ചോദ്യങ്ങൾ

01.  താന്ത്രികവിദ്യയിൽ മനുഷ്യരുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ചിറകുകളോടു കൂടിയ കുതിരയെ ഈ രാജ്യത്തിന്റെ ദേശീയ ചിഹ്നത്തിൽ കാണാം. സംസ്കൃതത്തിലെ സ്വയംഭൂ എന്ന വാക്കിൽ നിന്ന്‌ ഉദ്ഭവിച്ച സൊയംബൊ (Soyombo) അക്ഷരമാലയിലെ  ചിഹ്നവും ചിന്താമണി എന്ന രത്നവും അഗ്നിയും ചന്ദ്രനും സൂര്യനും ഇതിൽ കാണാം. ഏതാണീ രാജ്യം? 

02. ആനയും സിംഹവും കൂടി​േച്ചർന്ന ഗജസിംഹം എന്ന ജീവിയും രാജസിംഹവുമാണ് ഈ രാജ്യത്തിന്റെ ദേശീയ ചിഹ്നത്തിൽ രാജാവിനെയും രാജ്ഞിയെയും പ്രതിനിധീകരിക്കുന്നത്. ഇവ രണ്ടും രണ്ടു വശങ്ങളിലായി നാല് തട്ടുകളുള്ള കുട പിടിച്ചുകൊണ്ട് നിൽക്കുന്നതും ഓം എന്നതിന്റെ ഖെമർ-തായ് രൂപവും  കാണാൻ സാധിക്കുക ഏത് രാജ്യത്തിന്റെ ദേശീയ ചിഹ്നത്തിലാണ്?

03. Raphus cucullatus എന്ന ശാസ്ത്രനാമമുള്ള ഈ ജീവികളെ ഡച്ചുകാർ ‘വിരസമായ പക്ഷി’ എന്നർഥമുള്ള  'Walghvogel' എന്ന പേരാണ് വിളിച്ചിരുന്നത്. ലാറ്റിൻ ഭാഷയിൽ ‘ശിരോവസ്ത്രമണിഞ്ഞത്’ എന്നർഥമുള്ള ‘cucullatus’ എന്ന പേരിലറിയപ്പെട്ട ഇതിനെ പോർച്ചുഗീസുകാർ ‘fotilicaios’, ‘kermisgans’ തുടങ്ങി പല പേരുകളിലും വിളിച്ചിരുന്നുവെങ്കിലും മണ്ടൻ എന്നർഥംവരുന്ന പേരാണ് ഇതിന് ലഭിച്ചത് എന്നാണ് കരുതപ്പെടുന്നത്.  ഏതാണീ ജീവി? ഈ ജീവിയും സാമ്പാർ എന്ന മാനും കരിമ്പ്ചെടി  താങ്ങിനിൽക്കുന്നത് ഏത് രാജ്യത്തിന്റെ ദേശീയ ചിഹ്നത്തിലാണ്?

04. ബൈബിളിൽ മോശയ്ക്ക് വഴി കാണിച്ച സ്വർണനിർമിതമായ വിളക്കാണ് മേനോറ. ഏഴുതിരി ഇടാവുന്ന തരത്തിലുള്ള ഈ വിളക്കോടു കൂടിയ ഒരു ചിത്രത്താഴും ഒലീവ് ചില്ലകളും ആണ് ഈ രാജ്യത്തിന്റെ ദേശീയ ചിഹ്നം. 1948 ഒരു മത്സരത്തിലൂടെ ഗബ്രിയേൽ ഷാമിർ, മാക്സിം ഷാമിർ എന്നീ സഹോദരന്മാർ രൂപകല്പന ചെയ്ത ദേശീയ ചിഹ്നം ഏതു രാജ്യത്തിന്റേതാണ്?

05. അലഞ്ചി, കാട്ടുപൂവരശ് എന്നൊക്കെ വിളിക്കുന്ന പൂവാണ് ഈ രാജ്യത്തിന്റെ ദേശീയ പുഷ്പം. ഇതും ഇതിനോടൊപ്പം ലിംഗസമത്വം ഉറപ്പുവരുത്താൻ ഒരു പുരുഷന്റെയും  സ്ത്രീയുടെയും  പരസ്പരം കൂട്ടിപ്പിടിക്കുന്ന കരങ്ങളും ഒരു കൊടുമുടിയുടെ ചിത്രവും രാജ്യത്തിന്റെ ആകൃതിയും അതോടൊപ്പം തന്നെ രാമായണത്തിലെ ഒരു ശ്ലോകവും ഈ രാജ്യത്തിന്റെ ദേശീയ ചിഹ്നത്തിൽ കാണാം. ഏതാണീ രാജ്യം? ഏത് കൊടുമുടി ? 

06. സെയ്‌ന്റ്‌ ബാസിൽ കത്തീഡ്രൽ (Saint Basil's Cathedral) എന്ന പള്ളി, കിഴി  (Kizhi) എന്ന ദ്വീപ്‌, ഒന്നിനുള്ളിൽ മറ്റൊന്നായി അടുക്കിവെക്കാവുന്ന മട്രിയോഷ്ക (Matryoshka) എന്ന മരപ്പാവകൾ,  വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന സമോവർ, ടെട്രിസ് എന്ന വീഡിയോ ഗെയിം. ഏത് രാജ്യത്തിന്റെ സാംസ്കാരിക ചിഹ്നങ്ങൾ ആണിവയെല്ലാം?

07.  സ്വാതന്ത്ര്യദേവതയുടെ പ്രതിരൂപമായ മരിയൻ എന്ന വനിതയാണ് ഈ രാജ്യത്തിന്റെ ഏറ്റവും പ്രശസ്തമായ ദേശീയ, സാംസ്കാരികചിഹ്നങ്ങളിൽ ഒന്ന്. രാജ്യത്തിന്റെ കറൻസി നോട്ടുകളിലും നാണയങ്ങളിലും പോസ്റ്റേജ് സ്റ്റാമ്പുകളിലും പാസ്പോർട്ടുകളിലും സർക്കാർ മുദ്രകളിലുമെല്ലാം ഇവരുടെ ചിത്രം കാണാം. ഏത് രാജ്യം ?

08. കോബ് എന്ന ഒരിനം മാനും ‘Grey crowned crane’ എന്ന ഒരിനം കൊക്കും ഒരു പെരുമ്പറയ്ക്കും രണ്ടു കുന്തങ്ങൾക്കും ഇരു വശത്തുമായി സ്ഥിതി ചെയ്യുന്നതും നൈൽ നദിയെ സൂചിപ്പിക്കുന്ന നീല വരകളെയും സൂര്യനെയും ഈ ആഫ്രിക്കൻ രാജ്യത്തിന്റെ ദേശീയ ചിഹ്നത്തിൽ കാണാം. ദേശീയപതാകയിൽ കറുപ്പ്, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളോടു കൂടിയ വരകളും മധ്യത്തിൽ  ‘grey crowned crane’ നെയും കാണാം. എതാണീ രാജ്യം?

09. ബ്രസീലിന്റെ ദേശീയ ചിഹ്നത്തിൽ നടുക്കായി നീല വൃത്തത്തിനകത്ത് 27 നക്ഷത്രങ്ങൾ കാണാം. ഇതിൽ 26 എണ്ണം സംസ്ഥാനങ്ങളെയും ഒന്ന് ഫെഡറൽ ജില്ലയെയും സൂചിപ്പിക്കുന്നു. അതിനും നടുക്കായി കാണുന്ന അഞ്ച് നക്ഷത്രങ്ങൾ സതേൺ ക്രോസ് എന്ന നക്ഷത്ര സമുച്ചയത്തെ സൂചിപ്പിക്കുന്നു. ഇതിനെ ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിൽ വിളിക്കുന്നത് ത്രിശങ്കു എന്നാണ്. ഇതിനു പുറമേ രണ്ടു വശത്തായി രണ്ടു ചെടികളുടെ ചില്ലകൾ കാണാം. ഒരു കാലത്ത് ബ്രസീലിൽ വളരെ സുലഭമായി കൃഷി ചെയ്തിരുന്നതിനാലാണ് ഇവ ദേശീയ ചിഹ്നത്തിന്റെ ഭാഗമായി മാറിയത്. ഏതാണീ രണ്ടു ചെടികൾ?   

10. മുന്നോട്ടുള്ള പ്രയാണം, കഠിനാധ്വാനം, വിജയം, പുതിയ പ്രഭാതം എന്നിവയെ സൂചിപ്പിക്കുന്ന മഴുവേന്തിയ കോഴിയാണ് ഈ രാജ്യത്തെ പ്രധാന സാംസ്കാരിക ചിഹ്നങ്ങളിൽ ഒന്ന്. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കാനു (KANU)എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ചിഹ്നവും ഇതുതന്നെയാണ്. ഇതിനു പുറമേ രാജ്യത്തിന്റെ പേര് തന്നെയുള്ള കൊടുമുടിയും രാജ്യത്തെ പ്രധാന കൃഷി വിഭവങ്ങളായ ചോളം, കാപ്പി, ചായ, പൈനാപ്പിൾ,  pyrethrum, sisal എന്നീ ചെടികളും  കുന്തങ്ങളേന്തിയ രണ്ടു സിംഹങ്ങൾ എന്നിവയും രാജ്യത്തിന്റെ  ദേശീയ ചിഹ്നത്തിൽ കാണാം. ഏതാണീ രാജ്യം?

ഉത്തരങ്ങൾ 

01. മംഗോളിയ
02. കംബോഡിയ 
03. ഡോഡോ പക്ഷി, മൗറീഷ്യസ്
04. ഇസ്രായേൽ
05. നേപ്പാൾ, എവറസ്റ്റ് കൊടുമുടി
06. റഷ്യ
07. ഫ്രാൻസ്
08. ഉഗാണ്ട
09. കാപ്പി, പുകയില 
10. കെനിയ

കൂടുതലറിയാം

mongolia01. ബുദ്ധമതത്തിലും ഹിന്ദു പുരാണങ്ങളിലും പരാമർശിക്കപ്പെടുന്ന രത്നമാണ് ചിന്താമണി. ആഗ്രഹ സഫലീകരണത്തിനുള്ള ശക്തി ഇതിനുണ്ടെന്നാണ്  വിശ്വാസം. പാശ്ചാത്യകഥകളിൽ പലതിലും കാണാവുന്ന  ഫിലോസഫേഴ്സ് സ്റ്റോൺ ഇതുമായി സാമ്യമുള്ളതാണ്. 1992-ൽ കമ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തോടെയാണ് മംഗോളിയ ഈ പുതിയ ചിഹ്നം ഔദ്യോഗികമായി സ്വീകരിച്ചത്. 

Cambodia02. നിലവിലുള്ള ബുദ്ധമത വിഭാഗങ്ങളിൽ ഏറ്റവും പഴക്കമുള്ള വിശ്വാസ പാരമ്പര്യമായ തെരാവാദ ബുദ്ധിസം ആണ് കംബോഡിയയുടെ ഔദ്യോഗികമതം. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയമായ അങ്കോർ വാട്ട് എന്ന ക്ഷേത്രത്തിന്റെ ചിത്രം പതാകയിൽ ആലേഖനം ചെയ്തിട്ടുള്ള രാജ്യമാണ് കംേബാഡിയ. സംസ്കൃതത്തിലെ കാംബോജ ദേശം എന്ന പേരിൽനിന്ന്‌ ഉദ്ഭവിച്ച കംപൂചിയ എന്ന പേരിലും കംബോഡിയ അറിയപ്പെടുന്നു.

03. പ്രശസ്ത സാഹിത്യകാരനായ Sir Thomas Herbert ന്‍റെ യാത്രാവിവരണമാണ് ഡോഡോ എന്ന പേര് അച്ചടിക്കപ്പെട്ട ആദ്യ പുസ്തകങ്ങളിലൊന്ന്. ഡച്ച് രാജകുമാരനായിരുന്ന മൗറിസിന്‍റെ പേരിലാണ് മൗറീഷ്യസ് നാമകരണം ചെയ്യപ്പെട്ടത്. മൗറീഷ്യസിലെ നാണയങ്ങളിൽ ഡോഡോ പക്ഷിയുടെ ചിത്രം കാണാം. ഡോഡോ മരം എന്ന അപരനാമമുള്ള മരമാണ് കാൽവേരിയ മേജർ.  ഇവയുടെ വിത്തുകൾ  മണ്ണിൽ വീണ് മുളയ്ക്കണമെങ്കിൽ  ഡോഡോ പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവന്നിരിക്കണം എന്ന് ഒരു അബദ്ധധാരണ കുറേക്കാലം നിലനിന്നിരുന്നു. എന്നാൽ, ഇന്ന് ടർക്കി പക്ഷികളെ ഉപയോഗിച്ചും പോളിഷ് ചെയ്ത് എടുത്തും  ഇവ മുളപ്പിക്കുന്നുണ്ട്.   

04. ഇസ്രായേലിന്റെ ദേശീയ പതാകയിൽ കാണുന്ന നക്ഷത്രമാണ് സ്റ്റാർ ഓഫ് ഡേവിഡ്. ഇതിന്റെ കൂടെ ഉള്ള നീലവരകൾ  പ്രാർഥനയ്ക്കുപയോഗിക്കുന്ന താലിറ്റ് എന്ന തുണിയെയും ചെങ്കടൽ വഴിമാറി ജൂതന്മാർ പലായനം ചെയ്തതിനെയും സൂചിപ്പിക്കുന്നു.  

05. പെറ്റമ്മയും പിറന്ന നാടും സ്വർഗത്തെക്കാൾ മഹത്തരം എന്ന അർഥം വരുന്ന  ‘ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസീ’ എന്ന രാമായണത്തിലെ വാക്യമാണ് നേപ്പാളിന്റെ ആപ്തവാക്യം. നേപ്പാളിന്റെ ദേശീയപക്ഷി ഹിമാലയൻ മൊനാൽ  (Lophophorus impejanus) ആണ്. ദൗര സുരുവാൽ എന്ന ഒരു തരം കോട്ട് ആണ് നേപ്പാളിന്റെ ദേശീയ വസ്ത്രം.  

russia06. Electronic Gaming Monthly എന്ന മാഗസിൻ അതിന്റെ നൂറാമത് ലക്കത്തിൽ  ‘Greatest Game of All Time’ ആയി തിരഞ്ഞെടുത്തത് ടെട്രിസ് എന്ന ഗെയിമിനെ ആണ്. Alexey Pajitnov എന്ന ശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത ഈ കളിക്ക് പേര് നൽകിയത് നാല് എന്നർഥംവരുന്ന ടെട്ര എന്ന വാക്കും ടെന്നീസ് എന്ന വാക്കും സംയോജിപ്പിച്ചാണ്. മോസ്കോവിലെ റെഡ് സ്ക്വയറിലാണ് സെയ്‌ന്റ്‌ ബാസിൽ കത്തീഡ്രൽ എന്ന പള്ളി സ്ഥിതി ചെയ്യുന്നത്. മദർലാൻഡ്‌ പ്രതിമ, ചുവന്ന നക്ഷത്രം, ചുവപ്പൻ കരടി എന്നിവയും റഷ്യയുടെ സാംസ്കാരിക ചിഹ്നങ്ങളിൽ ചിലതാണ്. ഇരുതലയുള്ള സ്വർണക്കഴുകനെയാണ് ദേശീയചിഹ്നത്തിൽ കാണാൻ സാധിക്കുക.    

07. ഫ്രാൻസിന്റെ ദേശീയ ഗാനം അറിയപ്പെടുന്നത്  ലെ മാർസിയെസ് (La Marseillaise) എന്ന പേരിലാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം  (Liberty, Equality, Fraternity)ആണ് ഫ്രാൻസിന്റെ ആപ്തവാക്യം. നെപ്റ്റ്യൂൺ (Neptune) എന്ന ഗ്രഹത്തിന്റെ  ചുറ്റുമുള്ള വലയങ്ങളിൽ ആദംസ് റിങ്ങ്സ് എന്ന പേരിൽ  അറിയപ്പെടുന്നവയിൽ ഉള്ള ആർക്കു (arcs) കൾക്ക് നൽകിയിരിക്കുന്ന പേരുകൾ  Liberty, Equality, Fraternity എന്നാണ്.

08. മൗണ്ട് എൽഗൻ  (Mt. Elgon) എന്ന അഗ്നിപർവതം ഉഗാണ്ടയിലാണ്. മുപ്പതിലധികം ഭാഷകൾ ഈ രാജ്യത്തുണ്ട്. ഉഗാണ്ടയിൽ പ്രചാരത്തിലുള്ള ഒരു തരം ഭക്ഷണമാണ്  ചപ്പാത്തിയിൽ ഓംലറ്റ് വച്ചുണ്ടാക്കുന്ന   റോളക്സ്  .“The pearl of Africa” എന്ന അപരനാമമുള്ള ഉഗാണ്ടയിലാണ് ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ വിക്ടോറിയ തടാകം സ്ഥിതി ചെയ്യുന്നത്.

09. ലാറ്റിനമേരിക്കയുടെ  ഏതാണ്ട് പകുതിയോളം വിസ്തീർണവും മൂന്നിലൊന്നു ജനസംഖ്യയുമുള്ള  രാജ്യമാണ് ബ്രസീൽ. ബ്രസീലിന്റെ ദേശീയപാനീയത്തിന്റെ പേര്  കൈപിറീന്യ (Caipirinha) എന്നാണ്. ബ്രസീലിലെ ഏറ്റവും പ്രശസ്തമായ ചിഹ്നങ്ങളിലൊന്നാണ് ക്രൈസ്റ്റ് ദി റെഡിമീർ പ്രതിമ. ഒരുകാലത്ത് പോർച്ചുഗീസ് ഭരണത്തിനുകീഴിൽ ആയതിനാൽ  ബ്രസീലിൽ ഏറ്റവും പ്രചാരത്തിലുള്ള ഭാഷ പോർച്ചുഗീസ് ആണ്.  പോർച്ചുഗീസ് ഭാഷയിൽ ‘A Auriverde’ എന്നറിയപ്പെടുന്നത് ബ്രസീലിന്റെ ദേശീയ പതാകയാണ്. മഞ്ഞയും പച്ചയും നീലയും നിറങ്ങളുള്ള പതാകയിൽ ദേശീയ ആപ്തവാക്യമായ ‘Order and Progress’എന്നും എഴുതിയിരിക്കുന്നു.     

kenya10. Kenya African National Union എന്ന പാർട്ടിയുടെ ചുരുക്കപ്പേരാണ്  KANU. മൗണ്ട് കെന്യ എന്നാണ് കെനിയൻ പതാകയിൽ കാണുന്ന കൊടുമുടിയുടെ പേര്. 1950-കളിൽ ബ്രിട്ടീഷുകാർക്കെതിരേ മൗ മൗ കലാപം നടന്നത്  കെനിയയിലാണ്. കെനിയയുടെ സ്ഥാപക പ്രസിഡന്റായ ജോമോ കെന്യാട്ട അറിയപ്പെടുന്നത് കെനിയൻ ഗാന്ധി എന്ന അപരനാമത്തിലാണ്. ഉഗാലി (Ugali), സുകുമ വികി  (Sukuma wiki)എന്നിവ കെന്യയിലെ പ്രധാന  ഭക്ഷ്യ വിഭവങ്ങളാണ്.

 

(തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

Content Highlights: Quiz Corner, Electronic Gaming Monthly, French Revolution, La Marseillaise, Kenya African National Union, The pearl of Africa