിയ മലയാള സിനിമകൾ. 

10. സുബേദാർ ഉദയ് ചന്ദ് ഗുസ്തിയിലും എ. പളനി സാമി വോളിബോളിലും കർണി സിങ്‌ ഷൂട്ടിങ്ങിലും രാമനാഥൻ കൃഷ്ണൻ ടെന്നീസിലും പെരുമാൾ ഗണേശൻ കബടിയിലും ശ്യാം ലാൽ ജിംനാസ്റ്റിക്സിലും പി.ജി. സേത്തി ഗോൾഫിലും പി.കെ. ബാനർജി ഫുട്ബോളിലും സലിം ദുറാനി ക്രിക്കറ്റിലും മാനുവൽ ആരോൺ ചെസ്സിലും വിത്സൺ ജോൺസ് ബില്യാഡ്‌സിലും സർബ് ജിത്ത് സിങ്‌ ബാസ്കറ്റ് ബോളിലും നന്ദു നടെക്കർ ബാഡ്‌മിൻറ്റണിലും ഗുർബച്ചൻ സിങ്‌ രൺഥാവ അത്‌ലറ്റിക്സിലും ആണ് അർജുന അവാർഡ് കരസ്ഥമാക്കിയത്. അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി 1965-ൽ പർവതാരോഹണത്തിന് അവാർഡ് ലഭിച്ച ഹവിൽദാർ സി. ബാലകൃഷ്ണനാണ്. 1975-ൽ വോളിബോളിൽ അവാർഡ് ലഭിച്ച കെ.സി. ഏലമ്മയാണ് അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത. 
 
Content Highlights: Quiz Corner, Indian Awards, National Bravery Awards, Bharat Ratna, Arjuna Award, Khel Ratna, Padma Awards