ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവര്‍ക്കും ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ക്വിസ് ആണ് ഇത്തവണ. ലോകത്തെ വിവിധതരത്തിലുള്ള ഭക്ഷണങ്ങള്‍, ഭക്ഷ്യസംസ്‌കാരങ്ങള്‍, വിഭവങ്ങള്‍ക്ക് പേരുകള്‍ ലഭിച്ച കഥകള്‍, ഭക്ഷണവും ആരോഗ്യവും തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങള്‍ മത്സരപ്പരീക്ഷകളില്‍ ഉണ്ടാവാറുണ്ട്
ചോദ്യങ്ങള്‍
1. ഗൂഗിളിന്റെ പ്രശസ്തമായ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അതിന്റെ വിവിധ പതിപ്പുകള്‍ക്ക് മധുരപലഹാരങ്ങളുടെ പേരുകളാണ് കോഡ് ആയി നല്‍കിയിരുന്നത്. ഇതിനായി കേരള ടൂറിസം വകുപ്പ് പ്രചാരണം നടത്തിയ പലഹാരം ഏതായിരുന്നു?
- നെയ്യപ്പം
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ പതിപ്പുകള്‍ക്ക് പേരു നല്‍കുന്നത്. ആന്‍ഡ്രോയിഡ് 1.5ന് കപ്പ് കേക്ക് എന്നും പിന്നീട് വന്ന പതിപ്പുകള്‍ക്ക് എക്ലയര്‍, ഫ്രൊയോ, ജിഞ്ചര്‍ ബ്രെഡ്, ഹണികോമ്പ് ഐസ്‌ക്രീം സാന്‍ഡ്വിച്ച്, ജെല്ലി ബീന്‍, കിറ്റ്-കാറ്റ്, ലോലി പോപ്പ്, മാര്‍ഷ് മെല്ലോ, നുഗറ്റ്, ഓറിയോ എന്നുമാണ് പേരുകള്‍.
2. സ്‌കോട്ലന്‍ഡുകാരനായ അലന്‍ മാക് മാസ്റ്റേഴ്‌സ് 1893-ല്‍ കണ്ടുപിടിച്ച ഈ ഉപകരണത്തെ എക്ലിപ്‌സ് എന്നായിരുന്നു നാമകരണം ചെയ്തിരുന്നത്. ഏതാണ് ഉപകരണം?
- ഇലക്ട്രിക് ടോസ്റ്റര്‍
ഇന്ന് കാണുന്ന രീതിയിലുള്ള ബ്രഡ് ടോസ്റ്റര്‍ കണ്ടുപിടിച്ചത് ചാള്‍സ് സ്‌ട്രൈറ്റ് എന്ന വ്യക്തിയാണ്.
3. തമിഴ്‌നാട്ടിലെ കോവില്‍പ്പെട്ടി എന്ന പ്രദേശം ഏത് മധുരമുള്ള ഭക്ഷ്യവസ്തുവിന്റെ പേരിലാണ് പ്രശസ്തമായത്?
- കടലമിഠായി
തമിഴ് നാടിലെ തിരുനല്‍വേലിയിലെ ഹല്‍വയും ദിണ്ടികളിലെ തലപ്പക്കട്ടി ബിരിയാണിയും പാലക്കാട്ടെ രാമശ്ശേരി ഇഡലി യും അതാത് പ്രദേശങളുടെ പേരില്‍ പ്രശസ്തമായ വിഭവങ്ങളാണ്.മധുരയില്‍ പ്രചാരത്തിലുള്ള ഒരു പാനീയമാണ് ജിഗര്‍ തണ്ട.പട്ടുനൂല്‍ പുഴുക്കളുടെ പ്യൂപ്പ പ്രധാന ചേരുവയായ എരി പോലു എന്ന വിഭവവും മുള ഉപയോഗിച്ച് പാചകം ചെയ്യുന്ന ഖൊറിസ എന്ന വിഭവവും ആസാമുകാരുടെതാണ്. മഞ്ചൂരിയന്‍ എന്ന വിഭവത്തിന് ചൈനയിലെ മഞ്ചൂര്‍ പ്രവിശ്യയില്‍ നിന്നും ഹക്ക നൂഡില്‍സ് ന് ചൈനയില ഹക്ക പ്രവിശ്യയില്‍ നിന്നുമാണ് പേര് ലഭിച്ചത്. ഭൌമ സൂചിക പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ഭക്ഷ്യോല്‍പ്പന്നം ഡാര്‍ജലിംഗ് ചായ ആണ്. ഇന്ത്യയില്‍ ആദ്യമായി കാപ്പി എത്തിയത് കര്‍ണ്ണാടകയിലെ ബാബ ബുഡാന്‍ മല നിരകളിലാണ്.
4. വില്‍ബര്‍ എന്ന വ്യക്തി 1912-ല്‍ വികസിപ്പിച്ചെടുത്ത ഒരു ടെസ്റ്റും അതിന്റെ ഏകകവുമനുസരിച്ച് നല്‍കപ്പെട്ട സ്‌കോറുകള്‍ പ്രകാരം നിലവില്‍ ഒന്നാംസ്ഥാനത്തുള്ളത് കരോലിന റീപ്പര്‍ ആണ്. ട്രിനിഡാഡ് മൊരുഗ സ്‌കോര്‍പ്പിയോണ്‍ രണ്ടാംസ്ഥാനത്തും, 7 പോട്ട് ഡഗ്ല മൂന്നാം സ്ഥാനത്തുമാണ്. എന്താണിവയൊക്കെ?
- മുളകുകള്‍
മുളകുകളുടെ എരിവ് അളക്കുന്നതിനുള്ള ഏകകമാണ് എസ്.എച്ച്.യു. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന ഒരിനമായ ഭൂത് ജലോക്കിയ അഥവാ നാഗ ജലോക്കിയ ആയിരുന്നു ഒരു കാലത്ത് ഏറ്റവും എരിവു കൂടിയ മുളക് . ആദ്യമായി 10 ലക്ഷം എസ്.എച്ച്.യു.വില്‍ കൂടുതല്‍ രേഖപ്പെടുത്തപ്പെട്ട മുളകും ഇത് തന്നെയായിരുന്നു. മുളകിന് എരിവ് നല്‍കുന്ന രാസവസ്തുവാണ് കപ്‌സെസിന്‍ .
5. ലിഗ്വെറിയന്‍ കടലിലെ ഇറ്റാലിയന്‍ തുറമുഖങ്ങളില്‍നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെട്ട ഈ കോഴികളെ പണ്ട് ഇറ്റാലിയന്‍ കോഴികള്‍ എന്ന് തന്നെ ആയിരുന്നു വിളിച്ചിരുന്നത്. പിന്നീട് 1860-കളില്‍ കടലിന്റെ പേരില്‍ തന്നെ ഇവ അറിയപ്പെടാന്‍ തുടങ്ങി. ഏതാണീ കോഴികള്‍?
- ലഗോണ്‍
റോക്ക് കോര്‍ണിഷ്, കോര്‍ണിഷ് ക്രോസ് എന്നൊക്കെ അറിയപ്പെടുന്ന മാംസക്കോഴി ഇനമാണ് ബ്രോയിലര്‍.
6.'ദി ടെറിബിള്‍', 'ദി പോര്‍ച്ചുഗീസ് മാര്‍സ്', ദി സീസര്‍ ഓഫ് ദി ഈസ്റ്റ്', 'ലയണ്‍ ഓഫ് ദി സീസ്' തുടങ്ങിയ അപരനാമങ്ങളുണ്ടായിരുന്ന ഇദ്ദേഹം പോര്‍ച്ചുഗീസ് ഇന്ത്യയുടെ രണ്ടാമത്തെ ഗവര്‍ണര്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട ഫലവര്‍ഗം ഏതാണ് ?
- അല്‍ഫോണ്‍സൊ മാങ്ങ
ലോകത്തെ ഏറ്റവും മികച്ച നാവിക കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്ന അല്‍ഫോണ്‍സൊ ഡി അല്‍ബുക്കര്‍ക്കിന്റെ പേരിലുള്ള മാമ്പഴമാണ് അല്‍ഫോണ്‍സൊ.
7. ബ്രസീലുകാരനായ ഹോസെ ഗ്രാസിയാനോ ഡി സില്‍വ ഡയറക്ടര്‍ ജനറല്‍ ആയുള്ള ഈ സംഘടനയുടെ ആപ്ത വാക്യം 'Let there be bread' എന്നര്‍ഥം വരുന്ന ഫിയറ്റ് പാനിസ് (Fiat Panis), എന്നാണ്. ഏതാണീ സംഘടന?
- FAO
ഫുഡ് & അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആസ്ഥാനം ഇറ്റലിയിലെ റോം ആണ്.
8.ഏതെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേര് നല്‍കപ്പെട്ട ജപ്പാനിലെ ആദ്യത്തെ സ്റ്റേഡിയമാണ് ടോക്യോ സ്റ്റേഡിയം. രുചിയുടെ സത്ത (Essence of taste) എന്ന് പേരിന്റെ അര്‍ഥമുള്ള ഈ കമ്പനി ഏതാണ്?
- അജിനോ മോട്ടോ
മറ്റു സ്വാദുകളുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത സ്വതന്ത്രരുചികളാണ് മൗലിക രുചികള്‍ എന്ന് അറിയപ്പെടുന്നത്. മധുരം, പുളി, എരിവ്, കയ്പ്പ് എന്നിവയ്ക്ക് പുറമേ അടിസ്ഥാന രുചികളിലൊന്നായി അംഗീകരിക്കപ്പെട്ട ഉമാമി എന്ന ഈ രുചിയെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ കികുനെ ഇക്കെഡാ, എന്ന ശാസ്ത്രജ്ഞന്‍, അദ്ദേഹം തന്നെ സോയ സോസില്‍ നിന്നും നിര്‍മ്മിച്ച മോണോ സോഡിയം ഗ്ലൂട്ടമെട്റ്റ് ല്‍ നിന്നാണ് ഇത് തിരിച്ചറിഞ്ഞത് . ഇത് നിര്‍മ്മിക്കുന്ന കമ്പനിയുടെ പേര് ആയതിനാലാണ് ഇതിനെ അജിനോ മോട്ടോ എന്ന പേര് ലഭിച്ചത്. ഒലിയോഗസ്റ്റസ് ('കൊഴുപ്പിന്റെ രുചി) എന്ന പേരില്‍ ആറാമത്തെ മൗലിക രുചിയും തിരിച്ചരിഞ്ഞത് യു. എസിലെ പര്‍ദ്യൂ സര്‍വകലാശാലയിലെ ഗവേഷകരാണ്. ഓക്സീകരിക്കപ്പെട്ട എണ്ണയുടെ സ്വാദാണിതിന്.
9. ഹരിതവിപ്ലവത്തിന്റെ പിതാവായ നോര്‍മന്‍ ബോര്‍ലോഗിന്റെ നിര്‍ദേശപ്രകാരം ജനറല്‍ ഫുഡ്‌സ് കോര്‍പ്പറേഷന്‍ 1987-ല്‍ ആരംഭിച്ച വേള്‍ഡ് ഫുഡ് പ്രൈസ് പുരസ്‌കാരം ലഭിച്ച ആദ്യവ്യക്തി ഒരു ഇന്ത്യക്കാരനായിരുന്നു. ആരാണിദ്ദേഹം?
-എം.എസ് സ്വാമിനാഥന്‍
ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് എം.എസ്. സ്വാമിനാഥനാണ്. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന മലയാളിയായ വര്‍ഗീസ് കുര്യന്‍ ആണ് ഈ പുരസ്‌കാരം കരസ്ഥമാക്കിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകമാണ് 'I Too Had A Dream'.
10.അക്ബറിന്റെ കൊട്ടാരത്തിലെ ഒരംഗം ഒരിക്കല്‍ ഒരു വിഭവം പാചകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ധാരാളം ഉള്ളി ചേര്‍ത്തു പോവുകയും അന്ന് ഉണ്ടായ പുതിയ വിഭവത്തിന് രണ്ട് ഉള്ളി എന്ന അര്‍ഥം വരുന്ന ഈ പേര് നല്‍കി എന്നുമാണ് കഥ. ഹൈദരാബാദി വിഭവങ്ങളുടെ ഭാഗമായി തീര്‍ന്ന, ഇന്ന് പല െറസ്റ്റോറന്റുകളിലും ലഭ്യമായ ഈ വിഭവമേത് ?
-ഡോപിയാസ
മാംസംകൊണ്ട് തയ്യാറാക്കുന്ന വിഭവമാണിത്. മുള്ളാ ഡോപിയാസ എന്നായിരുന്നു ആ പാചകക്കാരന്റെ പേര് എന്നും അദ്ദേഹത്തിന്റെ പേരില്‍ നിന്നുമാണ് വിഭവത്തിന് പേര് ലഭിച്ചത് എന്നും കരുതുന്നവരുണ്ട്.
തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)